മൈഗ്രെയ്ന്‍ (ചെന്നിക്കുത്ത്) എങ്ങനെ നേരിടാം?

മൈഗ്രെയ്ന്‍ (ചെന്നിക്കുത്ത്) എങ്ങനെ നേരിടാം?

ഭൂരിഭാഗം തലവേദനകളും അപകടകരമല്ല. പക്ഷെ അപകടകരമായ തലവേദനകളെക്കുറിച്ചും നാം അറിഞ്ഞിരിക്കണം

ഡോ. അരുണ്‍ ഉമ്മന്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോ സര്‍ജന്‍, വി.പി.എസ്. ലേക്‌ഷോര്‍ ഹോസ്പിറ്റല്‍

നമ്മില്‍, തലവേദന അനുഭവിക്കാത്ത ആരും ഉണ്ടാകില്ല. ചിലപ്പോള്‍ തലവേദന വളരെ കഠിനമായിരിക്കാം, വ്യക്തിക്ക് ഒരു ജോലിയും ചെയ്യാന്‍ കഴിഞ്ഞേക്കില്ല. അവര്‍ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ചിന്തിച്ചേക്കാം.

എന്നാല്‍ 98% തലവേദനകളും അപകടകരമായ തരത്തിലുള്ളവയല്ല, ശരിയായ രോഗനിര്‍ണയവും ചികിത്സയും ഉപയോഗിച്ച് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും എന്നതാണ് വസ്തുത.

തലവേദനയുടെ സാധാരണ കാരണങ്ങള്‍?

പിരിമുറുക്കം തലവേദന (80%)
മൈഗ്രെയ്ന്‍ (ചെന്നിക്കുത്ത്) (15%)
സൈനിസൈറ്റിസ് (Sinusitis)
ക്ലസ്റ്റര്‍ തലവേദന

അപകടകരമായ തലവേദനയുടെ സവിശേഷതകള്‍ എന്തൊക്കെയാണ്?

1. പുതിയതായി ആരംഭിച്ച തലവേദന: മൈഗ്രെയ്ന്‍ പോലെ ഇടവിട്ട് തലവേദന ഉണ്ടാകാത്ത ഒരാള്‍ക്ക് പെട്ടെന്ന് തലവേദനയുണ്ടെങ്കില്‍ അത് ഗൗരവമായി കാണണം.

2. തുടര്‍ച്ചയായി സാവധാനം വര്‍ദ്ധിക്കുന്ന തലവേദന: മൈഗ്രെയ്ന്‍ പോലുള്ള തലവേദന ഇടവിട്ടുള്ളതാണ്.

3. പെട്ടെന്നുള്ള കടുത്ത തലവേദന

4. Projectile: ഛര്‍ദ്ദി, Fits, ഒരു വശത്തെ ബലഹീനത, ബോധം നഷ്ടപ്പെടുക, കാഴ്ച നഷ്ടപ്പെടല്‍, പെരുമാറ്റ വ്യതിയാനങ്ങള്‍, നടക്കാന്‍ ബുദ്ധിമുട്ട്, കേള്‍വിക്കുറവ് തുടങ്ങിയ മറ്റ് ലക്ഷണങ്ങളുമായി ബന്ധപ്പെട്ട തലവേദന.

5. ലളിതമായ വേദന സംഹാരികളോട് പ്രതികരിക്കാത്ത തലവേദന

മൈഗ്രെയ്ന്‍ എന്ന ശത്രുവിനെ എങ്ങനെ നേരിടാം?

മൈഗ്രെയ്ന്‍ എന്നത് പലരുടെയും ഉറക്കം തന്നെ കെടുത്തുന്ന ഒരു ഭീകരസ്വപ്നമാണ്. എന്താണ് മൈഗ്രെയ്ന്‍ അല്ലെങ്കില്‍ ചെന്നിക്കുത്ത് എന്ന് നമുക്ക് നോക്കാം.

