അസൂയയും അസ്വസ്ഥതയും കുട്ടികളില്‍

അസൂയയും അസ്വസ്ഥതയും കുട്ടികളില്‍

അസൂയ കുട്ടികളുടെ ഉള്ളില്‍ നിന്നു വരുന്ന ഒരു വികാരമാണ്. അതിന് കാരണം എന്താണ് എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ ശ്രമിച്ചാല്‍ - തനിക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ല എന്ന ചിന്ത അസൂയയിലേക്ക് നയിക്കും. മാതാപിതാക്കള്‍ മറ്റാര്‍ക്കോ തന്നേക്കാള്‍ കൂടുതല്‍ ശ്രദ്ധയും പരിഗണനയും സ്‌നേഹവും കൊടുക്കുന്നു എന്ന തോന്നലാണ് പ്രധാനകാരണം. വീട്ടിലുള്ള മറ്റു കുട്ടികള്‍ തന്നെയാകണം അസൂയയ്ക്ക് കാരണം എന്നാകണമെന്നില്ല. ഏകസന്താനമായി വളരുന്ന കുട്ടിക്കും അസൂയയ്ക്ക് അവസരം ഉണ്ടാകാം. മാതാപിതാക്കള്‍ മറ്റു കുട്ടികളെ സ്‌നേഹിക്കുന്നതോ, അവര്‍ക്ക് തന്നേക്കാള്‍ വലിയ സ്‌നേഹബന്ധങ്ങള്‍ ഉണ്ടാകുന്നതോ അസൂയയ്ക്ക് കാരണമാകാം. എല്ലാവര്‍ക്കും അനുജത്തിയെയാണ് / അനുജനെയാണ്, അതല്ലെങ്കില്‍ ചേട്ടനെയാണ്/ചേച്ചിയെയാണ് കൂടുതല്‍ ഇഷ്ടം എന്ന തോന്നല്‍ ശക്തമാകുന്നതാണ് അസൂയയ്ക്ക് പ്രേരകമാകുന്ന ചില കാരണങ്ങളില്‍ ഒന്ന്. അസൂയ സ്‌നേഹത്തിന് എതിരായ പ്രവണതയാണ്, പ്രവൃത്തിയാണ്. അസൂയമൂലം വരുത്തുന്ന പ്രവൃത്തികളുടെ പിന്നിലെ കാരണം തിരക്കിയാല്‍ പല കുട്ടികളുടെയും നിലപാട് ഇതാണ് - താന്‍ എല്ലാവരുടേയും പ്രീതിപാത്രം ആകണം. മറ്റാര്‍ക്കും എന്നേക്കാള്‍ കൂടുതല്‍ ശ്രദ്ധ ഈ വീട്ടില്‍ കിട്ടാന്‍ പാടില്ല ഇത്തരത്തിലുള്ള വൈകാരിക മുറിവുകളുമായി പരാതി പറയുന്ന കുട്ടികളുടെ ചില കാര്യങ്ങളില്‍ മാതാപിതാക്കള്‍ക്ക് ശ്രദ്ധിക്കാന്‍ സാധിച്ചാല്‍ അസൂയയെ ആരോഗ്യകരമായി കൈകാര്യം ചെയ്യാന്‍ കഴിയും.

