അമലോത്ഭവ മറിയം

ബൈബിള്‍ വനിതകള്‍ - 25
അമലോത്ഭവ മറിയം

'ക്രിസ്തുവിന്റെ അമ്മയായി ഒരു ചക്രവര്‍ത്തിയുടെ മകളെ ദൈവം തിരഞ്ഞെടുത്തില്ല, ഹേറോദേസിന്റെ മകളെ ദൈവം തിരഞ്ഞെടുത്തില്ല, മഹാ പുരോഹിതന്റെ മകളെ ദൈവം തിരഞ്ഞെടുത്തില്ല. ദൈവം പാവപ്പെട്ട ഒരു കന്യകയെയാണ് തിരഞ്ഞെടുത്തത്. അത് മറിയത്തിന്റെ യോഗ്യതയോ, ദൈവത്തിന്റെ മഹത്വമോ? അത് ദൈവത്തെ മറ്റാരേയുംകാള്‍ മനസ്സിലാക്കിയ മറിയത്തിന്റെ യോഗ്യതയായിരുന്നു. ദൈവത്തില്‍ ഉറപ്പിച്ച മനസ്സായിരുന്നു മറിയത്തിന്റേത്. അത് ശുദ്ധമായ മനസ്സായിരുന്നു. പാപ ചിന്തകള്‍ സ്പര്‍ശിക്കാത്ത കന്യാഹൃദയമായിരുന്നു.' - കെ.പി. അപ്പന്റെ വാക്കുകള്‍ ആണ്.

പരിശുദ്ധ മറിയത്തെ പല പേരുകളിലാണ് നാം വിളിക്കുന്നത്. ദൈവമാതാവിന്റെ ലുത്തിനിയ അമ്മയ്ക്കുള്ള വാഴ്ത്തു പാട്ടാണ്. എത്രയോ മനോഹരവും അര്‍ത്ഥ സമ്പൂര്‍ണ്ണവുമായ പേരുകളിലാണ് നമ്മള്‍ അമ്മയെ പാടി സ്തുതിക്കുന്നത്. ക്രൈസ്തവര്‍ മാത്രമല്ല വിജാതീയര്‍ പോലും പരിശുദ്ധ ദൈവമാതാവിനെ തങ്ങള്‍ക്കിഷ്ടപ്പെട്ട പേരുകളില്‍ വിളിച്ചപേക്ഷിക്കുന്നു. വിശുദ്ധ ലൂക്കായുടെ സുവിശേഷം 1/26 മുതല്‍ നാം മറിയത്തെ കാണുന്നു. എളിയവരില്‍ ഏറ്റവും എളിയവനായി പിറന്ന തന്റെ പുത്രന് അമ്മയാകുവാന്‍ വേണ്ടി പിതാവായ ദൈവം കണ്ടെത്തിയ താരകമായിരുന്നു പരിശുദ്ധ മറിയം. താഴ്മയുള്ളവരെ കൈപിടിച്ചുയര്‍ത്തുന്ന പിതാവായ ദൈവം അവളെ ജന്മ പാപക്കറ കൂടാതെ ജനിപ്പിച്ചു. നസ്രത്തിലെ ഒരു ചെറിയ കുടുംബത്തില്‍ ജൊവാക്കി മിന്റെയും അന്നയുടെയും മകളായി പിറന്ന മറിയം പന്ത്രണ്ട് വയസ്സുവരെ ദേവാലയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടവളായിരുന്നു. ദൈവിക കാര്യത്തില്‍ മാത്രം ശ്രദ്ധ വച്ചിരുന്ന, ജാഗരൂകയായിരുന്ന ഒരു പെണ്‍കുട്ടി. അവള്‍ അമലോല്‍ഭവയാണ്. ഉത്ഭവ ത്തില്‍ത്തന്നെ മലിനയാകാ ത്തവള്‍.

