
ഇരുപത്തിരണ്ട് വയസ്സു പ്രായമുള്ള യുവതി. വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷത്തോട് അടുക്കുന്നു. നാല്പതു വയസ്സുള്ള മറ്റൊരു സ്ത്രീയുമായി തന്റെ ഭര്‍ത്താവിന് ബന്ധമുണ്ടെന്നു സംശയം. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ സംശയം പ്രബലമാകുന്നു. ഭര്‍ത്താവുമായി ഈ കാര്യത്തെപ്പറ്റി ഒന്നും രണ്ടും പറഞ്ഞു പിണങ്ങി. അവള്‍ രണ്ടു മാസമായി സ്വന്തം വീട്ടില്‍ കഴിയുന്നു. ആ കുടുംബത്തിന്റെ പശ്ചാത്തലം വളരെ ശോചനീയമാണ്. കുടുംബത്തിന്റെ നിത്യവൃത്തി കഷ്ടിച്ചാണ് മുന്നോട്ടു പോകുന്നത്. ഇവള്‍ക്കു താഴെ ഇനിയും നാലു പെണ്‍കുട്ടികള്‍ കൂടിയുണ്ട്. കെട്ടുപ്രായം തികഞ്ഞവരും അതിനോട് അടുക്കുന്നവരുമൊക്കെ കൂട്ടത്തിലുണ്ട്. വളരെ ബുദ്ധിമുട്ടിയാണ് മൂത്തമകളായ തന്നെ കെട്ടിച്ചയച്ചതെന്നും അവള്‍ തന്നെ സമ്മതിക്കുന്നുമുണ്ട്.
തന്റെ ഭര്‍ത്താവിനെക്കുറിച്ച് മേല്‍പറഞ്ഞ ആരോപണമൊഴിച്ചാല്‍ മറ്റു തരത്തിലുള്ള ഒരു പരാതിയും അവള്‍ക്കില്ല. ഭര്‍ത്താവിന്റെ വീട്ടില്‍ അമ്മായിയമ്മപ്പോരോ നാത്തൂന്‍പോരോ അങ്ങനെയൊന്നുമില്ല. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനമോ, മണ്ണെണ്ണ ഒഴിക്കുമെന്ന ഭീഷണിയോ ഒന്നും തന്നെയില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോള്‍ അവള്‍ക്ക് ഒരേയൊരു ആവശ്യം മാത്രമേയുള്ളൂ. വിവാഹമോചനം.
ദാമ്പത്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പലരും കരുതുന്ന ഒരു ഒറ്റമൂലിയാണ് വിവാഹമോചനം. സാക്ഷരത, സ്ത്രീ വിദ്യാഭ്യാസം, രാഷ്ട്രീയ പ്രബുദ്ധത തുടങ്ങിയ പല നല്ല കാര്യങ്ങളിലെല്ലാം കേരളം ഒന്നാമത് എത്തിനില്‍ക്കുമ്പോള്‍ത്തന്നെ ആത്മഹത്യ, തൊഴിലില്ലായ്മ, കുടുംബഛിദ്രം, വിവാഹമോചനം തുടങ്ങിയ പല കാര്യങ്ങളിലും കേരളം തന്നെയാണ് മുന്നിലെന്ന കാര്യം നമുക്ക് കാണാതിരിക്കാനാവില്ല. സാമൂഹിക സാംസ്‌കാരിക നിലവാരത്തിലുള്ള വ്യത്യാസം ഇത്തരം പ്രവണതകള്‍ക്കൊരു കാരണമല്ലാതായി തീര്‍ന്നിട്ടുണ്ട്. സാമൂഹിക നിലവാരം കൂടിയവരിലും അല്ലാത്തവരിലും വിവാഹമോചനം ഒന്നുപോലെ കണ്ടുവരുന്നു. ഈ പ്രവണത ആരോഗ്യകരമല്ലെന്നു മാത്രമല്ല, അതിവിദൂരമല്ലാത്ത ഭാവിയില്‍ത്തന്നെ ഇത് നമ്മുടെ സംസ്‌കാരത്തെ തകിടം മറിക്കുകയും കുടുംബജീവിതത്തിനു നമ്മള്‍ കല്പിച്ചുവരുന്ന പവിത്രതയും മൂല്യവും ഇല്ലാതാക്കുകയും ചെയ്‌തേക്കാം. എത്രതന്നെ പ്രശ്‌നങ്ങള്‍ കുടുംബജീവിതത്തില്‍ കടന്നു കൂടിയാലും ജീവിതമെന്ന വലിയസമസ്യയ്ക്കു പ്രാധാന്യം കൊടുത്തു കൊണ്ടുള്ളൊരു ജീവിതരീതിക്കു മാത്രമേ സന്തോഷം പ്രദാനം ചെയ്യുവാന്‍ കഴിയുകയുള്ളൂ എന്ന കാര്യം കുടുംബാംഗങ്ങള്‍ മറന്നുപോകരുത്.
