കിട്ടേണ്ടത് കിട്ടേണ്ടിടത്തുനിന്ന് കിട്ടാതെ വരുമ്പോള്‍ കിട്ടുന്നിടം തേടി പോകും...
ഇന്നത്തെ കുടുംബബന്ധങ്ങളുടെ അപചയകാരണം കുറച്ചു ആലങ്കാരികമായി പറഞ്ഞുവെന്നേയുള്ളൂ. തിരക്കുകളുടെ ഈ ലോക ത്ത് കുടുംബബന്ധങ്ങളില്‍ വിള്ളലുകള്‍ വരുന്നുണ്ടെങ്കില്‍ കൊടുക്കേണ്ടത് പലതും പല കാരണങ്ങള്‍ പറഞ്ഞ് കൊടുക്കാന്‍ മടിക്കുന്നതുകൊണ്ടുതന്നെയാണ്. ഒരു വീടിനുള്ളില്‍ താമസിച്ചിട്ടും പരസ്പരം മനസ്സിലാക്കാതെ മനസ്സുതുറന്നു സ്‌നേഹിക്കാന്‍ സാധിക്കാതെ പോകുന്ന എത്രയോ ജീവിതങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. കുറച്ചു നാളുകള്‍ക്കു മുമ്പ് പരിചയപ്പെട്ട ഒരു അഞ്ചാം ക്ലാസ്സുകാരന്‍ പയ്യന്‍, അവന്റെ വലിയ ഒരാഗ്രഹം എന്താണെന്ന് അറിയാമോ? അവന്റെ അപ്പന്‍ അവനെയൊന്ന് എടുക്കണം. വിശദമായി അവനോട് സംസാരിച്ചപ്പോള്‍ മനസ്സിലായി അപ്പന്‍ അവന്റെ മുഖത്തൊന്നു നോക്കിയിട്ടു തന്നെ നാളുകളായി. തിരക്കാ ണ് അപ്പനെന്നും എപ്പോഴും... ഇങ്ങനെ മനസ്സിന്റെ കോണില്‍ നിറവേറ്റപ്പെടാത്ത ആഗ്രഹങ്ങളുമായി മുന്നോട്ടുപോകുന്ന എത്രയോ ജീവിതങ്ങള്‍....
മറ്റുള്ളവരില്‍നിന്ന് സ്‌നേഹവും പരിഗണനയുമെല്ലാം ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. പക്ഷേ, ഈ പരിഗണനയും സ്‌നേഹവും മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ നാം എത്രമാത്രം പരിശ്രമിക്കുന്നുണ്ട്. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ സമാധാന പ്രാര്‍ത്ഥനയിലെ മനോഹര വരികളുണ്ട്. മനസ്സിലാക്കപ്പെടുന്നതിനേക്കാള്‍ മനസ്സിലാക്കുവാനുള്ള കൃപ നല്കണമേ എന്ന്. നമ്മെ എല്ലാവരും പരിഗണിക്കണം, മനസ്സിലാക്കണം എന്ന ചിന്ത മാറ്റി ചുറ്റുമുള്ളവരെ പരിഗണിക്കാനും, മനസ്സിലാക്കുവാനും സ്‌നേഹം പ്രകടിപ്പിക്കാനും ഈ പ്രാര്‍ത്ഥന നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
