കുട്ടികള്‍ പങ്കുവയ്ക്കാന്‍ പഠിച്ചാല്‍

കുട്ടികള്‍ പങ്കുവയ്ക്കാന്‍ പഠിച്ചാല്‍

സ്വാര്‍ത്ഥതയില്ലാതെ അപരന്റെ നന്മയില്‍ സന്തോഷിക്കാനും ഉള്ളത് പങ്കുവച്ച് വളരാനും കുട്ടികള്‍ പഠിക്കേണ്ടത് വീട്ടില്‍ നിന്നാണ്. പങ്കുവയ്ക്കുന്ന കുട്ടികള്‍ പരോന്മുഖരാകാനും അനുകമ്പ കാണിക്കാനും സ്‌നേഹം പങ്കിടാനും കുട്ടിക്കാലം മുതല്‍ പരിശീലിക്കുന്നു. ചില കുട്ടികള്‍ വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ പങ്കുവയ്ക്കാന്‍ മടികാണിക്കുന്നത് സ്വാഭാവികമാണ്. ‘എന്റെ, എനിക്ക്’ എന്ന ഭാവമാണ് അവരില്‍ മുന്നിട്ടു നില്ക്കുന്നത്. മൂന്നു വയസ്സിനു താഴെയുള്ള കുട്ടിയില്‍ നിന്ന് പങ്കുവയ്ക്കലിന്റെ പ്രവര്‍ത്തികള്‍ അധികം പ്രതീക്ഷിച്ചാല്‍ മാതാപിതാക്കളുടെയും മുതിര്‍ന്നവരുടെയും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കുട്ടിക്ക് കഴിയണം എന്നില്ല. നാലും അഞ്ചും വയസ്സാകുന്നതോടെ കുട്ടികള്‍ പങ്കുവയ്ക്കാനും, സഹകരിക്കാനും, കളിക്കാനും പഠിക്കുന്നു. പല കുട്ടികള്‍ക്കും വീട്ടിലുള്ള സഹോദരങ്ങളുമായി പങ്കുവയ്ക്കുന്നതിലുപരി പുറത്തുള്ള കുട്ടികളുമായോ ബന്ധുവീട്ടിലുള്ള കുട്ടികളുമായോ പങ്കുവച്ചു കളിക്കാനാണിഷ്ടം. കൊച്ചുകുട്ടികളുടെ പങ്കുവയ്ക്കല്‍ രീതി പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യം അവര്‍ ആരും കാണാതെ അവര്‍ക്കിഷ്ടപ്പെട്ട നല്ല സാധനങ്ങള്‍ ഒളിച്ചു വയ്ക്കുന്നു. കുട്ടികള്‍ പങ്കുവയ്ക്കാന്‍ മടിക്കുന്ന ചില സാധനങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാകും എന്താണ് അവര്‍ക്ക് പ്രിയപ്പെട്ട വസ്തുക്കള്‍ എന്ന്. ഉദാഹരണമായി അവരുടെ കളിപ്പാട്ടങ്ങള്‍, പുതപ്പ്, ചില പാത്രങ്ങള്‍, ചില സ്ഥലങ്ങള്‍, പ്രത്യേകിച്ച് ഭക്ഷണത്തിനിരിക്കുന്ന സ്ഥലം, ഉറക്കസ്ഥലം, ചില ഉടുപ്പുകള്‍, കൊച്ചു ടിവി ഇങ്ങനെ പോകുന്നു അവരുടെ ഇഷ്ടങ്ങള്‍. അവധിക്കാലത്ത് അവരുടെ ശ്രദ്ധ മുഴുവന്‍ തങ്ങളുടെ സ്വന്തമായ വസ്തുക്കളിലാണ്. അവരുടെ ഇഷ്ടസാധനങ്ങല്‍ കൈക്കലാക്കാനുള്ള പിടിവാശി നിറഞ്ഞ കരച്ചിലിനെ അടക്കി ഇരുത്താന്‍ ശ്രമിക്കുന്നതിലുപരി അവര്‍ക്കത് വിട്ടു കൊടുക്കുക. കണ്ടും കൈയ്യില്‍ പിടിച്ചും കളിച്ചും തൃപ്തിയാകുമ്പോള്‍ അവര്‍ കരച്ചില്‍ നിര്‍ത്തും. പ്രായത്തിലും പക്വതയിലും വളരുന്നതനുസരിച്ച് ഈ സ്വഭാവത്തില്‍ വ്യത്യാസം വന്നു തുടങ്ങും.