ഗബ്രിയേല്‍ ദൂതന്‍ മംഗളവാര്‍ത്ത അറിയിച്ചപ്പോള്‍ അവള്‍ വളരെ അസ്വസ്ഥയായിരുന്നുവെന്ന് വചനം പറയുന്നുണ്ട്. പക്ഷേ അസ്വസ്ഥത, പേടി ദൈവഭയത്തില്‍ നിന്ന്, അഗാധമായ ദൈവസ്‌നേഹത്തില്‍നിന്ന് ഉണ്ടായതാണ്. ദൂതന്റെ വിശദീകരണത്തിന് മറുപടിയായി അവള്‍ പറയുന്നുണ്ട് ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അതിനു ശേഷം നമ്മള്‍ കാണുന്നത് എലിസബത്തിനെ ശുശ്രൂഷിക്കുവാന്‍ തിടുക്കത്തില്‍ യാത്ര പുറപ്പെടുന്ന മറിയ ത്തെയാണ്. പരസ്പരം അഭിവാദനം ചെയ്യുന്ന രണ്ട് അമ്മമാരും രണ്ടു കുഞ്ഞുങ്ങളും. തുടര്‍ന്ന് മറിയത്തിന്റെ മനോഹരമായ സ്‌തോത്രഗീതം. മറിയത്തി ന്റെ ഈ സ്‌തോത്രഗീതത്തില്‍നിന്ന് ഒരു കാര്യം വളരെ വ്യക്തമാണ്: പഴയ നിയമ ഗ്രന്ഥത്തില്‍ അഗാധമായ അറിവ് അവള്‍ക്കു ണ്ടായിരുന്നു. പുറപ്പാട് പുസ്തകത്തില്‍ മോശയുടെ സഹോദരി മിറിയാം തപ്പുകൊട്ടി ദൈവത്തെ വാഴ്ത്തിപ്പാടിയ ഗാനത്തിന്റെ താളവും രീതിയും മറിയത്തിന്റെ സ്‌തോത്രഗീതത്തിലുണ്ട്. അതുപോലെ ഇസ്രായേലിലെ ആദ്യ പ്രവാചകനായ സാമുവലിന്റെ അമ്മ ഹന്നായുടെ കീര്‍ത്തനത്തിന്റെ ഈരടി കളും മറിയതിന്റെ സ്‌തോത്രഗീതത്തില്‍ കാണാം. ഈ സ്‌തോത്രഗീതങ്ങളെല്ലാം പഴയനിയമത്തില്‍ മോശയും ഇസ്രായേല്‍ ജനവും കൂടി ദൈവത്തെ സ്തുതിച്ചു പാടുന്ന കീര്‍ത്തനങ്ങളില്‍ നിന്ന് സ്വീകരിച്ചതാണ്. ഇതില്‍ നിന്നും പഴയ നിയമ ഗ്രന്ഥങ്ങളെ കുറിച്ച് മറിയത്തിനുണ്ടായിരുന്ന ജ്ഞാനമാണ് വെളിപ്പെടുന്നത്.

കന്യാത്വത്തിന് ഭംഗം വരാതെ മറിയം ദൈവപുത്രന്റെ അമ്മയായി. അവള്‍ അമലോല്‍ഭവയാണ്. അവളുടെ ഭര്‍ത്താവായ ജോസഫ്, നീതിമാനായ ജോസഫ് ആദ്യം അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തെങ്കിലും ഉന്നതത്തില്‍ നിന്ന് തനിക്ക് കിട്ടിയ ദിവ്യദര്‍ശനമനുസരിച്ച് അവളെ സ്വീകരിക്കുന്നു. ജോസഫിന് അറിയാമായിരുന്നു മറിയം കളങ്കമറ്റവളാണെന്ന്. അവള്‍ രക്ഷാകര പദ്ധതിയുടെ ഭാഗമായി ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവളാണെന്ന്.

ദൈവേഷ്ടത്തിന് മുന്‍പില്‍ താഴ്മയോടെ കൈകൂപ്പിയ മറിയത്തിന്റെ മാതൃക ഏറ്റവും കൂടുതല്‍ ഉള്‍ക്കൊള്ളേണ്ട ഒരു കാലഘട്ടത്തിലാണ് നമ്മള്‍. മതനേതാക്കളൊക്കെ അമലോല്‍ഭവ മാതാവിനെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. പിടിച്ചടക്കലുകളിലും, അടിച്ചമര്‍ത്തലുകളിലും ഊറ്റം കൊള്ളുന്നതെന്തിന്? ഞാന്‍ നിങ്ങളെ അറിയില്ലെന്ന് വിധിയാളന്‍ പറയാന്‍ ഇടവരാതിരിക്കാന്‍ കുറച്ചുകൂടി എളിമയിലും താഴ്മയിലും നമുക്ക് ആയിരിക്കാം. വിട്ടുകൊടുക്കലിന്റെ, ചേര്‍ത്തുപിടിക്കലിന്റെ ഒരു സംസ്‌കാരം ഉണരാന്‍ പരിശുദ്ധ അമലോല്‍ഭവ മാതാവ് നമ്മെ സഹായിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org