ഇഴചേരാത്ത ഇണസങ്കല്പങ്ങള്‍

ഇഴചേരാത്ത ഇണസങ്കല്പങ്ങള്‍
'ആണായാല്‍ പെണ്ണുവേണം, പെണ്ണായാല്‍ ആണുവേണം...' എന്ന പഴയ പാട്ടിന്റെ പല്ലവികള്‍ പാടിത്തരുന്ന ഇണസങ്കല്പത്തിന്റെ ചന്തമുള്ള ചിത്രം മനുഷ്യമനസ്സുകളില്‍ മായാതെ നില്ക്കട്ടെ.

ചോദ്യക്കടലാസ്സുകളില്‍ സാധാരണ കാണാറുള്ള ഒരു വിഭാഗമാണ് 'ചേരുംപടി ചേര്‍ക്കുക' എന്നത്. ഒരു വശത്തു കൊടുത്തിട്ടുള്ളവയ്ക്ക് അനുയോജ്യമായവ മറുവശത്തുനിന്ന് തെരഞ്ഞെടുത്തെഴുതാനാണ് ഇവിടെ ആവശ്യപ്പെടുക. ഓരോന്നിനോടും ചേരേണ്ടതു ചേര്‍ക്കുമ്പോഴാണ് മാര്‍ക്ക് ലഭിക്കുന്നത്. ചേരരുതാത്തതു ചേര്‍ത്തെഴുതാന്‍ പരീക്ഷാര്‍ത്ഥിക്കു പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അത് ശരിയോ മൂല്യാര്‍ഹമോ ആയി പരിഗണിക്കപ്പെടുകയില്ല. ചേരേണ്ടവ ചേരുമ്പോഴേ സമൂഹം അവയെ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യൂ. മട്ടന്‍ കറിയുടെ ചേരുവകള്‍ മീന്‍കറിക്ക് ചേരില്ല. അലുവയ്ക്ക് അച്ചാറു ചേരില്ല. കൈകള്‍ക്ക് കളസമോ, കാലുകള്‍ക്ക് ഷര്‍ട്ടോ കൊള്ളില്ല. കുപ്പിയുടെ അടപ്പ് കുടത്തിനു പാകമാകില്ല. കയര്‍ കൈത്തൂവാലയുടെ ഇഴകളാകില്ല. പറഞ്ഞുവരുന്നതിന്റെ പൊരുള്‍ പച്ചയ്ക്കു കുറിച്ചാല്‍ ഇത്രേയുള്ളൂ: ആണിനു ആണും, പെണ്ണിനു പെണ്ണും ഇണയാവില്ല.

'പുരുഷനും സ്ത്രീയുമായി മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ട (ഉത്പ. 5:2) സമയം മുതലുള്ള ഇണസങ്കല്പം പവിത്രവും, കുലീനവും, സാര്‍വ്വത്രികവും, പരമ്പരാഗതവുമായ ഒന്നാണ്. കാലങ്ങള്‍ കഴിഞ്ഞിട്ടും അതിന്റെ പ്രസക്തിക്കോ, പ്രാധാന്യത്തിനോ യാതൊരു കുറവും വന്നിട്ടില്ല. മനുഷ്യബന്ധങ്ങളില്‍വച്ച് ഏറ്റവും വിശുദ്ധമായതാണ് പുരുഷനും സ്ത്രീയും തമ്മിലുള്ള ദാമ്പത്യബന്ധം. മണ്ണില്‍ ജീവന്റെ നിലനില്പിനും മനുഷ്യകുലത്തിന്റെ അതിജീവനത്തിനും പ്രകൃതിയുടെ നന്മയ്ക്കുമായി തലമുറകളെ ജനിപ്പിക്കുന്ന ഇണജീവിതമാണ് സൃഷ്ടപ്രപഞ്ചത്തി ന്റെ അച്ചുതണ്ട്. പരിശുദ്ധമായ പ്രണയബന്ധത്തിലൂടെ കുഞ്ഞുങ്ങള്‍ക്കു പിറവികൊടുക്കുന്ന കുടുംബങ്ങളാണ് മനുഷ്യരാശിയുടെ അടിത്തറ. അപ്പനും അമ്മയും മക്കളുമടങ്ങുന്ന സ്‌നേഹബന്ധിതമായ വീടാണ് മണ്ണിലെ വിണ്ണ്. ജീവജാലങ്ങളിലെ ആണും പെണ്ണും ചേര്‍ന്നുനിന്നുള്ള ഇണശില്പങ്ങളാണ് വിശ്വകലാകാരനായ ദൈവത്തിന്റെ മാസ്റ്റര്‍ പീസ്സ്.

