ജീവിക്കാനുള്ള അവകാശം

ജീവിക്കാനുള്ള അവകാശം

മാതൃപാഠങ്ങൾ

ഷൈനി ടോമി

മക്കളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കള്‍ എടുക്കേണ്ട
നിലപാടുകളെക്കുറിച്ചും കരുതലിനെക്കുറിച്ചും ഒരമ്മയുടെ ജീവിതകാഴ്ചകളുടെ പംക്തി….

കേരളത്തില്‍ എട്ടില്‍ ഒരാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക രോഗം ഉണ്ടെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. അതായത് നമ്മുടെ ഓരോരുത്തരുടേയും തൊട്ടടുത്ത് ഒരു മാനസികരോഗി ഉണ്ട്. നമ്മുടെ കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതിന് ഇതല്ലേ പ്രധാന കാരണം? മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന കുട്ടികളെ അംഗീകൃത സൈക്കോളജിസ്റ്റുകളുടെ അടുത്തു കൊണ്ടുപോകുകയാണ് പതിവ്. സര്‍ക്കാര്‍ അംഗീകാരമുള്ള ക്ലിനിക്കുകളിലെ യോഗ്യതയുള്ള, പരിചയ സമ്പത്തുള്ള, കൗണ്‍സിലിംഗ് വിദഗ്ദ്ധര്‍ കുട്ടിയെ സഹായിക്കും എന്നു മാതാപിതാക്കള്‍ ആശ്വസിക്കുന്നു. പക്ഷെ, അവിടെപ്പോലും അപകടം ഒളിഞ്ഞിരിപ്പുണ്ട് എന്ന് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വന്ന ഒരു പത്രവാര്‍ത്ത ഓര്‍മ്മിപ്പിക്കുന്നു. പ്രശസ്തനും വര്‍ഷങ്ങളായി കൗണ്‍സലിംഗ് ക്ലിനിക്ക് നടത്തുന്ന ആളുമായ ഒരു സൈക്കോളജിസ്റ്റ് തന്‍റെ സഹായം തേടിയെത്തിയ ഒരാണ്‍കുട്ടിയുടെ സ്വകാര്യ ശരീരഭാഗങ്ങളില്‍ അവന്‍റെ അനുവാദമില്ലാതെ സ്പര്‍ശിച്ചു. അതും കൗണ്‍സലിംഗ് ചെയ്യുന്നതിനിടയില്‍. കുട്ടി ഇക്കാര്യം അമ്മയോടു പറയാന്‍ ധൈര്യപ്പെട്ടതു കൊണ്ടു മാത്രമാണ് അദ്ദേഹം പിടിക്കപ്പെട്ടത്. എത്രയോ മാധ്യമ ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുത്ത്, കുട്ടികളുടെ മാനസീകാരോഗ്യത്തെക്കുറിച്ച് സംസാരിച്ചിരിക്കുന്നു!

കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും, വ്യക്തിത്വ വികസനത്തിലും അവിഭാജ്യ ഘടകമായ അദ്ധ്യാപകര്‍, മതപുരോഹിതര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവരില്‍ നിന്നും ഒക്കെ നിഷ്കളങ്കരായ കുട്ടികള്‍ക്ക് ലൈംഗികപീഡനം ഏല്‍ക്കേണ്ടിവരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അച്ഛനും അച്ഛനെപ്പോലെ കരുതുന്നവരും ഒക്കെ, കിളിന്തു പൂമൊട്ടു ഞെരിടിപ്പൊടിക്കുന്നതുപോലെ മനുഷ്യക്കുഞ്ഞുങ്ങളെ ശ്വാസംമുട്ടിച്ചു നശിപ്പിക്കുന്നത് നിത്യേന വാര്‍ത്തയാണ്. വീണ്ടും വീണ്ടും ഇത്തരം വാര്‍ത്തകള്‍ കണ്ടുകണ്ട് സമൂഹം അതിനോട് പ്രതികരിക്കാതെയും ആയിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട കുഞ്ഞുങ്ങള്‍ രോഗികളായി മാറും. അത്ര കഠോരമാണ് അവരില്‍ അതേല്പ്പിക്കുന്ന ക്ഷതം.

ഇതിലും അപ്പുറമാണ് കുടുംബങ്ങളെ മുഴുവനായി ലൈംഗികാടിമകളാക്കാന്‍ ശ്രമിക്കുന്ന ആള്‍ ദൈവങ്ങള്‍. ഉത്തരേന്ത്യയില്‍ മാത്രമല്ല കേരളത്തിലും ആള്‍ദൈവങ്ങള്‍ക്ക് ആരാധകരുണ്ട്. ഇന്ത്യന്‍ സൈക്യാട്രി സൊസൈറ്റിയുടെ മുന്‍ പ്രസിഡന്‍റായിരുന്ന ഡോ. സി.ജെ. ജോണ്‍ പീഡനവിരുതന്മാരെക്കുറിച്ച് പറയുന്നത് ഒന്നു ശ്രദ്ധിക്കാം. "വീട്ടിലും സാമൂഹിക ഇടങ്ങളിലും ഒക്കെ കുട്ടികളുടെ സംരക്ഷകര്‍ ആകേണ്ടവര്‍, ഇങ്ങനെ പെരുമാറുന്നത് ആശങ്കയോടെ കാണണം. നൈതീകതയുടെ കര്‍ശന പാഠങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാതെ മനഃശാസ്ത്രവേഷം കെട്ടുന്ന നിരവധി വ്യാജന്മാരില്‍ നിന്ന് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടാകാറുണ്ട്."

