ദാമ്പത്യം ഒരു തിരിഞ്ഞുനോട്ടം

ദാമ്പത്യം ഒരു തിരിഞ്ഞുനോട്ടം

ഇന്നത്തെ ദമ്പത്യത്തകര്‍ച്ചകളുടെ കാരണങ്ങളിലേക്ക് വെളിച്ചം വീശുന്ന തിരുവചനഭാഗമാണ് പ്രഭാഷകന്റെ പുസ്തകം ഏഴാം അധ്യായത്തിലെ ''വിവിധ ഉപദേശങ്ങള്‍' (പ്രഭാ. 7:22-23). സ്വന്തം താത്പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ട് മുന്നേറുന്ന ഒരു ജനതതിയെ നമുക്ക് ഇന്നു കാണാം. സ്വാര്‍ത്ഥതയും ഉപഭോഗമനഃസ്ഥിതിയും കൊടികുത്തി വാഴുന്ന സുഖഭോഗങ്ങള്‍ക്കായുള്ള പരക്കംപാച്ചിലും ദൃശ്യമാണ്. എല്ലാം ആഘോഷമാക്കുന്ന പ്രവണത. ''മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അങ്ങനെതന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍'' (ലൂക്കാ 6:31) എന്ന സുവര്‍ണ്ണ നിയമത്തെ കാറ്റില്‍ പറത്തിയാണ് മുന്നോട്ടുള്ള കുതിപ്പ്. കുടുംബങ്ങളുടെ തകര്‍ച്ചയെ ലക്ഷ്യമിട്ട് സാത്താന്‍ തിമിര്‍ത്താടുന്ന ഒരു കേളീരംഗമായി നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുന്നുണ്ട്. പറുദീസയില്‍, ദൈവത്തിന്റെ ആഗ്രഹം മാറ്റിവച്ച് ആദവും ഹവ്വയും തങ്ങളുടെ ആഗ്രഹം നടപ്പിലാക്കിയപ്പോള്‍ എന്താണ് സംഭവിച്ചത് എന്നു നമ്മള്‍ കണ്ടു. എല്ലാവരും 'വലിയവരാകാനും' മോഡേണ്‍ ആകാനും തുടങ്ങിയപ്പോള്‍ നമുക്കു നഷ്ടപ്പെടുന്ന കാര്യങ്ങളെക്കുറിച്ചുള്ള സൂചനയാണ് പ്രഭാഷകന്റെ പുസ്തകം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

ദാമ്പത്യത്തെയും കുടുംബജീവിതത്തെയും കുറിച്ചുള്ള നമ്മുടെ ആഗ്രഹങ്ങളേക്കാളും അഭിലാഷങ്ങളേക്കാളും കൂടുതല്‍ മനോഹരമാണ് ദൈവത്തിന്റെ ആഗ്രഹങ്ങളും പദ്ധതികളും. നമ്മുടെ സ്വപ്നങ്ങള്‍ തകര്‍ന്നടിയുന്നിടത്താണ് ദൈവത്തിന്റെ മനോഹരമായ സ്വപ്നം ഫലംചൂടുന്നതെന്ന് കാലാന്തരത്തില്‍ നമക്കു കാണാന്‍ കഴിയും. ഒരു ത്യാഗവും വെറുതെ പോകുന്നില്ല. നമ്മുടെ ത്യാഗസുന്ദരമായ പുഷ്പങ്ങള്‍ ദൈവത്തിനുള്ള അര്‍ച്ചനയാകണം. നിങ്ങളുടെ ശരീരം ഒരു സജീവബലിയായി അര്‍പ്പിക്കുവിന്‍ എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ (റോമാ 12:1). നമുക്ക് പ്രചോദനമാകട്ടെ! ത്യാഗത്തിന്റെ സുരഭിലസൂനങ്ങള്‍കൊണ്ട് വേണം നല്ല ദാമ്പത്യം പണിതുയര്‍ത്താന്‍. ത്യാഗം സ്‌നേഹത്തിന്റെ പൂര്‍ണ്ണതയാണ്. സ്‌നേഹത്തില്‍ നിന്ന് ത്യജിക്കുമ്പോള്‍, ആ വേദന സുഖമുള്ള വേദനയാണ്. സ്‌നേഹത്തിന്റെ ആഴം വെളിവാക്കുന്നതും അതാണല്ലോ. അധികം മക്കള്‍ക്കു ജന്മം നല്കി, കുടുംബത്തിനുവേണ്ടി ബലിയര്‍പ്പിച്ചു ജീവിച്ചു ഞെരുക്കങ്ങളും ബുദ്ധിമുട്ടുകളും എല്ലാം കടന്ന്, നന്മയില്‍ പന്തലിച്ചു നില്‍ക്കുന്ന കുടുംബങ്ങളെ പലപ്പോഴും നമുക്കും ചുറ്റും കണ്ടിട്ടില്ലേ. പങ്കുവയ്ക്കുവാനും പരസ്പരം സഹായിക്കുവാനും തയ്യാറുള്ള മൂല്യബോധമുള്ള മനസ്സുകളുടെ ഉടമകളായ മക്കള്‍ ആ കുടുംബങ്ങളില്‍ രൂപംകൊള്ളുന്നു. വര്‍ധിച്ചുവരുന്ന സ്വാര്‍ത്ഥതയ്ക്കും താന്‍പോരിമയ്ക്കും മറ്റു തിന്മകള്‍ക്കും പരിഹാരം അത്തരം കടുംബങ്ങളുടെ രൂപീകരണമാണ്.

