ഹവ്വ

ഹവ്വ

ബൈബിൾ വനിതകൾ

ജെസ്സി മരിയ

ഹവ്വ – ആദ്യത്തെ സ്ത്രീ. ജീവനുള്ള എല്ലാവരുടെയും മാതാവ്. ദൈവം സൃഷ്ടിച്ച എല്ലാ സൃഷ്ടവസ്തുക്കളെയും ജീവജാലങ്ങളെയും ആദ്യം കണ്ടവള്‍; ഏദന്‍തോട്ടത്തിന്‍റെ സകല സൗഭാഗ്യങ്ങളും ഭര്‍ത്താവിനോടൊത്ത് അനുഭവിച്ചാസ്വദിക്കാന്‍ ഭാഗ്യം ലഭിച്ചവള്‍. പുഴകളെ, പൂക്കളെ, കിളികളെ, വൃക്ഷലതാദികളെ, ആകാശത്തെ, ആകാശഗോളങ്ങളെ എല്ലാറ്റിനെയും ആദ്യം കണ്ടനുഭവിച്ചതും നീ തന്നെ ഹവ്വാ. അതോടൊപ്പം ആദ്യം ഇടറി വീണ പെണ്ണും നീ തന്നെ. ഇടര്‍ച്ചയുടെ ഇടര്‍ച്ച ദുഃഖങ്ങളും വേദനകളുമാണെന്ന് അറിഞ്ഞവള്‍. ഏദന്‍തോട്ടത്തില്‍ ആദത്തിന്‍റെ കൈപിടിച്ചു സ്നേഹിച്ചു സന്തോഷിച്ചു നടന്നവള്‍ക്കു മണ്ണിനോടു മല്ലിട്ടു ജീവിക്കേണ്ടി വന്നു; മക്കളിലൊരാള്‍ അപരനെ കൊന്നപ്പോള്‍ പുത്രവ്യഥ അനുഭവിക്കേണ്ടി വന്നു. ഒരു സ്ത്രീക്ക് അനുഭവിക്കാവുന്ന സകല സൗഭാഗ്യങ്ങളും ദുഃഖങ്ങളും അനുഭവിച്ച ആദിമാതാവേ, എവിടെയാണു നിനക്ക് ഇടര്‍ച്ച പറ്റിയത്? ആദത്തിനു കൂട്ടായി ഹവ്വയെ കൊടുത്ത ദൈവം തന്‍റെ മകളെ അതിരറ്റു സ്നേഹിച്ചു. ആ സ്നേഹത്തിന്‍റെ ഏറ്റവും വലിയ അടയാളമായിരുന്നു തന്‍റെ ഛായയും സാദൃശ്യവും അവര്‍ക്കു നല്കിയത്. അവരോടൊപ്പം അവരുടെ സന്തോഷത്തില്‍ അവിടുന്നു പങ്കാളിയായി. ഇതിനിടയ്ക്കെപ്പോഴോ ഹവ്വാ, നീ കൂട്ടം തെറ്റി നടന്നു. ദൈവം കൂടെയില്ലാതെ, ആദം അരികിലില്ലാതെ വഴിമാറി നടന്നപ്പോഴാണു നിനക്ക് ഇടര്‍ച്ച പറ്റിയത്. ഓര്‍മയുണ്ടായിരുന്നിട്ടും ദൈവം ചെയ്യരുതെന്നു കല്പിച്ച പ്രവൃത്തി നീ ചെയ്തു. ഒറ്റയ്ക്കു നടന്നപ്പോള്‍ ജീവനെപ്പോലെ നിന്നെ സ്നേഹിച്ച പിതാവിനെയും നിന്‍റെ കൂട്ടുകാരനെയും മറന്നു പുതിയ സുഹൃത്തിന്‍റെ വാക്കുകളില്‍ നീ മടങ്ങി വീണു. അവനെ നീ വിശ്വസിച്ചു. തെറ്റില്‍ വീണ നീ ആദത്തെകൂടി അതില്‍ പങ്കുകാരനാക്കി. അരുതാത്ത പഴം കഴിച്ചയുടന്‍ തന്നെ നിങ്ങളുടെ ശരീരത്തെക്കുറിച്ചു നിങ്ങള്‍ ചിന്തിച്ചു. ഇത്രനാളും അങ്ങനെ ചിന്തിച്ചിട്ടില്ല. കാരണം ഇതുവരെ നിങ്ങളുടെ നഗ്നത വിശുദ്ധിയായിരുന്നു. ദൈവം ഉയിര്‍കൊടുത്ത ശരീരം പൂര്‍ണവിശുദ്ധമായിരുന്നു. നഗ്നരാണെന്ന ചിന്ത നിങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ നിങ്ങള്‍ക്കു ജാള്യത തോന്നി, പിതാവായ ദൈവത്തിന്‍റെ സ്വരം നിങ്ങളെ പേടിപ്പെടുത്തി. നിങ്ങള്‍ ഓടിയൊളിച്ചു. പാപത്തില്‍ സ്നേഹത്തിന് ഇടമില്ല. ദൈവത്തിന്‍റെ ചോദ്യത്തിനു മുമ്പില്‍ സര്‍പ്പത്തെ കുറ്റപ്പെടുത്തി നീ സ്വയം ന്യായീകരിച്ചു.

ഹവ്വായുടെ മക്കള്‍ നമ്മളും കാലാകാലങ്ങളായി ഇതുതന്നെയല്ലേ തുടരുന്നത്. ക്രൈസ്തവവിവാഹമെന്ന കൂദാശയില്‍ ഉടമ്പടി ചെയ്യുന്നത് ദൈവപിതാവടക്കം മൂന്നു പേരാണ്. ഭാര്യയോ ഭര്‍ത്താവോ ഈ കൂടുവിട്ടു നടക്കുമ്പോള്‍ ഇടറി വീഴുമ്പോള്‍ ഈ ഉടമ്പടി തെറ്റുന്നു. കര്‍ത്താവിനെയും ഭര്‍ത്താവിനെയും കൈവിടരുത്. അവരുടെ കൈവിട്ട് നടക്കരുത്. ഇന്നു പല അമ്മമാരും യുവതികളം പെണ്‍കുട്ടികളും മൊബൈല്‍ഫോണ്‍ കയ്യില്‍പിടിച്ചാണു നടക്കുന്നത്. കര്‍ത്താവിന്‍റെയോ ഭര്‍ത്താവിന്‍റെയോ മാതാപിതാക്കളുടെയോ അല്ല. ഓര്‍ക്കുക, കാലിടറാന്‍, മനമിടറാന്‍ അധിക സമയം വേണ്ട; പഞ്ചാരവാക്കുകളുമായി വരുന്ന സുഹൃത്തുക്കളെ അകറ്റിനിര്‍ത്താനുള്ള തന്‍റേടം വേണം. വേണ്ടാ എന്നു പറയേണ്ടിടത്ത് 'വേണ്ടാ' എന്നുതന്നെ പറയുക. കുടുംബത്തോടു ചേര്‍ന്നു നില്ക്കുക; ദൈവത്തിന്‍റെ കരം മുറുകെപ്പിടിക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org