ജോസഫ് (യാക്കോബിന്റെ മകന്‍)

ജോസഫ് (യാക്കോബിന്റെ മകന്‍)

ജോസഫ് യാക്കോബിന് ഭാര്യ റാഹേലില്‍ ഉണ്ടായ ആദ്യജാതന്‍. പലവര്‍ണ്ണക്കുപ്പായക്കാരന്‍, സ്വപ്‌നങ്ങളുടെ രാജകുമാരന്‍, ഇസ്രായേലിന്റെ വത്സല പുത്രന്‍, ഇരുപത് വെള്ളിക്കാശിന് ഇസ്മായേല്യര്‍ക്ക് വില്‍ക്കപ്പെട്ടവന്‍, അവസാനം ഈജിപ്തിന്റെ അധിപനായിത്തീര്‍ന്നവന്‍. ജോസഫിന്റെ ചരിത്രം സംഭവബഹുലമാണ്.

തന്റെ വാര്‍ധക്യത്തിലെ മകനായിരുന്ന ജോസഫിനെ ഇസ്രായേല്‍ മറ്റു മക്കളേക്കാളധികം സ്‌നേഹിച്ചു. അവനോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ട് കൈനീളമുള്ളൊരു വര്‍ണ്ണക്കുപ്പായം അവന്‍ ജോസഫിന് വേണ്ടി ഉണ്ടാക്കി. സുമുഖനായിരുന്ന ജോസഫ് തന്റെ വര്‍ണ്ണ കുപ്പായവും ധരിച്ചു നടക്കുന്നത് ഇസ്രായേല്‍ സന്തോഷത്തോടെ നോക്കി കണ്ടു. തങ്ങളുടെ പിതാവിന് ജോസഫിനോടുള്ള അമിത വാത്സല്യം മറ്റു സഹോദരന്മാരെ അസൂയാലുക്കളാക്കി. അവര്‍ തങ്ങളുടെ കുഞ്ഞു സഹോദരനെ വെറുത്തു. അങ്ങനെയിരിക്കെ അവരുടെ വെറുപ്പിന് ആക്കം കൂട്ടുന്ന ഒരു കാര്യമുണ്ടായി. ഒരിക്കല്‍ ജോസഫിന് ഒരു സ്വപ്‌നം ഉണ്ടായി. തന്റെ സ്വപ്‌നം അവന്‍ തന്റെ സഹോദരന്മാരോട് പറഞ്ഞപ്പോള്‍ അവര്‍ അവനെ കൂടുതല്‍ വെറുക്കാനിടയായി. അവന്‍ അവരോട് പറഞ്ഞു: 'എനിക്കുണ്ടായ സ്വപ്‌നം കേള്‍ക്കുക: നമ്മള്‍ പാടത്ത് കറ്റ കെട്ടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴതാ, എന്റെ കറ്റ എഴുന്നേറ്റു നിന്നു. നിങ്ങളുടെ കറ്റകളെല്ലാം ചുറ്റും വന്ന് എന്റെ കറ്റയെ താണുവണങ്ങി.' അവര്‍ ചോദിച്ചു: 'നീ ഞങ്ങളെ ഭരിക്കുമെന്നാണോ? നീ ഞങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുമെന്നാണോ?' അവന്റെ സ്വപ്‌നവും വാക്കുകളും കാരണം അവര്‍ അവനെ അത്യധികം ദ്വേഷിച്ചു. അവനു വീണ്ടുമൊരു സ്വപ്‌നമുണ്ടായി. അവന്‍ തന്റെ സഹോദരന്മാരോട് പറഞ്ഞു: 'ഞാന്‍ വേറൊരു സ്വപ്‌നം കണ്ടു. സൂര്യനും ചന്ദ്രനും 11 നക്ഷത്രങ്ങളും എന്നെ താണു വണങ്ങി.' അവന്‍ ഇത് പിതാവിനോടും സഹോദരന്മാരോടും പറഞ്ഞപ്പോള്‍ പിതാവ് അവനെ ശകാരിച്ചു കൊണ്ട് പറഞ്ഞു: 'എന്താണ് നിന്റെ സ്വപ്‌നത്തിന്റെ അര്‍ത്ഥം? ഞാനും നിന്റെ അമ്മയും സഹോദരന്മാരും നിന്നെ നിലംപറ്റെ താണു വണങ്ങണമെന്നാണോ?' സഹോദരന്മാര്‍ക്ക് അവനോട് അസൂയ തോന്നി. പിതാവാകട്ടെ ഈ വാക്കുകള്‍ ഹൃദയത്തില്‍ സംഗ്രഹിച്ചുവച്ചു.

