കുട്ടികളെ തല്ലി വളര്‍ത്തിയാല്‍ നന്നാകുമോ? അല്ലെങ്കില്‍ മറ്റെന്താണ് ഒരു വഴി

കുട്ടികളെ തല്ലി വളര്‍ത്തിയാല്‍ നന്നാകുമോ? അല്ലെങ്കില്‍ മറ്റെന്താണ് ഒരു വഴി

പ്രധാനമായും നമ്മുടെ പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണല്ലോ നാം ലോകത്തെ അറിയുന്നത്. നമ്മുടെ ഈ അറിവ് അര്‍ത്ഥവത്തായിത്തീരുന്നത് സ്മരണകളുടെ സരണിയിലേക്ക് അത് കടന്നുചെല്ലുമ്പോഴാണ്. നിരന്തരമായ ദൈനംദിന പ്രവൃത്തികളിലൂടെയും അനുഭവങ്ങളിലൂടെയും ശീലങ്ങളിലൂടെയും നമ്മുടെ തനതായ വ്യക്തിത്വം രൂപംകൊള്ളുന്നു.

മാതാപിതാക്കളുടെ സ്‌നേഹവും വാത്സല്യവും നിരന്തരമായ പ്രോത്സാഹനവും അവയില്‍ നിന്നെല്ലാം രൂപപ്പെടുന്ന സുരക്ഷിതത്വ ബോധവും ഒരു കുട്ടിയുടെ സ്വ ഭാവരൂപീകരണത്തിന് അത്യാവശ്യമാണ്. ഒരു കുട്ടിയുടെ ബാല്യത്തിലുണ്ടാകുന്ന കയ്‌പേറിയ അനുഭവങ്ങള്‍, പില്‍ക്കാലത്ത് ഒട്ടേറെപ്പേരിലും പല വിധത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് അവരുടെ സ്വഭാവവും പെരുമാറ്റവും വൈകല്യമുള്ളതാക്കിത്തീര്‍ക്കുന്നു. സംഭവിച്ചുപോകുന്ന ഇത്തരം പോരായ്മകള്‍ പരിഹരിക്കപ്പെടേണ്ടതുതന്നെയാണ്. അത് എങ്ങനെ സാധ്യമാകുമെന്ന് നമ്മള്‍ ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

മാതാപിതാക്കള്‍ക്ക് സ്വന്തം മക്കളെക്കുറിച്ച് പല തരത്തിലുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടാകും. ഇതുമൂലം സ്വന്തം കുഞ്ഞിന്റെ അഭിരുചിയും താല്പര്യങ്ങളും കഴിവുകളും പരിഗണിക്കാതെ പലതും അവരില്‍ അടിച്ചേല്പിക്കപ്പെടുന്നു. ഇത് കുഞ്ഞിന്റെ ബുദ്ധിപരവും സര്‍ഗ്ഗാത്മകവുമായ പല കഴിവുകളും മുരടിച്ചുപോകാന്‍ ഇടയാക്കുന്നു. ഇക്കാരണത്താല്‍ തന്നെ സ്വന്തം സ്വപ്നങ്ങളെക്കാളും പ്രതീക്ഷകളെക്കാളും കുഞ്ഞിന്റെ കഴിവുകള്‍ക്കും അഭിരുചികള്‍ക്കുമാണ് മാതാപിതാക്കള്‍ മുന്‍തൂക്കം നല്‌കേണ്ടത്.

കുട്ടികള്‍ക്ക് ഇഷ്ടമുള്ളത് ലഭ്യമാക്കുക എന്നതിനെക്കാള്‍ പ്രധാനമാണ് തങ്ങള്‍ക്ക് ലഭ്യമാക്കുന്നത് ഇഷ്ടപ്പെടുവാനുള്ള ശേഷി അവരില്‍ വളര്‍ത്തിയെടുക്കുക എന്നത്. അവരുടെ ഭാവി ജീവിതവും പ്രവര്‍ത്തനമേഖലകളും കൂടുതല്‍ തിളക്കമുള്ളതായിത്തീരാന്‍ ഈ ശേഷി വളരെയേറെ പ്രധാനപ്പെട്ടതും പ്രയോജനകരവുമാണ്.

