സ്‌നേഹവും സഹകരണവും കുട്ടികളില്‍

സ്‌നേഹവും സഹകരണവും കുട്ടികളില്‍

കുട്ടികളോടൊപ്പം ചെലവഴിക്കുന്ന ചില അവസരങ്ങളില്‍ എന്റെ കണ്ണില്‍പ്പെട്ട ചില കാര്യങ്ങള്‍ ചിന്തിപ്പിക്കുന്നതും കൗതുകം ഉണര്‍ത്തുന്നതുമായിരുന്നു. അതിലൊന്ന് കുട്ടികളില്‍ കണ്ട സഹകരണവും പരസ്പരമുള്ള സ്‌നേഹവുമാണ്. ചെറുപ്രായത്തില്‍ അവര്‍ സ്വന്തമാക്കിയ മൂല്യത്തെ വളര്‍ത്തിയെടുത്താല്‍ ഭാവിയില്‍ അപരനെ കുറിച്ച് ചിന്തിക്കുന്ന, സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിവുള്ള വ്യക്തിത്വങ്ങളുടെ ഉടമകളായിത്തീരുന്ന കുഞ്ഞുമനസ്സുകളെ അഭിനന്ദിക്കാന്‍ മറക്കാറില്ല. സൗകര്യങ്ങള്‍ പരിമിതമാണെങ്കിലും സ്‌നേഹത്തോടെ തങ്ങള്‍ക്കുള്ളത് സന്തോഷത്തോടെ പങ്കുവച്ചു കഴിക്കുന്നത് കാണുമ്പോള്‍ സാഹചര്യങ്ങളോട് സഹകരിക്കാനും സ്വന്തം താല്പര്യത്തിലുപരി മറ്റുള്ളവരുടെ കാര്യത്തില്‍ കരുതല്‍ കാണിക്കാനുമുള്ള കുട്ടികളുടെ പ്രായത്തില്‍ കവിഞ്ഞ വിശാലതയും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള സന്മനസും എടുത്തു കാട്ടുന്നു.

പലപ്പോഴും വീടുകളില്‍ കുട്ടികള്‍ സ്വാര്‍ത്ഥരായി കഴിയുന്നു. അവര്‍ വീട്ടിലെ പ്രഥമസ്ഥാനവും ഇഷ്ടപ്പെട്ട ഭക്ഷണവും കിട്ടാന്‍ ആഗ്രഹിക്കുകയും വാശിപിടിക്കുകയും ചെയ്യുന്നു. കുട്ടികളെ പരിശീലിപ്പിച്ചാല്‍ അവര്‍ നല്ല കാര്യങ്ങള്‍ മുതിര്‍ന്നവരെ കണ്ട് പഠിക്കുന്നു. കുട്ടിക്കാലം മുതല്‍ നമ്മുടെ കുട്ടികളെ പഠനത്തിലും കലകളിലും പ്രാവീണ്യം നേടാന്‍ പരിശീലനം നല്കുന്നതുപോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് കൂടെ പഠിക്കുന്നവരെ പരിഗണിക്കുന്നതും അവരുടെ കാര്യത്തില്‍ കരുതല്‍ കാണിക്കുന്നതും. പല കലാകാരന്മാരും പ്രാക്ടീസുകൊണ്ട് കലകളില്‍ പ്രഗത്ഭരാകുന്നതുപോലെതന്നെ പരസ്പരം സഹകരിക്കാനും സ്‌നേഹിക്കാനും കരുതാനും പ്രാപ്തരാക്കുന്നതു വഴി കുട്ടികള്‍ അപരനെക്കുറിച്ച് ചിന്തിക്കുന്നു. അവരുടെ കാഴ്ചപാടുകള്‍ വളരുന്നതിനനുസരിച്ച് വികാസം പ്രാപിക്കുകയും വികാരതലത്തില്‍ നിന്ന് വിവേകപൂര്‍വ്വം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ളവരായി മാറുകയും ചെയ്യുന്നു.