അങ്ങനെയിരിക്കെ ജോസഫിന്റെ സഹോദരന്മാര്‍ പിതാവിന്റെ ആടുകളെ മേയ്ക്കാന്‍ ഷെക്കെമിലേക്ക് പോയി. ദിവസങ്ങള്‍ക്കുശേഷം അവരുടെ ക്ഷേമം അന്വേഷിക്കാന്‍ ഇസ്രായേല്‍ ജോസഫിനെ പറഞ്ഞയച്ചു. ദോത്താനില്‍ വച്ച് അവനവരെ കണ്ടുമുട്ടി. ദൂരെ നിന്നും ജോസഫ് വരുന്നതു കണ്ട സഹോദരന്മാര്‍ അവനെ വധിക്കാന്‍ ഗൂഢാലോചന നടത്തി. അ വര്‍ പരസ്പരം പറഞ്ഞു. സ്വപ്നക്കാരന്‍ വരുന്നുണ്ട്, നമുക്കവനെ കൊന്നു കുഴിയിലെറിയാം, ഏതോ കാട്ടുമൃഗം അവനെ പിടിച്ചു തിന്നെന്ന് പിതാവിനോട് പറയാം. അവന്റെ സ്വപ്‌നത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാമല്ലോ? എന്നാല്‍ മൂത്തവനായ റൂബന്‍ ഇടപെട്ട് അ വനെ കൊല്ലാതെ പൊട്ടക്കിണറ്റില്‍ എറിയാമെന്ന ധാരണയില്‍ എത്തി. സഹോദരന്മാരറിയാതെ തന്റെ അനുജനെ രക്ഷിക്കാമെന്ന് കരുതിയാണ് റൂബന്‍ ഇങ്ങനെ പറഞ്ഞത്. ജോസഫ് അടുത്തെത്തിയപ്പോള്‍ സഹോദരന്മാര്‍ അവനെ കടന്നുപിടിച്ച് അവന്റെ വര്‍ണ്ണക്കുപ്പായം ഊരിയെടുത്തു. പാവം ജോസഫിന് കാര്യമെന്താണെന്ന് മനസ്സിലാകുന്നതിനുമുന്‍പ് അവരവനെ ഒരു പൊട്ടക്കിണറ്റില്‍ തള്ളിയിട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ ഈജിപ്തിലേക്കു കച്ചവടത്തിന് പോവുകയായിരുന്ന ഇസ്മായേല്യരുടെ ഒരു സംഘം ആ വഴി വന്നു. പെട്ടെന്ന് യൂദായ്‌ക്കൊരു ചിന്ത; അവന്‍ സഹോദരന്മാരോടു പറഞ്ഞു: 'ജോസഫിനെ നമുക്ക് ഈ കച്ചവടക്കാര്‍ക്ക് വില്‍ക്കാം, അവനെ ഉപദ്രവിക്കുന്നതു കൊണ്ട് നമുക്കെന്തു പ്രയോജനം?' അവര്‍ അവനെ കിണറ്റില്‍ നിന്നെടുത്ത് ഇരുപതു വെള്ളിക്കാശിന് ഇസ്മായേല്യര്‍ക്കു വിറ്റു. അനന്തരം ഒരാടിനെ കൊന്ന് ജോസഫിന്റെ കുപ്പായമെടുത്ത് അതിന്റെ രക്തത്തില്‍ മുക്കി. ആ കുപ്പായം പിതാവായ ഇസ്രായേലിന്റെ പക്കല്‍ കൊണ്ട് ചെന്നു. തന്റെ വത്സല പുത്രന്റെ കുപ്പായം തിരിച്ചറിഞ്ഞ വൃദ്ധനായ യാക്കോബ് തന്റെ വസ്ത്രം വലിച്ചു കീറി, ചാക്കുടുത്ത് മകനെയോര്‍ത്ത് വിലപിച്ചു. അവനെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും സാധിച്ചില്ല.

