ഏസാവ്

ബൈബിളിലെ കുടുംബങ്ങള്‍ - 6
ഏസാവ്

ഏസാവും ചെമന്ന കളറും തമ്മില്‍ ജന്മനാ ബന്ധമുണ്ട്. ജനിച്ചപ്പോള്‍ തന്നെ അവന്റെ ദേഹം മുഴുവന്‍ ചെമന്ന രോമക്കുപ്പായം ഇട്ടതുപോലെയായിരുന്നു. ഒരു ചെമ്പന്‍ കുഞ്ഞ്. ഇസഹാക്കിന്റെയും റബേക്കായുടെയും ഇരട്ടക്കുട്ടികളില്‍ മൂത്തവനായി ഏസാവ് ജനിച്ചു. ഏസാവ് നായാട്ടില്‍ അതി സമര്‍ത്ഥനായിരുന്നു, നല്ലൊരു കൃഷിക്കാരന്‍ കൂടിയായിരുന്നു അവന്‍. യാക്കോബാകട്ടെ ശാന്തനായിരുന്നു. ഏസാവ് എപ്പോഴും വേട്ടയാടി കൊണ്ടുവന്നിരുന്ന മാംസം വളരെ രുചികരമായി പാകം ചെയ്ത് പിതാവായ ഇസഹാക്കിന് കൊടുക്കുമായിരുന്നു. അതിനാല്‍ ഇസഹാക്ക് ഏസാവിനെ വളരെയധികം സ്‌നേഹിച്ചിരുന്നുവെന്ന് വിശുദ്ധ ബൈബിള്‍ പറയുന്നു. അമ്മ റബേക്കായ്ക്ക് യാക്കോബിനോടായിരുന്നു കൂടുതല്‍ സ്‌നേഹം. ഒരിക്കല്‍ വയലില്‍ പണി ചെയ്തു ക്ഷീണിച്ച് വീട്ടിലേക്കു വന്ന ഏസാവ് യാക്കോബ് പായസം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതു കണ്ടു. അടുപ്പില്‍ തിളയ്ക്കുന്ന ചെമന്ന പായസത്തിന്റെ സുഗന്ധം ഏസാവിന്റെ വിശപ്പിനെ ആളിക്കത്തിച്ചു. വിശന്നു തളര്‍ന്നിരുന്ന ഏസാവ് യാക്കോബിനോട് കുറച്ചു ചെമന്ന പായസം ചോദിച്ചു. യാക്കോബിന്റെ ഉള്ളിലെ ചതിയന്‍ പുറത്തു ചാടി. അവന്‍ പറഞ്ഞു 'ആദ്യം നിന്റെ കടിഞ്ഞൂലവകാശം എനിക്ക് വിട്ടുതരിക.' ഏസാവ് പറഞ്ഞു, 'വിശന്നു ചാകാറായ എനിക്ക് കടിഞ്ഞുലവകാശം കൊണ്ട് എന്ത് പ്രയോജനം?' യാക്കോബ് വീണ്ടും പറഞ്ഞു: 'ആദ്യം എന്നോടു ശപഥം ചെയ്യുക.' ഏസാവ് ശപഥം ചെയ്തു. അങ്ങനെ കേവലം ഒരു പാത്രം ചെമന്ന പയറു പായസത്തിനു വേണ്ടി അവന്‍ തന്റെ കടിഞ്ഞൂലവകാശം യാക്കോബിനു വിട്ടുകൊടുത്തു. മുന്‍പിന്‍ നോക്കാതെ എടുത്തൊരു തീരുമാനം കൊണ്ട് ഏസാവിനു നഷ്ടമായത് തന്റെ കടിഞ്ഞൂലവകാശമാണ്. അവന്‍ തന്റെ കടിഞ്ഞൂലവകാശം നിസ്സാരമായി കരുതി. 40 വയസ്സായപ്പോള്‍ ഏസാവ് ഹിത്യനായ ബേരിയുടെ പുത്രി യൂദിത്തിനെയും ഹിത്യനായ ഏലോണിന്റെ പുത്രി ബാസ്മത്തിനെയും വിവാഹം ചെയ്തു. ഈ ഹിത്യ സ്ത്രീകള്‍ ഇസഹാക്കിന്റെയും റബേക്കായുടെയും ജീവിതം ദുഃഖപൂര്‍ണ്ണമാക്കി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇസഹാക്കിന് പ്രായമായി. കണ്ണുകളുടെ കാഴ്ച കുറഞ്ഞു. താന്‍ പിതാക്കന്മാരോട് ചേരേണ്ട സമയമായി തുടങ്ങിയെന്ന് ഇസഹാക്കിന് തോന്നി. അവന്‍ തന്റെ കടിഞ്ഞൂല്‍ പുത്രന്‍ ഏസാവിനെ വിളിച്ചു, 'എന്റെ മകനേ!' 