കുടുംബം കരുണയുടെ ഇടം

കുടുംബം കരുണയുടെ ഇടം

കുടുംബം സ്‌നേഹത്തിന്റെ ഇടമാണോ അതോ കരുണയുടേതോ? അത് കരുണയുടെ ഇടം എന്നതാണ് വിശുദ്ധ ഗ്രന്ഥത്തിന്റെ വെളിപ്പെടുത്തല്‍. കുടുംബവുമായി ബന്ധപ്പെട്ട വാക്കുകളിലൂടെയാണ് വിശുദ്ധ ഗ്രന്ഥം കരുണയെ അവതരിപ്പിക്കുന്നത് എന്നതാണ് ഇതിന്റെ കാരണം.

റാഹം (Racham) / രഹമീം; ഹെസെദ് (Hesed); ഹനാന്‍/ഹെന്‍ എന്നീ മൂന്ന് ഹീബ്രു മൂലപദങ്ങളിലൂടെയാണ് കരുണ എന്ന ആശയം വിശുദ്ധ ഗ്രന്ഥം ആവിഷ്‌ക്കരിക്കുക.

റാഹം (Racham) / രഹമീം (rachamim) എന്നതിന് കരുണ, അനുകമ്പ അല്ലെങ്കില്‍ സഹതാപം എന്നാണര്‍ത്ഥം. ഗര്‍ഭപാത്രം എന്നര്‍ത്ഥം വരുന്ന രേഹേം (rechem) എന്നതില്‍ നിന്നുമാണ് ഈ വാക്ക് ഉത്ഭവിക്കുന്നത്. ഹീബ്രു പാരമ്പര്യത്തില്‍ ഗര്‍ഭപാത്രത്തോട് ബന്ധപ്പെടുത്തിയാണ് കരുണയെ നിര്‍വചിക്കുന്നത്. ജീവന്റെയും അനുകമ്പയുടെയും സ്‌നേഹത്തിന്റെയും ഇടമാണ് ഗര്‍ഭപാത്രം. അമ്മയുടെ വാത്സല്യം, സഹോദരങ്ങള്‍ തമ്മിലുള്ള സ്‌നേഹം എന്നിവയെല്ലാം ഇവിടെ അന്തര്‍ലീനമാണ്.

വി. ഗ്രന്ഥം റാഹം എന്ന പദത്തെ (കരുണയെ) കുടുംബബന്ധങ്ങളുമായി ഉപമിക്കുന്നു. അമ്മയുടെ വാത്സല്യത്തിന്റെയും അനുകമ്പയുടെയും അര്‍ത്ഥം വ്യക്തമാക്കുന്ന വചനഭാഗമാണ് 1 രാജ. 3:26. സമാനമായ ഒരു പ്രയോഗം ഉല്പത്തി 43:30 ല്‍ സഹോദരന്മാരോടുള്ള ജോസഫിന്റെ വികാരത്തെ വിവരിക്കുന്നു. അതുപോലെ, ദൈവത്തിന്റെ കരുണയെ പലപ്പോഴും കുടുംബബന്ധങ്ങളുമായി ഉപമിക്കുന്നു: ഒരു പിതാവിനു മക്കളോടുള്ള സ്‌നേഹബന്ധം (ജെറെമിയ 31:20; സങ്കീ. 103:13; ഏശയ്യാ 63:15-16), ഭര്‍ത്താവ് ഭാര്യയോട് (ഏശയ്യാ 54:68; ഹോസിയ 2:19), സഹോദരന് സഹോദരനോടുള്ള ബന്ധം (ആമോസ് 1:11), മുലയൂട്ടുന്ന കുഞ്ഞിനോട് അമ്മയ്ക്കുള്ള വികാരം (ഏശയ്യാ 49:15). ചുരുക്കത്തില്‍ റാഹം എന്ന പദം ദൈവത്തിന്റെ കരുണ എന്നത് അമ്മയ്ക്ക്/പിതാവിന് തന്റെ മക്കളോടുള്ള കരുണാര്‍ദ്രസ്‌നേഹം പോലെയാണെന്ന് വ്യാഖ്യാനിക്കുന്നു. ഈ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കണം ദൈവത്തെ കരുണാകരന്‍, റഹ്മാന്‍ അല്ലെങ്കില്‍ റഹീം എന്ന് വിളിക്കുക.

