എല്ക്കാന

എല്ക്കാന

ഇസ്രായേലിലെ അവസാനത്തെ ന്യായാധിപനായിരുന്ന സാമുവലിന്റെ പിതാവായിരുന്നു എല്ക്കാന. എഫ്രായിം മലനാട്ടിലെ റാമാത്തയിമില്‍ സൂഫ് വംശജനായ യറോഹാമിന്റെ മകനായി എല്ക്കാന ജനിച്ചു. പിതാവിന്റെ നഗരത്തില്‍ തന്നെയായിരുന്നു എല്ക്കാനയും വസിച്ചിരുന്നത്. എല്ക്കാനയ്ക്ക് രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു. ഹന്നായും പെനീന്നായും. ഹന്നാ ആയിരുന്നു ആദ്യ ഭാര്യ. വിവാഹശേഷം 10 വര്‍ഷമായിട്ടും ഹന്നായ്ക്ക് മക്കളുണ്ടായില്ല. അതുകൊണ്ട് എല്ക്കാന പെനീന്നാ എന്നൊരു സ്ത്രീയെ കൂടി വിവാഹം ചെയ്തു. അവള്‍ക്ക് പുത്രന്മാരും പുത്രന്മാരും ഉണ്ടായി. അനപത്യ ദുഃഖം അനുഭവിച്ചിരുന്ന ഹന്നാ പെനീന്നായുടെ കുത്തുവാക്കുകളില്‍ വല്ലാതെ മുറിപ്പെട്ടു. പെനീന്നായാകട്ടെ അവസരം കിട്ടുമ്പോഴൊക്കെ ഹന്നായെ വേദനിപ്പിച്ചു കൊണ്ടിരുന്നു. എല്ക്കാന ഹന്നായെ കൂടുതല്‍ സ്‌നേഹിച്ചിരുന്നതിനാല്‍ അവളുടെ സങ്കടം അയാളെയും വളരെ ദുഃഖത്തിലാഴ്ത്തി.

എല്ക്കാനയും കുടുംബവും വര്‍ഷംതോറും ഷീലോയില്‍ പോയി സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിന് ബലിയര്‍പ്പിക്കുമായിരുന്നു. ബലിയര്‍പ്പിക്കുന്ന ദിവസം എല്ക്കാന കുടുംബത്തില്‍ എല്ലാവര്‍ക്കും ഓഹരി കൊടുത്തിരുന്നു. പെനീന്നായ്ക്കും പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും കൂടി കൂടുതല്‍ കിട്ടിയിരുന്നു. ഹന്നായ്ക്കാകട്ടെ ഒരോഹരി മാത്രമേ കിട്ടിയിരുന്നുള്ളൂ. എല്ക്കാന ഹന്നായെ കൂടുതല്‍ സ്‌നേഹിച്ചിരുന്നെങ്കിലും അവള്‍ക്ക് ഒരംശത്തിനു മാത്രമേ അര്‍ഹത ഉണ്ടായിരുന്നുള്ളൂ; കാരണം അവള്‍ക്ക് മക്കളില്ലായിരുന്നല്ലോ. ഈ ഒരോഹരിയെ പ്രതിയും പെനീന്നാ ഹന്നായെ പരിഹസിച്ചിരുന്നു. വര്‍ഷംതോറും ഷീലോയിലേക്കുള്ള തീര്‍ത്ഥയാത്ര ഹന്നായ്ക്ക് വേദന നിറഞ്ഞതായിരുന്നു എല്ക്കാന എല്ലാം മനസ്സിലാക്കിയിരുന്നെങ്കിലും അയാള്‍ നിസ്സഹായനായിരുന്നു. ഭക്ഷണം കഴിക്കാതെ കരഞ്ഞു കൊണ്ടിരിക്കുന്ന ഹന്നായോട് എല്ക്കാന ചോദിച്ചു: ''ഹന്നാ എന്തിനാണ് നീ കരയുകയും ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുന്നത്? നീ എന്തിന് ദുഃഖിക്കുന്നു? ഞാന്‍ നിനക്ക് 10 പുത്രന്മാരിലും ഉപരിയല്ലേ?' അവന്റെ സാന്ത്വനവാക്കുകള്‍ തല്‍ക്കാലത്തേക്ക് അവളെ ആശ്വസിപ്പിച്ചു.

