കുടുംബം ബലഹീനരെ സ്വീകരിക്കുന്നു, സമൂഹത്തെ ഊഷ്മളമാക്കുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ
ഒരു പുരുഷനും സ്ത്രീയും പ്രണയത്തിലാകുമ്പോഴെല്ലാം ദൈവം അവര്‍ക്ക് ഒരു സമ്മാനം വാഗ്ദാനം ചെയ്യുന്നു; വിവാഹമാണ് ആ സമ്മാനം! ഇത് ദൈവസ്‌നേഹത്തിന്റെ ശക്തി ഉള്‍ക്കൊള്ളുന്ന ഒരു അത്ഭുതകരമായ സമ്മാനമാണ്: കരുത്തുറ്റ, സഹിഷ്ണുതയുള്ള, വിശ്വസ്തമായ, ഓരോ പരാജയത്തിനും അല്ലെങ്കില്‍ ബലഹീനതയുടെ നിമിഷത്തിനും ശേഷം വീണ്ടും എണീല്‍ക്കാന്‍ സന്നദ്ധമാക്കുന്ന സമ്മാനം. വിവാഹം നിങ്ങള്‍ കടന്നുപോകുന്ന ഒരു ഔപചാരികതയല്ല. നിങ്ങള്‍ വിവാഹം കഴിക്കുന്നത് കത്തോലിക്കാ സഭയില്‍ ഔദ്യോഗികമായി അംഗത്വമുള്ളവരായിരിക്കാനോ, ഒരു നിയമം അനുസരിക്കാനോ, അല്ലെങ്കില്‍ സഭ നിങ്ങളോട് പറയുന്നതുകൊണ്ടോ, അല്ലെങ്കില്‍ ഒരു സദ്യ നടത്താനോ വേണ്ടിയല്ല... അല്ല, നിങ്ങള്‍ വിവാഹം കഴിക്കുന്നത് ക്രിസ്തുസ്‌നേഹത്തില്‍ നിങ്ങളുടെ ദാമ്പത്യം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ്. പാറപോലെ ഉറച്ച ക്രിസ്തുവിന്റെ സ്‌നേഹത്തില്‍. ദാമ്പത്യത്തില്‍, ക്രിസ്തു തന്നെത്തന്നെ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു, അങ്ങനെ നിങ്ങള്‍ പരസ്പരം നല്‍കാനുള്ള ശക്തി കണ്ടെത്തും. അതിനാല്‍ ധൈര്യപ്പെടുക: കുടുംബജീവിതം ഒരു 'അസാധ്യദൗത്യമല്ല'! കൂദാശയുടെ കൃപയാല്‍, ദൈവം അതിനെ വിസ്മയകരമായ ഒരു യാത്രയാക്കുന്നു, അവനോടു കൂടി ഏറ്റെടുക്കുന്ന യാത്രയാണത്, ഒരിക്കലും നാമതില്‍ തനിച്ചാകുകയുമില്ല. കുടുംബം എന്നത് യഥാര്‍ത്ഥത്തില്‍ നേടിയെടുക്കാന്‍ കഴിയാത്ത ഒരു ഉന്നതമായ ആദര്‍ശമല്ല. നിങ്ങളുടെ വിവാഹദിനത്തില്‍ മാത്രമല്ല, നിങ്ങളുടെ ജീവിതകാലം മുഴുവന്‍ നിങ്ങളുടെ വിവാഹത്തിലും കുടുംബത്തിലും ദൈവം തന്റെ സാന്നിധ്യം ഉറപ്പുനല്‍കുന്നു. നിങ്ങളുടെ യാത്രയുടെ എല്ലാ നാളുകളിലും അവന്‍ നിങ്ങളെ പിന്തുണയ്ക്കുന്നു.