മറ്റുള്ളവരോട് സഹകരിക്കുക, അവരുടെ കാര്യങ്ങളില്‍ കരുതലുള്ളവരാകുക എന്ന ധാരണയില്‍ വളരാന്‍ വീട്ടില്‍നിന്നു തന്നെ നല്ല മാതൃകയും സഹായസഹകരണവും പ്രോത്സാഹനവും നമ്മുടെ കുട്ടികള്‍ക്ക് ആവശ്യമാണ്. മാതാപിതാക്കളില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും കൂട്ടുകാരില്‍നിന്നും സഹായത്തിന്റെയും സ്‌നേഹത്തിന്റെയും പരിഗണനയുടെയും കരുതലിന്റെയും കാരുണ്യത്തിന്റെയും നല്ല മാതൃകകള്‍ കാണുന്ന നമ്മുടെ കുട്ടികള്‍ മറ്റുള്ളവര്‍ക്കും അത് നല്കുന്നു. സഹകരണം, പങ്കുവയ്ക്കല്‍ എന്നത് സ്വന്തം ആവശ്യത്തിനോപ്പം അപരന്റെ ആവശ്യം കണ്ടറിഞ്ഞ് സഹായിക്കാനുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുക എന്നതാണ്. അപരനെക്കുറിച്ച് കരുതലുണ്ടാവുക, അവരോട് സഹകരിക്കുക എന്ന നന്മയുടെ വിത്ത് കുട്ടികളുടെ മനസ്സില്‍ വിതറുന്നതും, വളരുന്നതും വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ അവരുടെ മാതാപിതാക്കളില്‍ നിന്നുതന്നെയാണ്. കുട്ടികള്‍ വളരുന്നതിനനുസരിച്ച് ഈ വിത്ത് വളര്‍ച്ച പ്രാപിക്കുന്നു, പക്വമായിതീരുന്നു.

മാതാപിതാക്കള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങള്‍

ചില കുട്ടികള്‍ അപരന്റെ ആവശ്യങ്ങള്‍ കണ്ടറിയുന്നു, അവരെ സഹായിക്കുന്നു, അവരുടെ വികാരങ്ങളെ മാനിക്കുന്നു. മാതാപിതാക്കള്‍ക്ക് മക്കളെ സ്‌നേഹവും സഹകരണവും ഉള്ളവരായി വളര്‍ത്താന്‍ കഴിയുന്ന കാര്യങ്ങള്‍, കുടുംബാന്തരീക്ഷത്തില്‍ നിരവധിയാണ്. അവയില്‍ ചിലത്:

കുട്ടികള്‍ സഹകരിച്ച് ചെയ്യുന്ന പ്രവര്‍ത്തികളെ പുകഴ്ത്തുക

എങ്ങനെ, എന്തുകൊണ്ട് സഹകരണവും സ്‌നേഹവും പ്രാധാന്യം അര്‍ഹിക്കുന്നു എന്ന് മനസ്സിലാക്കുന്ന മാതാപിതാക്കള്‍ക്ക് കുട്ടിക്കാലം മുതല്‍ അപരനെ സഹായിക്കുന്ന കുട്ടികളുടെ നല്ല പ്രവൃത്തിയെ അംഗീകരിച്ച് പ്രോത്സാഹിപ്പിക്കാം. മറ്റുള്ളവരുടെ മുമ്പില്‍ അവര്‍ ചെയ്ത നല്ല പ്രവൃത്തിയെ ശ്രദ്ധയില്‍പ്പെടുത്തുക. ഇത്തരത്തിലുള്ള പ്രോത്സാഹനം കൂടുതല്‍ നന്മയില്‍ വളരാന്‍ കുട്ടികള്‍ക്ക് പ്രചോദനം നല്കും.

കുട്ടികള്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം നല്കുക

ഒരുമിച്ച് സഹകരിച്ച് സന്തോഷത്തോടെ ചെയ്യുന്ന പ്രവൃത്തിയുടെ സംതൃപ്തി കുട്ടിക്കാലം മുതല്‍ അനുഭവിക്കാന്‍ അവസരം നല്കുക. സഹകരിച്ചുള്ള കുട്ടികളുടെ പ്രവര്‍ത്തികളെ മെച്ചപ്പെടുത്തുന്ന വിധത്തിലുള്ള വിലയിരുത്തല്‍ നടത്തുക. തിരുത്തലുകളും, വിലയിരുത്തലുകളും, പ്രോത്സാഹനവും കുട്ടികളില്‍ ആത്മാഭിമാനവും ആത്മാര്‍ത്ഥതയും വളര്‍ത്തും.

കുടുംബാംഗങ്ങള്‍ തമ്മില്‍ സ്‌നേഹിക്കുക, സഹകരിക്കുക

കുടുംബത്തില്‍ സഹകരിക്കുന്ന, പരസ്പരം ശ്രവിക്കുന്ന, മറ്റുള്ളവരെ സ്‌നേഹിക്കുന്ന, കരുതുന്ന സാഹചര്യങ്ങള്‍ കണ്ട് വളരുന്ന കുട്ടി പുറത്തുള്ളവരോടും ആരോഗ്യകരമായ ഈ നിലപാട് പുലര്‍ത്തുന്നു. മറ്റുള്ളവരെ പരിഗണിക്കുന്നതും, സാഹചര്യങ്ങളോട് സഹകരിക്കുന്നതും പ്രധാനപ്പെട്ട കാര്യമായി കുട്ടികള്‍ കാണുന്നു, മനസ്സിലാക്കുന്നു, പ്രവര്‍ത്തിക്കാന്‍ പഠിക്കുന്നു.

