ക്രിസ്മസ് നാളില്‍ കുന്തിരിക്കത്തെയും ഓര്‍ക്കാം

ജോഷി മുഞ്ഞനാട്ട്
ക്രിസ്മസ് നാളില്‍ കുന്തിരിക്കത്തെയും ഓര്‍ക്കാം

സൗരഭ്യം ഉണ്ടാക്കുന്നതിനും ഔഷധങ്ങളിലെ ചേരുവയായും മറ്റും പഴയ കാലം മുതലേ ഉപയോഗിച്ചു വരുന്ന ഒന്നാണ് കുന്തിരിക്കം.

മതപരമായ പല ചടങ്ങുകളിലും മറ്റുമായി കുന്തിരിക്കം ഉപയോഗിക്കാറുണ്ട്. ക്രിസ്ത്യന്‍ പള്ളികളില്‍ പ്രാര്‍ത്ഥനകളുടെ ഭാഗമായി കുന്തിരിക്കം ഉപയോഗിക്കാറുണ്ട്. ഇവ ധൂമകുറ്റികളില്‍ വച്ച് പുകയ്ക്കുന്നത് സാധാരണയാണ്. മരണാനന്തരവേളകളിലും ഇവ ഉപയോഗിച്ചു കാണുന്നു.

പൗരസ്ത്യദേശത്തുനിന്നും ഉണ്ണിയേശുവിനെ സന്ദര്‍ശിക്കാനെത്തിയ മൂന്നു ജ്ഞാനികള്‍ കൊണ്ടു വന്നിരുന്ന കാഴ്ചവസ്തുക്കളില്‍ ഒന്ന് കുന്തിരിക്കം ആയിരുന്നെന്ന് ബൈബിളില്‍ കാണുന്നു.

''അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പിച്ചു'' (മത്താ. 2:11).

ഇതില്‍നിന്നും കുന്തിരിക്കത്തിന്റെ പ്രാധാന്യം മനസ്സിലാക്കാവുന്നതാണ്.

വെളുത്തപൂക്കള്‍ ഉണ്ടാകുന്ന ഒരു വലിയ മരമാണ് കുന്തിരിക്കമരം. സൗരഭ്യം ഉണ്ടാകുന്നതിന് ഉപയോഗിക്കുന്ന ഒരു പദാര്‍ത്ഥമായ കുന്തിരിക്കം ഈ മരത്തിന്റെ കറയാണ്. മഞ്ഞുകാലത്ത് ഇലകള്‍ പൊഴിയുന്ന ഈ മരം മീനം, മേടം മാസങ്ങളില്‍ പൂവിടുന്നു. തടിയില്‍ കാതല്‍ വളരെ ചെറിയ അളവില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. എങ്കിലും നല്ല തൂക്കമുള്ള തടിയാണ് ഈ വൃക്ഷത്തിനുള്ളത്. ഇതിന്റെ തടിയില്‍ മുറിവ് ഉണ്ടാക്കി മുറിപ്പാടിലൂടെ ഊറി വരുന്ന കറയാണ് കുന്തിരിക്കം. ഇതിനെ കുന്തുരുക്കം എന്നും വിളിക്കുന്നു.

സൗരഭ്യം ഉണ്ടാകുന്നതിനും ഔഷധത്തിലെ ചേരുവയായും വാര്‍ണീഷ് നിര്‍മ്മിക്കുന്നതിനും കുന്തിരിക്കം ഉപയോഗിച്ചുവരുന്നു. ആയൂര്‍വേദത്തില്‍ ഉപയോഗിക്കുന്ന പലതരം തൈലങ്ങള്‍ക്കും എണ്ണകള്‍ക്കും കുന്തിരിക്കം പ്രധാന ചേരുവയായി ഉപയോഗിച്ചുവരുന്നു.

പഴയകാലങ്ങളില്‍ കുളി കഴിഞ്ഞശേഷം സ്ത്രീകള്‍ മുടിയില്‍ കുന്തിരിക്കം പുക ഏല്പിച്ചിരുന്നതായി കാണാം. അന്തരീക്ഷത്തിലെ വായു ശുദ്ധീകരിക്കുന്നതിനും. കൊതുക്, മിന്ത് തുടങ്ങിയവയെ അകറ്റുന്നതിനും പലവിധ പകര്‍ച്ചവ്യാധികളെ അകറ്റി നിര്‍ത്തുന്നതിനും കുന്തിരിക്കം പുകയ്ക്കുന്നതിലൂടെ സാധിക്കും.

വസൂരി പോലുള്ള രോഗങ്ങള്‍ ഉണ്ടാകുന്ന അവസരത്തില്‍ കുന്തിരിക്കം, സമ്പ്രാണി എന്നിവ പഴയകാലങ്ങളില്‍ പുകച്ചുവയ്ക്കുവാന്‍ ഉപയോഗിച്ചിരുന്നു. അന്തരീക്ഷ വായുവിലൂടെ ഇത്തരം രോഗങ്ങള്‍ പകരുന്നത് ഒരു പരിധിവരെ തടഞ്ഞുനിര്‍ത്തുവാന്‍ ഇത് സഹായിച്ചിരുന്നു എന്നാണ് പഴയ തലമുറക്കാര്‍ പറയുന്നത്. എന്തായാലും കുന്തിരിക്കം നിസ്സാരക്കാരനല്ല ഒരു അമൂല്യദ്രവ്യം തന്നെയാണ് എന്നു തന്നെ പറയാം.

ഉണ്ണിയേശുവിന് കാഴ്ചയര്‍പ്പിച്ച സുഗന്ധദ്രവ്യമായ കുന്തിരിക്കത്തെ ഈ ക്രിസ്മസ് നാളിലും നമുക്ക് ഓര്‍മ്മിക്കാം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org