യാക്കോബ്

യാക്കോബ്

ദൈവവുമായി മല്പിടുത്തം നടത്തിയവന്‍. അതും ഒരു രാത്രി മുഴുവന്‍. മല്പിടുത്തത്തിന്റെ അവസാനം അവിടുന്ന് അവനെ അനുഗ്രഹിച്ചു പറഞ്ഞു. 'ഇനിമേല്‍ നീ യാക്കോബ് അല്ല ഇസ്രായേല്‍ എന്ന് വിളിക്കപ്പെടും.' ഇസ്രായേല്‍ എന്ന വാക്കിന്റെ അര്‍ത്ഥം ദൈവവുമായി മല്പിടുത്തം നടത്തുന്നവന്‍ എന്നാണ്. ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങള്‍ യാക്കോബിന്റെ പന്ത്രണ്ട് മക്കളാണ്.

ഇസഹാക്കിന്റെ ഇരട്ടമക്കളില്‍ ഇളയവനായിട്ടാണ് യാക്കോബിന്റെ ജനനം. മൂത്തവനായ ഏസാവിന്റെ കുതികാലില്‍ പിടിച്ചുകൊണ്ടാണ് അവന്‍ പുറത്തേക്ക് വന്നത്. യാക്കോബ് എന്ന പേരിന്റെ അര്‍ത്ഥം സ്ഥാനം കൈക്കലാക്കുന്നവന്‍ എന്നാണ്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ യാക്കോബ് മൂത്തവനായ ഏസാവിന്റെ അവകാശം സൂത്രത്തില്‍ തട്ടിയെടുത്തു. മക്കളോട് ഒരിക്കലും തരംതിരിവ് കാട്ടാന്‍ പാടില്ല; പക്ഷേ യാക്കോബിനുവേണ്ടി ഏസാവിനെ ചതിക്കാന്‍ അമ്മ റബേക്കാ കൂട്ട് നിന്നു. ഏസാവിന്റെ ഹിത്യരായ ഭാര്യമാര്‍ മൂലം അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ ആയിരിക്കാം ചിലപ്പോള്‍ അവളെ അതിന് പ്രേരിപ്പിച്ചത്. കടിഞ്ഞൂലവകാശം ഏസാവിനു കിട്ടിയാല്‍ തങ്ങളുടെ ജീവിതം തീര്‍ത്തും ദുഷ്‌കരമാകും എ ന്ന് റബേക്ക ചിന്തിച്ചിരിക്കാം. ഈ ഒരു ചതി മാത്രമല്ല യാക്കോബ് ഏസാവിനോട് ചെയ്തത്, പിതാവിന്റെ അനുഗ്രഹം കൂടി തട്ടിയെടുത്തു. ഇസഹാക്കിനു പ്രായമായി, കണ്ണിന്റെ കാഴ്ച മങ്ങിത്തുടങ്ങിയപ്പോള്‍ അദ്ദേഹം മൂത്തമകനായ ഏസാവിനെ വിളിച്ചുപറഞ്ഞു: 'എനിക്ക് വയസ്സായി, ഞാന്‍ എന്നാണ് മരിക്കുകയെന്ന് അറിഞ്ഞുകൂടാ. നീ വേട്ടയാടി കാട്ടിറച്ചി കൊണ്ടുവന്ന്, എനിക്കിഷ്ടപ്പെട്ട രീതിയില്‍ രുചികരമായി പാകം ചെയ്ത് എനിക്ക് വിളമ്പുക. അത് ഭക്ഷിച്ചിട്ട് മരിക്കും മുമ്പേ നിന്നെ ഞാന്‍ അനുഗ്രഹിക്കട്ടെ.' ഇസഹാക്ക് ഏസാവിനോടു പറയുന്നതു കേട്ട് റബേക്ക യാക്കോബിനെ വിളിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. യാക്കോബിന് പേടി തോന്നി. അപ്പന്റെ ശാപം തനിക്ക് കിട്ടിയാലോ എന്ന് അവന്‍ സംശയിച്ചു. പക്ഷേ റബേക്ക അവനെ ധൈര്യപ്പെടുത്തി. അവള്‍ പറഞ്ഞു, ആ ശാപം എന്റെ മേലായിരിക്കട്ടെ. അങ്ങനെ അമ്മയുടെ വാക്കനുസരിച്ച് യാക്കോബ് ആട്ടിന്‍ കൂട്ടത്തില്‍ നിന്ന് നല്ല രണ്ടു കുഞ്ഞാടുകളെ കൊണ്ടുവന്നു. റബേക്ക ഇസഹാക്കിന് ഇഷ്ടപ്പെട്ട രീതിയില്‍ ഭക്ഷണം തയ്യാറാക്കി. ഏസാവ് ശരീരമാകെ രോമം ഉള്ളവനായിരുന്നതിനാല്‍, അവള്‍ ആട്ടിന്‍തോലുകൊണ്ട് യാക്കോബിന്റെ കൈകളും കഴുത്തും പൊതിഞ്ഞു. അവനെ ഏസാവിന്റ ഏറ്റവും നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ചു. അനന്തരം പാകം ചെയ്ത രുചികരമായ മാംസവും അപ്പവും കയ്യില്‍ കൊടുത്ത് യാക്കോബിനെ ഇസഹാക്കിന്റെ അടുക്കലേക്ക് അയച്ചു.