ക്ഷമ എല്ലാ മുറിവുകളും സുഖപ്പെടുത്തുന്നു. നാം അവനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമ്പോഴെല്ലാം, അവനിലേക്ക് തിരിയുമ്പോഴെല്ലാം ദമ്പതികള്‍ക്കും മുഴുവന്‍ കുടുംബങ്ങള്‍ക്കും ക്രിസ്തു ചൊരിയുന്ന കൃപയില്‍ നിന്ന് ലഭിക്കുന്ന ഒരു സമ്മാനമാണ് ക്ഷമ. ചെറുപ്പക്കാര്‍, അവര്‍ ശൈശവാവസ്ഥയില്‍ നിന്ന് ഉയര്‍ന്നുവരുമ്പോള്‍, തങ്ങളുടെ മാതാപിതാക്കള്‍ 'സൂപ്പര്‍ഹീറോകള്‍' അല്ലെന്ന് മനസ്സിലാക്കാന്‍ തുടങ്ങുന്നു; അവര്‍ സര്‍വശക്തരല്ല, പരിപൂര്‍ണരല്ല. ക്ഷമ യാചിക്കാനുള്ള വിനയവും വീഴ്ചയ്ക്കു ശേഷം വീണ്ടുമെഴുന്നേല്‍ക്കാന്‍ ദൈവം നല്‍കിയ ശക്തിയും നിങ്ങളില്‍ അവര്‍ കാണട്ടെ. ഇത് കുട്ടികള്‍ക്ക് ശരിക്കും ആവശ്യമുള്ള കാര്യമാണ് കാരണം അവരും ജീവിതത്തില്‍ തെറ്റുകള്‍ വരുത്തുകയും അവരും പൂര്‍ണരല്ലെന്ന് തിരിച്ചറിയുകയും ചെയ്യും, എന്നാല്‍ കര്‍ത്താവ് നമ്മെ എഴുന്നേല്‍പ്പിക്കുന്നു, നമ്മളെല്ലാവരും ക്ഷമിക്കപ്പെട്ട പാപികളാണെന്നും, മറ്റുള്ളവരോട് ക്ഷമ ചോദിക്കേണ്ടതുണ്ടെന്നും മാത്രമല്ല, അതിന് കഴിയണമെന്നും അവര്‍ ഓര്‍ക്കും.
കുടുംബത്തില്‍, എന്തിനെയാണു സ്വാഗതം ചെയ്യേണ്ടതെന്നു നാം അനുഭവിക്കുന്നു. ഭാര്യാഭര്‍ത്താക്കന്മാരാണ് ആദ്യം പരസ്പരം 'സ്വാഗതം' ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുന്നത്. വിവാഹദിനത്തില്‍ അവര്‍ പറഞ്ഞതുപോലെ: 'ഞാന്‍ നിങ്ങളെ സ്വീകരിക്കുന്നു...' പിന്നീട്, അവര്‍ ഒരു കുട്ടിയെ ലോകത്തിലേക്ക് കൊണ്ടുവരുമ്പോള്‍, അവര്‍ ആ പുതിയ ജീവനെ സ്വാഗതം ചെയ്യുന്നു. തണുത്തുറഞ്ഞ, അജ്ഞാതസാഹചര്യങ്ങളില്‍, ദുര്‍ബലരെ പലപ്പോഴും തിരസ്‌കരിക്കുന്നു, കുടുംബങ്ങളില്‍ അവരെ സ്വാഗതം ചെയ്യുന്നത് സ്വാഭാവികമാണ്: വൈകല്യമുള്ള കുട്ടി, പരിചരണം ആവശ്യമുള്ള പ്രായമായ വ്യക്തി, മറ്റാരുമില്ലാത്ത ബുദ്ധിമുട്ടുള്ള കുടുംബാംഗം... ഇവരെല്ലാം കുടുംബങ്ങളില്‍ സ്വീകരിക്കപ്പെടുന്നു. ഇത് പ്രതീക്ഷ നല്‍കുന്നു. കുടുംബങ്ങള്‍ സ്വാഗതം ലഭിക്കുന്ന സ്ഥലങ്ങളാണ്, അവ അപ്രത്യക്ഷമായാല്‍ കഷ്ടം! കുടുംബങ്ങളെ സ്വാഗതം ചെയ്യാതെ സമൂഹം തണുത്തതും അസഹനീയവുമാകും. സ്വാഗതമോതുന്നതും ഉദാരമതികളുമായ കുടുംബങ്ങള്‍ സമൂഹത്തിന് 'ഊഷ്മളത' നല്‍കുന്നു.