ഇതിനിടെ ഈജിപ്തിലെ അടിമച്ചന്തയില്‍ വച്ച് ഇസ്മായേല്യര്‍ ജോസഫിനെ ഫറവോയുടെ കാവല്‍പ്പട നായകനായ പൊത്തിഫറിനു വിറ്റു. കര്‍ത്താവ് ജോസഫിന്റെ കൂടെ ഉണ്ടായിരുന്നു. എല്ലാക്കാര്യങ്ങളിലും അവന് ശ്രേയസുണ്ടായി. കര്‍ത്താവ് അവന്റെ കൂടെ ഉണ്ടെന്നും അവന്‍ ചെയ്യുന്നതെല്ലാം അവിടുന്ന് മംഗളകരമാക്കുന്നുവെന്നും പൊത്തിഫറിനു മനസ്സിലായി. അവന്‍ തന്റെ വീടിന്റെ മേല്‍നോട്ടവും, തനിക്കുള്ള എല്ലാറ്റിന്റെയും ചുമതലയും ജോസഫിനെ ഏല്‍പ്പിച്ചു. അന്നുമുതല്‍ ജോസഫിനെ ഓര്‍ത്ത് കര്‍ത്താവ് പൊത്തിഫറിന്റെ വീടിനെ അനുഗ്രഹിച്ചു.

ജോസഫ് അരോഗ ദൃഢഗാത്രനും, സുമുഖനും ആയിരുന്നു. പൊത്തിഫറിന്റെ ഭാര്യയ്ക്ക് അവനില്‍ അഭിലാഷം തോന്നി. അവള്‍ അവനെ പല പ്രാവശ്യം പ്രലോഭിപ്പിച്ചു, പക്ഷേ അവന്‍ അതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി. അവസാനം അവളുടെ ആഗ്രഹം നടക്കാതെ വന്നപ്പോള്‍ അവള്‍ക്ക് ജോസഫിനോട് പകയായി. അവള്‍ തന്റെ ഭര്‍ത്താവായ പൊത്തിഫറിനോട് ജോസഫ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന് കള്ളം പറഞ്ഞു. അവളുടെ കള്ളം വിശ്വസിച്ച പൊത്തിഫര്‍ ജോസഫിനെ കാരാഗൃഹത്തിലാക്കി. അവിടെയും ദൈവം അവനോടു കൂടെ ഉണ്ടായിരുന്നു. കാരാഗൃഹ സൂക്ഷിപ്പുകാരന് അവനോട് പ്രീതി തോന്നുകയും, തടവുകാരുടെ മേല്‍നോട്ടം അവനെ ഏല്‍പ്പിക്കുകയും ചെയ്തു. കാരാഗൃഹത്തില്‍ വച്ച് തന്റെ സഹ തടവുകാരായ രണ്ടുപേരുടെ സ്വപ്‌നം ജോസഫ് വ്യാഖ്യാനിച്ചു കൊടുത്തു. അവന്‍ വ്യാഖ്യാനിച്ചതുപോലെ കാര്യങ്ങള്‍ സംഭവിച്ചു. ഒരാള്‍ സ്വതന്ത്രനാകുകയും, മറ്റെയാള്‍ തൂക്കിലേറ്റപ്പെടുകയും ചെയ്തു.