യഥാര്‍ഥവും അര്‍ത്ഥപൂര്‍ണവുമായ ഇണജീവിതത്തിന്റെ അവിഭാജ്യഘടകകങ്ങളായ ചില ചേരലുകളും ഒന്നായിത്തീരലുകളുമൊക്കെ (ഉത്പ. 2:24; എഫേ. 5:31) അസാധ്യമായ സ്വവര്‍ഗാനുരാഗികളുടെ സഹവാസത്തെ വിശുദ്ധമായ ദാമ്പത്യജീവിതസങ്കല്പത്തോടു യാതൊരു തരത്തിലും തുലനം ചെയ്യാനോ പകരം പ്രതിഷ്ഠിക്കാനോ നിര്‍വ്വാഹമില്ല. പുരുഷനു പുരുഷനും, പെണ്ണിനു പെണ്ണും പരമാവധി ഒരു നല്ല മിത്രമോ തുണയോ അകാന്‍ മാത്രമേ സാധിക്കൂ. അതിനുമൊക്കെ എത്രയോ അപ്പുറത്തേയ്ക്ക് നീണ്ടുപോകുന്നതാണ് 'ഇണ' എന്ന സംപൂജ്യമായ സങ്കല്പം! ഇണ തീര്‍ച്ചയായും തുണയായിരിക്കണം. എന്നാല്‍, തുണ ഇണയായിരിക്കേണ്ടതേയല്ല. പുരുഷന്‍ പുരുഷനും, സ്ത്രീ സ്ത്രീക്കും തുണയായിരിക്കുന്നത് അഭിലഷണീയവും, ഇണയായിരിക്കുന്നത് അപലപനീയവുമാണെന്നു പറയാതെ വയ്യ. സൗഹൃദം സുസ്ഥിരമായ സഹവാസമല്ല. കൂട്ടുകാര്‍ കാലാന്ത്യത്തോളം ഒരുമിച്ചു വസിക്കേണ്ടവരല്ല. മറിച്ച്, തങ്ങളുടെ സൗഹൃദത്തിനു തെല്ലും കുറവുവരാതെ തന്നെ തങ്ങളുടേതായ വ്യത്യസ്ത തലങ്ങളിലും ജീവിതാന്തസ്സുകളിലും വ്യാ പരിക്കേണ്ടവരാണ്. കുടുംബങ്ങളില്‍ സഹോദരങ്ങള്‍പോലും ദീര്‍ഘനാള്‍ ഒന്നിച്ചു കഴിയുന്നില്ല. പ്രായവും പ്രാപ്തിയും ആകുന്നതനുസരിച്ച് ഓരോരുത്തരും താന്താങ്ങളുടെ വഴിയേ പോകുന്നവരല്ലേ? രക്തബന്ധത്തെക്കാള്‍ വലുതാകില്ലല്ലോ സുഹൃത്ത്ബന്ധം?

സ്വവര്‍ഗാനുരാഗം ഒരു വ്യക്തിയിലെ മാനസികവും വൈകാരികവുമായ വൈകല്യം തന്നെയാണ്. ഒരാള്‍ക്ക് തന്റെ എതിര്‍ലിംഗത്തില്‍പെടുന്നയാളോടു യാതൊരു ആകര്‍ഷണവും തോന്നാതിരിക്കുകയും സ്വവര്‍ഗത്തോടു അതുണ്ടാവുകയും ചെയ്യുന്നതിനെ നിസ്സാര വത്ക്കരിക്കുന്നതും, അസാധാരണവും പ്രകൃതിവിരുദ്ധവുമായി കാണാതിരിക്കുന്നതും, 'അവരെ അവരുടെ വഴിക്കു വിട്ടേക്ക്' എന്ന ചിലരുടെയെങ്കിലും ലാഘവ മനോഭാവവും തതുല്യം ഏതൊരു സമൂഹത്തിനും ആപത്ക്കരവും അനാരോഗ്യകരവുമാണ്. 'ഞങ്ങള്‍ ജീവിതകാലം മുഴുവന്‍ 'ഭര്‍ത്താഭര്‍ത്താക്കന്മാരും', 'ഭാര്യാഭാര്യമാരും' ആയി ഒരുമിച്ചു കഴിയാനാണ് ആഗ്രഹിക്കുന്നത്' എന്ന് ഒരേ വര്‍ഗത്തിലുള്ള രണ്ടുപേര്‍ പറയുന്നത് തീര്‍ത്തും ഇഴചേരാത്ത ഇണസങ്കല്പം ഉള്ളതുകൊണ്ടു മാത്രമാണ്. അത്തരക്കാര്‍ക്ക് മനഃശാസ്ത്ര സഹായവും മതിയായ ബോധവത്ക്കരണവുമാണ് ആവശ്യമായുള്ളത്. 'ഞങ്ങളുടെ കാര്യം ഞങ്ങളാണ് തീരുമാനിക്കുന്നത്... സമൂഹം ഞങ്ങള്‍ക്കു ചെലവിനു തരുന്നൊന്നുമില്ലല്ലോ...?' എന്നുള്ള നിലപാടുകളും ചോദ്യങ്ങളും തെറ്റായ ബോധ്യങ്ങളില്‍നിന്ന് ഉടലെടുക്കുന്നവയാണ്. അവ തിരുത്തപ്പെടേണ്ടവ തന്നെയാണ്. സ്വവര്‍ഗാനുരാഗികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ വാസ്തവത്തില്‍ 'സ്വവര്‍ഗാനുരോഗികള്‍' ആണ്. അവരെ ഒറ്റപ്പെടുത്തുന്നത് ഒരിക്കലും ന്യായമല്ല. അവരുടെ ശേലില്ലാത്ത ശൈലി ശീലമാക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും, അത്തരം പ്രതിഭാസങ്ങളെ പ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്താല്‍ മതി.

