കുട്ടികളെ അമിതമായി പ്രഹരിച്ചാല്‍

കുട്ടികളെ അമിതമായി പ്രഹരിച്ചാല്‍

സി. ഡോ. പ്രീത CSN

സി. ഡോ. പ്രീത CSN
സി. ഡോ. പ്രീത CSN

കുട്ടികളെ അമിതമായി അടിച്ച് മര്യാദ പഠിപ്പിക്കാം എന്ന ധാരണ ഉപകാരത്തേക്കാള്‍ ഉപദ്രവം ഉണ്ടാക്കുന്നു. തല്ലി മര്യാദ പഠിപ്പിക്കാം എന്നത് ആരോഗ്യകരമായ സമീപനമല്ല. നിസാരതെറ്റുകള്‍ക്ക് അമിതമായി ശിക്ഷിക്കപ്പെടുന്ന കുട്ടികളില്‍ തെറ്റു തിരുത്തപ്പെടുക എന്നതിലുപരി ചില സ്വഭാവവൈകല്യങ്ങളിലേക്കും, അടിച്ചമര്‍ത്തപ്പെട്ട ദേഷ്യത്തിലേക്കും തിരിയുന്നു. മുതിര്‍ന്നവരോടുള്ള ദേഷ്യം കുട്ടികളോടു കാണിച്ച് കലിതീര്‍ക്കുമ്പോള്‍ കുഞ്ഞുമനസ്സുകള്‍ക്കാണ് മുറിവേല്ക്കുന്നത്. തിരിച്ച് പ്രതികരിക്കാന്‍ പേടിക്കുന്നു. നി സഹായരായ കുട്ടികള്‍ ദേഷ്യവും ഉത്കണ്ഠയും ഉള്ളിലൊതുക്കി അവര്‍ വളരുന്നതിനനുസരിച്ച്‌കോ പവികാരം പലരൂപത്തില്‍ പ്രകടമാക്കുന്നു.

കുട്ടികളെ അമിതമായി അടിക്കുമ്പോള്‍ അവര്‍ ആ ദേഷ്യം കൂടെ കളിക്കുന്ന കുട്ടികളിലേക്കും, കൂട്ടുകാരിലേക്കും തിരിച്ചു പ്രതികരിക്കുകയും നിസാരകാര്യത്തിന് പൊട്ടിത്തെറിക്കുകയും കലഹിക്കുകയും ക്ഷമയില്ലാതെ പെരുമാറുകയും ചെയ്യുന്നു. എപ്പോഴും കുറ്റം കണ്ടെത്തി ശിക്ഷിക്കപ്പെടുന്ന കുട്ടികള്‍ മാതാപിതാക്കളെ ഭയന്ന് അവരുടെ കാര്യങ്ങള്‍ ഒരിക്കലും തുറന്നുപറയാന്‍ മനസ്സു കാണിക്കുന്നില്ല. ഞാന്‍ ഒന്നിനും കൊള്ളാത്ത ആളാണെന്ന തീരുമാനത്തില്‍ എത്തുന്ന കുട്ടി ആത്മാഭിമാനത്തിലും ആത്മവിശ്വാസത്തിലും ആത്മധൈര്യത്തിലും വളരുന്നില്ല. നിരന്തരം ശിക്ഷിക്കപ്പെടുന്ന കുട്ടികള്‍ മാതാപിതാക്കളെ മാനിക്കാതെ സ്വന്തം താല്പര്യങ്ങളുടെ പുറകെപോകുകയും അവസരം കിട്ടിയാല്‍ മാതാപിതാക്കളെ വിട്ട് പോവുകയും ചെയ്യുന്നു.