കരുണ, ദയ, അചഞ്ചലമായ സ്‌നേഹം, 'സ്‌നേഹനിര്‍ഭരമായത്' (loving kindness), 'വിശ്വസ്തത' (faithfulness) അല്ലെങ്കില്‍ 'നിരന്തരമായ സ്‌നേഹം' (steadfast love) എന്നിവയാണ് ഹെസെദ് (Hesed) എന്ന പദത്തിന്റെ അര്‍ത്ഥം.

പലതരം മനുഷ്യബന്ധങ്ങളെ സൂചിപ്പിക്കാന്‍ ഹെസെദ് ഉപയോഗിക്കുന്നു: ഭാര്യാഭര്‍ത്താക്കന്മാര്‍ (ഉല്പത്തി 20:13), അടുത്ത ബന്ധു (ഉല്പത്തി 24:49), അച്ഛനും മകനും (ഉല്പത്തി 47:29), ആതിഥേയനും അതിഥിയും (ജോഷ്വ 2:1214), ദാവീദിനെയും യോനാഥാനെയും പോലുള്ള സുഹൃത്തുക്കള്‍ (1 സാമു 20:8, 14-17), രാജാവും പ്രജകളും (2 സാമുവല്‍ 2:5). ഉടമ്പടി, വിശ്വസ്തത, കരുണ ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മറ്റുള്ളവരോട് കരുണ കാണിക്കാനുള്ള ദൈവത്തിന്റെ ആഗ്രഹമാണ് ഇതില്‍ പ്രകടമായത്. ഇത് പലപ്പോഴും നീതിക്കായുള്ള കല്പനയുമായി ചേര്‍ന്നിരുന്നു (മിക്ക 6:8; ഹോസി 12:6; സഖ. 7:9).

ഹനാന്‍/ഹെന്‍ കരുണയും സഹതാപവും ഉള്‍ക്കൊള്ളുന്ന മൂന്നാമത്തെ ഹീബ്രു പദമാണിത്. ഹനാന്‍ സഹതാപം മാത്രമല്ല കൃപയും ഉള്‍ക്കൊള്ളുന്നു.

പഴയ നിയമവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കരുണയുടെ പുതിയ നിയമ ചിത്രം കൂടുതല്‍ തിളക്കമാര്‍ന്നതാണ്. 'പിതാവ് കരുണയുള്ളവന്‍' (ലൂക്കാ 6:36) എന്ന പരാമര്‍ശത്തിലൂടെ ദൈവത്തെ യേശു കരുണയുള്ളവനായി അവതരിപ്പിക്കുന്നു. സുവിശേഷങ്ങള്‍ ദൈവത്തിന്റെ കരുണ യേശുക്രിസ്തുവിന്റെ മുഖത്ത് വളരെ തിളക്കമാര്‍ന്ന വെളിച്ചത്തില്‍ അവതരിപ്പിക്കുന്നു. ദൈവത്തിന്റെ കാരുണ്യത്തിന്റെ ആത്യന്തിക പ്രകടനമായിരുന്നു അവന്റെ ജീവിതം. കരുണയുള്ള, ക്ഷമിക്കുന്ന ദൈവത്തിന്റെ സുവിശേഷം യേശു കൊണ്ടുവന്നു. അവന്‍ തന്നില്‍ത്തന്നെ ആ സുവാര്‍ത്ത ആവിഷ്‌കരിച്ചു, എല്ലായിടത്തും കരുണയുടെ നിലവിളികളും പ്രതീക്ഷകളും അവനെത്തേടിയെത്തി: അന്ധരില്‍ നിന്ന് (മത്തായി 9:27), രോഗിണിയായ മകളുള്ള ഒരു സ്ത്രീ (മത്തായി 15:22), അപസ്മാരം ബാധിച്ച ആണ്‍കുട്ടിയുടെ പിതാവ് (മത്തായി 17:15), പത്തു കുഷ്ഠരോഗികള്‍ (ലൂക്കാ 17:13). അവന്റെ രോഗശാന്തികള്‍ തന്നെ ദൈവിക കാരുണ്യത്തിന്റെ സാക്ഷ്യമാണ് (മര്‍ക്കോസ് 5:19). യേശുവിന്റെ ജനനവും യോഹന്നാന്റെ ജനനവും കാരുണ്യത്തിന്റെ സാക്ഷ്യമാണ് അനുസ്മരിപ്പിക്കുന്നത്.