താനുള്‍പ്പെടുന്ന സമൂഹത്തിന്റെയും സാഹചര്യത്തിന്റെയും ഭാഗമായി മാത്രമേ മനുഷ്യനു നില നില്ക്കാന്‍ സാധിക്കൂ. അങ്ങനെയാകുമ്പോള്‍ സമൂഹത്തിന്റെ ധാര്‍മികമായ സുസ്ഥിതിക്ക് അനിവാര്യമായ ചില ചട്ടക്കൂടുകള്‍ക്കുള്ളില്‍ തന്റെ ചിന്തകളെയും വാക്കുകളെയും വര്‍ത്തനങ്ങളെയും ജീവിതശൈലിയെയുമൊക്കെ ക്രമപ്പെടുത്താന്‍ അവനു ബാധ്യതയുണ്ട്. നിയമം നിരോധിക്കാത്ത കാര്യങ്ങള്‍ എല്ലാം നാം അവലംബിക്കണമെന്നില്ല. മദ്യപാനം നിയമവിരുദ്ധമല്ല എന്നുവച്ച് എല്ലാവരും മദ്യപരാകേണ്ടതില്ല. സമൂഹത്തില്‍ പൊതുനന്മ ലക്ഷ്യമാക്കിയുള്ള ചില സദാചാരമൂല്യങ്ങളുണ്ട്, മാനം മര്യാദകളുണ്ട്. അവയനുസരിച്ചു ജീവിക്കാന്‍ സാമൂഹ്യ ജീവിയായ മനുഷ്യനു കടമയുണ്ട്. നലമെഴുന്ന നാട്ടുനടപ്പുകളെയും കഴമ്പുള്ള കീഴ്‌വഴക്കങ്ങളെയും പാടേ വലിച്ചെറിഞ്ഞുകൊണ്ട് ഒരു സമൂഹത്തിനും മുന്നോട്ടുപോകാനാകില്ല. ഓരോരുത്തരും സ്വന്തം ഇഷ്ടപ്രകാരം ഓരോന്നും ചെയ്തു തുടങ്ങിയാല്‍ ഈ ലോകത്തിന്റെ കോലം എന്തായിരിക്കും?

നവമാധ്യമങ്ങളിലൂടെ അതിശീഘ്രം പടര്‍ന്നുപിടിക്കുന്ന പാശ്ചാത്യസംസ്‌കാരത്തിന്റെ ചില പാഴ്‌വൈറസ്സുകള്‍ നമ്മുടെ പുതു തലമുറയുടെ മസ്തിഷ്‌ക്കത്തെ മാരകമായി ബാധിച്ചിരിക്കുന്നു എന്നത് അനിഷേധ്യമായ വസ്തുതയാണ്. തത്ഫലമായി സംഭവിച്ചു കൊണ്ടിരിക്കുന്ന മാനുഷിക, സാംസ്‌കാരികമൂല്യങ്ങളുടെ മണ്ണിടിച്ചില്‍ ഇന്നു നാം നേരിടുന്ന സാമൂഹ്യ, ധാര്‍മികദുരന്തങ്ങളില്‍ ഒന്നാണ്. ദാമ്പത്യജീവിതത്തെ വെറും ടൈം പാസ്സായി കാണാനും, അവിഹിതവേഴ്ചകളെ സ്വാഭാവികമായി ഗണിക്കാനുമൊന്നും ന്യുജെന്‍ തലച്ചോറുകള്‍ക്കു മടിയില്ല. എന്തിനെയും ഏതിനെയും കണ്ണടച്ചു സ്വീകരിക്കുന്ന ശീലം തികച്ചും അശ്ലീലം തന്നെയാണ്. കെട്ടുപ്രായമെത്തുന്നതിനുമുമ്പുതന്നെ എതിര്‍വര്‍ഗരതിയുടെ മതിയും കൊതിയും തീരുന്ന പാശ്ചാത്യയുവത്വത്തിനു പിന്നീടങ്ങോട്ടു തോന്നിത്തുടങ്ങുന്ന സ്വവര്‍ഗഭോഗാസക്തിയെ തീര്‍ത്തും മാനുഷികമായ ഒന്നായി തെറ്റിദ്ധരിച്ചുകൊണ്ട് അന്ധമായി ആശ്ലേഷിക്കുന്ന ആശങ്കാജനകമായ പ്രവണത നമ്മുടെ സമൂഹത്തിലും കണ്ടുതുടങ്ങിയിരിക്കുന്നു. നവമാധ്യമങ്ങളില്‍ നന്മകള്‍ ഏറെയുണ്ട്. എന്നാല്‍, തിന്മകള്‍ അവയെ പലപ്പോഴും ആവരണം ചെയ്യുന്നു. ആകയാല്‍, സമ്പര്‍ക്കമാധ്യമങ്ങളുടെ ഉപയോഗത്തിലും, ഇതരസംസ്‌കാരങ്ങളുടെ അനുകരണത്തിലുമൊക്കെ കോഴികളുടേതുപോലെ ചില ചികഞ്ഞെടുക്കലുകള്‍ അത്യന്താപേക്ഷിതമാണ്.

