ലെയാ

ലെയാ

ജെസ്സി മരിയ

ജെസ്സി മരിയ
ജെസ്സി മരിയ

'ലെയായുടെ കണ്ണുകള്‍ മങ്ങിയവയായിരുന്നു.'

ഉല്പത്തിയുടെ പുസ്തകം 29-ാം അധ്യായത്തിലാണ് നാം ലെയായെ കാണുന്നത്. അബ്രാഹത്തിന്റെ പുത്രന്‍ ഇസഹാക്കിന്റെ ഇളയമകന്‍ യാക്കോബിന്റെ ആദ്യ ഭാര്യ. ഇസഹാക്കിനെയും ചേട്ടന്‍ എസാവിനെയും പറ്റിച്ച് കടിഞ്ഞൂലവകാശം തട്ടിയെടുത്ത യാക്കോബ് എസാവിനെ പേടിച്ച് അമ്മാവനായ ലാബാന്റെ അടുക്കല്‍ എത്തിച്ചേര്‍ന്നു. ലാബാന്റെ ആടുകളെ മേയ്ക്കുന്ന ജോലി അവന്‍ ഏറ്റെടുത്തു. ലാബാന്റെ പുത്രിമാരായിരുന്നു ലെയായും റാഹേലും. ബൈബിള്‍ പറയുന്നു: 'മൂത്തവളായ ലെയായുടെ കണ്ണുകള്‍ മങ്ങിയവയായിരുന്നു, റാഹേലാകട്ടെ സുന്ദരിയും വടിവൊത്തവളും ആയിരുന്നു. യാക്കോബ് റാഹേലിനെ പ്രണയിച്ചു. അവന്‍ ലാബാനോട് പറഞ്ഞു: അങ്ങയുടെ ഇളയമകളായ റാഹേലിനു വേണ്ടി 7 കൊല്ലം അങ്ങയുടെ കീഴില്‍ ഞാന്‍ ജോലി ചെയ്യാം. ലാബാന്‍ സമ്മതിച്ചു. അങ്ങനെ യാക്കോബ് റാഹേലിനുവേണ്ടി ഏഴു കൊല്ലം ജോലി ചെയ്തു. സമയം പൂര്‍ത്തിയായപ്പോള്‍ അവന്‍ ലാബാനോടു പറഞ്ഞു, എനിക്കെന്റെ ഭാര്യയെ തരുക, ഞാന്‍ അവളോട് ചേരട്ടെ. ലാബാന്‍ നാട്ടുകാരെ വിളിച്ചുകൂട്ടി വിവാഹവിരുന്ന് നടത്തി. രാത്രിയായപ്പോള്‍ അവന്‍ റാഹേലിനു പകരം ലെയായെ യാക്കോബിന്റെ അടുക്കലേയ്ക്ക് അയച്ചു. യാക്കോബ് അതറിഞ്ഞില്ല. അവന്‍ അവളോട് കൂടെ ശയിച്ചു. നേരം വെളുത്തപ്പോഴാണ് ലെയായെയാണ് തനിക്കു ലഭിച്ചതെന്ന് അവന്‍ അറിഞ്ഞത്. യാക്കോബ് ലാബാനോട് കയര്‍ത്തു. എന്തിനാണ് എന്നെ ചതിച്ചത്? റാഹേലിനുവേണ്ടിയല്ലേ ഞാന്‍ ഏഴു കൊല്ലം പണിയെടുത്തത്? ലാബാന്‍ പറഞ്ഞു: മൂത്തവള്‍ നില്‍ക്കെ ഇളയവളെ വിവാഹം കഴിപ്പിച്ചയയ്ക്കുക ഞങ്ങളുടെ നാട്ടില്‍ പതിവില്ല. റാഹേലിനെയും നിനക്ക് വിവാഹം ചെയ്തു തരാം. ഏഴു വര്‍ഷം കൂടി നീ എനിക്കു വേണ്ടി പണിയെടുക്കുക. റാഹേലിനോടുള്ള പ്രേമത്തെപ്രതി യാക്കോബ് സമ്മതിച്ചു. ലെയയുമായുള്ള വിവാഹത്തിന്റെ ഒരാഴ്ച പൂര്‍ത്തിയായപ്പോള്‍ ലാബാന്‍ റാഹേലിനെയും യാക്കോ ബിനു കൊടുത്തു. യാക്കോബ് ലെയായേക്കാള്‍ കൂടുതല്‍ റാഹേലിനെ സ്‌നേഹിച്ചു. ലെയാ തിരസ്‌ക്കരണത്തിന്റെ കയ്പ് അനുഭവിച്ചു തുടങ്ങി.

ലെയാ അവഗണിക്കപ്പെടുന്നതായി കര്‍ത്താവ് കണ്ടു. അവിടന്ന് അവള്‍ക്കൊരു പുത്രനെ നല്‍കി അനുഗ്രഹിച്ചു. കര്‍ത്താവ് എന്റെ കഷ്ടപ്പാട് കണ്ടിരിക്കുന്നു, ഇനി എന്റെ ഭര്‍ത്താവ് എന്നെ സ്‌നേഹിക്കും എന്നു പറഞ്ഞ് അവള്‍ പുത്രന് റൂബന്‍ എന്ന് പേരിട്ടു.. കര്‍ത്താവ് വീണ്ടും മക്കളെ നല്‍കി അവളെ അനുഗ്രഹിച്ചു. ശിമയോന്‍, ലേവി, യൂദാ, ഇസാക്കര്‍, സെബുലൂണ്‍. ആറു പുത്രന്മാരും, ദീന എന്നൊരു പുത്രിയും.

ലെയായുടെ പുത്രനായ യൂദായുടെ വംശത്തില്‍ നിന്നാണ് ക്രിസ്തു ജനിച്ചത്.

സൗന്ദര്യമില്ലാത്തതിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട ലെയായെ കര്‍ത്താവ് ആവോളം ഉയര്‍ത്തി.

ലെയാ ഭാഗ്യവതിയാണ്. തിരസ്‌ക്കരണത്തിന്റെ കയ്പുനീര്‍ കുടിച്ചിട്ടും അവള്‍ പിടിച്ചുനിന്നു. അവള്‍ അനുഭവിച്ച കയ്‌പ്പൊക്കെ മധുരമാക്കി തീര്‍ത്തു. മധുരപ്രതികാരം.

ബാഹ്യസൗന്ദര്യത്തിനപ്പുറം ആത്മസൗന്ദര്യത്താല്‍ തിളങ്ങിയവളാണ് ലെയാ. അതവള്‍ക്ക് അനുഗ്രഹമായിത്തീര്‍ന്നു….

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org