കുടുംബജീവിതം മനുഷ്യജീവിതത്തിലെ സുപ്രധാനമായൊരു ഘട്ടമാണ്. ജീവിതത്തിന്റെ തനിമയെ സ്വാംശീകരിക്കാനും അതിലൂടെ ജീവിതത്തില്‍ ആനന്ദം കണ്ടെത്താനും കുടുംബജീവിതത്തിലൂടെ സാധിക്കണം. കുടുംബ ജീവിതത്തിലേക്ക് കടക്കുന്നവര്‍ മധുവിധുവിന്റെ മധുരം വാര്‍ദ്ധക്യം വരെ നിലനിര്‍ത്തുന്ന ദാമ്പത്യജീവിതത്തെയാണ് സ്വപ്നം കാണേണ്ടത്. അതിന് പ്രതിബന്ധമായിത്തീരുന്ന എന്തിനെയും അതിജീവിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ദമ്പതികള്‍ ഒരുമിച്ച് കണ്ടെത്തുകയും അവ നടപ്പില്‍ വരുത്തുകയും വേണം.
ജീവിതം ഒരു വരദാനമാണ്. അതിന്റെ മഹത്വത്തെയും അര്‍ത്ഥവ്യാപ്തിയേയും ഉള്‍ക്കൊള്ളുന്നതിലൂടെ മാത്രമേ നമ്മുടെ ജീവിതയാത്രയുടെ കാഠിന്യം കുറയുകയൊള്ളൂ. ജീവിതത്തെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും വാരിപ്പുണരുന്നവനു മാത്രമേ ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കുകയൊള്ളൂ. ജീവിതത്തിന്റെ തുടിപ്പറിയാവുന്നവര്‍ക്കു മാത്രമേ അതിന്റെ ഗതിവിഗതികള്‍ക്കൊത്തുയരാന്‍ കഴിയുകയൊള്ളൂ. ജീവിതാനുഭവങ്ങളെ വിവേകം കൊണ്ടു തിരിച്ചറിയുന്നവര്‍ക്കു മാത്രമേ ഭയരഹിതരായി അവയെ നേരിടാന്‍ കഴിയൂ. എന്നാല്‍ ജീവിതം പലര്‍ക്കും ഒരു കീറാമുട്ടിയാണ്. അത് ചിലരില്‍ വിരക്തിയും നിര്‍വികാരതയും ഉളവാക്കുന്നു. ജനിച്ചുപോയതുകൊണ്ട് മരണവും പ്രതീക്ഷിച്ചു ജീവിക്കുന്നവരുമുണ്ട് അവര്‍ക്കിടയില്‍.
