ഔഷധഗുണം നിറഞ്ഞ ഇഞ്ചി

ഔഷധഗുണം നിറഞ്ഞ ഇഞ്ചി
Published on

നിരവധി ഔഷധഗുണങ്ങളുടെ ഉറവിടമാണ് ഇഞ്ചി. ജ്വരകാസങ്ങളെ ശമിപ്പിക്കുകയും ആമാശയത്തിന്‍റെയും കുടലിന്‍ യും പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ്. നല്ല ദഹനം ഉണ്ടാക്കുന്നതാണ് ഇഞ്ചി. ഇഞ്ചികൊണ്ട് ഉണ്ടാക്കിയെടുക്കുന്ന അച്ചാര്‍, ചമ്മന്തി എന്നിവ ദഹനത്തിനും വയറ്റിലുണ്ടാകുന്ന പല അസുഖങ്ങള്‍ക്കും നല്ലതാണ്. ഇഞ്ചിയില്‍ നിന്നെടുക്കുന്ന രസം പല മരുന്ന് മിശ്രിതങ്ങളിലും ഉപയോഗിക്കാറുണ്ട്. ഇഞ്ചിയില്‍ ഒരുതരം വോലറ്റിയന്‍ ഓയിലും, ഇഞ്ചിറിന്‍ അഥവാ ജിഞ്ചറോളും ഉണ്ട്. ഇഞ്ചിയില്‍നിന്നും സിറപ്പ് സിഞ്ചിബറീസ്, ടിങ് ചര്‍-സിഞ്ചിബറിസ് എന്നീ സത്തുകള്‍ എടുത്തുവരുന്നു. പലവിധ രോഗങ്ങള്‍ക്കു പ്രതിവിധിയായി ഇഞ്ചി ഉപയോഗിക്കാറുണ്ട്. നാരങ്ങാനീരില്‍ അല്പം ഇഞ്ചിനീരു വെള്ളത്തില്‍ ചേര്‍ത്തു തേനും ചേര്‍ത്തു കഴിച്ചാല്‍ ദാഹം, ക്ഷീണം ഇവ വളരെ വേഗത്തില്‍ മാറിക്കിട്ടും.

ഇഞ്ചി – ഛര്‍ദ്ദി, കഫം, വാതം, വായ്മുട്ട്, ചുമ, ഗ്രഹണി, ഇക്കിള്‍, മഹോദരം, ഇവ മാറ്റും, രുചിയെ വര്‍ദ്ധിപ്പിക്കും. ഹൃദയപ്രസാദമുണ്ടാക്കും. ജ്വരത്തെ ശമിപ്പിക്കുകയും ചെയ്യും. ഇഞ്ചിമിഠായി ഉള്‍പ്പെടെ ഇഞ്ചിയില്‍ നിന്നും തയ്യാറാക്കുന്ന പല ഉത്പന്നങ്ങളും ഇന്നു മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇഞ്ചി അച്ചാര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്കു വിപണിയിലും നല്ല ഡിമാന്‍റുണ്ട്.

ഇഞ്ചി പ്രത്യേക രീതിയില്‍ ഉണക്കിയെടുത്താല്‍ ചുക്കായി. ചുക്കിനും ഒട്ടനവധി ഔഷധഗുണങ്ങളുണ്ട്. ചുക്ക് ചേരാത്ത കഷായം തന്നെ ഇല്ലെന്നു പറയാം. പനിക്കും ജലദോഷത്തിനും കഫക്കെട്ടിനുമെല്ലാം ഒന്നാന്തരമാണു ചുക്ക് കാപ്പി. ഇഞ്ചിസത്ത്, ഇഞ്ചി ഒലിയോറെസിന്‍, ഇഞ്ചിഎണ്ണ എന്നിവ ഉണ്ടാക്കാന്‍ വിദേശരാജ്യങ്ങളില്‍ ഇഞ്ചി ധാരാളമായി ഉപയോഗിച്ചുവരുന്നു.

ലഘുപാനീയങ്ങള്‍ ഉണ്ടാക്കുവാനും ഔഷധനിര്‍മാണ ആവശ്യത്തിനും സ്വാദ് വര്‍ദ്ധിപ്പിക്കുവാനും ഉപ്പിലിടാനും പഞ്ചസാര ചേര്‍ത്തു സംഭരിച്ചുവയ്ക്കാനുമെല്ലാം നമ്മുടെ ഇഞ്ചി അനുയോജ്യമാണ്. അല്പം ഇഞ്ചിയും ശര്‍ക്കരയും യോജിപ്പിച്ചു കഴിച്ചാല്‍ ഒച്ചയടപ്പു മാറാന്‍ ഉപകരിക്കും. വിട്ടുവളപ്പിലെ കൃഷിയിടത്തില്‍ ഇഞ്ചിക്കുംകൂടി സ്ഥാനം നല്കണം. പ്ലാസ്റ്റിക് ചാക്കുകളില്‍ മണ്ണും ചാണകപ്പൊടിയും കമ്പോസ്റ്റും ചേര്‍ത്തു നിറച്ച് അതില്‍ ഇഞ്ചിവിത്ത് (വിത്തിഞ്ചി) നട്ടുവളര്‍ത്താം. സ്ഥലസൗകര്യം കുറഞ്ഞവര്‍ക്കും ഈ രീതി ഏറെ ഗുണം ചെയ്യും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org