മൈഗ്രെയ്ന്‍ എന്നത് വിട്ടുമാറാത്ത ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ അല്ലെങ്കില്‍ ക്രമേക്കേട് എന്ന് വേണമെങ്കില്‍ പറയാം. തീവ്രത കുറഞ്ഞത് മുതല്‍ അതിതീവ്രമായ ആവര്‍ത്തന സ്വഭാവമുള്ള ഒരു തരം തലവേദനയായി ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. നെറ്റിത്തടത്തില്‍ അസഹനീയമായി തുടങ്ങുന്ന വിങ്ങലോടുകൂടെയാണ് മൈഗ്രെയ്ന്‍ ആരംഭിക്കുന്നത്. എന്നാല്‍ പിന്നീടത് വളരെ നേരത്തേക്ക് നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. വേദനയോടപ്പം തന്നെ മനംപുരട്ടല്‍ തുടങ്ങി ഛര്‍ദ്ദി വരെ വന്നേക്കാം. നിരവധി ഡോക്ടര്‍മാരെ മാറി മാറി കണ്ടാലും വിവിധയിനം മരുന്നുകള്‍ മാറി മാറി എടുത്താലും തത്കാലത്തേക്ക് ഒരു ആശ്വാസം എന്നതില്‍ ഉപരിയായി പൂര്‍ണമായ വിടുതല്‍ ലഭിക്കുവാനുള്ള സാധ്യത കുറവാണ്.

തലയുടെ CT/MRI Scan എടുത്ത് നോക്കിയാല്‍ അസാധാരണമായി ഒന്നും കാണില്ല.

ഇത്ര അസഹനീയമായ വേദന കാരണം പലര്‍ക്കും ജോലിയില്‍ നിന്നും ഇടയ്ക്കിടെ അവധി എടുക്കേണ്ടതായി പോലും വരുന്നു.

ആഗോളതലത്തില്‍ നോക്കുകയാണെങ്കില്‍, ജനസംഖ്യയുടെ 15% ആളുകളില്‍ ജീവിതത്തിന്റെ പല കാലഘട്ടങ്ങളില്‍ ആയി മൈ ഗ്രെയ്ന്‍ അനുഭവപ്പെട്ടതായി പഠനങ്ങള്‍ പറയുന്നു.

സാധാരണയായി ഈ തലവേദന തലയുടെ പകുതിഭാഗത്തെ ബാധിക്കുന്നു. വിങ്ങലോടു കൂടിയ തലവേദന ഏകദേശം 2 മുതല്‍ 72 മണിക്കൂര്‍ വരെ നീണ്ടു നിന്നേക്കാം. ഇതിനോട് അനുബന്ധിച്ചു മനംപുരട്ടല്‍, ഛര്‍ദ്ദി, വെളിച്ചം/ ശബ്ദം/ചിലതരം ഗന്ധം എന്നിവയോടുള്ള അസഹിഷ്ണുത എന്നിവയും ഉണ്ടാവുന്നു. ശാരീരിക ആയാസം കൊണ്ട് വേദന വര്‍ദ്ധിക്കുന്നതായാണ് അനുഭവപ്പെടുന്നത്. മൂന്നില്‍ ഒരു വിഭാഗം ആളുകള്‍ക്കും മൈഗ്രെയ്ന്‍ തുടങ്ങുന്നതിനു മുന്‍പായി aura അല്ലെങ്കില്‍ ഒരുതരം പ്രഭാവലയം കാണുന്നതായി അനുഭവപ്പെടാറുണ്ട്. വളരെ ക്ഷണികമായ ഒരു തരം വിഷ്വല്‍ സെന്‍സറി പ്രതിഭാസം അല്ലെങ്കില്‍ മോട്ടോര്‍ അസ്വാസ്ഥ്യമായാണ് മെഡിക്കല്‍ ലോകം ഓറയെ വിശേഷിപ്പിക്കുന്നത്.