സമഗ്രമായൊരു ജീവിത വീക്ഷണത്തിന്റെ പോരായ്മ തന്നെയാണ് പലപ്പോഴും നമ്മുടെയൊക്കെ ജീവിതത്തിന് കയ്‌പ്പേറുന്നതിനുള്ള മുഖ്യകാരണം. മനുഷ്യജന്മത്തിന്റെ മഹത്വത്തെക്കുറിച്ചും അതിന്റെ ലക്ഷ്യത്തെക്കുറിച്ചുമൊക്കെ സാമാന്യമായ അറിവെങ്കിലും നമുക്കില്ലെങ്കില്‍, ഓരോ നിമിഷവും നാം ജീവിതത്തില്‍ നിന്നും അതിന്റെ പരിപാവനമായ ധര്‍മ്മത്തില്‍ നിന്നും വ്യതിചലിച്ചുകൊണ്ടിരിക്കും. അത് നമ്മുടെ ജീവിതത്തില്‍ കൂടുതല്‍ സങ്കീര്‍ണ്ണതയുളവാക്കുമെന്നു മാത്രമല്ല, ആവശ്യമില്ലാത്ത ആധിയും ആശങ്കയും വിളിച്ചുവരുത്തുകയും ചെയ്യും. പലപ്പോഴും ജീവിതത്തോട് നമ്മള്‍ കാണിക്കുന്ന നിഷേധ മനോഭാവമാണ് നമ്മുടെ അനുദിനജീവിതത്തിലെ മിക്ക പ്രശ്‌നങ്ങള്‍ക്കും മുഖ്യകാരണം. എന്നാല്‍ സ്വന്തം ജീവിതത്തെ സ്‌നേഹിക്കുവാനും അനുദിനം നമ്മള്‍ അഭിമുഖീകരിക്കുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളുവാനും, ജീവിതത്തില്‍ നമ്മള്‍ സ്വപ്നം കാണുന്ന ലക്ഷ്യം നേടുന്നതിനുള്ള അടങ്ങാത്ത ആവേശം നമ്മില്‍ കത്തിപടര്‍ന്നാല്‍ മാത്രമേ ജീവിതത്തിലെ പ്രശ്‌നങ്ങളോടും പ്രതിസന്ധികളോടും അവ സമ്മാനിക്കുന്ന ദുഃഖകരമായ നിമിഷങ്ങളോടും സൃഷ്ടിപരമായി പ്രതികരിക്കാന്‍ നമുക്ക് സാധിക്കുകയൊള്ളൂ. വിവാഹമോചനം കുടുംബപ്രശ്‌നങ്ങളോടുള്ള അര്‍ത്ഥവത്തായ പ്രതികരണമല്ല. മറിച്ച് അത് ബാലിശവും ആലോചനാരഹിതവുമാണ്.
വിവാഹമോചനം ഒരു കീഴടങ്ങലാണ്. ഒരുതരം ഒളിച്ചോട്ടം. അക്കരപച്ചയെന്ന തോന്നലാണ് പലപ്പോഴും പലരേയും ഇതിനു പ്രേരിപ്പിക്കുന്നത്. കുടുംബകോടതികളില്‍നിന്ന് വിവാഹമോചനം നേടി അതേ ദിവസം തന്നെ പു നര്‍വിവാഹം നടത്തുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായി കാണുന്നുണ്ട്. ചിലര്‍ കുറച്ചൊരു ഇടവേളയ്ക്കു ശേഷം - ഒരു വിശ്രമത്തിനു ശേഷം വീണ്ടും വിവാഹിതരാകുന്നു. ചിലരുടെ കാര്യത്തിലെങ്കിലും, പുനര്‍ വിവാഹത്തിനു ശേഷം കാര്യങ്ങള്‍ പഴയതിലും കഷ്ടമായിത്തീരാറുണ്ട്. പടപേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തം കൊളുത്തി പട എന്ന അനുഭവമാണ് അവര്‍ക്ക് നേരിടേണ്ടി വരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ചിലര്‍ക്ക് പഴയതുതന്നെ മതിയായിരുന്നു എന്ന് തോന്നി തുടങ്ങുമെങ്കിലും സമൂഹത്തെ ഭയന്ന് തന്റെ പുതിയ സ്ഥലത്ത് വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകാന്‍ നിര്‍ബന്ധിതരാകുന്നു. മറ്റുള്ളവരുടെ മുമ്പില്‍ 'മാതൃകാദമ്പതികളായി' കഴിഞ്ഞു കൂടുന്നു.