വര്‍ഷം രണ്ടു കഴിഞ്ഞു. ആയിടെ ഫറവോ ഒരു സ്വപ്‌നം കണ്ടു. ഒരേ അര്‍ത്ഥം വരുന്ന രണ്ടു സ്വപ്‌നങ്ങള്‍. ഈജിപ്തിലെ മന്ത്രവാദികള്‍ക്കോ, ജ്ഞാനികള്‍ക്കോ സ്വപ്‌നം വ്യാഖ്യാനിക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ നേരത്തെ സ്വതന്ത്രനാക്കപ്പെട്ട തടവുകാരന്‍ ജോസഫിനെ ഓര്‍ത്തു, അവന്‍ ഫറവോ യോട് ജോസഫിനെക്കുറിച്ച് പറഞ്ഞു. ഫറവോ ആളയച്ചു ജോസഫിനെ വിളിപ്പിച്ചു. തന്റെ സ്വപ്‌നം വ്യാഖ്യാനിക്കാന്‍ പറഞ്ഞു ജോസഫ് ഫറവോയുടെ സ്വപ്‌നം വ്യാഖ്യാനിച്ചു കൊടുത്തു. അടുത്ത ഏഴു വര്‍ഷങ്ങള്‍ ഈജിപ്ത് മുഴുവനും സുഭിക്ഷത്തിന്റെ വര്‍ഷങ്ങളായിരിക്കും. അതേ തുടര്‍ന്ന് ക്ഷാമത്തിന്റെ ഏഴു വര്‍ഷങ്ങളും. ക്ഷാമത്തെ നേരിടാന്‍ സുഭിക്ഷ വര്‍ഷങ്ങളില്‍ ധാന്യം ശേഖരിച്ചുവയ്ക്കാന്‍ ജോസഫ് ഫറവോയോട് നിര്‍ദേശിച്ചു. സ്വപ്‌നത്തിന്റെ വ്യാഖ്യാനവും ജോസഫിന്റെ നിര്‍ദേശവും ഫറോവയ്ക്ക് സ്വീകാര്യമായി തോന്നി. അവന്‍ ജോസഫിനെ ഈജിപ്തിന്റെ അധിപനായി നിയമിച്ചു. തന്റെ മുദ്രമോതിരം അവനെ അണിയിക്കുകയും, പട്ടുവസ്ത്രങ്ങള്‍ ധരിപ്പിച്ച് കഴുത്തില്‍ സ്വര്‍ണ്ണമാലയിടുകയും ചെയ്തു. അവന്‍ തന്റെ രണ്ടാം രഥത്തില്‍ ജോസഫിനെ എഴുന്നള്ളിച്ചു. മുട്ടു മടക്കുവിന്‍ എന്ന് സേവകര്‍ രഥത്തിനു മുമ്പേ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. നോക്കുക ദൈവം തിരഞ്ഞെടുത്തവന്റെ സ്വീകാര്യത, അവന്‍ ആദരിക്കപ്പെടുന്നത്.

ജോസഫ് പ്രവചിച്ചതു പോലെ സമൃദ്ധിയുടെ ഏഴു വര്‍ഷങ്ങള്‍ ഭൂമി കണക്കറ്റ വിളവ് നല്‍കി. അളക്കാന്‍ പറ്റാത്തത്ര ധാന്യശേഖരം. ജോസഫ് അതെല്ലാം ശേഖരിച്ചുവച്ചു. സുഭിക്ഷതയുടെ വര്‍ഷങ്ങള്‍ക്കുശേഷം ക്ഷാമത്തിന്റെ ഏഴു വര്‍ഷങ്ങള്‍ ആരംഭിച്ചു. എല്ലാ നാടുകളേയും ക്ഷാമം ബാധിച്ചു. എന്നാല്‍ ഈജിപ്തില്‍ ധാന്യമുണ്ടായിരുന്നു. ജോസഫിന്റെ പിതാവായ ഇസ്രായേലും സഹോദരന്മാരും വസിച്ചിരുന്ന കാനാന്‍ ദേശത്തും ക്ഷാമം രൂക്ഷമായിരുന്നു. ഈജിപ്തില്‍ ധാന്യമുണ്ടെന്നറിഞ്ഞ് ജോസഫിന്റെ സഹോദരന്മാര്‍ ധാന്യം വാങ്ങാന്‍ ഈജിപ്തിലെത്തി. ജോസഫ് തന്റെ സഹോദരന്മാരെ തിരിച്ചറിഞ്ഞു. അവര്‍ക്ക് അവനെ മനസ്സിലായില്ല. അവര്‍ നിലംപറ്റെ അവനെ താണുവണങ്ങി. അവന്‍ അപരിചിതരോടെന്നപോലെ അവരോട് പെരുമാറി.