യാക്കോബ് ഇസഹാക്കിനെ വിളിച്ചു, 'എന്റെ പിതാവേ! ഇതാ ഞാന്‍.' ഇസഹാക്ക് ചോദിച്ചു, 'ആരാണ് നീ മകനെ?' യാക്കോബ് കൗശലപൂര്‍വം മറുപടി പറഞ്ഞു. 'അങ്ങയുടെ കടിഞ്ഞൂല്‍ പുത്രന്‍ ഏസാവാണു ഞാന്‍. അങ്ങ് ആവശ്യപ്പെട്ടതുപോലെ ഞാന്‍ ചെയ്തിരിക്കുന്നു. എഴുന്നേറ്റ് എന്റെ നായാട്ടിറച്ചി ഭക്ഷിച്ച് എന്നെ അനുഗ്രഹിച്ചാലും.' ഇസഹാക്ക് അവനോട് തന്റെ അടുത്തേക്ക് വരാന്‍ പറഞ്ഞു. യാക്കോബ് അടുത്തു വന്നപ്പോള്‍ ഇസഹാക്ക് അവനെ തൊട്ടു നോക്കി. അവനെ തടവി നോക്കിയിട്ട് അദ്ദേഹം പറഞ്ഞു: 'സ്വരം യാക്കോബിന്റേതാണ് എന്നാല്‍ കൈകള്‍ ഏസാവിന്റേതും.' ഇസഹാക്ക് വീണ്ടും ചോദിച്ചു, 'സത്യമായും നീ എന്റെ മകന്‍ ഏസാവു തന്നെയാണോ?' അതെ എന്ന് യാക്കോബ് മറുപടി പറഞ്ഞു. ഇസഹാക്ക് അവന്‍ കൊണ്ടുവന്ന മാംസവും അപ്പവും ഭക്ഷിക്കുകയും വീഞ്ഞ് കുടിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ച് സംതൃപ്തനായശേഷം ഇസഹാക്ക് അവനോട് പറഞ്ഞു: 'അടുത്തുവന്ന് എന്നെ ചുംബിക്കുക.' അവന്‍ ചുംബിച്ചപ്പോള്‍ ഇസഹാക്ക് അവന്റെ ഉടുപ്പ് മണത്തു നോക്കി. അദ്ദേഹം പ്രാര്‍ത്ഥനാപൂര്‍വം അവനെ അനുഗ്രഹിച്ചു. പിതാവിന്റെ പൈതൃകാനുഗ്രഹം സ്വീകരിച്ച ഉടനെ തന്നെ യാക്കോബ് അവന്റെ മുമ്പില്‍നിന്നും പുറത്തുകടന്നു. അപ്പോഴാണ് ഓടിക്കിതച്ച് ഏസാവ് തിരിച്ചെത്തിയത്. പാകം ചെയ്ത നായാട്ടിറച്ചിയുമായി പിതാവിന്റെ അടുക്കല്‍ ചെന്നപ്പോഴാണ് താന്‍ ചതിക്കപ്പെട്ട വിവരം അവന്‍ അറിഞ്ഞത്. അവന്‍ പൊട്ടിക്കരഞ്ഞു. ഏസാവ് യാക്കോബിനെ വെറുത്തു. അവന്‍ പറഞ്ഞു, 'പിതാവിനെപ്പറ്റി വിലപിക്കാനുള്ള ദിവസങ്ങള്‍ അടുത്തുവരുന്നുണ്ട്. അപ്പോള്‍ ഞാന്‍ അവനെ കൊല്ലും.'

