കുട്ടികളുടെ ശ്രദ്ധ വര്‍ധിപ്പിക്കാം

കുട്ടികളുടെ ശ്രദ്ധ വര്‍ധിപ്പിക്കാം

കുട്ടികള്‍ പലപ്പോഴും പഠിക്കാന്‍ ഇരുന്നാല്‍ ശ്രദ്ധിച്ചു വായിക്കില്ല, എഴുതില്ല, അവരുടെ ശ്രദ്ധ ചുറ്റുപാടുകളിലേക്ക് പതറിപോകുന്നു, പഠനനിലവാരം കുറയുന്നു എന്നത് പല മാതാപിതാക്കളുടെയും പരാതിയാണ്. കുട്ടികളുടെ ശ്രദ്ധ കൂട്ടാനും അവര്‍ താല്പര്യത്തോടെ പഠനത്തില്‍ സമയം ചെലവഴിക്കാനും പഠനനിലവാരം മെച്ചപ്പെടുത്താനും സഹായകമായ ചില പ്രായോഗിക കാര്യങ്ങള്‍ നമുക്കു നോക്കാം. പഠിക്കാന്‍ നല്കുന്ന ഭാഗങ്ങള്‍ കൂടുതലാണ് എങ്കില്‍ ഭാഗിച്ചുകൊടുത്ത് ആദ്യഭാഗം തീര്‍ന്നിട്ട് രണ്ടാം ഭാഗത്തിലേക്ക് കടക്കാനും അവര്‍ പഠിച്ച കാര്യങ്ങളും പഠനരീതികളും ക്രമീകരിച്ചു നല്കുന്നത് നല്ലതാണ്. മാതാപിതാക്കളുടെ ശ്രദ്ധയും പ്രോത്സാഹനവും ലഭിക്കുന്നതിനനുസരിച്ച് കൂടുതല്‍ വേഗത്തിലും ഉത്സാഹത്തിലും പഠിച്ചുതീര്‍ക്കാന്‍ അവര്‍ പരിശ്രമിക്കുന്നതുവഴി പഠനത്തോടുള്ള താല്പര്യവും കൂടും.

വലിയ ചോദ്യോത്തര ഭാഗങ്ങള്‍ ഭാഗിച്ചെടുത്ത് പഠിക്കുന്ന കുട്ടികള്‍ ഭാവിയില്‍ പല കാര്യങ്ങള്‍ ഒരുമിച്ചു വരുമ്പോള്‍ ക്രമീകരിച്ച് പ്ലാന്‍ ചെയ്ത് പൂര്‍ത്തിയാക്കാന്‍ പ്രാപ്തരാകുന്നു. ഹോംവര്‍ക്കുകള്‍ കൂടെ ഇരുന്ന് ചെയ്യിപ്പിക്കുവാന്‍ പരിശീലിപ്പിക്കുന്നതിനോടൊപ്പം ആകര്‍ഷകമായ രീതിയില്‍ അവരെക്കൊണ്ട് തന്നെ പഠിച്ച ഭാഗങ്ങള്‍, എഴുതിയ ഉത്തരങ്ങള്‍ ചാര്‍ട്ടു വരച്ച് പ്രധാനകാര്യങ്ങള്‍ കളറുകൊടുത്ത് മനസ്സില്‍ പതിയാന്‍ പരിശീലിപ്പിച്ചാല്‍ സ്വന്തമായ രീതിയില്‍ ശ്രദ്ധയോടെ, ഉത്തരവാദിത്വത്തോടെ പഠിക്കാന്‍ താല്പര്യം കൂടുകയും ചെയ്യുന്നു. കുട്ടികള്‍ കൂടുതല്‍ സമയം ഇരുന്ന് മടുക്കുമ്പോള്‍ പഠനത്തിനിടയില്‍ ചെറിയ ബ്രേക്കു കൊടുക്കുന്നതും ശാരിരികവ്യായാമങ്ങള്‍ ചെയ്യിപ്പിക്കുന്നതും കൂടുതല്‍ ഉണര്‍വോടെ പഠനം തുടരാനും ശ്രദ്ധയോടെ ബാക്കി വിഷയങ്ങള്‍ പഠിക്കാനും സഹായകമാകുന്നു. ഉറക്കക്ഷീണവും ശാരീരിക അസ്വസ്ഥതകളും വന്നാല്‍ സ്വസ്ഥമായി ഇരുന്ന് പഠിക്കുവാന്‍ കഴിയാതെ ശ്രദ്ധ പതറുന്നു. ഇത്തരം അവസരങ്ങളില്‍ അവരെ കുറച്ചു സമയം ഉറങ്ങാന്‍ അനുവദിക്കുന്നതും ആരോഗ്യകരമായ ഭക്ഷണം നല്കിയും ആവശ്യത്തിന് വെള്ളം കുടിപ്പിച്ചും പഠിക്കാന്‍ ഇരുത്തുന്നതും കുട്ടികളിലെ ശ്രദ്ധവര്‍ധിപ്പിക്കുവാന്‍ സഹായിക്കുന്നു.