ഉള്ളിന്റെ ഉള്ളില്‍ കടലോളം സ്‌നേഹമുണ്ടെങ്കിലും പലര്‍ക്കും അത് പ്രകടിപ്പിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് പരമാര്‍ത്ഥം. സ്‌നേഹം പ്രകടിപ്പിച്ചാല്‍ എന്റെ വില പോ കുമോ? എന്നെ മറ്റുള്ളവര്‍ തെറ്റിദ്ധരിക്കു മോ? എന്ന പേടി പലരേയും സ്‌നേഹം പ്ര കടിപ്പിക്കുന്നതില്‍ നിന്നും പുറകോട്ട് വലിക്കുന്നുണ്ട്. അപ്പനെന്നാല്‍ കുറച്ച് ഗൗരവമൊക്കെ കാണിക്കണം ഇല്ലെങ്കില്‍ പിള്ളേര് വഴിതെറ്റി പോകുമെന്ന തെറ്റിധാരണ അറി ഞ്ഞോ അറിയാതെയോ നമ്മുടെയൊക്കെ ഉള്ളില്‍ കയറിക്കൂടിയിട്ടുണ്ട്. അമ്മയായാല്‍ പുട്ടിന് പീര ഇടുന്നതുപോ ലെ ഉപദേശവും താരതമ്യപഠനങ്ങളും നടത്തിയില്ലെങ്കില്‍ ശരിയാകില്ല എന്ന ചിന്തയാണ് ഭൂരിഭാഗം പേര്‍ക്കുമുള്ളത്. ഭാര്യ, ഭര്‍ത്താവ്, മകന്‍, മകള്‍ ഇങ്ങനെയൊക്കെ ആകണം എന്ന കുറേയേറെ തെറ്റായ ചട്ടകൂടുകള്‍ സമൂഹം നമ്മുടെ മനസ്സില്‍ കുത്തിനിറച്ചിട്ടുണ്ട്... ഈ ചട്ടകൂടുകള്‍ പൊളിച്ചെഴുതാതെ ഉള്ളിലെ സ്‌നേഹം പുറത്തെടുക്കാനാവില്ല. ഉള്ളുനിറയെ സ്‌നേഹം ഉണ്ടെങ്കിലും ഉപ്പിലിട്ടു വെച്ചേക്കുന്ന അവസ്ഥയാണ് നമ്മില്‍ പലരുടേയും. കാരണം ഈ സ്‌നേഹം പുറത്തെടുക്കണമെങ്കില്‍ മരണമണി കേള്‍ക്കു ന്ന സമയം വരണം. മരണവീടുകളില്‍ കാണുന്ന സ്‌നേഹപ്രകടനങ്ങളും... നല്ല വാക്കുകളും ആ വ്യക്തി ജീവിച്ചിരുന്നപ്പോള്‍ കിട്ടിയിരുന്നെങ്കില്‍... മരണം പ്രിയപ്പെട്ടവരെ തിരികെ വിളിക്കുമ്പോഴാണ് ഇതുവരെ പ്രകടിപ്പിക്കാതെ പോയ സ്‌നേഹത്തെക്കുറിച്ച് പലര്‍ക്കും തിരിച്ചറിവും കുറ്റബോധങ്ങളും ഉണ്ടാകുന്നതു തന്നെ... അതുകൊണ്ട് ഉപ്പിലിട്ടു വയ്‌ക്കേണ്ട ഒന്നല്ല സ്‌നേഹം അത് പ്രകടിപ്പി ക്കുക തന്നെ വേണം.
ഇത്രയും നാള്‍ സ്‌നേഹം ഉള്ളിലൊതുക്കി നടന്നതുകൊണ്ട് ഇനി സ്‌നേഹം എങ്ങനെ പ്രകടിപ്പിക്കണം എന്ന സംശയം പലരുടേയും മനസ്സില്‍ വന്നേക്കാം. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഡോ. ഗാരി ചാപ്മാന്റെ 'സ്‌നേഹഭാഷകള്‍.' ഉള്ളിലുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള എളുപ്പവഴികളാണ് ഈ 5 സ്‌നേഹഭാഷകള്‍.
1) സംഭാഷണം 2) സമയം 3) സമ്മാനം 4) സേവനം 5) സ്പര്‍ശനം.