മാതാപിതാക്കള്‍ ശ്രദ്ധിച്ചാല്‍

കുട്ടികളുടെ വൈകാരിക പ്രതികരണങ്ങളും കരച്ചിലും മനസ്സിലാക്കാന്‍ ശ്രമിക്കുക. സാധാരണ കുട്ടികള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടവ മറ്റുള്ള കുട്ടികള്‍ എടുത്താല്‍ അത് കൈയ്യില്‍ തിരിച്ചു കിട്ടുന്നതുവരെ കരച്ചില്‍ തുടരും. എന്നാല്‍ വസ്തുക്കള്‍ കൈവശം ആക്കിയവര്‍ തങ്ങളേക്കാള്‍ ശക്തരാണ് ഏറ്റുമുട്ടിയാല്‍ കിട്ടില്ല എന്ന് മനസ്സിലാക്കുന്ന കുട്ടി ആരും കാണാതെ കതകടച്ച് കരയുകയോ, വികാരങ്ങള്‍ അടിച്ചമര്‍ത്തുകയോ, അടുക്കളയില്‍ അമ്മയുടെ ചുറ്റും നടന്ന് കരയുകയും ചെയ്യുകയാണെങ്കില്‍ കുട്ടിയുടെ പ്രതികരണരീതിയിലെ വികലതകള്‍ തിരുത്തണം. കരച്ചിലും തല്ലുകൂടലും കഴിയുമ്പോള്‍ ശാന്തമായി അരികിലിരുത്തി തിരുത്തുന്ന രീതിയില്‍ വാത്സല്യത്തോടെ പറഞ്ഞുകൊടുത്താല്‍ കുട്ടികള്‍ നന്നായി പ്രതികരിക്കും. സാ ധാരണയായി മൂന്നുവയസ്സു കഴിയുമ്പോഴാണ് കുട്ടികള്‍ പങ്കുവയ്ക്കലിന്റെ പ്രാധാന്യം മനസ്സിലാക്കി തുടങ്ങുന്നത്. എന്നാല്‍ ചില കുട്ടികള്‍ നല്ലതെല്ലാം സ്വന്തമാക്കി സ്വര്‍ത്ഥരായി വളരുന്നു.

പങ്കുവയ്ക്കലിന്റെ മൂല്യം

കുട്ടികളുടെ ഈ സ്വഭാവപ്രത്യേകത മനസ്സിലാക്കി അവരെ അംഗീകരിച്ച് സ്‌നേഹിച്ചു വളര്‍ത്തുമ്പോള്‍ സ്വാര്‍ത്ഥതയെ അതിജീവിക്കുന്ന മാതാപിതാക്കളുടെ സ്‌നേഹം അവരെ ഉദാരമതികളാക്കാന്‍, അപരനെക്കുറിച്ച് കൂടുതല്‍ കരുതലുള്ളവരാക്കാന്‍, അവരെ ഭാവിയില്‍ വലിയവരാക്കാന്‍ സഹായിക്കും. മറ്റുള്ളവരെ പരിഗണിക്കുന്ന തങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കുന്ന കുട്ടികള്‍ അപരന്റെ മനസ്സ് മനസ്സിലാക്കാനുള്ള ആദ്രതയില്‍ വളരുന്നതോടൊപ്പം തന്നെ അവരുടെ വിഷമതകളില്‍ പങ്കു ചേരാനും കുട്ടികളെ കഴിവുള്ളവരാക്കുന്നു. പങ്കുവയ്ക്കുന്നതുവഴി നഷ്ടപ്പെടുന്നതിനേക്കാള്‍ നേടുകയാണ് എന്ന അവബോധം കുട്ടികള്‍ക്ക് ലഭിക്കുന്നു.