മനഃസമാധാനം നഷ്ടപ്പെടുത്തുകയും സ്വയം നശിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുന്നതുമായ അസൂയ ചെറിയപ്രായത്തില്‍ കുട്ടികള്‍ പ്രകടിപ്പിക്കും. മറ്റുള്ളവര്‍ക്ക് തന്നേക്കാള്‍ കൂടുതല്‍ അംഗീകാരവും സ്‌നേഹവും കിട്ടുന്നു എന്ന തോന്നലും താന്‍ അവഗണിക്കപ്പെടുന്നു എന്ന വിഷമചിന്തയും കൂടി വരുന്നതിനനുസരിച്ച് അസൂയ എന്ന വികാരം മനസ്സിനെ കലുഷിതമാക്കുന്നു. അസൂയയെ വേണ്ടവിധം കൈകാര്യം ചെയ്യാന്‍ പരിശീലനം കിട്ടാത്ത കുട്ടി ശൈശവത്തിലും, ബാല്യത്തിലും, കൗമാരത്തിലും, യൗവനത്തിലും, വാര്‍ദ്ധക്യത്തിലും അത് വ്യത്യസ്ത രീതിയില്‍ പ്രകടിപ്പിക്കുകയും അനന്തരഫലങ്ങള്‍ തനിക്ക് തന്നേയും കുടുംബാംഗങ്ങള്‍ക്കും കൂടെപ്രവര്‍ത്തിക്കുന്നവര്‍ക്കും താങ്ങാവുന്നതില്‍ കൂടുതല്‍ അസ്വസ്ഥത നല്കുകയും ചെയ്യും. എന്നാല്‍ അസൂയയെ വേണ്ടവിധം കൈകാര്യം ചെയ്യുന്നത് എപ്രകാരം എന്ന് പഠിക്കുന്ന കുട്ടി യുവത്വത്തില്‍ പക്വമായ വിധം അതിനോട് പ്രതികരിച്ച് സന്തോഷപ്രദമായി ജീവിക്കാന്‍ ശ്രമിക്കും. അസൂയക്ക് പിന്നിലെ കാരണം ബാഹ്യം എന്നതിലുപരി ആന്തരീകം ആയതിനാല്‍ അസൂയാലുക്കളായ കുട്ടികള്‍ കാണിക്കുന്ന ചില അടയാളങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.

അസൂയയുടെ അടയാളങ്ങള്‍

* മറ്റുള്ളവരെ താഴ്ത്തിക്കെട്ടും

* മറ്റുള്ളവരുടെ വളര്‍ച്ചയില്‍ അസ്വസ്ഥരാകും.

* അവര്‍ക്ക് കിട്ടുന്നത് താരതമ്യം ചെയ്ത് കരയും

* അനുവാദം ഇല്ലാതെ മറ്റുള്ളവരുടെ സാധനങ്ങള്‍ എടുക്കും.

* ഒറ്റപ്പെട്ടു പോകാനും ഒറ്റക്കിരിക്കാനും ആഗ്രഹിക്കും.

* മറ്റുള്ളവരുടെ സന്തോഷത്തില്‍ മുറിവേറ്റ ഹൃദയവുമായി അസ്വസ്ഥരായി ജീവിക്കും.

* താഴെയുള്ള കുട്ടിയെ ആരും കാണാതെ അവസരം കിട്ടുമ്പോള്‍ ഉപദ്രവിക്കാന്‍ തുടങ്ങും.

* മറ്റു കുട്ടികളെ അവരുടെ ആഗ്രഹം പ്രകടിപ്പിക്കാന്‍ അനുവദിക്കാതെ സ്വയം ശ്രദ്ധപിടിച്ചു പറ്റാന്‍ ശ്രമിക്കും.

* സന്തോഷത്തില്‍ ദുഃഖിക്കും

* ചെറിയ പ്രശ്‌നം പോലും വലുതാക്കി കാണിച്ച് കരച്ചില്‍ തുടങ്ങും.

അസൂയ ഒരു വികാരം മാത്രമാണ്. പക്വമതികള്‍ എന്നു പറയുന്ന പ്രായമായവരില്‍ പോലും കാണുന്ന ഈ വികാരം ആരോഗ്യമായി കൈകാര്യം ചെയ്യാന്‍ സഹായിച്ചാല്‍ യുവത്വത്തിലേക്ക് തിരിയുമ്പോള്‍ മറ്റുള്ളവരെ അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, ക്രിയാത്മകമായി ചിന്തിക്കാന്‍ കഴിവുള്ള യുവതലമുറയെ വാര്‍ത്തെടുക്കാന്‍ മാതാപിതാക്കള്‍ക്കാകും.

കുട്ടിയെ മനസ്സിലാക്കാന്‍ ശ്രമിക്കുക

അമിതമായി ശിക്ഷിക്കുന്നതോ, താരതമ്യം ചെയ്ത് ശകാരിക്കുന്നതോ മറ്റുള്ളവരുടെ മുമ്പില്‍ വച്ച് കുറ്റപ്പെടുത്തുന്നതോ പ്രശ്‌നപരിഹാരമല്ല, കൂടുതല്‍ മോശമാകുകയേയുള്ളൂ.