തലവേദന ആരംഭിക്കുന്നതിനു മുന്‍പുള്ള ഒരു സിഗ്‌നല്‍ അല്ലെങ്കില്‍ സൂചനയായും ഇതിനെ കാണാവുന്നതാണ്.

എന്താണ് മൈഗ്രെയ്ന്‍ എന്ന് നമുക്കൊന്ന് വിശകലനം ചെയ്യാം

മൈഗ്രെയ്ന്‍ എന്ന് പറയുന്നത് പാരിസ്ഥിതികവും ജനിതകവുമായ ഘടകങ്ങളുടെ ഒരു മിശ്രണമായാണ് കരുതുന്നത്. മൂന്നില്‍ രണ്ടു ഭാഗം അവസ്ഥകളും പാരമ്പര്യവുമായി ബന്ധപ്പെട്ടതാണ്. അതായതു തലമുറതോറും കാണാവുന്നതാണ്. ഹോര്‍മോണുകളില്‍ വരുന്ന വ്യതിയാനവും ചില സമയങ്ങളില്‍ വില്ലന്‍ ആയേക്കാം. ഈ കാരണത്താല്‍ കൗമാരപ്രായത്തിനു മുന്‍പ് പെണ്‍കുട്ടികളെക്കാളും അധികമായി ആണ്‍കുട്ടികളില്‍ ആണ് മൈഗ്രെയ്ന്‍ കണ്ടുവരുന്നത്. എന്നാല്‍ പ്രായമാവുമ്പോള്‍ 23 ഇരട്ടിവരെ സ്ത്രീകളില്‍ മൈഗ്രെയ്ന്‍ ഉണ്ടാവുന്നു. എന്നാല്‍ ഗര്‍ഭകാലത്തോട് അനുബന്ധിച്ചു മൈഗ്രെയ്ന്‍ വരുന്നതിന്റെ സാധ്യത കാര്യമായിത്തന്നെ കുറയുന്നു. മൈഗ്രെയ്‌നിന്റെ കൃത്യമായ പ്രവര്‍ത്തനരീതി അത്രതന്നെ അറിവുള്ളതല്ലെങ്കിലും ഇതിനെയൊരു Neurovascular Disorder ആയാണ് മെഡിക്കല്‍ ലോകം വീക്ഷിക്കുന്നത്.

Cerebral Cortex ന്റെ വര്‍ദ്ധിച്ച ഉത്തേജനവും അതോടൊപ്പം തന്നെ Pain  ന്യൂറോണുകളുടെ അസാധാരണ നിയന്ത്ര ണവുമാണ് മേല്‍പ്പറഞ്ഞ Neurovascular Disorder നു കാരണമായി ഭവിക്കുന്നത്.

ഇതിന്റെ ചികിത്സ എങ്ങനെയാണെന്ന് നമുക്ക് നോക്കാം

പ്രധാനമായും ചികിത്സയുടെ മൂന്നു വശങ്ങളാണ് ഉള്ളത്. മൈഗ്രെയ്ന്‍ ഉണ്ടാവാന്‍ പ്രേരിപ്പിക്കുന്നത് എന്താണോ അത് ഒഴിവാക്കു ക, നിശിത രോഗലക്ഷണ നിയന്ത്രണം (acute symptomatic control) മരുന്നുകള്‍ കൊണ്ടുള്ള പ്രതിരോധം (pharmacological prevention) എന്നിവയാണ് മൂന്നു വശങ്ങള്‍.

