ജഫ്താ

[ബൈബിളിലെ കുടുംബങ്ങള്‍... 11]
ജഫ്താ

ഇസ്രായേലിലെ ന്യായാധിപനായിരുന്നു ഗിലയാദ്കാരനായ ജഫ്താ. അദ്ദേഹത്തിന്റെ പിതാവിന്റെ പേരും ഗിലയാദ് എന്നായിരുന്നു. ജഫ്താ ആറുവര്‍ഷം ഇസ്രായേലിലെ ന്യായാധിപനായിരുന്നു. ശക്തനായ സേനാനിയായിരുന്ന ജഫ്താ വേശ്യാ പുത്രനായിരുന്നു. പിതാവായ ഗിലയാദിന് സ്വന്തം ഭാര്യയില്‍ വേറെ പുത്രന്മാര്‍ ഉണ്ടായിരുന്നു. വേശ്യാപുത്രനായതിനാല്‍ അവന്‍ ഗിലയാദിന്റെ വീട്ടില്‍ നിന്നും പുറന്തള്ളപ്പെട്ടു. ജഫ്താ വീട്ടില്‍നിന്നും തോബ് എന്ന സ്ഥലത്തേക്കു പോയി.

അക്കാലത്ത് അമ്മോന്യര്‍ ഇസ്രായേലിനെതിരായി യുദ്ധത്തിനു വന്നു.

ഗിലയാദിലെ ശ്രേഷ്ഠന്മാര്‍ തോബു ദേശത്തു ചെന്ന് ജഫ്തായോട് സഹായം അഭ്യര്‍ത്ഥിച്ചു. അവന്‍ അവരോട് ചോദിച്ചു നിങ്ങള്‍ എന്നെ വെറുക്കുകയും എന്റെ പിതാവിന്റെ ഭവനത്തില്‍ നിന്ന് അടിച്ചിറക്കുകയും ചെയ്തില്ലേ? ഇപ്പോള്‍ അപകടത്തിലായപ്പോള്‍ എന്റെ സഹായം ചോദിച്ചു വന്നിരിക്കുന്നുവോ? ശ്രേഷ്ഠന്മാര്‍ അവനോട് പറഞ്ഞു: നീ ഞങ്ങളുടെ നേതാവായി അമ്മോന്യരോട് യുദ്ധം ചെയ്യണം. അവന്‍ അവരോട് മറുപടി പറഞ്ഞു: ഞാന്‍ നിങ്ങളോടൊപ്പം വന്ന് അമ്മോന്യരോട് പോരാടുകയും കര്‍ത്താവ് അവരെ എനിക്ക് ഏല്‍പ്പിച്ചു തരികയും ചെയ്താല്‍ ഞാന്‍ നിങ്ങളുടെ നേതാവാകും. ശ്രേഷ്ഠന്മാര്‍ സമ്മതിച്ചു. അവന്‍ ഗിലയാദിലെ ശ്രേഷ്ഠന്മാരോടുകൂടെ പോയി. ജനം അവനെ നേതാവായി സ്വീകരിച്ചു. ജഫ്തായുടെ നേതൃത്വത്തില്‍ അമ്മോന്യരെ ഇസ്രായേല്‍ക്കാര്‍ തോല്‍പ്പിച്ചു.