'ഇതാ ഞാന്‍' അവന്‍ വിളി കേട്ടു. ഇസഹാക്ക് പറഞ്ഞു, 'എനിക്ക് വയസ്സായി, എന്നാണ് ഞാന്‍ മരിക്കുകയെന്ന് അറിഞ്ഞുകൂടാ; നിന്റെ ആയുധങ്ങളായ അമ്പും വില്ലുമെടുത്ത് വയലില്‍ പോയി വേട്ടയാടി കാട്ടിറച്ചി കൊണ്ടുവരിക. എനിക്കിഷ്ടപ്പെട്ട രീതിയില്‍ രുചികരമായി പാകം ചെയ്ത് എനിക്കു വിളമ്പുക. അത് ഭക്ഷിച്ചിട്ട് മരിക്കും മുമ്പേ നിന്നെ ഞാന്‍ അനുഗ്രഹിക്കട്ടെ.' പിതാവിന്റെ ആഗ്രഹം കേട്ട യുടന്‍ ഏസാവ് അമ്പും വില്ലുമെടുത്ത് വയലിലേക്ക് പോയി. ഇസഹാക്ക് ഏസാവിനോട് പറഞ്ഞതെല്ലാം കേട്ട റബേക്ക ഗൂഢതന്ത്രങ്ങള്‍ മെനഞ്ഞതും, ഇളയ മകനായ യാക്കോബിന് പിതാവിന്റെ പൈതൃകാനുഗ്രഹവും ആശീര്‍വാദവും ചതിയിലൂടെ നേടിക്കൊടുത്തതും നമുക്കറിയാം. യാക്കോബ് പിതാവിനെ കബളിപ്പിച്ച് അനുഗ്രഹം നേടിയെടുത്തു പുറത്തുപോയ ഉടനെ നായാട്ടു കഴിഞ്ഞ് ഏസാവ് ഓടിക്കിതച്ചെത്തി. അവന്‍ പിതാവിന് ഇഷ്ടപ്പെട്ട രീതിയില്‍ ഭക്ഷണം തയ്യാറാക്കി പിതാവിന്റെ അടുക്കല്‍ കൊണ്ടുവന്നിട്ട് പറഞ്ഞു: ''പിതാവേ എഴുന്നേറ്റ് അങ്ങയുടെ മകന്റെ നായാട്ടിറച്ചി ഭക്ഷിച്ച് എന്നെ അനുഗ്രഹിച്ചാലും.'' ''നീ ആരാണ്?'' ഇസഹാക്ക് ചോദിച്ചു. അങ്ങയുടെ കടിഞ്ഞൂല്‍പുത്രന്‍ ഏസാവാണ് ഞാന്‍ എന്നവന്‍ മറുപടി പറഞ്ഞു. ഇസഹാക്ക് അത്യധികം പരിഭ്രമിച്ചു, അവന്‍ വിറയ്ക്കാന്‍ തുടങ്ങി. താന്‍ വിദഗ്ധമായി കബളിപ്പിക്കപ്പെട്ട കാര്യം അവന്‍ തിരിച്ചറിഞ്ഞു. യാക്കോബിനെ അനുഗ്രഹിച്ച കാര്യം ഇസഹാക്ക് വേദനയോടെ ഏസാവിനെ അറിയിച്ചു. പിതാവിന്റെ വാക്കുകേട്ടപ്പോള്‍ ഏസാവ് അതീവ ദുഃഖത്തോടെ കരഞ്ഞു. 'പിതാവേ എന്നെയും അനുഗ്രഹിക്കുക' അവന്‍ അപേക്ഷിച്ചു. എന്തൊരു നിസ്സഹായാവസ്ഥയാണ് ഏസാവിന്റേത്. രണ്ടുപ്രാവശ്യം സഹോദരനാല്‍ ചതിക്കപ്പെട്ടവന്‍, അതും ചെറിയ ചതി അല്ല, തന്റെ കടിഞ്ഞൂലവകാശവും തനിക്കുള്ള പൈതൃകാനുഗ്രഹവും തട്ടിയെടുത്തിരിക്കുന്നു.

