കുടുംബങ്ങളുടെ ലോകസമ്മേളനം അടുത്ത വര്‍ഷം ഡബ്ലിനില്‍; പ്രതീക്ഷയോടെ ഐറിഷ് കത്തോലിക്ക സഭ

കുടുംബങ്ങളുടെ ലോകസമ്മേളനം അടുത്ത വര്‍ഷം ഡബ്ലിനില്‍; പ്രതീക്ഷയോടെ ഐറിഷ് കത്തോലിക്ക സഭ

ബിനു തോമസ് തേക്കാനത്ത്

ഒമ്പതാമത് ലോക കുടുംബ സമ്മേളനം അടുത്ത വര്‍ഷം ആഗസ്റ്റില്‍ ഐര്‍ലന്‍ഡിലെ ഡബ്ലിനില്‍ വച്ച് നടത്തപ്പെടും. പരിപാടിയുടെ വിജയത്തിനായി ഒരു വര്‍ഷം നീളുന്ന കൗണ്ട്ഡൗണ്‍ ആഗസ്റ്റ് 21-ാം തീയതി ഡബ്ലിന്‍ ആര്‍ച്ച്ബിഷപ് ഡയാമുഡ് മാര്‍ട്ടിന്‍ ഉദ്ഘാടനം ചെയ്തു. കന്യകാ മാതാവ് പ്രത്യക്ഷപ്പെട്ട നോക്കില്‍ വച്ച് നടത്തപ്പെട്ട വി. കുര്‍ബാനയോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.

ലോക കുടുംബ സമ്മേളനങ്ങളുടെ ചരിത്രം:
1994-ല്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് കുടുംബങ്ങളുടെ ലോകസമ്മേളനങ്ങള്‍ ആദ്യമായി തുടങ്ങുന്നത്. കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും, വിവാഹത്തിന്‍റെയും കുടുംബത്തിന്‍റെയും പ്രാധാന്യം സമൂഹത്തിനു സാക്ഷ്യപ്പെടുത്താനും ഉദ്ദേശിച്ച് ആഗോളതലത്തില്‍ പ്രാര്‍ത്ഥനയ്ക്കും വേദപാഠത്തിനും ആഘോഷത്തിനും വേണ്ടി ഒരു പരിപാടി വേണമെന്ന് കുടുംബത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടതനുസരിച്ചു രൂപംകൊണ്ടതാണ് ലോകകുടുംബ സമ്മേളനം. അതനുസരിച്ച് ആദ്യത്തെ സമ്മേളനം 1994-ല്‍ റോമില്‍ വച്ച് നടത്തപ്പെട്ടു. മൂന്ന് വര്‍ഷം കൂടുമ്പോള്‍ നടത്തപ്പെടുന്ന ഈ സമ്മേളനത്തിന്‍റെ 2018-ലെ വേദിയായി ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശ പ്രകാരം ഡബ്ലിന്‍ തിരഞ്ഞെടുക്കപ്പെട്ടു.

കുടുംബങ്ങളുടെ ലോകസമ്മേളനം 2018-ന്‍റെ പ്രമേയം
കഴിഞ്ഞ വര്‍ഷം കൂടിയ സിനഡിനു ശേഷം പുറപ്പെടുവിച്ച 'സ്നേഹത്തിന്‍റെ ആനന്ദം' എന്ന പാപ്പയുടെ അപ്പസ്തോലിക പ്രബോധനത്തെ ആധാരമാക്കി, 'കുടുംബത്തിന്‍റെ സുവിശേഷം: ലോകത്തിനു വേണ്ടിയുള്ള ആനന്ദം' (The Gospel of the Family: Joy for the World) എന്നതാണ് ഈ സമ്മേളനത്തിന്‍റെ പ്രമേയം. പ്രസ്തുത പ്രമേയം, മൂന്ന് തലങ്ങളില്‍ സമ്മേളനത്തില്‍ വച്ച് ആഴത്തില്‍ വിശകലനം ചെയ്യപ്പെടും.

ആദി മുതലുള്ള ദൈവത്തിന്‍റെ പദ്ധതിയനുസരിച്ചു പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തിലൂടെ രൂപംകൊണ്ടതാണ് കുടുംബം. അതുകൊണ്ടു തന്നെ, സഭ പ്രഘോഷിക്കുന്ന സന്തോഷകരമായ സന്ദേശത്തിന്‍റെ അവിഭാജ്യ ഘടകമാണ് കുടുംബത്തെപ്പറ്റിയുള്ള സദ്വാര്‍ത്ത.