മാതാപിതാക്കള്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍

പങ്കുവയ്ക്കുന്ന കുട്ടിയുടെ പിടിച്ചുപറിക്കലിനും പിടിവാശിക്കും പിന്നിലുള്ള പ്രതികരണരീതി ശ്രദ്ധിച്ചാല്‍ ചില കാര്യങ്ങള്‍ മാതാപിതാക്കള്‍ക്ക് ഒഴിവാക്കാവുന്നതാണ്. ചുരുക്കം ചില കുട്ടികള്‍ അവര്‍ കളിച്ചില്ലെങ്കിലും ഉപയോഗിച്ചില്ലെങ്കിലും അവര്‍ക്കുള്ളത് മറ്റള്ളവര്‍ എടുത്ത് ഉപയോഗിക്കുന്നതു കണ്ടാല്‍ ബഹളം വയ്ക്കുന്നു. ഇത്തരക്കാരെ മൂത്തകുട്ടിയുമായി താരതമ്യം ചെയ്യുകയോ താഴ്ത്തിപറയുകയോ ചെയ്യാതിരിക്കുക.

- പങ്കുവയ്ക്കാത്ത കുട്ടികളെ പരസ്യമായി കളിയാക്കുകയോ മാറ്റി നിര്‍ത്തുകയോ ചെയ്യരുത്. കാരണം ഇത്തരം ശിക്ഷാരീതികള്‍ അവരുടെ മനസ്സ് വേദനിപ്പിക്കും. ഒറ്റപ്പെടുത്തലിന്റെയും അടിയുടെയും അനന്തരഫലങ്ങള്‍ അവരിലുള്ള പങ്കുവയ്ക്കല്‍ ഭാവത്തെ ദോഷമായി ബാധിക്കും.

- കുട്ടികളോട് പങ്കുവയ്ക്കണം, സഹായിക്കണം വിട്ടുവീഴ്ചചെയ്യണം എന്ന് നിര്‍ബന്ധിക്കുന്ന മാതാപിതാക്കള്‍ പരസ്പരം പങ്കു വയ്ക്കാത്തവരും പിടിച്ചുപറിക്കുന്നവരും തട്ടിപ്പു നടത്തുന്നവരും ആണെങ്കില്‍ കുട്ടികള്‍ അതു കണ്ടു പഠിക്കുന്നു.

- പങ്കുവച്ച് കളിക്കാന്‍ കുട്ടിയെ നിര്‍ബന്ധിക്കാതിരിക്കുക. ശകാരിക്കാതിരിക്കുക.

- കുട്ടികള്‍ പങ്കുവയ്ക്കലിന്റെ ബാലപഠങ്ങള്‍ വീട്ടില്‍നിന്നും മാതാപിതാക്കളില്‍ നിന്നുമാണ് കണ്ടു പഠിക്കേണ്ടതും പരിശീലിക്കേണ്ടതും പ്രാവര്‍ത്തികമാക്കാന്‍ പ്രോത്സാഹനം ലഭിക്കേണ്ടതും. മാതാപിതാക്കളുടെ സഹായത്തോടെ മാത്രമേ കുട്ടികള്‍ക്ക് പങ്കുവയ്ക്കല്‍ പരിശീലനത്തില്‍ വളരാന്‍ കഴിയുക. പങ്കുവച്ചും സ്‌നേഹിച്ചും കഴിയുന്ന മാതാപിതാക്കളുടെ മാതൃക കണ്ടു വളരുന്ന കുട്ടി മറ്റു കുട്ടികളുമായി പങ്കുവയ്ക്കുവാന്‍ അധികം മടികാണിക്കില്ല.