കുട്ടികളുടെ ഇടയില്‍ ക്രിയാത്മകത പ്രോത്സാഹിപ്പിക്കുക

പരസ്പരം കലഹിക്കുന്ന സ്വാര്‍ത്ഥരായ കുട്ടികളുടെ കൂടെ കളിക്കാനും പങ്കുവയ്ക്കാനും മാതാപിതാക്കള്‍ മക്കളെ പഠിപ്പിക്കുമ്പോള്‍ അവര്‍ ഇത്തരത്തിലുള്ള കുട്ടികളെ അവഗണിക്കാതെ, മാറ്റി നിര്‍ത്താതെ സഹായിക്കാന്‍ പരിശീലിക്കും. കുട്ടികള്‍ക്കിടയിലെ ചെറിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഇതുവഴി ഇടയാവുകയും ആരോഗ്യകരമായ സമീപനം പഠിക്കുകയും ചെയ്യുന്നു.

സഹകരിക്കുന്ന കുട്ടികളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുക

സാധാരണ കുട്ടികള്‍ അവരുടെ കുടുംബത്തിലും കൂട്ടുകാരുടെ സഹകരണവും സ്‌നേഹവും കാണിക്കുന്നു. വീടിന് പുറത്തുള്ളവരോട് ഇത്തരത്തില്‍ സഹകരിക്കുന്ന കുട്ടികളെ കാണുമ്പോള്‍ അവരെ പ്രോത്സാഹിപ്പിച്ച് നന്മയില്‍ വളരാന്‍ സഹായിക്കുക. ഉദാഹരണമായി മറ്റൊരു സാഹചര്യത്തില്‍ നിന്ന് പുതിയ സ്‌കൂളില്‍ വന്നു പഠിക്കുന്ന, കൂട്ടുകാരില്ലാത്ത ഒറ്റപ്പെട്ട അനുഭവത്തില്‍ അസ്വസ്ഥത കാട്ടുന്ന കൂടെ പഠിക്കുന്ന സഹപാഠിയെ സഹായിക്കുക, പഠനത്തില്‍ താത്പര്യം ഇല്ലാത്തതോ, ലക്ഷ്യബോധം നഷ്ടപ്പെട്ടതോ, സാഹചര്യങ്ങള്‍കൊണ്ട് പഠനത്തില്‍ ശ്രദ്ധിക്കാന്‍ പറ്റാത്തതോ ആയ കൂട്ടുകാരെ പരിഗണിക്കുകയും പഠിക്കാന്‍ സഹായിക്കുകയും ചെയ്യുക. ഇതെല്ലാം കുട്ടികളില്‍ സഹാനുഭൂതിയുടെയും സാഹോദര്യത്തിന്റേതുമായ നന്മകള്‍ വളര്‍ത്തുന്നു.

സഹകരണത്തിന്റെയും കരുതലിന്റെയും ഫലങ്ങള്‍

  • കുട്ടിക്കാലം മുതല്‍ ഉത്തരവാദിത്വത്തില്‍ വളരും

  • അപരനെ മനസ്സിലാക്കാനും, മാ നിക്കാനും, സഹായിക്കാനും പഠിക്കുന്നു.

  • അവനവനെ കുറിച്ചുള്ള മതിപ്പ് ആത്മവിശ്വാസം വളര്‍ത്തും.

  • മറ്റുള്ളവരെ പരിഗണിക്കുക വഴി ലക്ഷ്യബോധത്തില്‍ വളരുന്നു.

  • പ്രശ്‌നപരിഹാരമാര്‍ഗ്ഗം പഠിക്കുന്നു.

  • ക്രിയാത്മകമായി ചിന്തിക്കാനും, പ്രവര്‍ത്തിക്കാനും കഴിയുന്നു

  • പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ പഠിക്കുന്നു

  • നേതൃത്വ ഗുണം വര്‍ദ്ധിക്കുന്നു

അപരനെക്കുറിച്ച് സ്‌നേഹവും കരുതലുമുള്ള കുട്ടികള്‍ യഥാര്‍ത്ഥ്യ ബോധത്തില്‍ വളരുന്നു. സഹകരിക്കുന്ന കുട്ടികളിലെ പരസ്പരബന്ധങ്ങളും ക്രിയാത്മകമായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org