കുടുംബഭദ്രത, മക്കളുടെഭദ്രത എല്ലാം അടിസ്ഥാനമിട്ടിരിക്കുന്നത് ദാമ്പത്യ ഭദ്രതയിലാണ്. ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരമുള്ള ലയം മനോഹരമാണെന്ന് വചനം സാക്ഷ്യപ്പെടുത്തുന്നു (പ്രഭാ. 25:1). എന്താണ് ദാമ്പത്യം? വിവാഹത്തിലൂടെ പുരുഷനും സ്ത്രീയും ഒന്നുചേരുമ്പോള്‍, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല ഒറ്റ ശരീരമായിരിക്കും. ആകയാല്‍ ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ (മത്താ. 19:6) എന്ന് വചനം ഉറപ്പിക്കുന്നു. അതേ, അഭേദ്യമായ ബന്ധം! മറ്റാരും ഇടയില്‍ വരാത്ത, ഉള്ളവും ഉള്ളതും പങ്കുവയ്ക്കുന്ന, ദൈവത്തില്‍ ഒന്നുചേര്‍ന്ന ബന്ധം! ഇണ പിരിയാത്ത ബന്ധം! അചഞ്ചലമായ വിശ്വസ്തതയാല്‍ പണിയപ്പെടുന്ന ബന്ധം! മാതാപിതാക്കളുടെ ആശീര്‍വാദവും അവരോടുള്ള കടമ നിര്‍വഹണത്തിലൂടെ ലഭിക്കുന്ന അനുഗ്രഹങ്ങളും വര്‍ഷിക്കപ്പെടുന്ന ബന്ധം. എന്നാല്‍ ഇന്ന് പരിപാവനമായ ദമ്പത്യം മലിനമാക്കപ്പെടുന്നു, വിലയില്ലാത്തതുപോലെ തള്ളപ്പെടുന്നു. ഉപേക്ഷിക്കപ്പെടുന്നു. ദൈവത്തിന്റെ ഹൃദയത്തിലും സമൂഹമനസ്സാക്ഷിയിലും മുറിവേല്പിച്ചുകൊണ്ട്, തകര്‍ന്ന് തരിപ്പണമാകുന്നു. നല്ല ദാമ്പത്യം കുടുംബത്തിന്റെ അടിസ്ഥാനമായിരിക്കേ, അങ്ങനെയല്ലാത്ത അവസ്ഥ എത്ര ശോചനീയം. മ്ലേച്ഛതയ്ക്കും സുഖലോലുപതയ്ക്കും ദാമ്പത്യബന്ധത്തെ വച്ചുമാറിക്കൊണ്ട് മനുഷ്യന്‍ സ്വതന്ത്ര്യം അനുഭവിക്കുന്നു. ദൈവത്തിന്റേയും മനുഷ്യമക്കളുടേയും കണ്ണീരു വീഴ്ത്തുന്ന സ്വാതന്ത്ര്യം. നാശത്തിലേക്കും അധഃപതനത്തിലേക്കും വാതായനങ്ങള്‍ തുറന്നിടുന്ന സ്വാതന്ത്ര്യം. മ്ലേച്ഛതയെ വിലയ്ക്കുവാങ്ങി, വിശുദ്ധിയെ പണയം വയ്ക്കുന്ന അധമമായ അവസ്ഥ. ഈ പോക്കുപോയാല്‍ നമ്മുടെ കുടുംബങ്ങളുടെ സ്ഥിതിയെന്താകും?

നാമെന്താണ് ചെയ്യേണ്ടത്? നാം ഉണര്‍ന്നെഴുന്നേല്‌ക്കേണ്ടിയിരിക്കുന്നു. ദൈവിക ചൈതന്യത്തിലേക്ക് മടങ്ങിപ്പോകേണ്ടിയിരിക്കുന്നു. കുടുംബങ്ങളുടെ അടിത്തറ പൊളിച്ചുപണിയേണ്ടിയിരിക്കുന്നു. ദൈവകല്പനകളില്‍ അടിസ്ഥാനമിട്ട്, സനേഹത്തിലും ത്യാഗത്തിലും യഥാര്‍ത്ഥ സൗഹൃദത്തിലും ബന്ധങ്ങള്‍ പണിയേണ്ടിയിരിക്കുന്നു. സന്മാര്‍ഗത്തിന്റെ പാതയിലൂടെ നമുക്കു ചരിക്കാം. ഭ്രൂണഹത്യയിലൂടെ പൊലിയുന്ന കുഞ്ഞുങ്ങളുടെ രോദനം ഈ ഭൂമിയില്‍ കേള്‍ക്കപ്പെടാതിരിക്കട്ടെ. ജീവനെ സ്‌നേഹിക്കുന്ന, മക്കളെ താലോലിക്കുന്ന വലിയ കുടുംബങ്ങള്‍ക്ക് ജന്മം നല്‌കേണ്ടിയിരിക്കുന്നു. അതേ ദൈവത്തിന്റെ സ്വപ്നം നമ്മുടെയും സ്വപ്നമാകേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ പദ്ധതികള്‍ ഫലമണിയട്ടെ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org