പ്രണയതിമിരത്തിന്റെ തീവ്രാവസ്ഥയില്‍ മാതാപിതാക്കളെയും കുടുംബത്തെയും കൂടപ്പിറപ്പുകളെയും വിശ്വാസജീവിതത്തെയുമൊക്കെ ചവിട്ടിക്കൂട്ടിയിട്ട് അന്യ മതവിശ്വാസികളുടെ കൈപിടിച്ച് ഒരു ഉളുപ്പും കൂടാതെ പടിയിറങ്ങി പ്പോകുന്നവരും, ജീവിതപങ്കാളിയെയും നൊന്തുപെറ്റ കുഞ്ഞുങ്ങളെയും വിട്ടെറിഞ്ഞ് കണ്ടവരുടെ കൂടെ കറങ്ങിനടക്കുന്നവരുമൊക്കെ ഇത്തരം ഇഴചേരായ്മകളിലാണ് സാധാരണ ഗതിയില്‍ എത്തിപ്പെടുന്നത് എന്നുകൂടി ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്ന്. കേവലമൊരു നിമിഷത്തിന്റെ വികാരത്തള്ളിലും വിവേക ശൂന്യതയിലുമെടുക്കുന്ന അത്തരം തീരുമാനങ്ങള്‍ പിന്നീട് നിത്യ ദുഃഖത്തിനും കടുത്ത നിരാശാ ബോധത്തിനും കാരണമായി മാറുന്നുവെന്നതിനു അനുദിന സംഭവങ്ങള്‍ സാക്ഷി. കലാകായിക രംഗങ്ങളിലുള്ള ചില ആരാധനാ പാത്രങ്ങളെയാണ് ഇത്തരക്കാര്‍ മാതൃകകളായി കാണുന്നത്. എന്നാല്‍, ഈ മാതൃകകളില്‍ പലരുടെയും യഥാര്‍ഥ ജീവിതാവസ്ഥ എപ്രകാരമാണെന്നുള്ളത് അവരോട് അടുപ്പമുള്ളവര്‍ക്കേ അറിയാന്‍ പറ്റൂ.

'ആണായാല്‍ പെണ്ണുവേണം, പെണ്ണായാല്‍ ആണുവേണം...' എന്ന പഴയ പാട്ടിന്റെ പല്ലവികള്‍ പാടിത്തരുന്ന ഇണസങ്കല്പത്തിന്റെ ചന്തമുള്ള ചിത്രം മനുഷ്യമനസ്സുകളില്‍ മായാതെ നില്ക്കട്ടെ. സ്ത്രീപുരുഷവര്‍ഗങ്ങള്‍ ആവശ്യത്തിനു സൃഷ്ടിക്കപ്പെട്ടിട്ടുള്ള പ്ര പഞ്ചമണ്ഡപത്തില്‍ ഇണച്യൂതി ഇല്ലാത്തിടത്തോളം കാലം ആണിനു പെണ്ണും, പെണ്ണിനു ആണും മാത്രമാണ് ഇണക്കം. രണ്ടില്‍ ഏതെങ്കിലുമൊരു കൂട്ടര്‍ക്ക് വംശനാശം വരുന്ന കാലത്ത് മറ്റു മാര്‍ഗങ്ങള്‍ അന്വേഷിച്ചാല്‍ പോരേ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org