കുടുംബമാണ് അതിലെ അംഗങ്ങളെ സുവിശേഷവത്ക്കരിക്കുന്ന പ്രധാന ഘടകം. വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും ആദ്യ കളരിയെന്ന നിലയ്ക്കു ക്രിസ്തീയ കുടുംബത്തില്‍ നിന്നാണ് നമ്മള്‍ യേശുവിനെയും അവന്‍റെ സ്നേഹത്തെയും പറ്റി ആദ്യം അറിയുന്നത്.

കുടുംബം ലോകത്തോട് സുവിശേഷം പ്രസംഗിക്കുന്നു. യേശുവിന്‍റെ ജീവിതത്തിനും സ്നേഹത്തിനും സാക്ഷ്യം വഹിക്കുന്നതിലൂടെ ഒരു ക്രിസ്തീയ കുടുംബം ലോകത്തെ സുവുശേഷവത്ക്കരിക്കുകയാണ്.

പരിപാടികള്‍
2018 ആഗസ്റ്റ് 21-ാം തീയതി കുടുംബങ്ങളുടെ ലോകസമ്മേളനം ഉദ്ഘാടനം ചെയ്യപ്പെടും. അടുത്ത മൂന്നു ദിവസം ഡബ്ലിനില്‍ RDS-ല്‍ വച്ച് അജപാലന സമ്മേളനം നടത്തപ്പെടും. കുടുംബവും വിശ്വാസവും, കുടുംബവും സ്നേഹവും, കുടുംബവും പ്രത്യാശയും എന്നീ വിഷയങ്ങളില്‍ 'സ്നേഹത്തിന്‍റെ ആനന്ദം' എന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെ ഒന്ന് മുതല്‍ ഒമ്പതു വരെയുള്ള അധ്യായങ്ങളെ അടിസ്ഥാനമാക്കി പാനല്‍ ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, സാക്ഷ്യങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിവ നടത്തപ്പെടും. ആഗസ്റ്റ് 25-ാം തീയതി കുടുംബങ്ങളുടെ ഉത്സവമാണ്. സമ്മേളനത്തിലെ ഏറ്റവും ആസ്വാദ്യകരമായ പരിപാടിയായിരിക്കും അത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ അവതരിപ്പിക്കുന്ന നൃത്തങ്ങളും സംഗീത പരിപാടികളും ഉത്സവത്തിനു മിഴിവേകും. ഇരുപത്തിയാറിന് ആഘോഷമായ ദിവ്യബലിയോടും ദിവ്യകാരുണ്യ ആശീര്‍വാദത്തോടും കൂടി സമ്മേളനം സമാപിക്കും.

സമ്മേളനത്തിനുള്ള ഒരുക്കം:
അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന അവസരമെന്ന നിലയില്‍ അടുത്ത വര്‍ഷത്തെ സമ്മേളനം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ഐര്‍ലന്‍ഡിലെ കത്തോലിക്ക സഭയും സംഘാടകരും.

ആത്മീയമായ പരിപാടികളില്‍ പ്രധാനം, അല്മായര്‍ക്കും വൈദികര്‍ക്കും വേണ്ടി സമ്മേളന വിഷയത്തെ ആസ്പദമാക്കി മൈനൂത്തിലെ പൊന്തിഫിക്കല്‍ കോളേജില്‍ നടക്കാന്‍ പോകുന്ന പ്രത്യേക ധ്യാനങ്ങള്‍ ആണ്. 2017 നവംബര്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ കത്തോലിക്കാ സ്കൂളുകളില്‍ ഒരാഴ്ച്ച നീളുന്ന പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ "കത്തോലിക്കാ സ്കൂളുകള്‍: കുടുംബങ്ങളുടെ കുടുംബം" എന്ന വിഷയത്തില്‍ ഒരു വര്‍ഷത്തേക്കുള്ള ഒരു വേദപാഠ പാഠ്യപദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. സെ. വാലന്‍റൈന്‍സ് ഡേ, സെ. പാട്രിക്സ് ഡേ തുടങ്ങിയ ആഘോഷ പരിപാടികളെല്ലാം അടുത്ത വര്‍ഷത്തെ കുടുംബ സമ്മേളനം ലക്ഷ്യമാക്കിയായിരിക്കും നടത്തപ്പെടുക. വിവിധ രൂപതകളും അല്മായ കൂട്ടായ്മകളും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കത്തോലിക്കാ കുടുംബങ്ങളുടെ ആഘോഷങ്ങള്‍, സമ്മര്‍ ഫെസ്റ്റിവലുകള്‍, ഫാമിലി പിക്നിക്കുകള്‍, മുത്തശ്ശി മുത്തശ്ശന്മാര്‍ക്കു വേണ്ടിയുള്ള തീര്‍ത്ഥാടനങ്ങള്‍ തുടങ്ങിയവ ഇവയില്‍ ചിലതാണ്.

