ആരോ​ഗ്യം സംരക്ഷിക്കുവാൻ കരിക്ക്

ആരോ​ഗ്യം സംരക്ഷിക്കുവാൻ കരിക്ക്

നിരവധി ഔഷധഗുണങ്ങളുടെ ഉറവിടമായ കരിക്കിന്‍വെള്ളത്തെ പ്രകൃതിദത്ത ഗ്ലൂക്കോസായി വിശേഷിപ്പിക്കുന്നു. പോഷകപ്രദവും നിരവധി രോഗങ്ങള്‍ക്ക് സിദ്ധൗഷധവുമാണ് ഇളനീര്‍. ഇവ തനിച്ചും മറ്റ് മരുന്നുകളോട് ചേര്‍ത്തും ഇന്ന് ഉപയോഗിക്കുന്നു.

ദാഹവും ക്ഷീണവും മാറ്റാന്‍ കരിക്കിന്‍വെള്ളം കുടിക്കുന്നത് പ്രയോജനകരമാണ്. ശരീരത്തിനാവശ്യം വേണ്ട ജീവകങ്ങള്‍, ധാതുലവണങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. വയറിളക്കം, കോളറ എന്നീ രോഗമുള്ള അവസരത്തില്‍ ധാരാളം കരിക്കിന്‍വെള്ളം കുടിക്കുന്നത് നല്ലതാണ്. നല്ല ഒരു ദാഹശമിനിയായ ഇത് കരള്‍, വൃക്ക എന്നിവയുടെ തകരാറുകള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സഹായിക്കും.

മൂത്രാശയ രോഗങ്ങള്‍ക്ക് വളരെ നല്ലതാണിവ. നേത്ര രോഗങ്ങള്‍ക്കും നല്ലതാണ്. ഇവയില്‍ നിന്നും തയ്യാറാക്കുന്ന ഇളനീര്‍ കുഴമ്പ് വളരെ പ്രസിദ്ധമാണ്. നേത്ര സംബന്ധമായ പല രോഗങ്ങള്‍ക്കും ഇവ ഉപയോഗിക്കാറുണ്ട്. ഏത് പ്രായക്കാര്‍ക്കും കരിക്ക് ഉപയോഗിക്കാം. ഇതിന്‍റെ വെള്ളം മാത്രമല്ല ഉള്ളിലുള്ള ഭാഗവും (കാമ്പ്) ഉപയോഗിക്കാവുന്നതാണ്. ഇവ വേഗം ദഹിക്കുന്നതിനാല്‍ കൊച്ചു കുട്ടികള്‍ക്കും നല്ലൊരു ഭക്ഷണമായി ഉപയോഗിക്കാം. ദഹനക്കേട്, മലബന്ധം എന്നിവയെ തടയുകയും ദേഹത്തെ പോഷിപ്പിക്കുകയും ചെയ്യുന്നതാണ് കരിക്ക്. മഞ്ഞപ്പിത്തം, അമിതദാഹം, ഛര്‍ദ്ദി, ക്ഷീണം, തളര്‍ച്ച തുടങ്ങിയവയ്ക്ക് വളരെ ഫലപ്രദമാണ് കരിക്കിന്‍ വെള്ളം.

പ്രകൃതിദത്ത ഗ്ലൂക്കോസായും കരിക്കിന്‍ വെള്ളം അറിയപ്പെടുന്നു. ഇതില്‍ കാത്സ്യം, സോഡിയം, ഇരുമ്പ്, പൊട്ടാസിയം, മഗ്നിഷ്യം തുടങ്ങിയവ വിവിധ അളവില്‍ അടങ്ങിയിരിക്കുന്നു.

ദാഹവും ക്ഷീണവും അകറ്റുവാനും ശരീരപേശികള്‍ക്ക് ബലം നല്കുവാനും കരിക്കിന്‍വെള്ളത്തിന് കഴിവുണ്ട്. പഴയ കാലങ്ങളില്‍ അതിഥി സല്‍ക്കാരത്തിന് കരിക്ക് ഉപയോഗിച്ചിരുന്നു. കരിക്കിന്‍ വെള്ളം അതിവേഗം ദഹിക്കുന്ന ഒന്നാണ്. ചെന്തെങ്ങിന്‍റെ കരിക്കാണ് ഏറ്റവും ഉത്തമം. ദാഹശമിനിയെന്ന നിലയില്‍ കിടയറ്റതാണ് കരിക്കിന്‍ വെള്ളം. ദാഹത്തെ ശമിപ്പിക്കുമെന്നു മാത്രമല്ല ദോഷരഹിതവും ആരോഗ്യവര്‍ദ്ധക സഹായിയുമാണ്.

ഊര്‍ജ്ജസ്വലതയും ഉണര്‍വ്വും വീണ്ടെടുക്കുവാനൊരു ഉത്തമ ടോണിക്ക് കൂടിയാണ് കരിക്ക്. കടുത്ത ചൂടുള്ള അവസരങ്ങളില്‍ കരിക്ക് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം. നിത്യവും ഇവ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. വേനല്‍ക്കാലത്ത് ആഴ്ചയില്‍ ഒന്നെങ്കിലും വീതം ഇളനീര്‍ കഴിക്കുവാന്‍ ശ്രദ്ധിക്കണം. ഇത് പല രോഗങ്ങള്‍ക്കുമുള്ള ഉത്തമ പ്രതിവിധികൂടിയാണ്. നമുക്ക് കരിക്ക് കുടിക്കുകയും ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യാം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org