ദൈവത്തിന്റെ കരുണയുടെ ഈ ഉറപ്പിന് കീഴിലാണ് നാം ക്രിസ്തീയ ജീവിതം നയിക്കുന്നത്. അതുകൊണ്ടാണ് പുതിയനിയമത്തിലെ അഭിവാദ്യങ്ങളിലും ആശംസകളിലും കരുണ പലപ്പോഴും ഒരു ഘടകമായിരിക്കുന്നത് (1 തിമോത്തി 1:2; 2 തിമോത്തി. 1:2; ഗലാ. 6:16; 2 യോഹ. 1: 3; യൂദാ 1:2). ദൈവത്തിന്റെ കരുണ അനുഭവിക്കുന്നവര്‍ സ്വയം കരുണയുള്ളവരായിരിക്കും. കരുണ ശിഷ്യത്വത്തിന്റെ അടയാളമാണ് (മത്തായി 5:7).

  • കുടുംബം കരുണയുടെ പരിശീലന കളരി

കാരുണ്യം സ്‌നേഹത്തേക്കാള്‍ ശ്രേഷ്ഠമാണ്. അതില്‍ സ്‌നേഹവും ഉള്‍പ്പെടുന്നു. കാരുണ്യമാണ് ബൈബിളിന്റെ ഭാഷ. കുടുംബബന്ധങ്ങളോടുപമിച്ചാണ് ഈ ഭാഷ ബൈബിള്‍ വികസിപ്പിക്കുന്നത്. ദൈവം പിതാവും മാതാവും സൗഖ്യവും സ്‌നേഹവുമാകുന്നത് ഈ കരുണ മൂലമാണ്. കരുണ പരിശീലിക്കേണ്ട അടിസ്ഥാന ഇടം കുടുംബമാണ്. ചില കാര്യങ്ങള്‍ കുറിക്കട്ടെ.

സാമുഹ്യ പ്രതിബന്ധത വളര്‍ത്തുക: കരുണയുടെ അടിസ്ഥാനമാണ് പരോന്മുഖ സ്‌നേഹം അല്ലെങ്കില്‍ സാമുഹ്യ പ്രതിബന്ധത. ഉദാഹരണമായി, ദൈവവിശ്വാസിയും ഭക്തനുമായവന്‍ കൈക്കൂലി വാങ്ങുന്നു. അവന്റെ സ്‌നേഹം സ്വന്തം കുടുംബത്തോട് മാത്രമാണ്, സമൂഹത്തോടല്ല. നീതിയോടുള്ള ആഭിമുഖ്യം അവനില്‍ ഇനിയും രൂപപ്പെട്ടിയിട്ടില്ല.

  • പാലങ്ങള്‍ പണിയുക:

കരുണയുള്ളവര്‍ക്കേ പാലങ്ങള്‍ പണിയാന്‍ സാധിക്കു. ബഹുസ്വരതയുള്ള നമ്മുടെ സമൂഹത്തില്‍ ആവശ്യം വേണ്ട ഒന്നാണ് പാരസ്പര്യം. വ്യത്യസ്തതകളെ ദൈവിക പദ്ധതിയായി അംഗീകരിക്കുന്നവര്‍ക്കേ ഇത് സാധിക്കുകയുള്ളൂ. അയല്‍ക്കാരെ കണ്ടെത്തുക എന്നതിനേക്കാള്‍ ആര്‍ക്കും അയല്‍ക്കാരനാവുക എന്നത് കരുണയുടെ തര്‍ജ്ജമയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org