ഏസാവിന്റെ വാക്കുകള്‍ റബേക്കായുടെ ചെവിയില്‍ എത്തി. അവള്‍ യാക്കോബിനെ ഹാരാനിലുള്ള തന്റെ സഹോദരന്‍ ലാബാന്റെ അടുക്കലേക്ക് പറഞ്ഞയച്ചു. ഏസാവിന്റെ കോപം അടങ്ങുന്നതുവരെ അമ്മാവന്റെ അടുത്ത് താമസിക്കുവാന്‍ അവള്‍ അവനെ ഉപദേശിച്ചു. യാക്കോബ് ഹാരാനിലേക്ക് പുറപ്പെട്ടു. വഴിയില്‍ വച്ച് രാത്രി വിശ്രമിക്കവേ അവനൊരു ദര്‍ശനമുണ്ടായി. ഭൂമിയില്‍ ഉറപ്പിച്ചിരിക്കുന്ന ഒരു ഗോവണിയിലൂടെ മാലാഖമാര്‍ സ്വര്‍ഗത്തിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നു. ഗോവണിയുടെ മുകളില്‍ നിന്നുകൊണ്ട് കര്‍ത്താവ് അവനെ അനുഗ്രഹിക്കുന്നു. ദര്‍ശനം തീര്‍ന്നപ്പോള്‍ യാക്കോബ് ഞെട്ടിയുണര്‍ന്നു. ആ സ്ഥലം ദൈവത്തിന്റെ ഭവനമാണ് എന്നു പറഞ്ഞ് അവന്‍ ആ സ്ഥലത്തിന് ബഥേല്‍ എന്ന പേരിട്ടു.

യാക്കോബ് യാത്ര തുടര്‍ന്ന് കിഴക്കുള്ള വരുടെ ദേശത്ത് എത്തിച്ചേര്‍ന്നു. അവിടെ ഒരു കിണറ്റിന്‍കരയില്‍ വച്ച് അവന്‍ ലാബാന്റെ പുത്രിയായ റാഹേലിനെ കണ്ടുമുട്ടി. അവന്‍ തന്നെ അവള്‍ക്കു വെളിപ്പെടുത്തി. അവള്‍ വീട്ടിലേക്ക് ഓടിച്ചെന്ന് പിതാവായ ലാബാനെ വിവരം അറിയിച്ചു. ലാബാന്‍ യാക്കോബിനെ സ്വീകരിച്ചു. ലാബാന് രണ്ടു പെണ്‍മക്കളായിരുന്നു. മൂത്തവള്‍ ലെയ, രണ്ടാമത്തവള്‍ റാഹേല്‍. ലെയയുടെ കണ്ണുകള്‍ നിറംമങ്ങിയവയായിരുന്നു. റാഹേലാകട്ടെ അതീവ സുന്ദരിയും വടിവൊത്തവളുമായിരുന്നു. യാക്കോബ് റാഹേലിനെ പ്രണയിച്ചു. അവള്‍ക്കുവേണ്ടി ഏഴുവര്‍ഷം ലാബാന്റെ കീഴില്‍ പണി ചെയ്തു. എന്നാല്‍ എന്തു സംഭവിച്ചു എന്ന് നമുക്കറിയാം. ചതിക്കു ചതി എന്ന് നാം കേട്ടിട്ടുണ്ടല്ലോ. ഏസാവിനെ തന്ത്രപരമായി ചതിച്ച യാക്കോബിനെ ലാബാനും ചതിച്ചു. ഏഴു വര്‍ഷത്തിനുശേഷം അവന്‍ റാഹേലിനു പകരം ലെയായെ യാക്കോബിന് വിവാഹം ചെയ്തു കൊടുത്തു. ചതി മനസ്സിലായ യാക്കോബ് ലാബാനോട് ചോദിക്കുന്നുണ്ട്. ലാബാന്‍ റാഹേലിനെയും യാക്കോബിന് ഭാര്യയായി നല്‍കി. പക്ഷേ അവള്‍ക്കുവേണ്ടി ഏഴു വര്‍ഷം കൂടി പണിയെടുക്കണം. റാഹേലിനോടുള്ള സ്‌നേഹം നിമിത്തം യാക്കോബ് സമ്മതിച്ചു. യാക്കോബിന് രണ്ടു ഭാര്യമാരിലും, അവരുടെ രണ്ടു പരിചാരികമാരിലുമായി പതിമൂന്നു മക്കളാണ് ഉണ്ടായിരുന്നത്.

ലെയായുടെ പുത്രന്മാര്‍: 'യാക്കോബിന്റെ കടിഞ്ഞൂല്‍ പുത്രന്‍ റൂബന്‍, ശിമയോന്‍, ലേവി, യൂദാ, ഇസ്സാക്കര്‍, സെബുലൂണ്‍, പുത്രി ദീനാ. റാഹേലിന്റെ പുത്രന്മാര്‍: ജോസഫ്, ബെഞ്ചമിന്‍. റാഹേലിന്റെ പരിചാരികയായ ബില്‍ഹായുടെ പുത്രന്മാര്‍: ദാന്‍, നഫ്താലി. ലെയായുടെ പരിചാരികയായ സില്‍ഫായുടെ പുത്രന്മാര്‍ ഗാദ്, ആഷേര്‍.

