ദാമ്പത്യം നിത്യകല്യാണിയോ നിത്യമല്ലികയോ?

ദാമ്പത്യം നിത്യകല്യാണിയോ നിത്യമല്ലികയോ?

സണ്ണി കുറ്റിക്കാട്ട് സിഎംഐ

സണ്ണി കുറ്റിക്കാട്ട് സിഎംഐ
സണ്ണി കുറ്റിക്കാട്ട് സിഎംഐ

നിത്യകല്യാണിയെപ്പോലെയാണ് ചില ദാമ്പത്യങ്ങള്‍ എന്നു പറയാറുണ്ട്. എല്ലാ ദിവസവും പൂക്കുന്ന മുല്ലയാണ് നിത്യകല്യാണി. മഞ്ഞത്തും മഴയത്തും വെയിലത്തുമെല്ലാം ഇതു പൂക്കും. ചില സ്ഥലങ്ങളില്‍ നിത്യമല്ലിക എന്നാണിതിനു പേര്. പേരെന്തായാലും സ്ഥലമേതായാലും നിത്യ സുമംഗലിയാണീ ചെടി. എന്നും വിടര്‍ന്നു വിലസുന്ന ഈ മുല്ലയെപ്പോലെ പ്രശ്‌നങ്ങളുടെ പെരുമഴയിലും പ്രയാസങ്ങളുടെ പൊരിവെയിലത്തും സ്‌നേഹം തളിര്‍ത്തു നില്‍ക്കുന്ന ആത്മബന്ധങ്ങള്‍ ചില ദാമ്പത്യ ങ്ങളിലുണ്ട്.

സ്‌നേഹ സുരഭിലമായ ബന്ധം നിലനിറുത്തുക അസാധ്യമാണെന്നാണ് പല ദമ്പതികളുടെയും ധാരണ. ഈ ധാരണയ്ക്കു നിദാനമായി സ്വന്തം അനുഭവങ്ങള്‍ തന്നെ അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യും. അനുഭൂതിസാന്ദ്രമായ വിവാഹാനന്തര നാളുകളുടെ പുതുമയും പുളകവും അവസാനിക്കുംവരെ ദാമ്പത്യത്തിന്റെ ഇമ്പവും ഇഴക്കവും കാത്തുസൂക്ഷിക്കാന്‍ മിക്കവര്‍ക്കും കഴിയും. എന്നാല്‍ നവവധു അമ്മയാകുന്നതോടെ കുടുംബബന്ധങ്ങള്‍ക്കു പുതിയ അര്‍ത്ഥതലങ്ങളും ബാധ്യതകളും കൈവരുന്നു. മധുവിധുവിന്റെ കുതിപ്പും കിതപ്പും മാതൃത്വ ത്തിന്റെ പ്രൗഡ സംയമനത്തിനു വഴിമാറുന്നു. ഗൃഹനാഥന്റെയും നാഥയുടെയും പദവി ദമ്പതികളെ തേടിയെത്തുന്നു.

കുഞ്ഞിന്റെ ജനനം ഒരേ സമയത്ത് ഭാര്യാഭര്‍ത്താക്കന്മാരെ പൂര്‍വ്വാധികം അടുപ്പിക്കുകയും അകറ്റുകയും ചെയ്യുന്നു. ഇരുവരെയും നിദാന്തമായി കൂട്ടിയിണക്കുന്ന കണ്ണിയായ കുട്ടി ഇരുവര്‍ക്കും ഇടയിലാണു വര്‍ത്തിക്കുന്നതെന്നും ഓര്‍ക്കണം. ഏതു സ്ത്രീയുടെയും ജന്മസാഫല്യമാണ് കുഞ്ഞ്, സംശയമില്ല. പക്ഷെ അമ്മയാകുന്നതോടെ ഭാര്യയുടെ പരിവേഷത്തിന് മങ്ങലേല്‍ക്കുന്നു. പിതാവായിത്തീര്‍ന്ന ഭര്‍ത്താവിനും തുല്യനിലയില്‍ ഇതു ബാധകമാണ്. ഭാര്യാ ഭര്‍ത്താക്കന്മാര്‍ മാതാപിതാക്കളാകുമ്പോള്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ അവരില്‍ നിക്ഷിപ്തമാകുന്നു. പിന്നീട് അവര്‍ തിരക്കിന്റെ ലോക ത്തേക്കു മാറുന്നു. അതുപോലെ ജീവിത ത്തിലെ പലതരത്തിലുള്ള ഉത്തരവാദിത്വങ്ങളുമായി ജീവിതം വലിഞ്ഞു മുറുകുമ്പോള്‍ അതു ഹൃദയബന്ധങ്ങളുടെ അടുപ്പവും ആത്മാര്‍ത്ഥതയും നഷ്ടപ്പെടുത്തുന്നുണ്ടോ എന്നതും ചിന്തിക്കേണ്ട വിഷയമാണ്.