- താരതമ്യം ചെയ്ത് താഴ്ത്തികാണിക്കുന്നതിനേക്കാള്‍ അസൂയ കാണിക്കുന്ന കുട്ടിക്ക് കൂടുതല്‍ ശ്രദ്ധയും പരിഗണനയും കൊടുത്ത് സ്‌നേഹിക്കുക.

- ചെയ്യുന്ന നല്ല പ്രവര്‍ത്തിയെ പ്രോത്സാഹിപ്പിക്കുമ്പോള്‍ അവരില്‍ നിന്ന് നിങ്ങള്‍ എന്ത് പ്രതീക്ഷിക്കുന്നു എന്ന് മനസ്സിലാക്കി നന്മ ചെയ്യാന്‍ തുടങ്ങും.

- രണ്ട് വശവും സമചിത്തതയോടെ ശ്രവിച്ചശേഷം തിരുത്തല്‍ നടത്തുക. ചിലപ്പോള്‍ മൂത്തകുട്ടിയെ തല്ലുന്നത് കാണാനുള്ള സൂത്രമായും താഴെയുള്ളവര്‍ കരഞ്ഞ് കാര്യം നേടും.

ഓരോ കുഞ്ഞിന്റേയും തനതായ സ്വഭാവഗുണം കണ്ടെത്തി വളരാന്‍ പ്രോത്സാഹിപ്പിക്കുക. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വേണ്ടത്ര ശ്രദ്ധയും പരിഗണനയും പ്രോത്സാഹനവും നല്കി അസൂയയെ അതിജീവിക്കാന്‍ മാതാപിതാക്കള്‍ തന്നെ അവരെ സഹായിക്കുക. ചില കുട്ടികളുടെ പരാതികളെ വിശകലനം ചെയ്യുമ്പോള്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ ഇപ്രകാരമാണ് - നീ അവനെ/ അവളെ നോക്കി പഠിക്ക് അവള്‍/ അവന്‍ സാധനങ്ങള്‍ വലിച്ചെറിയാതെ കൃത്യ സ്ഥലത്തു വയ്ക്കുന്നു, ഭക്ഷണം വാരിക്കൊടുക്കാതെ തന്നെ ആവശ്യത്തിന് കഴിക്കുന്നു, ഹോംവര്‍ക്ക് ചെയ്യുന്നു. നീയോ മര്യാദയ്ക്ക് ഭക്ഷണം കഴിക്കുന്നില്ല, അനുസരിക്കുന്നില്ല, പഠിക്കുന്നില്ല മൊബൈല്‍ കളി മാത്രം. ഇത് കേള്‍ക്കുന്ന കുട്ടി ഓരോ വട്ടവും അച്ഛനോ അമ്മയോ പറയുന്നതിലല്ല ശ്രദ്ധ, മറിച്ച് എങ്ങനെ മാതാപിതാക്കളുടെ ശ്രദ്ധപിടിച്ചുപറ്റുന്ന തന്റെ ശത്രു എന്നു തോന്നുന്ന സഹോദരിയെ/ സഹോദരനെ തകര്‍ക്കാം എന്നതിലാണ്. അസൂയ അതിരുകടന്നാല്‍ ചിലപ്പോള്‍ നിരപരാധികളെ കൊല്ലാനും വലിയ ദുരന്തങ്ങള്‍ വരുത്തിവയ്ക്കാനും ഇടയാകുന്നു.

ജീവിതകാലം മുഴുവന്‍ നീണ്ട് നില്ക്കുന്ന രക്തബന്ധങ്ങള്‍ തമ്മില്‍ അസൂയയേക്കാള്‍ ആഴമായ സ്‌നേഹബന്ധം സ്ഥാപിക്കാന്‍, അസൂയയില്‍ ആഴപ്പെടാതെ, അതിക്രമങ്ങള്‍ ചെയ്യാതെ ആദ്യ നാളുകളില്‍ തന്നെ ആരോഗ്യകരമായി കൈകാര്യം ചെയ്യുവാന്‍ മാതാപിതാക്കള്‍ക്ക് തന്നെ സാധിക്കണം. ഇതിനു കഴിയുന്നില്ല എങ്കില്‍ വിദഗ്ധസഹായം തേടുന്നതില്‍ താമസം വരുത്തരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org