അപകര്‍ഷതയില്‍ നിന്ന് ആത്മവിശ്വാസത്തിലേക്ക്

അപകര്‍ഷതയില്‍ നിന്ന് ആത്മവിശ്വാസത്തിലേക്ക്

ഒരു കുട്ടിയും അപകര്‍ഷതാബോധത്തോടെ ഈ ഭൂമിയിലേക്ക് ജനിച്ച് വീഴുന്നില്ല. മാതാപിതാക്കളുടെ ശരിയായ ശിക്ഷണമോ, അധ്യാപകരുടേയും സഹപാഠികളുടെയും പ്രോത്സാഹനമോ അംഗികാരമോ ലഭിക്കാതെ പ്രതികൂല സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍പ്പെടുന്ന കുട്ടികള്‍ അപകര്‍ഷതയിലേക്ക് ആഴ്ന്നിറങ്ങി അതിന്റെ ഇരകളായി തീര്‍ന്ന് സ്വന്തം നന്മകളെ കഴിവുകളെ വളര്‍ത്താതെ തളരുകയോ മാനസിക വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു.

അപകര്‍ഷത കുട്ടികളില്‍ എങ്ങനെ വളരുന്നു?

പലപ്പോഴും കുട്ടികള്‍ ചെയ്യുന്ന ചെറിയ പോരായ്മകളെ വലുതാക്കി കാണിച്ച് ശകാരവാക്കുകള്‍ വര്‍ഷിക്കുന്ന മാതാപിതാക്കള്‍ അവരുടെ വളര്‍ച്ചയുടെ അടിവേരിന് തന്നെ ആഘാതം ഏല്പിക്കുന്നു. പല കുട്ടികളും ബാല്യത്തിന്റെ ചുറുചുറുക്കുള്ള സമര്‍ത്ഥരായ മിടുക്കന്മാരും മിടുക്കികളുമാണ്. അവധി ദിവസങ്ങള്‍ അവര്‍ കളിച്ചാസ്വാദിക്കുന്നു. കളികഴിഞ്ഞ് ഓടിക്കിതച്ചെത്തുന്ന കുട്ടികള്‍ കാലില്‍ പറ്റിപിടിച്ച ചെളി ശ്രദ്ധിക്കാതെ വരാന്തയിലേക്കും മുറികളിലേക്കും ചാടികയറുന്നത് പലപ്പോഴും വീടു വൃത്തിയാക്കിയിടുന്ന അമ്മമാരെ പ്രകോപിപ്പിക്കുന്നതും ദേഷ്യംമൂത്ത ശകാരവര്‍ഷം മുറിപ്പെടുത്തുന്ന വാക്കുകളില്‍ ചെന്നെത്തിക്കുന്നു. അമ്മയുടെ അലറുന്ന വാക്കുകള്‍ കുട്ടികളെ അവരുടെ തെറ്റിന്റെ ഗൗരവം മുഴുവന്‍ പിടികിട്ടാതെ തങ്ങള്‍ എന്തോ അപരാധം ചെയ്തു എന്ന കുറ്റബോധത്തിലേക്ക് നയിക്കുന്നു. അകത്തിരിക്കുന്ന ബന്ധുക്കളെയോ അതിഥികളെയോ പരിഗണിക്കാതെയുള്ള അവിവേകമായ സംസാരം കുട്ടികളില്‍ അപകര്‍ഷതയുടെ വിത്ത് പാകുകയാണ് എന്ന് മാതാപിതാക്കള്‍ പോലും ചിന്തിക്കുന്നുണ്ടാകില്ല. മറ്റുള്ളവരാല്‍ അപമാനിതരാകുന്ന കുട്ടികള്‍ അവരുടെ ആത്മധൈര്യം എവിടേയോ ചോര്‍ന്നു പോകുന്നു എന്ന തോന്നലില്‍ അകത്ത് കയറി കതകടച്ച് കരയാനും, മറ്റുള്ളവരെ അഭിമുഖീകരിക്കാതെ തങ്ങളുടെ ലോകത്തേക്ക് വലിയാനും പ്രേരിതരാകുന്നു.

മാനസികാരോഗ്യമുള്ള മാതാപിതാക്കള്‍ പ്രോത്സാഹിപ്പിച്ച് വളര്‍ത്തുന്ന കുട്ടിക്ക് അപകര്‍ഷതയും ആത്മവിശ്വാസകുറവും ഉണ്ടാകണമെന്നില്ല, എന്നാല്‍ സ്‌കൂളില്‍ അധ്യാപകരുടെയും സഹപാഠികളുടെയും അകാരണമായ കുറ്റപ്പെടുത്തലുകളില്‍ പലപ്പോഴും കുട്ടികള്‍ ഉള്‍വലിയുവാനും അവരില്‍ അപകര്‍ഷതാബോധം വളര്‍ത്താനും ഇടയാക്കും.