കുടുംബത്തില്‍ പെരുകി വരുന്ന സൈ്വര്യക്കേടുകള്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ അദൃശ്യമായ മതിലുകള്‍ തീര്‍ക്കുന്നു. പലപ്പോഴും ചെറിയ തെറ്റിദ്ധാരണകള്‍ പോലും വലിയ മാനസീക സംഘര്‍ഷങ്ങള്‍ക്ക് കാരണമായിത്തീരുന്നു. ഒരു മേശയിലിരുന്ന് സുഖദുഃഖങ്ങള്‍ പങ്കിടാന്‍ കഴിയാതെ വരുന്നതുകൊണ്ട് ക്രമേണ പരസ്പരം പഴിചാരുന്ന പ്രവണതയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. ഇതു കുടുംബാന്തരീക്ഷത്തെ കൂടുതല്‍ കലുഷിതമാക്കുകയേയുള്ളൂ. മൂടിക്കെട്ടിയ മുഖവും മുറുമുറുക്കുന്ന മനസ്സും എല്ലാ ഭവനങ്ങളിലും മ്ലാനത പരത്താന്‍ കാരണമാകുന്നുണ്ട്. സ്‌നേഹത്തിന്റെ സവിശേഷമായ ചില മുഖങ്ങള്‍ നമ്മള്‍ കാണാതെ പോകുന്നതു കൊണ്ടാണ് ഇതു സംഭവിക്കുന്നത്.

സ്‌നേഹം നിത്യകല്യാണിയെപ്പോലെയാണ്. സ്‌നേഹമുള്ള മനസ്സുകള്‍ക്ക് എന്നും യൗവ്വനമാണ്. പ്രാരാബ്ധങ്ങളുടെ കൊടും ചൂടിലും അവ പൂത്തുലയും. ഒരു പ്രത്യേക സമയത്ത് ആളിപ്പടര്‍ന്ന് നിമിഷങ്ങള്‍ക്കകം കെട്ടടങ്ങുന്ന വികാരം മാത്രമല്ല സ്‌നേഹം. യൗവ്വന തീക്ഷ്ണമായ ആവേശത്തോടെ ആജീവനാന്തം സ്‌നേഹിക്കാന്‍ എപ്പോഴും എല്ലാവര്‍ക്കും സാധിക്കില്ലെങ്കിലും ജീവിതത്തിലെ എണ്ണമറ്റ സങ്കീര്‍ണ്ണതകളിലൂടെ ഊറിത്തെളിയേണ്ട ഒന്നാണു സ്‌നേഹം. ഈ സ്‌നേഹത്തിനു തളര്‍ന്നു വീഴുന്നതിനുമുമ്പ് താങ്ങി നിറുത്താനുള്ള കരുത്തുണ്ട്.

ഒരു മേശയിലിരുന്ന് സുഖദുഃഖങ്ങള്‍ പങ്കിടാന്‍ കഴിയാതെ വരുന്നതുകൊണ്ട് ക്രമേണ പരസ്പരം പഴിചാരുന്ന പ്രവണതയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. ഇതു കുടുംബാന്തരീക്ഷത്തെ കൂടുതല്‍ കലുഷിതമാക്കുകയേയുള്ളൂ. മൂടിക്കെട്ടിയ മുഖവും മുറുമുറുക്കുന്ന മനസ്സും എല്ലാ ഭവനങ്ങളിലും മ്ലാനത പരത്താന്‍ കാരണമാകുന്നുണ്ട്. സ്‌നേഹത്തിന്റെ സവിശേഷമായ ചില മുഖങ്ങള്‍ നമ്മള്‍ കാണാതെ പോകുന്നതു കൊണ്ടാണ് ഇതു സംഭവിക്കുന്നത്.