- കൈയില്‍ കിട്ടുന്ന മിഠായി, കളിപ്പാട്ടങ്ങള്‍, ടീച്ചറിനായി വരയ്ക്കുന്ന ചെറിയ പടങ്ങള്‍, ജന്മദിനത്തില്‍ കൂട്ടുകാര്‍ക്കായി ഒരുക്കുന്ന കൊച്ചുസമ്മാനങ്ങള്‍ ഇതൊക്കെ പങ്കുവയ്ക്കുന്നതും പരസ്പരം കൈമാറുന്നതും കാണുമ്പോള്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.

- മറ്റു കുട്ടികള്‍ പങ്കുവയ്ക്കുന്നതു കണ്ടുപഠിക്കാന്‍ അവസരം നല്കുക. പ്രായമായ മാതാപിതാക്കള്‍ക്ക് കൊടുക്കുന്ന ശീലം കുട്ടികള്‍ വീട്ടില്‍നിന്ന് കണ്ടു പഠിക്കണം.

- അവധിക്കാലത്ത് പങ്കുവയ്ക്കാന്‍ മടിയുളള കുട്ടികള്‍ വഴക്കാളികളും സ്വാര്‍ത്ഥരുമാകുന്നതിന്റെ ബാഹ്യപ്രകടനമാണ് അവരുടെ ഇടയിലുള്ള അടിയും തട്ടിപ്പറിക്കലും. ഇത്തരം കുട്ടികളെ സാമാധാനം കിട്ടാനായി കമ്പ്യൂട്ടറിന്റെ/മൊബൈലിന്റെ മുമ്പില്‍ ഒറ്റയ്ക്കിരുത്തി കളിക്കാന്‍ അനുവദിക്കാതെ മറ്റു കുട്ടികളുടെ കൂട്ടത്തില്‍ ഇരുത്തി കളിക്കാനും സഹകരിക്കാനും പ്രോത്സാഹിപ്പിക്കുക.

- അവധിക്കാലത്ത് കുട്ടികളെ കൂടെ നടത്തി വീട്ടുജോലികളില്‍ കുറച്ചു ഉത്തരവാദിത്വം നല്കുക. ഉദാഹരണമായി ചെടിക്ക് വെള്ളം ഒഴിക്കുക, മുറി അടിക്കാനും, വൃത്തിയാക്കാനും, അടുക്കിവയ്ക്കാനും മേശവൃത്തിയാക്കാനും പാത്രം കഴുകാനും ഷോപ്പിങ് സാധനങ്ങള്‍ യഥാസ്ഥാനങ്ങളില്‍ ക്രമീകരിക്കാനും പട്ടിയെ കുളിപ്പിക്കാനും അവസരം ഒരുക്കി കൊടുക്കുക.

മാതാപിതാക്കളുടെ കൂടെ നടന്ന് പങ്കുവയ്ക്കുക എന്ന ജീവിതമൂല്യം പഠിക്കുന്ന കുട്ടികള്‍ സ്വാര്‍ത്ഥതയുടെ തലങ്ങള്‍ പൊട്ടിച്ച് പതുക്കെപതുക്കെ മറ്റുള്ളവരുമായി സഹകരിക്കാനും സ്‌നേഹത്തില്‍ വളരാനും ടീം സ്പിരിറ്റില്‍ ഉയരാനും പഠിക്കുന്നു. വീടാണ് കുട്ടിക്ക് പങ്കുവയ്ക്കലിന്റെ ആദ്യകളരി. മാതാപിതാക്കളാണ് അതിനുള്ള മാതൃക നല്കുന്ന അധ്യാപകര്‍.

Tel : 0484-2600464 | E-mail : jeevanapsychospiritual@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org