പല കുട്ടികളും വീട്ടില്‍ എല്ലാവരുടെയും കണ്ണിലുണ്ണികളാണ്. പഠനത്തോടൊപ്പം കലയിലും, കളിയിലും കഴിവു കാട്ടുന്ന അവര്‍ക്ക് കൂട്ടുകാര്‍ ഇട്ടിരിക്കുന്ന പേരുകള്‍ വിളിച്ച് കളിയാക്കുമ്പോള്‍ അവര്‍ അറിയാതെ തന്നെ കൂട്ടുകാരില്‍ നിന്ന് ഉള്‍വലിയാനും അത് അവരുടെ പഠനത്തില്‍ താല്പര്യം കുറയ്ക്കാനും കാരണമാക്കുന്നു. നിന്നെ എന്തിനു കൊള്ളാം ഒന്നും പഠിക്കാത്ത മണ്ടന്‍ എന്ന നിരന്തര ശകാരവും താരതമ്യവും കേട്ടു മടുക്കുന്ന കുട്ടികള്‍ തന്നെ മനസ്സില്‍ ഉറപ്പിക്കുന്ന ഒരുകാര്യം താന്‍ മടിയനും, പഠിക്കാന്‍ കഴിവില്ലാത്തവനും കൂട്ടുകാരുടെ അത്രയും ബുദ്ധിയില്ലാത്തവനും ആണെന്ന് സ്വയം ഉറപ്പിച്ച് ഉള്‍വലിയാനും ആരംഭിക്കുന്നു. പഠനം കുട്ടികള്‍ക്ക് ഒരു കീറാമുട്ടിയായി തീരുന്നു. ക്ലാസ് ടെസ്റ്റ് ഇടുന്ന ദിവസം അപ്രതീക്ഷമായി കുട്ടികള്‍ക്ക് അസുഖം വരും, ഉറക്കം പോകും. ക്ലാസ്സില്‍ പോകാതിരിക്കാന്‍ അസുഖങ്ങള്‍ അഭിനയിക്കും.

അപകര്‍ഷതയുടെ കാരണങ്ങള്‍ ചുരുക്കി പറഞ്ഞാല്‍

  • ശാരീരികമായി തങ്ങള്‍ കൂട്ടുകാരേക്കാള്‍ മോശം എന്ന ചിന്ത - വണ്ണം, പോക്കം, നിറം, മുടി, മൂക്കിന്റെ നീളം, മുഖത്തിന്റെ ആകൃതി etc.

  • വീട്ടിലോ സ്‌കൂളിലോ മറ്റുള്ളവര്‍ കളിയാക്കി ഒറ്റപ്പെടുത്തുന്ന അനുഭവം.

  • ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മറ്റ് കുട്ടികളില്‍ നിന്ന് തങ്ങളെ ഒറ്റപ്പെടുത്തി കാണിക്കുന്ന എന്തെങ്കിലും ഒരു വ്യത്യാസം.

ആത്മവിശ്വാസം ആര്‍ജിക്കാന്‍

അപകര്‍ഷതയില്‍നിന്ന് ആത്മവിശ്വാസത്തിലേക്ക് എത്താന്‍ ആവശ്യത്തിലും അതില്‍ അധികവും വസ്തുക്കള്‍ കുട്ടികള്‍ക്ക് വാങ്ങി കൊടുക്കുന്നതല്ല പരിഹാരം. അപകര്‍ഷതയെ അതിജീവിക്കാതെ മനസ്സു തളരുന്ന കുട്ടികള്‍ക്ക് അതു തിരുത്തി ആത്മവിശ്വാസത്തില്‍ വളരാന്‍ സാധിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. താഴെ പറയുന്നവ കാര്യമായി കണക്കിലെടുത്താല്‍ മാതാപിതാക്കള്‍ക്കു തന്നെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം.

  • കുട്ടികളെ അവഹേളിക്കാതെ, താരതമ്യം ചെയ്യാതെ മുതിര്‍ന്നവരെ ബഹുമാനിക്കുന്നതു പോലെ അവരെ മാനിക്കുക.

  • കുട്ടികള്‍ക്ക് ആത്മാഭിമാനം തോന്നതക്കവിധം അവരുടെ അഭിപ്രായം ആരായുക.

  • കുട്ടികളെ അവര്‍ ചെയ്യുന്ന പ്രവര്‍ത്തികളെ എടുത്തു പറഞ്ഞ് പ്രോത്സാഹിപ്പിക്കുക.

  • അധികസംഭാഷണം ഒഴിവാക്കി ക്രിയാത്മകമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അവസരം നല്കുക.

  • അപകര്‍ഷതയുടെ അടിസ്ഥാന കാരണംതന്നെ അവഗണനയോ, ഇരട്ടപ്പേരില്‍ അഭിസംബോധനയോ, കളിയാക്കലോ ആണല്ലോ. ഇത്തരം അവസരങ്ങളെ നര്‍മ്മഭാവത്തോടെ സ്വീകരിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുക

  • വികാരങ്ങളെ അടിച്ചമര്‍ത്താന്‍ അനുവദിക്കാതെ അവ പ്രകടിപ്പിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.

മാനസിക ആരോഗ്യത്തില്‍ വളരുന്ന നിങ്ങളുടെ കുട്ടികള്‍ ആവശ്യങ്ങളും അത്യാവശ്യങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെട്ടാല്‍പോലും തങ്ങളുടെ കൂട്ടുകാരുമായി തങ്ങളെ താരതമ്യം ചെയ്തു അപകര്‍ഷതയിലേക്ക് നീങ്ങുകയില്ല. യഥാര്‍ത്ഥബോധത്തില്‍ വളരാന്‍ കുട്ടികളെ സഹായിക്കാന്‍ സാധിക്കുന്ന ഏറ്റവും വിദഗ്ദ്ധ അധ്യാപകര്‍ മാതാപിതാക്കളാണ്. എങ്കിലും അബോധമനസ്സിലേക്ക് അറിഞ്ഞോ അറിയാതെയോ കുട്ടികള്‍ രൂപപ്പെടുത്തിയിരിക്കുന്ന അവഗണനയുടെയോ, അവജ്ഞയുടെയോ കാരണങ്ങളെ പുറത്തു കൊണ്ടുവരാന്‍ വിദഗ്ദ്ധ സഹായം തേടുന്നതും ഉത്തമമാണ്.

0484-2600464 | jeevanapsychospiritual@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org