പുത്തനുണര്‍വ്വ് പ്രതീക്ഷിച്ച് ഐര്‍ലന്‍ഡിലെ കത്തോലിക്കാ സഭ
നാലാം നൂറ്റാണ്ടില്‍ ആണ് ആദ്യമായി ക്രിസ്തുമതം ഐര്‍ലന്‍ഡില്‍ എത്തുന്നത്. അഞ്ചാം നൂറ്റാണ്ടില്‍ എത്തിയ ഐര്‍ലന്‍ഡിന്‍റെ വിശുദ്ധനായ സെ. പാട്രിക്ക് രാജ്യത്തെ പൂര്‍ണ്ണമായും കത്തോലിക്കാ സഭയുടെ കീഴിലാക്കി. 2016-ലെ സെന്‍സസ് പ്രകാ രം 4.7 മില്യന്‍ ജനങ്ങളുള്ള ഐര്‍ലന്‍ഡില്‍ 78 ശതമാനവും കത്തോലിക്കരാണ്. പ്രവാസികളായ ജനങ്ങളുടെ ഒഴുക്കും ആധുനിക ജീവിതശൈലിയും കത്തോലിക്കാ സഭാ വിശ്വാസികളുടെ എണ്ണത്തെ സ്വാധീനിക്കാറുണ്ട്. 2011-ല്‍ ആകെ ജനസംഖ്യയുടെ 87 ശതമാനവും കത്തോലിക്കര്‍ ആയിരുന്നു. ഐറിഷ് റിപ്പബ്ലിക്കിലെയും യുകെയുടെ ഭാഗമായ വടക്കന്‍ ഐര്‍ലന്‍ഡിലെയും 26 രൂപതകള്‍ ചേര്‍ന്നതാണ് ഐര്‍ലന്‍ഡിലെ കത്തോലിക്കാ സഭ. ഒരു കാലത്തു കത്തോലിക്ക മിഷനറിമാരുടെ ഈറ്റില്ലം ആയിരുന്നു ഐര്‍ലന്‍ഡിലെ സഭയെന്നു
പറയാം. ക്രിസ്ത്യന്‍ ബ്രദേഴ്സ് (Christian Brothers), സിസ്റ്റേഴ്സ് ഓഫ് മേഴ്സി (Sisters of Mercy), പ്രസന്‍റേഷന്‍ ബ്രദേഴ്സ് (Pre-sentation Brothers), റോസ്മിനിയന്‍സ് (Rosminians), ഒബ്ലെറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (Oblates of Mary Immaculate), സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി (Sisters of Charity), പ്രസന്‍റേഷന്‍ സിസ്റ്റേഴ്സ് (Presentation Sisters) എന്നിവ ഐര്‍ലന്‍ഡിന്‍ രൂപം കൊണ്ട സന്യാസ സഭകളാണ്.