കുട്ടികളെ തല്ലിയാല്‍ നന്നാകില്ലേ? അല്ലെങ്കില്‍, മറ്റെന്തെങ്കിലും ശിക്ഷയാകാമോ? നമ്മുടെ ചുറ്റുപാടുമുള്ള പല മാതാപിതാക്കള്‍ക്കുമുള്ള ഒരു സംശയമാണ്. എന്നാല്‍, സനേഹവും വാത്സല്യവും നല്കിക്കൊണ്ട് അവരുടെ അഭിരുചികളും കഴിവുകളും പ്രോത്സാഹിപ്പിച്ച് ലളിതമായ രീതിയില്‍ അവര്‍ക്ക് സംശയനിവാരണം സാധ്യമാക്കി നിരീക്ഷണ പാടവം അവരില്‍ വളര്‍ത്തിയെടുക്കുകയും സ്വസ്ഥമായ ഗൃഹാന്തരീക്ഷത്തില്‍ വളരാന്‍ അവസരം ലഭിക്കുകയും ചെയ്യുന്ന കുട്ടിക്ക് ശിക്ഷയെ ഭയപ്പെട്ടു മാത്രം നല്ലതു പ്രവര്‍ത്തിക്കുക എന്ന ഗതികേട് ഉണ്ടാവുകയില്ല. അതുപോലെ തന്നെ കുട്ടികളുെട സര്‍ഗ്ഗാത്മകമായ കഴിവുകള്‍ ഇവിടെ വളര്‍ന്ന് ഫലം പുറപ്പെടുവിക്കുകയും ചെയ്യും.

മാതാപിതാക്കള്‍ കുട്ടികളെ നന്നാക്കാനെന്ന പേരില്‍ അവര്‍ക്കു നല്കുന്ന ഓരോ തല്ലും തങ്ങള്‍ കുട്ടികളെ വളര്‍ത്തുന്ന രീതി തെറ്റാണെന്ന് സ്വയം നിങ്ങളോടു പറയുകയാണു ചെയ്യുന്നതെന്ന് അറിഞ്ഞിരിക്കുക. ഇത്തരത്തില്‍ ആവശ്യമില്ലാതെ തല്ലി തകരാറിലാക്കപ്പെട്ടിരിക്കുന്ന കുട്ടികളെ നേരെയാക്കാന്‍ എന്താണ് മാര്‍ഗ്ഗമെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം.

കുട്ടികള്‍ക്ക് ഇഷ്ടമുള്ളത് ലഭ്യമാക്കുക എന്നതിനെക്കാള്‍ പ്രധാനമാണ് തങ്ങള്‍ക്ക് ലഭ്യമാക്കുന്നത് ഇഷ്ടപ്പെടുവാനുള്ള ശേഷി അവരില്‍ വളര്‍ത്തിയെടുക്കുക എന്നത്. അവരുടെ ഭാവി ജീവിതവും പ്രവര്‍ത്തന മേഖലകളും കൂടുതല്‍ തിളക്കമുള്ളതായിത്തീരാന്‍ ഈ ശേഷി വളരെയേറെ പ്രധാനപ്പെട്ടതും പ്രയോജനകരവുമാണ്. ഈ സ്വഭാവഗുണം ഇനിയും മാതാപിതാക്കള്‍ സ്വന്തമാക്കിയിട്ടില്ലെങ്കില്‍ അത് സ്വന്തമാക്കുകയും തങ്ങളുടെ കുട്ടികള്‍ക്ക് അത് പകര്‍ന്നു കൊടുക്കുകയും ചെയ്യണം.

കുടുംബജീവിതമെന്നത് ഒരു മുചക്രവാഹനം പോലെയാണ്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആദരവ്, പരസ്പര വിശ്വാസം, സ്‌നേഹം എന്നീ മൂന്നു വീലുകളിലാണ് കുടുംബം സഞ്ചരിക്കുന്നത്. ഇതില്‍ ഒരു ചക്രം പഞ്ചറായാല്‍ സന്തോഷകരമായ കുടുംബജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണം പ്രയാസമേറിയതാകും. തകരാറു സംഭവിച്ച ചക്രം പ്രയോജനകരമാം വിധം നന്നാക്കിെയടുക്കേണ്ടത് എങ്ങനെയെന്നും കുടുംബജീവിതത്തിലേയും വ്യക്തിജീവിതത്തിലേയും പ്രശ്‌നങ്ങള്‍ വലുതാക്കി വഷളാക്കാതെ പരിഹരിക്കേണ്ടത് എങ്ങനെയാണെന്നും ആദ്യം മാതാപിതാക്കള്‍ ആഴത്തില്‍ മനസ്സിലാക്കുകയും തുടര്‍ന്ന് അവര്‍ അത് തങ്ങളുടെ മക്കളെ പഠിപ്പിക്കുകയും ചെയ്യണം. അതേ സമയം തങ്ങളുടെ കുട്ടിയെ നല്ല ശീലങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍ പക്ഷേ നിശിതമായ നിയമങ്ങളും ചട്ടങ്ങളും കുട്ടികളുടെ മേല്‍ അടിച്ചേല്പിക്കുന്നതിനു മുമ്പ് അവയുടെ ആന്തരിക അര്‍ത്ഥവും ആവശ്യകതയും കുട്ടികള്‍ക്കും കൂടി മനസ്സിലാകുമോ എന്നു കൂടി ആലോചിക്കേണ്ടതുണ്ട്.

