മരങ്ങള്‍ നട്ടുവളര്‍ത്തുമ്പോള്‍ അറിയുവാന്‍

മരങ്ങള്‍ നട്ടുവളര്‍ത്തുമ്പോള്‍ അറിയുവാന്‍

വീട്ടുവളപ്പിലെ കൃഷിയിടത്തില്‍ മരങ്ങള്‍ നട്ടുവളര്‍ത്തുവാന്‍ നാം ശ്രമിക്കണം. ഫലവൃക്ഷങ്ങള്‍, തണല്‍ വൃക്ഷങ്ങള്‍, ഔഷധ വൃക്ഷങ്ങള്‍ തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കുന്നതായിരിക്കും കൂടുതല്‍ ഉത്തമം. വീട്ടുവളപ്പില്‍ മാത്രമല്ല, പാതയോരങ്ങള്‍, സ്കൂള്‍, കോളേജ് മുറ്റങ്ങള്‍, മൈതാനങ്ങള്‍ക്കു ചുറ്റുമുള്ള സ്ഥലങ്ങള്‍ ഹോസ്പിറ്റലുകള്‍, ഹോസ്റ്റലുകള്‍, ആരാധനാലയങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പരിസരങ്ങളിലും മരങ്ങള്‍ നടുവാന്‍ ഉത്തമമാണ്. ഏറ്റവും അനുയോജ്യമായ സ്ഥലമാണ് തൈകള്‍ നടുവാന്‍ ഏറ്റവും യോജിച്ചത്. മതില്‍കെട്ടുകള്‍, കയ്യാലകെട്ടുകള്‍, മണ്‍തിട്ടകള്‍ എന്നിവയ്ക്ക് സമീപത്തുനിന്നും നിശ്ചിത അകലം നല്‍കി മാത്രം മരങ്ങള്‍ നടുവാന്‍ ശ്രദ്ധിക്കണം. കിണറുകളുടെ സമീപത്തുനിന്നും ഭവനങ്ങളുടെ (കെട്ടിടങ്ങള്‍) സമീപത്തുനിന്നും നിശ്ചിത അകലത്തില്‍ വേണം തൈകള്‍ നടുവാന്‍.

ഇലക്ട്രിക് ലൈന്‍, പോസ്റ്റ് എന്നിവ മൂലമുള്ള തടസ്സങ്ങള്‍ ഒഴിവാക്കിവേണം മരങ്ങള്‍ നടുവാന്‍ സ്ഥാനം നല്‍കേണ്ടത്.

മുരിങ്ങ, ഫലവൃക്ഷങ്ങളായ റംമ്പൂട്ടാന്‍, പേര, മാവ്, മാങ്കോസ്റ്റിന്‍, ആത്ത, പ്ലാവ് തുടങ്ങിയവ വീടിന്‍റെ പരിസരങ്ങള്‍ക്ക് വളരെ യോജിച്ച വൃക്ഷങ്ങളാണ്. ഫലവൃക്ഷങ്ങള്‍ നല്ലൊരു ആദായമാര്‍ഗ്ഗം കൂടി ആണെന്ന കാര്യം മറക്കരുത്.

ബദാം, പഞ്ഞിമരം, വാക തുടങ്ങിയവ പാതയോരങ്ങളിലും മറ്റും തണല്‍ നല്‍കുന്ന ആവശ്യത്തിനായി നട്ടുവളര്‍ത്താം. ആര്യവേപ്പ് പോലുള്ള വൃക്ഷങ്ങള്‍ എല്ലാ പ്രദേശങ്ങളിലും നട്ടുവളര്‍ത്തുവാന്‍ യോജിച്ചതാണ്. ഇലഞ്ഞി, മന്ദാരം, നെല്ലി, മാതളം, ചെമ്പകം, കൂവളം, കണിക്കൊന്ന, അശോകം തുടങ്ങിയവയാണ് നടുവാന്‍ യോജിച്ച മറ്റ് വൃക്ഷങ്ങള്‍. തേക്ക്, ആഞ്ഞിലി, മഹാഗണി, മാഞ്ചിയം, പ്ലാവ് തുടങ്ങിയവയ്ക്കും പറമ്പില്‍ സ്ഥാനം നല്‍കാം.

നടുന്ന അവസരത്തില്‍ മികച്ച തൈകള്‍ മാത്രം തിരഞ്ഞെടുക്കുക. ഇലകള്‍ വാടി നില്‍ക്കുന്നതോ, മറ്റെന്തെങ്കിലും തരത്തില്‍ രോഗലക്ഷണം കാണിക്കുന്നതോ ആയ തൈകള്‍ നടുന്നത് നല്ലതല്ല. നല്ല സൂര്യപ്രകാശം ഉള്ള സ്ഥലം നടാന്‍ തിരഞ്ഞെടുക്കണം. നല്ല കരുത്തുള്ള തൈകള്‍ മാത്രം തിരഞ്ഞെടുത്ത് നടുന്നതാണ് ഉത്തമം. നടുന്ന അവസരത്തില്‍ അടിവളമായി കംമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ ചേര്‍ത്തുകൊടുക്കാം. വേനല്‍ക്കാലങ്ങളില്‍ 'നന'നല്‍കുന്നതും ഉചിതമാണ്. പാതയോരങ്ങളിലും മറ്റും കന്നുകാലികളുടെയും മറ്റും ശല്യം ഒഴിവാക്കുവാന്‍ തൈകള്‍ക്കു ചുറ്റുമായി സംരക്ഷണവേലി കെട്ടുന്നതും നല്ലതാണ്. കനത്ത മഴയ്ക്ക് ശേഷമുള്ള സമയങ്ങളില്‍ മരങ്ങള്‍ നടാം.

പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏറെ പ്രാധാന്യം നല്‍കുന്നതാണ് മരങ്ങള്‍. ഒരു മരം നടുമ്പോള്‍ ഈ പ്രകൃതിയോടുള്ള സ്നേഹവും ആദരവുമാണ് നാം പ്രകടിപ്പിക്കുക. നാളത്തെ തലമുറയ്ക്കായി നാം നല്‍കുന്ന ഒരു വലിയ സേവനം കൂടിയാണത്. ആഗോളതാപനം തടയുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം മരങ്ങള്‍ നടുക എന്നുള്ളതാണ്. അതിനാല്‍ ഓരോ പ്രിയപ്പെട്ട 'സത്യദീപം' വായനക്കാരും ഒരു മരമെങ്കിലും നട്ടുവളര്‍ത്തുവാന്‍ പരിശ്രമിക്കുമല്ലോ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org