വീടുഭരണത്തിന്റെയും അതിനോടനുബന്ധിച്ചുള്ള മറ്റു തിരക്കുകളുടെയും കെട്ടുപാടുകളില്‍ കുരുങ്ങിക്കിടക്കുന്ന കുടുംബിനിക്ക് മറ്റൊന്നിനും സമയമില്ല.തിരക്കോടു തിരക്കാണെപ്പോഴും. കുട്ടികളെ കുളിപ്പിച്ചൊരുക്കി സ്‌കൂളില്‍ വിടണം. പിന്നെ അടുക്കളയിലെ കാര്യങ്ങള്‍. സ്‌കൂള്‍ ബസ് വരുന്നതിനു മുമ്പ് കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം പൊതിഞ്ഞു കെട്ടി തയ്യാറാക്കണം. ഇതിനിടയില്‍ അവരുമായി പലവട്ടം മല്ലിടണം. ഇനി ആര്‍ക്കെങ്കിലും അസുഖം പിടിപെട്ടാല്‍ ഇരട്ടി പണിയായി. ഒരു സാധാരണ വീട്ടമ്മ വലഞ്ഞു പോകാന്‍ ഇതില്‍ കൂടുതലൊന്നും വേണ്ടല്ലോ?

ഗൃഹനാഥന്റെ സ്ഥിതിയും ഒട്ടും മെച്ചമല്ല. ഇടത്തരം കുടുംബമാണെങ്കില്‍ പറയുകയും വേണ്ട. എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന പ്രതിമാസ പ്രതിമാസ ശമ്പളം കൊണ്ടുവേണം തട്ടിയുരുട്ടിക്കൊണ്ടുപോകാന്‍. വരുമാനം ഒന്നിനും തികയാതെ വരുമ്പോള്‍ അരിശം തോന്നുക സ്വാഭാവികം. അതു തീര്‍ക്കുന്ന തു മിക്കവാറും വീട്ടിലുള്ളരോടായിരിക്കും. വഴക്കും വക്കാണവും തുടരുമ്പോള്‍ എല്ലാം താളം തെറ്റുന്നു, അലങ്കോലമാകുന്നു. ഇതിനു പലരും വിധിയെയാണു പഴിക്കുന്നത്.
എന്നാല്‍ വിധിയെ പഴിക്കു മുമ്പ് അറിയുക, വിധിക്ക് ഇതില്‍ ഒരു പങ്കുമില്ല. നാം തന്നെയാണ് ഈ സ്ഥിതിവിശേഷത്തിനു കാരണക്കാര്‍. ഒരിക്കല്‍ നിറതിരി പോലെ ജ്വലിച്ചു നിന്ന ഗൃഹാന്തരീക്ഷത്തില്‍, നിത്യസുഗന്ധം പോലെ തിങ്ങിനിറഞ്ഞു നിന്നിരുന്ന സ്‌നേഹം എവിടെപ്പോയി? സുഭിക്ഷതയുടെ നടുവില്‍ മാത്രം തളിര്‍ക്കുന്നതാണോ സ്‌നേഹം? സുഖാലസ്യത്തിന്റെ സായാഹ്ന വെളിച്ചത്തില്‍ മാത്രം പൂത്തുലയുന്ന നാലുമണിച്ചെടിയാണോ സ്‌നേഹം? അല്ല. സ്‌നേഹം നിത്യമല്ലികയാണ്. ഋതുഭേദങ്ങള്‍ക്കൊത്തു വാടിത്തളരാത്ത, മങ്ങിപ്പോകാത്ത, നിത്യസുമംഗലിയാണു സ്‌നേഹം. പറയാനും പറഞ്ഞു കേള്‍ക്കാനും വളരെ സുഖപ്രദമാണിത്. പക്ഷെ പറഞ്ഞു കേള്‍പ്പിക്കേണ്ടതല്ല സ്‌നേഹം, അനുഭവിച്ചറിയാനുള്ളതാണ്. സ്‌നേഹം അനുഭവിച്ചറി യണമെങ്കില്‍ ഔപചാരികത്വത്തിനും അനുഷ്ഠാനങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമപ്പുറം ഉള്ളൊഴിഞ്ഞ്, ഉദാരമായി പരസ്പരം സ്‌നേഹിക്കാന്‍ നമുക്കു സാധിക്കണം.

Related Stories

No stories found.