മൊബൈല്‍, കമ്പ്യൂട്ടര്‍ ഗെയിം ഇരുന്ന് കളിക്കുന്ന കുട്ടികളെ ശാരിരികവ്യായാമം കിട്ടുന്ന രീതിയില്‍ ക്രമീകരണം ചെയ്തുകൊടുക്കുന്നത് അവരുടെ കോണ്‍സന്‍ട്രേഷന്‍ കൂട്ടുന്നു. കുട്ടികള്‍ പഠിക്കുവാന്‍ വീടുകളില്‍ നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ അവരുടെ ശ്രദ്ധതിരിക്കുന്ന രീതിയില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ നിരത്തി വയ്ക്കുന്നത് ഒഴിവാക്കണം. കുട്ടികള്‍ പഠിക്കുകയാണല്ലോ എന്നു പറഞ്ഞ് മാതാപിതാക്കള്‍ കുട്ടികള്‍ക്കരികില്‍ നിന്ന് ഫോണ്‍ വിളിക്കുന്നതും ഉറക്കെ ചിരിക്കുന്നതും പരസ്പരം കലഹിക്കുന്നതും കുറ്റപ്പെടുത്തുന്നതും കുശലാന്വേഷണം നടത്തുന്നതും നിയന്ത്രിച്ചില്ലെങ്കില്‍ ആഗ്രഹിച്ച് പഠിക്കുന്ന കുട്ടിയുടെ ശ്രദ്ധ പതറുവാന്‍ ഇടയാക്കുന്നു.

കുട്ടികളുടെ ശ്രദ്ധ പഠനത്തിലും വര്‍ധിപ്പിക്കുവാന്‍ സമയപരിധി വയ്ക്കുന്നതു വഴി കൃത്യസമയത്തിനുള്ളില്‍ പഠിക്കേണ്ട പാഠഭാഗങ്ങളും ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളും കൃത്യമായി ചെയ്യുവാന്‍ ശ്രദ്ധിക്കുന്നു. സമയം ക്രമീകരിച്ചു കൊടുക്കുന്നില്ലയെങ്കില്‍ എന്നെങ്കിലും എപ്പോഴെങ്കിലും പഠിച്ചു തീര്‍ത്താല്‍ പോരെ എന്ന ഉഴപ്പന്‍ മനോഭാവത്തിലേക്കും അശ്രദ്ധമായ പഠനരീതിയിലേക്കും വഴുതി വീഴാന്‍ സാധ്യതയുണ്ട്.

കുട്ടികളുടെ ഭാവി മാതാപിതാക്കളുടെ കൈകളിലാണ്. ആദ്യകാല പരിശീലനം വേണ്ട രീതിയില്‍ ക്രമീകരിക്കുന്ന മാതാപിതാക്കള്‍ കുട്ടികള്‍ സ്വന്തമായ ഉത്തരവാദിത്വത്തോടെ പഠിച്ചുയരാനും ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്ത് നല്ല വ്യക്തിത്വത്തിന്റെ ഉടമകളായി തീരുവാന്‍ കുടുംബങ്ങളില്‍ നിന്നുതന്നെ പരിശീലിപ്പിക്കുന്നു.

Tel : 0484-2600464, 9037217704

E-mail: jeevanapsychospiritual@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org