കുടുംബജീവിതത്തില്‍ വ്യക്തിബന്ധങ്ങള്‍ സുദൃഢമാകണമെങ്കില്‍ അത്യാവശ്യം വേണ്ടത് ദമ്പതികള്‍ തമ്മിലുള്ള മാനസിക പൊരുത്തമാണ്. എങ്കില്‍ മാത്രമേ കുടുംബജീവിതത്തിലെ ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി, തങ്ങളുടെ ജീവിതത്തിലെ പോരായ്മകളെ മാന്യമായ രീതിയില്‍ പരിഹരിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ അവര്‍ക്ക് സാധിക്കുകയൊള്ളൂ. എന്നാല്‍ ചിലര്‍ അതിനു തയ്യാറാകാതെ തങ്ങളുടെ ജീവിതത്തിലെ നിസ്സാര പ്രശ്‌നങ്ങളെ ഊതിപ്പെരുപ്പിച്ച് ഇനിയൊരിക്കലും ഒന്നിച്ചു താമസിക്കുന്ന പ്രശ്‌നമേയില്ലെന്നു ശഠിച്ച് വാദിയും പ്രതിയുമായി വക്കീലാപ്പീസും കോടതി മുറിയും കയറിയിറങ്ങി പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നു. വിവാഹമോചനം തങ്ങളുടെ എല്ലാദാമ്പത്യ പ്രശ്‌നങ്ങള്‍ക്കും ആശ്വാസം തരുമെന്ന് ഇവിടെ ഇരുക്കൂട്ടരും തെറ്റിദ്ധരിക്കുന്നു.
മാതാപിതാക്കന്മാര്‍ വിവാഹമോചനത്തിനായി വാശിപിടിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്കു നഷ്ടമാകുന്നത് ഒരു നല്ല അച്ഛന്റെയും അമ്മയുടെയും മകനായിട്ട് അല്ലെങ്കില്‍ മകളായിട്ട് വളര്‍ന്നു വരിക എന്ന മഹാഭാഗ്യമാണ്. കുട്ടികളെ 'എങ്ങനെയെങ്കിലും' വളര്‍ത്തിക്കൊള്ളാം എന്നാണ് ഇവര്‍ പലപ്പോഴും പറയുന്ന ന്യായം. എന്നാല്‍ എങ്ങനെയെങ്കിലും വളര്‍ത്തുന്ന കുട്ടികളുടെ വ്യക്തിത്വത്തില്‍ വൈകല്യങ്ങള്‍ ഉണ്ടാകുന്നതും അവരുടെ ജീവിതവീക്ഷണവും സമീപനവുമെല്ലാം അനാരോഗ്യകരമായിത്തീരുന്നതും ഇത്തരം മാതാപിതാക്കള്‍തന്നെ കാണേണ്ടി വരും. ദാമ്പത്യജീവിതത്തിലെ എന്തു പ്രശ്‌നങ്ങളുടെ പേരിലായാലും വിവാഹമോചനത്തിനുവേണ്ടി മുറവിളി കൂട്ടുന്ന ദമ്പതികള്‍ അറിയുക. വിവാഹമോചനവും പരസ്പരമുള്ള വേര്‍ പിരിയലും ഒരിക്കലും നിങ്ങളുടെ ഒരു പ്രശ്‌നത്തിനും പരിഹാരം നല്കുന്ന ഒറ്റമൂലിയല്ല.