അവന്‍ അവരെ രണ്ടു പ്രാവശ്യം പരീക്ഷിക്കുന്നുണ്ട്. ദ്വിഭാഷിയുടെ സഹായത്തോടെയാണ് അവന്‍ അവരോട് സംസാരിച്ചത്. അവസാനം അവന്‍ തന്നെത്തന്നെ സഹോദരന്മാര്‍ക്ക് വെളിപ്പെടുത്തുന്നു. അവന്‍ തങ്ങളോട് പ്രതികാരം ചെയ്യുമെന്ന് സഹോദരന്മാര്‍ ഭയപ്പെട്ടു. പക്ഷേ അവന്‍ അവരെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു: 'എന്നെ വിറ്റതോര്‍ത്ത് നിങ്ങള്‍ വിഷമിക്കേണ്ട, കാരണം ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ദൈവമാണ് എന്നെ നിങ്ങള്‍ക്കുമുമ്പേ ഇങ്ങോട്ടയച്ചത്.' തന്റെ പിതാവിനെയും കൂട്ടിവരാന്‍ അവന്‍ സഹോദരന്മാരോട് നിര്‍ദേശിച്ചു. അങ്ങനെ മരിച്ചുപോയെന്നു കരുതിയിരുന്ന തന്റെ മകനെ വര്‍ഷങ്ങള്‍ക്കുശേഷം കണ്ട് ഇസ്രായേല്‍ കണ്ണീര്‍ പൊഴിച്ചു. ഈജിപ്തിലെ ഏറ്റവും ഫലഭൂയിഷ്ഠമായ ഗോഷെന്‍ ദേശത്ത് അവന്‍ തന്റെ പിതാവിനെയും സഹോദരന്മാരെയും താമസിപ്പിച്ചു. ഓനിലെ പുരോഹിതനായ പൊത്തിഫെറായുടെ മകള്‍ അസ്‌നത്തായിരുന്നു ജോസഫിന്റെ ഭാര്യ. ഈജിപ്തിലെ സമൃദ്ധിയുടെ കാലത്ത് അസ്‌നത്തില്‍ അവന് രണ്ടു പുത്രന്മാര്‍ ജനിച്ചു. എന്റെ കഷ്ടപ്പാടും പിതാവിന്റെ വീടും എല്ലാം മറക്കാന്‍ ദൈവം ഇടയാക്കിയിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അവന്‍ തന്റെ കടിഞ്ഞൂല്‍ പുത്രനെ മനാസ്സെ എന്നു വിളിച്ചു. രണ്ടാമനെ അവന്‍ എഫ്രായിം എന്ന് വിളിച്ചു. എന്തെന്നാല്‍, കഷ്ടതകളുടെ നാട്ടില്‍ ദൈവം എന്നെ സന്താനപുഷ്ഠിയുള്ളവനാക്കിയിരിക്കുന്നു എന്ന് അവന്‍ പറഞ്ഞു.

ജോസഫും അവന്റെ പിതാവിന്റെ കുടുംബവും ഈജിപ്തില്‍ പാര്‍ത്തു. ജോസഫിന്റെ ജീവിതകാലം നൂറ്റിപ്പത്തു വര്‍ഷം ആയിരുന്നു.

എഫ്രായിമിന്റെ മൂന്നാം തലമുറയിലെ മക്കളെ അവന്‍ കണ്ടു, മനാസ്സെയുടെ മകന്റെ കുഞ്ഞുങ്ങളും അവന്റെ മടിയില്‍ കിടന്നിട്ടുണ്ട്. തന്റെ അന്ത്യമടുത്തപ്പോള്‍ ജോസഫ് സഹോദരന്മാരോട് പറഞ്ഞു: 'ഞാന്‍ മരിക്കാറായി, എന്നാല്‍ ദൈവം നിങ്ങളെ സന്ദര്‍ശിക്കും. അബ്രാഹത്തിനും, ഇസഹാക്കിനും, യാക്കോബിനും വാഗ്ദാനം ചെയ്ത നാട്ടിലേക്ക് അവിടുന്ന് നിങ്ങളെ കൊണ്ടുപോകും. ദൈവം നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ എന്റെ അവശിഷ്ഠങ്ങള്‍ ഇവിടെ നിന്നു കൊണ്ടു പോകണം' എന്ന് തന്റെ സഹോദരന്മാരോടു പറഞ്ഞ് ജോസഫ് അവരെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചു. അവന്‍ മരിച്ചപ്പോള്‍ അവര്‍ അവനെ പരിമളദ്രവ്യം പൂശി ഈജിപ്തില്‍ ഒരു ശവപ്പെട്ടിയില്‍ സൂക്ഷിച്ചു.

പിന്നീട് ഇസ്രായേല്‍ മോശയുടെ നേതൃത്വത്തില്‍ ഈജിപ്തില്‍ നിന്നും കാനാന്‍ ദേശത്തേക്ക് പുറപ്പെട്ടപ്പോള്‍ അവര്‍ ജോസഫിന്റെ അസ്ഥികളും കൂടെ കൊണ്ടുപോയി. ബി സി പതിമൂന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഇസ്രായേല്‍ കാനാന്‍ ദേശത്തു പ്രവേശിച്ചു എന്നാണ് പറയപ്പെടുന്നത്. ഈജിപ്തില്‍ നിന്നും കൊണ്ടുവന്ന ജോസഫിന്റെ അസ്ഥികള്‍ ഇസ്രായേല്‍ജനം ഷെക്കെമില്‍ സംസ്‌കരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org