ഏസാവ് സങ്കടത്തോടെ വീണ്ടും പിതാവിനോട് ചോദിച്ചു: ''എനിക്കുവേണ്ടി ഒരു വരം പോലും അങ്ങ് നീക്കി വച്ചിട്ടില്ലേ? എന്റെ പിതാവേ എന്നെയും അനുഗ്രഹിക്കുക'' എന്നു പറഞ്ഞ് അവന്‍ പൊട്ടിക്കരഞ്ഞു. എന്തൊരു സങ്കടകരമായ കാഴ്ച. നമ്മള്‍ വായനക്കാരുടെ ഉള്ളുലയ്ക്കുന്ന സങ്കടം. പാവം ഏസാവ്.

ചതിയനായ യാക്കോബിനെ ഏസാവ് വെറുത്തു. അവന്‍ ആത്മഗതം ചെയ്തു. പിതാവിനെപ്പറ്റി വിലപിക്കാനുള്ള ദിവസങ്ങള്‍ അടുത്തു വരുന്നുണ്ട്, അപ്പോള്‍ ഞാന്‍ അവനെ കൊല്ലും. ഏസാവിന്റ വാക്കുകള്‍ റബേക്കായുടെ ചെവിയിലെത്തി. അവള്‍ യാക്കോബിനെ ഹാരാനിലേക്ക് പറഞ്ഞു വിടുന്നത് നാം കാണുന്നു. അവിടെയും അവള്‍ ഏസാവിനെതിരെ ഇസഹാക്കിനോട് പരാതിപ്പെടുന്നുണ്ട് ഏസാവിന്റ ഭാര്യമാരെ കുറിച്ച്. പിന്നീടുള്ള കഥകള്‍ നമുക്കറിയാം.

വര്‍ഷങ്ങള്‍ കഴിഞ്ഞ് യാക്കോബ് ഹാരാനില്‍ നിന്നും തിരിച്ചു വരുന്നു. വഴിമധ്യേ ഏസാവിനെ കണ്ടുമുട്ടുന്നു. ഏസാവ് പ്രതികാരം ചെയ്യുമെന്ന പേടിയോടെയാണ് അവന്‍ വരുന്നത്. അവന്‍ ഭാര്യമാരേയും മക്കളേയും പുറകില്‍ നിര്‍ത്തി, അവര്‍ക്ക് മുന്‍പേ നടന്നു. ഏസാവിന്റ അടുത്തെത്തുമ്പോള്‍ ഏഴു തവണ നിലംമുട്ടെ താണു വണങ്ങി. ഏസാവ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ച് ചുംബിച്ചു. ഇരുവരും കരഞ്ഞു. നോക്കണേ, ഏസാവ് എത്രയോ ഹൃദയാര്‍ദ്രതയുള്ളവനാണെന്ന്. അവന്റെ മനസ്സില്‍ പകയോ വിദ്വേഷമോ ഇല്ല. ഉള്ളു തുറന്നു സഹോദരനോട് ക്ഷമിച്ചു. ദൈവീകമായ ക്ഷമ. യാക്കോബ് ഏസാവിന് ആടുമാടുകളുടെ വലിയൊരു പറ്റത്തെ സമ്മാനമായി നല്‍കി. എന്നാല്‍ ഏസാവ് സ്വീകരിച്ചില്ല. അവന്‍ പറഞ്ഞു: ''സഹോദരാ എനിക്കതെല്ലാം വേണ്ടത്രയുണ്ട്, നിന്റേത് നീ തന്നെ എടുത്തു കൊള്ളുക.'' ഏസാവ് സ്‌നേഹം കൊണ്ട് യാക്കോബിനെ കീഴടക്കി. യാക്കോബ് വീണ്ടും വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ ഏസാവ് അവയെല്ലാം സ്വീകരിച്ചു.

ഏസാവിന് ഏദോം (ചെമന്ന) എന്നുകൂടി പേരുണ്ട്. കാനാന്യസ്ത്രീകള്‍ (ഹിത്യസ്ത്രീകള്‍) ആയിരുന്നു ഏസാവിന്റെ ഭാര്യമാര്‍. ഏസാവ് ഭാര്യമാരും പുത്രന്മാരും പുത്രിമാരും വീട്ടിലുള്ള എല്ലാവരുമൊത്ത്, തന്റെ കാലികളും മൃഗങ്ങളും കാനാന്‍ ദേശത്തു താന്‍ നേടിയ സ്വത്തുമായി സഹോദരനായ യാക്കോബിനെ വിട്ട് അകലെയുള്ള ഒരു ദേശത്തേക്ക് പോയി. കാരണം, ഒന്നിച്ചു പാര്‍ക്കാന്‍ വയ്യാത്ത വിധം അത്രയേറെ സമ്പത്ത് ഉണ്ടായിരുന്നു രണ്ടുപേര്‍ക്കും. ഏസാവിന്റ ആയുഷ്‌ക്കാലം എത്രയെന്ന് ബൈബിളില്‍ പറയുന്നില്ല. വിശുദ്ധ ബൈബിളില്‍ ക്ഷമയെന്ന ദൈവികഭാവം ആദ്യം നാം കാണുന്നത് ഏസാവില്‍ അല്ലേ? വളരെ നീചമായി ചതിക്കപ്പെട്ടിട്ടും യാതൊരു ഉപാധികളും ഇല്ലാതെ സഹോദരനോടു ക്ഷമിച്ച ഏസാവ് എല്ലാവര്‍ക്കും പ്രചോദനവും മാതൃകയുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org