മൈഗ്രെയ്ന്‍ നിയന്ത്രണത്തിന്റെ വിജയം എന്ന് പറയുന്നത് എന്തുകാരണം കൊണ്ടാണോ മൈഗ്രെയ്ന്‍ ഉണ്ടാവുന്നത് ആ പ്രേര കശക്തിയെ ശരിയായിതന്നെ തിരിച്ചറിഞ്ഞ് അതിനു വേണ്ടുന്ന അനുയോജ്യമായ മരുന്നുകള്‍ കര്‍ശനമായ വൈദ്യോപദേശപ്രകാരം എടുക്കുക എന്നതാണ്. കര്‍ശനമായ വൈദ്യോപദേശപ്രകാരം എടുക്കുക എന്നത് അടിവരയിട്ടു തന്നെ ചെയ്യേണ്ട വസ്തുതയാണ്. രോഗചികിത്സയോടുള്ള പ്രതികരണം വ്യക്തികളില്‍ തികച്ചും വ്യത്യസ്തപ്പെട്ടിരിക്കും.

വേദനയുടെ ആരംഭത്തില്‍ തന്നെ മരുന്ന് എടുക്കുമ്പോഴാണ് ഏറ്റവും ഫലസിദ്ധി പ്രാപ്തമാവുന്നത്. പ്രാരംഭ നിയന്ത്രണത്തിന്റെ ഭാഗമായി തലവേദനയ്ക്ക് ലളിതമായ വേദനസംഹാരികള്‍ കഴിക്കാവുന്നതാണ്. എന്നാല്‍ ചില വ്യക്തികളില്‍ ഇവ അത്രതന്നെ ഫലം കാണിക്കാതെ വരുമ്പോള്‍ ചില പ്രത്യേക മരുന്നുകള്‍ എടുക്കാവുന്നവയാണ്.

അതോടൊപ്പം തന്നെ ഛര്‍ദ്ദി ഒഴിവാക്കാനുള്ള മരുന്നുകളും എടുക്കാവുന്നതാണ്. പക്ഷെ എല്ലാറ്റിനും ഉപരിയായി എന്ത് കാരണമാണോ മൈഗ്രെയ്ന്‍ ഉണ്ടാക്കുന്നത്, ആ കാരണത്തെ കണ്ടുപിടിച്ചു ഒഴിവാക്കുക എന്നതാണ് പരമ പ്രധാനം.

സാധാരണയായി മൈഗ്രെയ്ന്‍ ട്രിഗര്‍ ചെയ്യുന്ന ഘടകങ്ങള്‍ താഴെ പറയുന്നവയാണ്

♦  വിശപ്പ്
♦  ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദങ്ങള്‍
♦  അതിക്ഷീണം
♦  ആര്‍ത്തവം
♦  Perimenopausal period (menopause നോട് അടുപ്പിച്ചു വരുന്ന സമയം)
♦  Menarche (ആദ്യത്തെ ആര്‍ത്തവം ഒരു പെണ്‍കുട്ടി വയസ്സറിയിക്കുന്ന സമയം)
♦  Menopause
♦  ഗര്‍ഭനിരോധന മരുന്നുകളുടെ ഉപയോഗം
♦  ഗര്‍ഭധാരണം
♦  ചില ഭക്ഷണരീതികള്‍
♦  വീടിനകത്തുള്ള വെളിച്ചത്തിന്റെയും വായുവിന്റെയും ഗുണനിലവാരം
♦  സൂര്യപ്രകാശം.
♦  ചില രൂക്ഷഗന്ധങ്ങളുടെ സാന്നിധ്യം, ചില ശബ്ദങ്ങള്‍ തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവ കാരണമായി ഭവിച്ചേക്കാം.

പ്രതിരോധ ചികിത്സാവിധികളില്‍ മരുന്നിനോടൊപ്പം തന്നെ ജീവിതശൈലിയിലും കുറച്ചൊക്കെ മാറ്റങ്ങള്‍ വരുത്തേണ്ടതായുണ്ട്.
മൈഗ്രെയ്ന്‍ പ്രതിരോധ മരുന്നുകളുടെ ലക്ഷ്യം എന്ന് പറയുന്നത് മൈഗ്രെയ്‌ന്റെ ആവര്‍ത്തനം, വേദന, ഇടവേളകള്‍ എന്നിവ കുറയ്ക്കുക എന്നതാണ്. അതിനോടൊപ്പം തന്നെ മൈഗ്രെയ്ന്‍ ചികിത്സാരീതികളെ കൂടുതല്‍ ഫലവത്താക്കുക എന്നതും കൂടെ യാണ്.

