
പന്ത്രണ്ടില്‍ (ഒരു മലയാള സിനിമ) നായകന്‍ പറയുന്നപോലെ 'ഇവിടുത്തെ വീടുകള്‍ക്കൊക്കെ പുറത്ത് നല്ല കളറാണല്ലോ.'
അച്ചാ, എനിക്കൊന്നു സംസാരിക്കണം എന്ന ആവശ്യവുമായി പലരും വന്നിട്ടുണ്ടെങ്കിലും എല്ലാവരെയും കേട്ടിരിക്കുവാന്‍ എനിക്ക് സാധിച്ചിട്ടില്ല. ആവശ്യത്തിനുള്ള തിരക്കും, ആവശ്യമില്ലാത്ത തിരക്കും, ഞാന്‍ ഇപ്പോഴും തിരക്കിലായിരുന്നു. അകറ്റിയവരുടെയും ഒഴിവാക്കിയവരുടെയുമൊക്കെ ലിസ്റ്റില്‍ വീട്ടുകാരുംപെടും എന്ന് ചിലപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്. ചിലപ്പോഴൊക്കെ നാം കേള്‍വിക്കാരനായേ മതിയാകൂ. മാതാപിതാക്കള്‍ മക്കളെ കേള്‍ക്കാന്‍ തയ്യാറാകണം, മക്കള്‍ മാതാപിതാക്കളെ കേള്‍ക്കാന്‍ തയ്യാറാകണം.
പുറത്തുനിന്നു നോക്കിയാല്‍ എത്ര മനോഹരമാണ് നമ്മുടെയൊക്കെ ഭവനങ്ങള്‍. പന്ത്രണ്ടില്‍ (ഒരു മലയാള സിനിമ) നായകന്‍ പറയുന്ന പോലെ 'ഇവിടുത്തെ വീടുകള്‍ക്കൊക്കെ പുറത്ത് നല്ല കളറാണല്ലോ.'
ഇടവകപ്പള്ളിയിലെ സിസ്റ്റര്‍മാര്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം ഭവന സന്ദര്‍ശനം പതിവായിരുന്നു. ഈ പതിവിന്റെ ഭാഗമായിതന്നെയാണ് അവര്‍ അവിടെ ചെന്നതും. 'എത്ര മനോഹരമായാണ് വീടുപണിതിരിക്കുന്നത്. കാശിന്റെ ഒരു ജാടയും ഇവിടുള്ളവര്‍ക്കില്ല കേട്ടോ' വീട്ടുകാര്‍ക്കുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് മരിയ സിസ്റ്ററായിരുന്നു.
'ആ അതെയതെ' ഷെറിന്‍ സിസ്റ്ററും മരിയ സിസ്റ്ററിനെ ശരിവച്ചു. ചായയും പലഹാരങ്ങളുമായി എല്ലാവരും വട്ടംകൂടി. ഇതുപോലൊരു സ്വാഗതം ഇതുവരെ കിട്ടിയിട്ടില്ല എന്ന ഓര്‍മ്മ അവരുടെ കണ്ണുകളെ ഈറനണിയിച്ചു. അടുക്കളയുടെ കട്ടിളപ്പടിയില്‍ നിന്നുകൊണ്ട് കുശലമന്വേഷിക്കുന്നതിനിടയില്‍ പുറത്ത് ഒരു ചെറിയ ചായ്പ്പ് മരിയ സിസ്റ്ററിന്റെ ശ്രദ്ധയില്‍പ്പെട്ടു. 'ഓ ഇത് നിങ്ങളുടെ പഴയ വീടായിരുന്നു അല്ലേ' എന്നു ചോദിച്ച് ഇറങ്ങാന്‍ തുനിഞ്ഞ സിസ്റ്ററിനെ 'അതു മുഴുവന്‍ വൃത്തികേടായി കിടക്കുവാന്നെ ഞങ്ങള്‍ അങ്ങോട്ടൊന്നും പോകാറില്ല' എന്നു പറഞ്ഞ് വീട്ടമ്മ തടഞ്ഞു. 'അവിടെയെന്തോ അനങ്ങുന്നുണ്ടല്ലോ! അയ്യോ അല്ല അവിടാരോ കിടപ്പുണ്ടല്ലോ? തടഞ്ഞ കൈ തട്ടിമാറ്റി സിസ്റ്റര്‍ ഓടി. ഓടിക്കിതച്ച് ചെന്നപ്പോള്‍ കണ്ടത്,
ഒരു പഴന്തുണിക്കെട്ട്, ദുര്‍ഗന്ധം വമിക്കുന്ന ഒരു പഴന്തുണിക്കെട്ട്. ആ വീടിന്റെ വിളക്കായിരുന്ന അമ്മ വാര്‍ധക്യത്തിന്റെ ചുളിവുകള്‍ വീണപ്പോള്‍, കറിവേപ്പിലയായി വലിച്ചെറിയപ്പെട്ട അമ്മ.
'പുറത്തുനിന്നു നോക്കുമ്പോള്‍ ഇവിടുത്തെ വീടുകള്‍ക്കൊക്കെ നല്ല കളറാണല്ലോ.'