സംഭാഷണം [Word of Affirmation]
ബന്ധങ്ങള്‍ വളര്‍ത്താന്‍ ശരിയായ രീതിയിലുള്ള സംഭാഷണത്തിന് വലിയ പങ്കുണ്ട്. ഇന്ന് ആഴ്ചകളും, മാസങ്ങളും പരസ്പരം മിണ്ടാതിരിക്കുന്നത് ഫാഷനായി മാറിയിരിക്കുന്ന കാലമാണ്. നന്മനിറഞ്ഞ പരസ്പരം പ്രോത്സാഹിപ്പിക്കുന്ന, ക്ഷമിക്കുന്ന, എളിമയോടെയുള്ള സംഭാഷണങ്ങള്‍ കുടുംബബന്ധങ്ങളെ വളര്‍ത്തും എന്നതില്‍ യാതൊരു സംശയവുമില്ല. പങ്കാളിയില്‍, മക്കളില്‍, മാതാപിതാക്കളില്‍ നന്മ കാണാനും അത് തുറന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കാനും അഭിനന്ദനങ്ങള്‍ നല്കാനും ശ്രദ്ധിക്കുക. മക്കളോട് മറ്റുള്ളവരെ കണ്ടുപഠിക്ക് എന്ന പല്ലവികള്‍ നാം ഉരുവിടുമ്പോള്‍ നമ്മുടെ മക്കളുടെ നന്മ കാണാന്‍ നാം മറന്നു പോകുന്നുണ്ടോ? യാക്കോ ബ്ശ്ലീഹ തന്റെ ലേഖനത്തില്‍ വള രെ മനോഹരമായി നാവിന്റെ ഉപയോഗത്തെപ്പറ്റി പറുന്നുണ്ട് ''ഒരേ വായില്‍നിന്ന് അനുഗ്രഹവും ശാപ വും പുറപ്പെടുന്നു.'' നമ്മുടെ നാവുകളെ സംഭാഷണങ്ങളെ അനുഗ്രഹദായകമാക്കി മാറ്റാന്‍ ശ്രമിക്കാം...
സമയം [Quality Time]
ഒന്നിനും സമയം തികയുന്നില്ല എന്നതാണ് വലിയ പരാതി. മുന്‍ഗണനകള്‍ക്കനുസരിച്ച് നമ്മുടെ സമയം ക്രമപ്പെടുത്തിയില്ലെങ്കില്‍ അത് ബന്ധങ്ങളെ സാരമായി ബാധിക്കും. ഒരുമിച്ച് സമയം ചെലവിടാന്‍ ശ്രമിക്കുക. അത് ഒരുമിച്ചുള്ള പാചകമാകാം, പൂന്തോട്ട പരിപാലനമാകാം, ദിവസേനയുള്ള വ്യായാമമാകാം. വിനോദങ്ങളും ആകാം ഒരുമിച്ച് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഇടങ്ങളായി അവ മാറും. മാസത്തിലൊരിക്കലെങ്കിലും ഒരുമിച്ച് ഒരു യാത്ര പോകുന്നതും സിനിമയ്ക്കു പോകുന്നതുമെല്ലാം കുടംബാംഗങ്ങളുമായി സമയം പങ്കിടുന്നതിന് സഹായിക്കും.
സമ്മാനം [Receiving Gifts]
സമ്മാനങ്ങള്‍ കൊടുക്കുന്നത് സ്‌നേഹം പ്രകടിപ്പിക്കാനുള്ള നല്ല മാര്‍ഗമാണ്. നാം മറ്റുള്ളവരെ ഓര്‍ ക്കുന്നു, പരിഗണിക്കുന്നു എന്നെല്ലാമാണ് സമ്മാനങ്ങള്‍ അര്‍ത്ഥമാക്കുന്നത്. സമ്മാനത്തിന്റെ വിലയിലോ വലിപ്പത്തിലോ അല്ല കാര്യം മറിച്ച് കൊടുക്കുന്നയാളുടെ മനസ്സാണ് പ്രധാനം. നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുള്ള സമയത്ത് നിങ്ങള്‍ അവര്‍ക്കരികില്‍ ഉണ്ടാകുക എന്ന ത് ഏറ്റവും പ്രധാനപ്പെട്ട ഒരു സ മ്മാനമാണ്.