അമിതശിക്ഷ ലഭിക്കുന്ന കുട്ടികള്‍ ചില സാഹചര്യങ്ങളില്‍ സാമൂഹ്യവിരുദ്ധമായി പെരുമാറാന്‍ തന്നെ സാധ്യതയുണ്ട്. നിസാരകാര്യങ്ങള്‍ക്ക് അക്ഷമരാകുകയും പഠനത്തില്‍ ശ്രദ്ധയില്ലാതെയും, താല്പര്യമില്ലാതെയും നടക്കുന്നു. ശൈശവത്തിലും ബാല്യത്തിലും ലഭിച്ച അമിതശിക്ഷകള്‍ കൗമാരത്തിലും യൗവനത്തിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അമിതശാസനയും അടിയും കുട്ടികള്‍ വലുതായാലും മറക്കാതെ മനസ്സില്‍ സൂക്ഷിച്ച് പ്രതികാരം ചെയ്യുന്നു. സ്ഥിരമായി വടികൊണ്ട് തല്ലി പരിശീലിപ്പിക്കുന്ന കുട്ടികളില്‍ നിന്ന് അടിസ്ഥാനപരമായി വലിയമാറ്റങ്ങള്‍ സംഭവിക്കാന്‍ ഇടയില്ല. മായാത്ത മുറിപ്പാടുകള്‍ കുട്ടികളുടെ മനസ്സില്‍ സൃഷ്ടിക്കുന്ന വിള്ളലുകള്‍ നികത്താനാകാതെ ജീവിതാന്ത്യംവരെ വേദനിച്ചും പരാതിപറഞ്ഞും അസ്വസ്ഥരാകുന്നു.

അമിതശിക്ഷണം നല്കുന്ന മാതാപിതാക്കളില്‍ പലരും കുട്ടികളെ മറ്റുള്ളവരുമായി ഇടപെടാനും കളിക്കാനും വിടാതെ വീട്ടില്‍ തന്നെ നിയന്ത്രിച്ച് നിര്‍ത്തുമ്പോള്‍ അവര്‍ സാമൂഹികസമ്പര്‍ക്കമില്ലാത്തവരായി മാറുന്നു. വളര്‍ന്നു വരുമ്പോള്‍ തങ്ങളെ ആരും തിരിച്ചറിയില്ല എന്ന തോന്നല്‍ എവിടെയും പോകുവാന്‍ അവരെ പ്രേരിപ്പിക്കുന്നു.

ദേഷ്യം വരുമ്പോള്‍ ആത്മവിശ്വാസം തകര്‍ക്കുന്ന വിധത്തില്‍ കുട്ടികളെ അടിക്കുന്ന മാതാപിതാക്കളുടെ മക്കള്‍ സ്‌നേഹവും കരുണയും അവര്‍ ആഗ്രഹിക്കുന്ന വിധത്തില്‍ ലഭിക്കാതെ വരുമ്പോള്‍ സുഹൃത്തുക്കളെ തേടിപ്പോകുന്നു. പ്രായത്തില്‍ കവിഞ്ഞ കൂട്ടുകാരെ കണ്ടെത്തുമ്പോള്‍ ഇവര്‍ പ്രായത്തിനടുത്ത പക്വതയിലേക്ക് വളരാതെ പല തെറ്റിലേക്കും വഴു തി വീഴുന്നു.

കുട്ടികള്‍ക്ക് മാതാപിതാക്കളോട് മാനസികഅടുപ്പം ഉണ്ടാകണം. ഒരു കുട്ടിയും കുറ്റവാളിയായി ജനിക്കുന്നില്ല. കുട്ടികള്‍ വളരുന്ന സാഹചര്യം അവരുടെ സ്വ ഭാവരൂപീകരണത്തില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ചെറിയ തെറ്റുകള്‍ക്ക് വലിയശിക്ഷ ലഭിക്കേണ്ടി വരുന്ന ചില കുട്ടികള്‍ കൗമാരപ്രായത്തിലെത്തുമ്പോഴേക്കും വ്യക്തിത്വവൈകല്യത്തിന്റെ ലക്ഷണങ്ങള്‍ കാട്ടുന്നു. അനുസരണക്കേട്, നുണപറച്ചില്‍. കട്ടെടുക്കല്‍ ഇവയെല്ലാം ചില ബാഹ്യപ്രകടനങ്ങളാണ്. വീട്ടില്‍ കാണിക്കുന്ന ഈ വൈകല്യങ്ങള്‍ തിരുത്തപ്പെടുന്നില്ല എങ്കില്‍ പുറത്തും ഇതേ പ്രവൃത്തി തുടരുന്നു. മാതാപിതാക്കള്‍ അവരുടെ ദേഷ്യപ്രകടനരീതിയില്‍ വ്യത്യാസം വരുത്തുന്നില്ലെങ്കില്‍ കുട്ടികളുടെ ഭാവിയെ ബാധിക്കും. മാതാപിതാക്കള്‍ ചെയ്യുന്ന പല കാര്യങ്ങളും കുട്ടികള്‍ കണ്ട് അനുകരിക്കുന്നു.