താന്‍ ചെയ്‌തൊരു നേര്‍ച്ചയുടെ പേരില്‍ സ്വന്തം പുത്രിയെ ബലി കൊടുക്കേണ്ടിവന്ന ഹതഭാഗ്യനാണ് ജഫ്താ. അമ്മോന്യരോടു യുദ്ധത്തിനു പോകുന്നതിനു മുന്‍പ് ജഫ്താ കര്‍ത്താവിന് ഒരു നേര്‍ച്ച നേര്‍ന്നു. 'അങ്ങ് അമ്മോന്യരെ എന്റെ കയ്യില്‍ ഏല്‍പ്പിക്കുമെങ്കില്‍ ഞാന്‍ അവരെ തോല്‍പ്പിച്ച് ജേതാവായി തിരികെ ചെല്ലുമ്പോള്‍ എന്നെ എതിരേല്‍ക്കാന്‍ പടിവാതില്‍ക്കലേക്ക് ആദ്യം വരുന്നത് ആരായിരുന്നാലും അവന്‍ കര്‍ത്താവിന്റേതാ യിരിക്കും.' യുദ്ധം ജയിച്ച് വിജയശ്രീലാളിതനായി ജഫ്താ മിസ്പായിലുള്ള തന്റെ വീട്ടിലേക്കു വന്നു. തന്റെ മകള്‍ തപ്പുകൊട്ടി നൃത്തം ചെയ്ത് തന്നെ എതിരേല്‍ക്കാന്‍ വരുന്ന കാഴ്ചയാണ് അവന്‍ കണ്ടത്. വിശുദ്ധ ഗ്രന്ഥം പറയുന്നു, അവള്‍ അവന്റെ ഏകസന്താനമായിരുന്നു. വേറെ മകനോ മകളോ അവനില്ലായിരുന്നു. മുന്നില്‍ വരുന്ന തന്റെ മകളെ കണ്ടപ്പോള്‍ അവന്‍ വസ്ത്രം കീറിക്കൊണ്ട് പറഞ്ഞു: 'അയ്യോ! മകളേ, നീ എന്നെ ദുഃഖത്തിലാഴ്ത്തിയല്ലോ. നീ എന്നെ വല്ലാത്ത വിഷമ ത്തിലാക്കിയിരിക്കുന്നു. ഞാന്‍ കര്‍ത്താവിനു വാക്കു കൊടുത്തു പോയി. നേര്‍ച്ചയില്‍ നിന്ന് പിന്മാറാന്‍ എനിക്ക് സാധിക്കുക യില്ല. അവള്‍ പറഞ്ഞു: അപ്പാ അങ്ങ് കര്‍ത്താവിനു വാക്കു കൊടുത്തുവെങ്കില്‍ അതനുസരിച്ച് എന്നോട് ചെയ്തുകൊള്ളുക. ധീരനായ അപ്പന്റെ ധീരയായ മകളായിരുന്നു അവള്‍. അവള്‍ തന്റെ ഒരു ആഗ്രഹം അപ്പനോട് പറഞ്ഞു. സഖിമാരോടൊത്ത് പര്‍വതങ്ങളില്‍ പോയി തന്റെ കന്യാത്വത്തെ പ്രതി രണ്ടു മാസത്തേക്ക് വിലപിക്കാന്‍ തന്നെ അനുവദിക്കണം. അവന്‍ അവളെ പറഞ്ഞയച്ചു. രണ്ടുമാസം കഴിഞ്ഞ് അവള്‍ തന്റെ പിതാവിന്റെ പക്കല്‍ തിരിച്ചുവന്നു. അവന്‍ നേര്‍ന്നിരുന്നതുപോലെ അവളെ ബലിയര്‍പ്പിച്ചു. കന്യക യായിരുന്ന അവളെ ഓര്‍ത്ത് ഇസ്രായേല്‍ പുത്രിമാര്‍ വര്‍ഷംതോറും നാലുദിവസം കരയാന്‍ പോവുക പതിവായി തീര്‍ന്നു.

ജഫ്തായുടെ ഭാര്യയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ബൈബിളില്‍ പറയുന്നില്ല. അവന് ആകെ ഉണ്ടായിരുന്നത് മകള്‍ മാത്രമായിരുന്നു. താന്‍ ചെയ്ത ഒരു നേര്‍ച്ചയുടെ പേരില്‍ ഇത്രമാത്രം ദുഃഖം സഹിക്കേണ്ടി വന്ന ജഫ്തായെപ്പോലൊരാള്‍ വേറെയുണ്ടോ? കര്‍ത്താവിന് നേര്‍ച്ച നേര്‍ന്നപ്പോള്‍ ജഫ്താ ഒരിക്കലും ചിന്തിച്ചിരുന്നില്ല തന്റെ മകളെ ബലി കൊടുക്കേണ്ടിവരുമെന്ന്. എന്തായാലും അയാള്‍ മകളെ ബലി കൊടുത്ത് നേര്‍ച്ച നിറവേറ്റി. ആ ബലി കര്‍ത്താവിന് സ്വീകാര്യമായോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org