സേവനം [Acts of Services]
''പ്രത്യുത സ്‌നേഹത്തോടുകൂടി ദാസരെപ്പോലെ പരസ്പരം സേവിക്കുവിന്‍'' (ഗലാ. 5:13). മറ്റുള്ളവര്‍ക്ക് നമ്മളാല്‍ കഴിയുന്ന ചെറിയ സേവനങ്ങള്‍ ചെയ്തു കൊടുക്കുന്നത് സ്‌നേഹ ത്തിന്റെ വലിയ പ്രകടനമാണ്. അത് ഭാര്യയെ അടുക്കളയില്‍ സഹായിക്കുന്നതാകാം, പരസ്പരം ജോലികളില്‍ സഹായിക്കുന്നതാകാം, മക്കള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതാകാം... ഇങ്ങനെ ചെറിയ സേവനങ്ങളിലൂടെ നമ്മുടെ സ്‌നേഹം പ്രകടിപ്പിക്കാന്‍ ശ്രമിക്കുക. പങ്കാളിക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ഏറ്റവും ഇഷ്ടമുള്ള സേവനം എന്താണെന്ന് തിരിച്ചറിഞ്ഞ് ആ സേവനം അവര്‍ക്ക് ചെയ്തു കൊടുക്കാന്‍ സാധിച്ചാല്‍ ബന്ധങ്ങള്‍ വളരാന്‍ ഒത്തിരി സഹായകമാകും.
സ്പര്‍ശനം [Physical Touch]
സൗഖ്യദായകമാണ് ഓരോ സ്പര്‍ ശനവും ഏതൊരു വ്യക്തിയും സ്‌നേ ഹത്തോടെയുള്ള ഒരു തലോടെങ്കിലും ആഗ്രഹിക്കുന്നുണ്ടാകും. സ്പര്‍ശനങ്ങള്‍ പലപ്പോഴും വൈകാരിക പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സഹായിക്കുന്നവയാണ്. Touch screen ന്റെ വരവോടു കൂടി സ്പര്‍ശം കൂടുതലും സ്‌ക്രീനുകളിലേക്ക് മാത്രമായി ഒതുങ്ങി തുടങ്ങി. പ്രിയപ്പെട്ടവരുടെ കരം ഒന്നു ചേര്‍ ത്തുപിടിക്കുന്നത്, ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിക്കുന്നതും നമ്മില്‍നിന്ന് ഇല്ലാതാകുകയാണോ... സന്തത സഹചാരിയെ പോലെ എപ്പോഴും ഊണി ലും ഉറക്കത്തിലും കൂടെ കൊണ്ടു നടക്കുന്ന മൊബൈല്‍ ഫോണുകളെ കുറ ച്ചു സമയമെങ്കിലും മാറ്റി നിര്‍ത്തി കൂ ടെയുള്ളവര്‍ക്ക് സ്‌നേഹസ്പര്‍ശം കൈമാറാന്‍ ശ്രമിക്കാം.
അടച്ചുവച്ചിരിക്കുന്ന സ്‌നേഹം നിറച്ച ഉപ്പുഭരണികള്‍ ഇന്നുതന്നെ തുറക്കാം. ഈ സ്‌നേഹഭാഷകള്‍ അതിനു സഹായിക്കട്ടെ. പ്രിയപ്പെട്ടവര്‍ക്ക് ഏറ്റ വും ഇഷ്ടമുള്ള സ്‌നേഹഭാഷ എന്തെ ന്ന് ചോദിച്ചറിയുവാനും ആ സ്‌നേഹഭാഷ മടിയില്ലാതെ അവര്‍ക്ക് കൊടുക്കുവാനും ശ്രമിക്കാം. സ്വപ്നങ്ങള്‍ കൂടുതല്‍ ഊഷ്മളമാകട്ടെ.