നോര്‍ത്ത് കൊറിയയില്‍ നിന്നും ഒളിച്ചോടിയ ഒരു പെണ്‍കുട്ടി ലോകത്തോടു വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ കൂട്ടി ചേര്‍ക്കുന്നു. ഒന്നുകില്‍ ഞങ്ങള്‍ക്ക് മനുഷ്യരായി ജീവിക്കണം, അല്ലെങ്കില്‍ അഭിമാനത്തോടെ മരിക്കണം. നോര്‍ത്ത് കൊറിയ ഒരു വിചിത്ര രാജ്യമാണ്. ഞങ്ങള്‍ക്കവിടെ സംഗീതമില്ല, സന്തോഷമില്ല, പ്രണയമില്ല, ഇഷ്ടമുള്ള വേഷമില്ല, ഇഷ്ടംപോലെ സംസാരിക്കാനാവില്ല, ഇഷ്ടംപോലെ ചിന്തിക്കാനുമാവില്ല. ഞങ്ങള്‍ സ്ത്രീകള്‍ അധികാരികള്‍ക്ക് വെറും ലൈംഗീക ഉപകരണങ്ങളാണ്. പെണ്‍കുഞ്ഞുങ്ങള്‍ ക്രയവിക്രയം ചെയ്യപ്പെടുവാനുള്ള വസ്തുക്കള്‍ മാത്രമാണ്."

സ്ത്രീകളെ ലൈംഗീകവസ്തുക്കള്‍ മാത്രമായി കരുതുന്നവരുടെ എണ്ണം നമുക്കിടയിലും കൂടുന്നുണ്ടോ എന്നു നിരന്തരം ജാഗ്രത ഉണ്ടാകേണ്ടതുണ്ട്. ആശ്വസിക്കാന്‍ ചിലത് ഇപ്പോഴും ഉണ്ട് എന്നതു പ്രതീക്ഷയ്ക്കു വക നല്‍കുന്നു. 6-ാം ക്ലാസ് വിദ്യാര്‍ത്ഥിനി തിര ക്കേറിയ റോഡിലെ കുഴിയിലിറങ്ങിനിന്ന് ഒറ്റയ്ക്കു പ്രതിഷേധിച്ചു. തന്‍റെ യൂണിഫോമിലും പുസ്തക സഞ്ചിയിലും ചെളിവെള്ളം തെറിപ്പിച്ച് നിര്‍ത്താതെ ഓടിച്ചുപോയ ഡ്രൈവറോട് പ്രതിഷേധിച്ചപ്പോള്‍, ഈ ഗതി വരുത്തിയ സര്‍ക്കാരിനോടു കൂടിയുള്ള പ്രതിഷേധമായി അത്. ഇത്രയും ആര്‍ജ്ജവം കാണിക്കാന്‍, അനീതിയോടു പ്രതിഷേധിക്കാന്‍ കുറേ കുട്ടികള്‍ക്കെങ്കിലും കഴിയുന്നത്, അവര്‍ക്ക് പിന്നില്‍ ശക്തമായ ഒരു കുടുംബ സംവിധാനം ഉള്ളതുകൊണ്ടാണ്.

മണിക്കൂറില്‍ അഞ്ചു വിവാഹ മോചനങ്ങള്‍ നടക്കുന്ന കേരളത്തില്‍ എത്ര കുട്ടികള്‍ക്കാണ് കുടുംബസുരക്ഷിതത്വം ലഭിക്കുക! ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷക വെളിപ്പെടുത്തുന്നത് കഴിഞ്ഞ ഒരു വര്‍ഷത്തെ വിവാഹ മോചനങ്ങള്‍ അരലക്ഷം കവിയും എന്നാണ്.

ഇത്രയേറെ സങ്കീര്‍ണ്ണതകള്‍ക്കിടയില്‍ കുഞ്ഞുങ്ങളെ മാനസികവും, ശാരീരികവുമായ ആരോഗ്യത്തോടെ വളര്‍ത്തണമെങ്കില്‍ ഒരേ ഒരു മാര്‍ഗ്ഗമേയുള്ളൂ. ഔദ്യോഗിക തിരക്കുകള്‍ക്കും, സാമ്പത്തിക സാമൂഹിക സ്ഥാനമാനങ്ങള്‍ക്കും രണ്ടാം സ്ഥാനം നല്‍കി സ്വന്തം കുഞ്ഞുങ്ങളുടെ സംരക്ഷണച്ചുമതലയ്ക്ക് ഒന്നാം സ്ഥാനം നല്‍കുക. നിങ്ങളുടെ മുത്തുകള്‍ പന്നിക്കിട്ടു കൊടുക്കരുത്. അവ അതു ചവിട്ടി മെതിക്കും.

പേടികൂടാതെ സമൂഹത്തില്‍ ജീവിക്കുവാന്‍ ഓരോ കുഞ്ഞിനും അവകാശമുണ്ട്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org