ഒരു ഞായറാഴ്ച പ്രസംഗത്തില്‍ പറഞ്ഞ കഥയാണ്. പ്രസംഗം കഴിഞ്ഞ് പള്ളിമുറ്റത്തേക്കിറങ്ങിയപ്പോള്‍ ഒരു സഹോദരി വന്നുപറഞ്ഞു, അച്ചാ ഒന്ന് സംസാരിക്കണം. 'അച്ചാ, എനിക്കെന്റെ അപ്പയെ സ്‌നേഹിക്കാന്‍ സാധിക്കുന്നില്ല. എന്നെ ഒരിക്കലും സ്‌നേഹിച്ചിട്ടില്ലാത്ത, എന്നെ ഒരിക്കലും കേള്‍ക്കുവാന്‍ മനസ്സു കാണിച്ചിട്ടില്ലാത്ത ഒരു മനുഷ്യനാണ് എന്റെ അപ്പ. എനിക്കുവേണ്ടി ഒന്നും ആ മനുഷ്യന്‍ ചെയ്തിട്ടില്ല, എന്റെ ഓര്‍മ്മയില്‍ ഒരു കുഞ്ഞുടുപ്പുപോലും വാങ്ങിച്ചുതന്നിട്ടില്ല. എന്റെ വിശപ്പുമാറ്റാന്‍ അമ്മ കിടന്നുകഷ്ടപ്പെട്ടതൊക്കെ ഇന്നും ഓര്‍മ്മയിലുണ്ട്. എന്റെ അമ്മ വിയര്‍പ്പൊഴുക്കി മുണ്ടു മുറുക്കിയുടുത്ത് എന്നെ ഊട്ടി.'
'അച്ചാ അച്ചന്റെ പ്രസംഗം നന്നായിരുന്നു' അല്‍പ്പം ദേഷ്യത്തോടെ തുടര്‍ന്നു. 'ഇനി എന്നാണച്ചാ മക്കളെ കേള്‍ക്കുന്ന, മക്കളെ മനസ്സിലാക്കുന്ന, നല്ല മാതാപിതാക്കളെ നമ്മുടെ കുടുംബങ്ങള്‍ക്കുവേണം എന്ന് ഈ വചനപീഠത്തില്‍ മുഴങ്ങി കേള്‍ക്കുക. മാതാപിതാക്കളെ പൊന്നുപോലെ നോക്കുന്ന മക്കളെ വാര്‍ത്തെടുക്കുന്ന തിരക്കില്‍, കൊട്ടാരതുല്യമായ വീടുകളില്‍ വീര്‍പ്പുമുട്ടി കഴിഞ്ഞുകൂടുന്ന എന്നെപ്പോലുള്ളവര്‍ക്കു വേണ്ടി ഈ വചനപീഠത്തില്‍ എന്നാണ് ശബ്ദമുയരുക.'
'മരിക്കാന്‍ കുരുക്കിട്ടു തന്നത് എന്റെ അച്ഛനാണ്. എന്റെ അമ്മയെ രണ്ടു സെക്കന്‍ഡ് കാണാതിരുന്നാല്‍ ഞാന്‍ പേടിക്കും. അയ്യോ എന്റെ അമ്മയെ കൊന്നിട്ടുണ്ടാകുമോ, കൊന്നു കുഴിച്ചിട്ടിട്ടുണ്ടാകുമോ. അമ്മ ഇട്ടിരുന്ന അണ്ടര്‍ സ്‌കര്‍ട്ട് കീറിത്തന്നിട്ടുണ്ട് എനിക്ക് സാനിറ്ററിപ്പാട് ഇല്ലാത്തതുകൊണ്ട്.' (ഗ്ലാമിഗംഗ@ജോഷ്‌ടോക്ക്)
ശരിയാണ് നാമെപ്പോഴും മാതാ പിതാക്കളെ പൊന്നുപൊലെ നോക്കുന്ന മക്കളെ വാര്‍ത്തെടുക്കാനാണ് ശ്രമിക്കാറുള്ളത്. മക്കളെ മനസ്സിലാക്കുന്ന മാതാപിതാക്കള്‍ നമുക്കിടയില്‍ കുറഞ്ഞുവരുന്നുണ്ടോ എന്നൊരു തോന്നലില്ലാതില്ല. നമുക്ക് പ്രാര്‍ത്ഥിക്കാം അല്ലെങ്കില്‍ ആഗ്രഹിക്കാം, അല്ലാതെ വാശി പിടിക്കരുത്, ക്രൂരതകളെല്ലാം മറന്ന് മക്കള്‍ മാതാപിതാക്കളുടെ വാര്‍ധക്യത്തില്‍ അവരെ പൊന്നുപോലെ നോക്കണമെന്ന്.
ആരും ആരെയും ഉപേക്ഷിക്കരുത്. ഉപേക്ഷ അത് ആരു ചെയ്താലും, മക്കള്‍ ചെയ്താലും മാതാപിതാക്കള്‍ ചെയ്താലും അത് പാപമാണ്. പുറംമോടിയുള്ള നല്ല ചന്തമുള്ള വീടുകളല്ല, സുരക്ഷിതത്വവും സ്‌നേഹവും നിറഞ്ഞ കുടുംബങ്ങളാണ് നമുക്കിന്നു വേണ്ടത് മക്കള്‍ക്ക് സുരക്ഷിതത്വം ലഭിക്കുമ്പോഴാണ് വീട് വീടാകുന്നത്, വീട് തിരികെയെത്താനുള്ള ഒരിടമായി മാറുന്നത്.