മൈഗ്രെയ്ന്‍ പ്രതിരോധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മരുന്നുകളുടെ അമിതമായ ഉപയോഗം മൂലമുള്ള തലവേദന തടയുക എന്നതും കൂടെയാണ്. ഇത് വളരെ സര്‍വ്വസാധാരണമായ ഒരു അവസ്ഥയാണ്. മൈഗ്രെയ്ന്‍ അനുഭവിക്കുന്ന വ്യക്തി ചില പ്പോഴൊക്കെ മരുന്നുകള്‍ അമിതമായി ഉപയോഗിച്ചെന്ന് വരാം. ഇതുമൂലം തലവേദനകള്‍ തീവ്രമാവുകയും അവയുടെ ആവര്‍ത്ത നം കൂടിക്കൂടി വരികയും ചെയ്യുന്നു. ഇത് കൂടുതലായും സംഭവിക്കുന്നത് Triptans, Ergotamines, Analgesics (പ്രധാനമായും narcotic analgesics) എന്നിവയില്‍ അമിതമായി ആശ്രയിക്കുമ്പോഴാണ്.

ഈ കാരണങ്ങള്‍ കൊണ്ട് വളരെ ലളിതമായ വേദനസംഹാരികള്‍ ആണ് ശുപാര്‍ശ ചെയ്യപ്പെടുന്നത്. അതും ഒരാഴ്ചയില്‍ മൂന്നു തവണയില്‍ താഴെ മാത്രം എടുക്കുന്ന രീതിയിലും ആണ്. ആര്‍ത്തവത്തോടനുബന്ധിച്ചു വരുന്ന മൈഗ്രെയ്ന്‍ തടയാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന മരുന്നുണ്ട്.

Prophylactic Medication-കളുടെ ഉപയോഗം വളരെ ചെറിയ ഡോസില്‍ തുടങ്ങി മെല്ലെയാണ് കൂട്ടുന്നത്. ഇവയുടെ ഉപയോഗ ദൈര്‍ഘ്യം എന്ന് പറയുന്നത് 36 മാസം വരെയാണ്.

മൈഗ്രെയ്ന്‍ പ്രതിരോധത്തിന് മരുന്നുകള്‍ സഹായിക്കും. അതോടൊപ്പം Accupuncture, Chiropractic Manipulation, Physiotherapy, Massage & Relaxation സഹായിക്കുന്നു.

മൈഗ്രെയ്ന്‍ പ്രതിരോധിക്കുന്ന മരുന്നുകളുടെ അമിത ഉപയോഗം മൂലം സംഭവിക്കുന്ന ദൂഷ്യഫലങ്ങള്‍ അധികമായി സംഭവിക്കുമ്പോള്‍ Biofeedback, Neurostimulators എന്നീ മെഡിക്കല്‍ ഡിവൈസുകളുടെ സഹായം തേടാവുന്നതാണ്.

ഓര്‍ക്കുക, തലവേദനയ്ക്കുള്ള കാരണം കണ്ടെത്തി അതിനനുസരിച്ച് ചികിത്സിക്കുന്നത് തികച്ചും അനിവാര്യമാണ്.
ഏതൊരു രോഗവും പോലെ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ചികിത്സയും ജീവിതശൈലിയില്‍ വരുത്തേണ്ട ചില മാറ്റങ്ങളും കൊണ്ട് ഒരു പരിധിവരെ മൈഗ്രെയ്ന്‍ എന്ന ശത്രുവിനെ അകറ്റി നിര്‍ത്താവു ന്നതാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org