പലപ്പോഴും കുട്ടികളെ കുട്ടികളായി കാണാന്‍ കഴിയാത്തതാണ് പല മാതാപിതാക്കളുടെയും അടിസ്ഥാനപരമായ തകരാറ്. മുതിര്‍ന്നവരുടെ പുകക്കണ്ണാടിയിലൂടെയാണ് പലപ്പോഴും അവര്‍ കുട്ടികളെ നോക്കിക്കാണുന്നത്. ഈ പുകക്കണ്ണാടി തല്ലിയുടച്ചു കളഞ്ഞിട്ട് 'കുട്ടിത്തത്തിലേക്ക്' താണിറങ്ങി ചെല്ലുകയാണ് മാതാപിതാക്കള്‍ ആദ്യം ചെയ്യേണ്ടത്. എന്നിട്ടുമതി കുട്ടികളെ ചട്ടങ്ങളും ചിട്ടകളും പഠിപ്പിച്ച് അവരെ മഹാന്മാരും മഹതികളുമാക്കുന്നത്.

മാതാപിതാക്കളുടെയും മറ്റ് മുതിര്‍ന്നവരുടെയും അതിമോഹനത്തിന്റെ ഹോമകുണ്ഠത്തില്‍ ആഹൂതി ചെയ്യപ്പെടേണ്ടതല്ല കുട്ടികളുടെ ഭാവി. തങ്ങളുടെ ആഗ്രഹ പൂര്‍ത്തിക്കുള്ള കരുവായി മാതാപിതാക്കളും മറ്റ് മുതിര്‍ന്നവരും കുട്ടികളെ കാണരുത്. തങ്ങളുടെ സ്വാര്‍ത്ഥചിന്തകള്‍ തല്ക്കാലം മാറ്റിവച്ചുകൊണ്ട് തങ്ങളുടെ കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവും പ്രോത്സാഹനവും നല്കുകയാണ് അവരുടെ ഉത്തരവാദിത്വം.

മാതാപിതാക്കളും അധ്യാപകരും എത്ര പാടുപെട്ടാലും പഠിക്കാത്ത കുട്ടികളുണ്ട്. ഇത്തരം കുട്ടികളുടെ മേല്‍ കഠിനമായ ശിക്ഷാവിധികള്‍ നടപ്പാക്കിയതുകൊണ്ട് കുട്ടി പഠിക്കണമെന്നില്ല. കഥയറിയാതെ, പഠിക്കാത്ത കുട്ടിയെ പഴിച്ചിട്ടും കാര്യമില്ല. സ്‌നേഹപൂര്‍വ്വം കുട്ടിയുടെ പഠനശേഷി കൂട്ടാമോ എന്നു പരീക്ഷിച്ചു നോക്കുകയാണ് വേണ്ടത്. പോഷകാഹാര കുറവുമൂലം അനാരോഗ്യം ബാധിച്ച കുട്ടിക്ക് അമിതാഹാരം നല്കുകയല്ലല്ലോ വേണ്ടത്. അവന്റെ ശരീരത്തിലെ പോഷകഹാര കുറവുമൂലമുള്ള കുട്ടിയുടെ ശാരീരികവൈകല്യം മെല്ലെ മെല്ലെ പരിഹരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ബുദ്ധി വികാസത്തിന്റെ കാര്യത്തിലും ഈ മാര്‍ഗ്ഗമാണ് അഭികാമ്യം. അധ്യാപകരായാലും മാതാപിതാക്കളായാലും ഇക്കാര്യത്തില്‍ അത്യധ്വാനം ചെയ്തിട്ടോ കുട്ടിയെക്കൊണ്ട് കഠിനാധ്വാനം ചെയ്യിച്ചിട്ടോ കാര്യമില്ല. പഠിക്കുന്ന കുട്ടിയെപ്പോലെ തന്നെ പഠിക്കാത്ത കുട്ടിയും തങ്ങളുടെ കുട്ടിയാണെന്ന സത്യം മാതാപിതാക്കള്‍ മറക്കാതിരിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org