ഐര്‍ലന്‍ഡിന്‍റെ സ്വാതന്ത്ര്യ സമരകാലഘട്ടത്തിലും പിന്നീട് ഐറിഷ് ജനങ്ങളിലും സര്‍ക്കാരിലും നിര്‍ണ്ണായക സ്വാധീനം കത്തോലിക്കാ സഭയ്ക്കുണ്ടായിരുന്നു. സമൂഹവും സര്‍ക്കാരും തങ്ങളുടെ കീഴിലെന്നവണ്ണം പ്രവര്‍ത്തിക്കുന്നത്രയും ശക്തമായ സ്വാധീനം ഉണ്ടായിരുന്ന സഭ, അതിനുള്ളില്‍ രൂപപ്പെട്ടുകൊണ്ടിരുന്ന പുരോഹിതമേല്‍ക്കോയ്മയുടെ തിന്മകളെ അവഗണിക്കുകയും, തിരിച്ചറിഞ്ഞവയെ മൂടിവയ്ക്കുകയും ചെയ്തു. അതെത്തുടര്‍ന്ന് ജനങ്ങളും സര്‍ക്കാരും സഭയില്‍ നിന്നും അകന്നു. ജനങ്ങള്‍ പേരിനു മാത്രം ക്രിസ്ത്യാനികളായി. പള്ളിയിലും കുര്‍ബാനയ്ക്കും പോകുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു. 2011-ല്‍ വത്തിക്കാനില്‍ നിന്നും സര്‍ക്കാര്‍ പ്രതിനിധിയെ പിന്‍വലിക്കുന്നതു വരെയെത്തി കാര്യങ്ങള്‍.

ഈയവസരത്തിലാണ് 2012-ല്‍ അന്താരാഷ്ട്ര ദിവ്യകാരുണ്യ സമ്മേളനം ഡബ്ലിനില്‍ നടത്തപ്പെടുന്നത്. ഉദ്ഘാടനത്തിനു പ്രതീക്ഷിച്ചത്രയും ആളുകള്‍ ഇല്ലായിരുന്നെങ്കിലും സമാപനബലിക്ക് ഏകദേശം 80,000 ആളുകളെ പങ്കെടുപ്പിക്കാന്‍ സാധിച്ചു. പറ്റിയ തെറ്റുകളില്‍ നിന്നും സഭ കരകയറാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന സാഹചര്യത്തിലാണ് 2013-ല്‍ ഫ്രാന്‍സിസ് പാപ്പ സ്ഥാനമേറ്റെടുക്കുന്നത്. പീഡിതരോടും കഷ്ടതയനുഭവിക്കുന്നവരോടും അനുകമ്പയുള്ള പുതിയ പാപ്പായുടെ സമീപനവും സഭയിലെ അഴിമതിക്കാരോടും ഹൈരാര്‍ക്കിയോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത നയങ്ങളും ഐര്‍ലന്‍ഡിലെ ജനങ്ങളുടെയും സര്‍ക്കാരിന്‍റെയും വിരോധത്തിന് ഒരു ശമനം വരുത്തി. ഐര്‍ലന്‍ഡിലെ കത്തോലിക്കാ സഭയ്ക്കും അതൊരു ആശ്വാസമായിരുന്നു.

പ്രവാസികളും ഐര്‍ലന്‍ഡിലെ കത്തോലിക്കാ സഭയും
1973 മുതല്‍ യൂറോപ്യന്‍ യൂ ണിയനില്‍ അംഗമായിരുന്നെങ്കി ലും തൊണ്ണൂറുകളുടെ രണ്ടാം പകുതിയോടുകൂടി വികസനരംഗത്തുണ്ടായ കുതിച്ചു ചാട്ടവും 1999-ല്‍ ലഭിച്ച യൂറോപ്യന്‍ യൂണിയന്‍റെ സഹായവും ഐര്‍ലന്‍ഡിലെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയും ജീവിത നിലവാരവും അസാമാന്യമായ രീതിയില്‍ മെച്ചപ്പെട്ടു. അതുവരെ സ്വദേശികളും പേരിനു ബ്രിട്ടീഷുകാരും മാത്രമുണ്ടായിരുന്ന ഐര്‍ലന്‍ഡിലേക്കു കിഴക്കന്‍ യൂറോപ്പില്‍ നിന്നും യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും വിദ്യാഭ്യാസത്തിനായും തൊഴിലിനായും അഭയാര്‍ത്ഥികളായും ജനങ്ങള്‍ കുടിയേറാന്‍ തുടങ്ങി.