ഹാരാനില്‍ നിന്നു തിരിച്ചു വരുമ്പോള്‍ യാക്കോബ് വഴിയില്‍ വച്ച് സഹോദരന്‍ ഏസാവിനെ കണ്ടുമുട്ടി. യാക്കോബ് പേടിച്ചിരുന്നതുപോലെ ഒന്നും സംഭവിച്ചില്ല. ഏസാവ് യാക്കോബിനോട് ഹൃദയപൂര്‍വം ക്ഷമിക്കുകയും അവനെ കെട്ടിപ്പിടിച്ചു ചുംബിക്കുകയും ചെയ്തു. ഇതിനിടെ റാഹേല്‍ തന്റെ രണ്ടാമത്തെ പുത്രന് ജന്മം നല്‍കിയ ഉടനെ മരിച്ചു. യാക്കോബ് ഹെബ്രോണിലെ മാമ്രേയില്‍ തന്റെ പിതാവായ ഇസഹാക്കിന്റെ അടുത്തേക്ക് പോയി അവിടെ താമസിച്ചു. ഇസഹാക്ക് മരിച്ചപ്പോള്‍ മക്കളായ ഏസാവും യാക്കോബും കൂടി അവനെ സംസ്‌കരിച്ചു.

ഇതിനിടയില്‍ യാക്കോബിന് പുത്രദുഃഖം അനുഭവിക്കേണ്ടിവന്നു. റാഹേലിന്റെ മകന്‍ ജോസഫിനെ മൂത്ത സഹോദരന്മാര്‍ വിറ്റതും കാലങ്ങള്‍ക്കു ശേഷം ജോസഫ് ഈജിപ്തിന്റെ അധിപനായിത്തീര്‍ന്നതുമെല്ലാം നമുക്കറിയാം. തന്റെ ജീവിതത്തിന്റെ അവസാനത്തെ പതിനേഴു വര്‍ഷം യാക്കോബ് ഈജിപ്തില്‍ മകന്‍ ജോസഫിന്റെ സംരക്ഷണത്തിലായിരുന്നു ജീവിച്ചത്. അവന്‍ ഫറവോ കൊടുത്ത ഗോഷെന്‍ ദേശത്ത് വസിച്ചു. തന്റെ മരണത്തിനു മുമ്പ് ഇസ്രായേല്‍ എല്ലാ മക്കളെയും അരികിലേക്കു വിളിച്ച് അവരെ അനുഗ്രഹിച്ചു. ഓരോരുത്തര്‍ക്കും ചേര്‍ന്ന വിധത്തിലാണ് അനുഗ്രഹിച്ചത്. ജോസഫിന്റെ മക്കളായ എഫ്രായിമിനെയും മനാസ്സെയെയും അദ്ദേഹം പ്രത്യേകമായി അനുഗ്രഹിച്ചു. ഹിത്യനായ എഫ്രോണിന്റെ വയലിലുള്ള ഗുഹയില്‍ തന്റെ പിതാക്കന്മാരുടെയടുത്ത് തന്നെയും അടക്കാന്‍ അവര്‍ക്ക് നിര്‍ദേശം നല്‍കി. തനിക്ക് പറയാനുണ്ടായിരുന്നത് പറഞ്ഞു തീര്‍ന്നപ്പോള്‍ യാക്കോബ് കിടക്കയിലേക്ക് ചാഞ്ഞു. അവന്‍ അന്ത്യശ്വാസം വലിച്ച് തന്റെ ജനത്തോട് ചേര്‍ന്നു. ജോസഫ് തന്റെ ദാസന്മാരായ വൈദ്യന്മാരോട് പിതാവിന്റെ ശരീരത്തില്‍ പരിമളദ്രവ്യങ്ങള്‍ പൂശാന്‍ ആജ്ഞാപിച്ചു. നാല്പതു ദിവസങ്ങള്‍ എടുത്താണ് അവര്‍ അങ്ങനെ ചെയ്തത്. ഈജിപ്തുകാര്‍ എഴുപതു ദിവസം അവനെയോര്‍ത്തു വിലപിച്ചു.

യാക്കോബ് ആവശ്യപ്പെട്ടതുപോലെ അവന്റെ മക്കള്‍ പ്രവര്‍ത്തിച്ചു. അവര്‍ അവനെ കാനാന്‍ ദേശത്തേക്ക് കൊണ്ടുപോയി. മാമ്രേക്കു കിഴക്ക് മക്‌പെലായിലുള്ള വയലിലെ ഗുഹയില്‍ സംസ്‌കരിച്ചു. യാക്കോബിന്റെ ആയുഷ്‌ക്കാലം നൂറ്റിനാല്പത്തിയേഴുവര്‍ഷമായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org