കുട്ടികള്‍ക്ക് ശിക്ഷണം നല്കുന്നതിനും തെറ്റ് ബോധ്യപ്പെടുത്തി ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നതിനും അടിയും അമിതവഴക്കും മാത്രമല്ല പരിഹാരമാര്‍ഗ്ഗം. കുട്ടികളെ മാനിക്കാനും അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ ക്ഷമയോടെ തിരുത്തുവാനും തയ്യാറാകുമ്പോള്‍ ആരോഗ്യകരമായ മാനസികവളര്‍ച്ചയിലൂടെ അവര്‍ അടുത്തഘട്ടത്തിലും നല്ലതും ശരിയായതും ചെയ്യാന്‍ പരിശ്രമിക്കുന്നു. അടിച്ചും അടക്കിയിരുത്തിയും, പൊട്ടിത്തെറിച്ചും ശിക്ഷണം നല്കിയാല്‍ മറ്റുള്ളവരുടെ മുമ്പില്‍ നിന്ന് സംസാരിക്കാനുള്ള അവരുടെ ആത്മവിശ്വാസം നഷ്ടമാകുന്നു. ഈ ഭയം അവരുടെ ഉയര്‍ച്ചയ്ക്ക് തടസ്സമാകുന്ന വിധത്തില്‍ ജോലിയിലും ജീവിതത്തിലും ആത്മധൈര്യക്കുറവും അപകര്‍ഷതയും അസ്വസ്ഥതകളും ഉണ്ടാകാന്‍ സധ്യതയുണ്ട്. അവരുടെ മുഖം കാണുന്നതിനുമുമ്പേ, ശബ്ദം കേള്‍ക്കുന്നതിനുമുമ്പേ, അവരുടെ ഗുണങ്ങള്‍ അറിയുന്നതിനുമുമ്പേ മാതാപിതാക്കള്‍ അവരെ സ്‌നേഹിച്ചതാണ്. തെറ്റുകള്‍ ഉണ്ടായാലും കുട്ടികളിലെ നന്മ കണ്ടെത്തി അവരെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് കഴിയട്ടെ.

പരിഹാരമാര്‍ഗ്ഗം

– മാതാപിതാക്കളുടെ മനസ്സിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്താതെ സമചിത്തതയോടെ പ്രശ്‌നങ്ങളെ നേരിടാനും തെറ്റു തിരുത്താനും കുട്ടികളെ സഹായിക്കുക.
– മറ്റുള്ളവരോടുള്ള ദേഷ്യം കുട്ടികളോട് തീര്‍ക്കരുത്.
– തെറ്റിന്റെ ഗൗരവവും അനന്തരഫലങ്ങളും പറഞ്ഞു മനസ്സിലാക്കി കൊടുത്ത് ശരിയായത് പ്രവര്‍ത്തിക്കാന്‍ പരിശീലിപ്പിക്കുക.
– അലറുന്നതിനും അടിക്കുന്നതിനും മുമ്പ് കുട്ടിയെ ശ്രവിക്കാന്‍ സമയം കണ്ടെത്തി സംസാരിക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org