കുടിയേറിയവരില്‍ വലിയ ഒരു വിഭാഗം കത്തോലിക്കര്‍ ആയിരുന്നുവെന്നത്, ഐര്‍ലന്‍ഡിലെ പള്ളികളില്‍ കുര്‍ബാനയ്ക്കു വരുന്നവരുടെ എണ്ണത്തിലും പ്രതിഫലിച്ചു കാണാം. അജപാലന രംഗത്തും പുറമെ നിന്നുള്ളവര്‍ ഇവിടെ സേവനം ചെയ്യുന്നുണ്ട്. പ്രവാസികളായ ക്രിസ്ത്യാനികളെ ഐര്‍ലന്‍ഡിലെ കത്തോലിക്കാ സഭ വളരെ അനുഭാവപൂര്‍വ്വമാണ് സ്വീകരിക്കുന്നത്. ആഫ്രിക്ക, ബ്രസീല്‍, ഫിലിപ്പൈന്‍സ്, ഫ്രാന്‍സ്, ഇന്ത്യ, ഇറ്റലി, ലാത്വിയ, ലിത്വാനിയ, പോളണ്ട്, റൊമേനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു അവരവരുടെ ഭാഷയില്‍ കുര്‍ബാന അര്‍പ്പിക്കുവാനുള്ള സൗകര്യം സഭ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ളവര്‍ക്കായി മലയാളത്തിലും കുര്‍ബാനയര്‍പ്പിക്കപ്പെടുന്നു. ഡബ്ലിനിലും ചുറ്റുവട്ടത്തുമാണ് കേരളത്തില്‍ നിന്നുമുള്ളവര്‍ ഭൂരിപക്ഷവും താമസിക്കുന്നത്. കൂടാതെ കോര്‍ക്ക്, ഗോര്‍വേ, ലീമെറിക്ക്, വാട്ടര്‍ഫോഡ് എന്നിവടങ്ങളിലുമായി ഏകദേശം 1250 ഓളം മലയാളി കാത്തോലിക്കാ കുടുംബങ്ങളും, വിവിധ രൂപതകളുടെ കീഴില്‍ കേരളത്തില്‍ നിന്നുള്ള 17 വൈദികരും സഭയുടെ ഭാഗമായി ഐര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ നിന്നും വൈദികര്‍ ആദ്യമായി വന്നതിനു കൃത്യമായ രേഖകള്‍ ഇല്ലെങ്കിലും, ആദ്യ കാലങ്ങളില്‍ ചില വൈദികരെ കാണുകയും പരിചയപ്പെടുകയും ചെയ്തിട്ടുണ്ടെന്ന്, 1998 മുതല്‍ ഐര്‍ലന്‍ഡില്‍ സേവനം ചെയ്യുന്ന ഫാ. പോള്‍ തെറ്റയില്‍ സാക്ഷ്യപ്പെടുത്തുന്നു. പതിനഞ്ചു വര്‍ഷം മുന്‍പ് തൊഴില്‍ തേടി ഇവിടെയെത്തിയ പ്രവാസികളുടെ രണ്ടാം തലമുറ ഇപ്പോള്‍ തൊഴില്‍ രംഗത്തേക്ക് കടന്നു കഴിഞ്ഞു. അങ്ങനെ അവരോടൊപ്പം ഇവിടുത്തെ മലയാളി കത്തോലിക്കാ സമൂഹവും വളര്‍ച്ചയുടെ പാതയിലാണ്.

അടുത്ത വര്‍ഷം ആഗസ്റ്റ് 21 മുതല്‍ 26 വരെ നടക്കാനിരിക്കുന്ന സമ്മേളനത്തിന്‍റെ സമാപന ചടങ്ങില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഐറിഷുകാരും ഐര്‍ലന്‍ഡില്‍ താമസിക്കുന്ന വിവിധ രാജ്യക്കാരായ കത്തോലിക്കരും ഒന്നു ചേര്‍ന്നു ഈ സമ്മേളനം ഒരു ആഘോഷമാക്കാന്‍ പ്രയത്നിക്കുകയാണ്. ലോകത്തെമ്പാടുമുള്ള കത്തോലിക്ക കുടുംബങ്ങളെ ഈ പരിപാടിയില്‍ പങ്കെടുക്കുവാനായിട്ട് ഐര്‍ലന്‍ഡിലെ കത്തോലിക്ക സഭ ക്ഷണിക്കുന്നു. യൂറോപ്പിലെ സഭയ്ക്കും പ്രത്യേകിച്ച് ഐര്‍ലന്‍ഡിലെ കത്തോലിക്ക സഭയ്ക്കും ഊര്‍ജ്ജവും ഉണര്‍വ്വും പകരാന്‍ ഈ സമ്മേളനം ഉപകരിക്കുമെന്നു പ്രതീക്ഷിക്കുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org