ഭക്ഷണത്തിനുശേഷം ഹന്നാ എഴുന്നേറ്റ് ദേവാലയത്തില്‍ കര്‍ത്താവിന്റെ സന്നിധിയില്‍ ചെന്നു. അവള്‍ കര്‍ത്താവിനോട് ഹൃദയം നൊന്തു പ്രാര്‍ത്ഥിച്ചു. അവള്‍ ഒരു നേര്‍ച്ച നേര്‍ന്നു. ''സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയുടെ ദാസിയെ അനുസ്മരിക്കണമേ, എനിക്കൊരു പുത്രനെ നല്‍കിയാല്‍ അവന്റെ ജീവിതകാലം മുഴുവന്‍ അവനെ ഞാന്‍ അങ്ങേക്ക് പ്രതിഷ്ഠിക്കും!''

ദൈവസന്നിധിയിലുള്ള അവളുടെ പ്രാര്‍ത്ഥന കണ്ട് പുരോഹിതനായ ഏലി അവളെ തെറ്റിദ്ധരിച്ചു. അവള്‍ മദ്യപിച്ച് ഉന്മത്തയായി എന്തോ പുലമ്പുകയാണെന്ന് ഏലി കരുതി. ഏലി അവളെ ശകാരിച്ചതും പിന്നീട് സത്യം മനസ്സിലാക്കിയപ്പോള്‍ അനുഗ്രഹിച്ചതും നമുക്കറിയാം. അവള്‍ സമാധാനത്തോടെ എല്ക്കാനയ് ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കുമൊപ്പം റാമായിലുള്ള തങ്ങളുടെ ഭവനത്തിലേക്ക് തിരിച്ചു പോയി.

കര്‍ത്താവ് അവളെ അനുസ്മരിച്ചു. എല്ക്കാന ഹന്നായെ പ്രാപിക്കുകയും അവള്‍ ഗര്‍ഭം ധരിക്കുകയും ചെയ്തു. സമയത്തിന്റെ പൂര്‍ത്തിയില്‍ അവള്‍ ഒരു പുത്രനെ പ്രസവിച്ചു. ഞാന്‍ അവനെ കര്‍ത്താവിനോട് ചോദിച്ചു വാങ്ങി എന്നു പറഞ്ഞ് അവള്‍ അവന് സാമുവല്‍ എന്ന് പേരിട്ടു. അടുത്തവര്‍ഷവും

എല്ക്കാന കുടുംബസമേതം ബലിയര്‍പ്പിക്കുവാന്‍ ഷീലോയിലേക്ക് പോയി. എന്നാല്‍ ഹന്നാ പോയില്ല. അവള്‍ എല്ക്കാനയോട് പറഞ്ഞു: ''കുഞ്ഞിന്റെ മുലകുടി മാറട്ടെ. അവന്‍ കര്‍ത്താവിന്റെ ആലയത്തില്‍ എന്നേക്കും വസിക്കുന്നതിന് അപ്പോള്‍ കൊണ്ടുവന്നു കൊള്ളാം.''

എല്ക്കാന അവളോടു പറഞ്ഞു: ''നിന്റെ യുക്തം പോലെ ചെയ്തുകൊള്ളുക: കര്‍ത്താവിനോടുള്ള വാക്ക് നിറവേറ്റിയാല്‍ മതി.''

നോക്കുക തന്റെ ഭാര്യയ്ക്ക് എല്ക്കാന കൊടുക്കുന്ന ആദരവ്. അവളുടെ തീരുമാനങ്ങളെ അയാള്‍ എത്രമാത്രം വിലമതിക്കുന്നു. പുരുഷന്മാര്‍ എല്ലാ കാര്യങ്ങള്‍ക്കും തീര്‍പ്പു കല്‍പ്പിക്കുന്ന സമൂഹത്തില്‍ തന്റെ ഭാര്യയുടെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കുന്ന എല്ക്കാന എല്ലാ പുരുഷന്മാര്‍ക്കും ഭര്‍ത്താക്കന്മാര്‍ക്കും ഉത്തമ മാതൃകയാണ്. പിന്നീട് സാമുവല്‍ ബാലനായപ്പോള്‍ എല്ക്കാനയും ഹന്നായും കാഴ്ചവസ്തുക്കളുമായി സാമു വലിനെ ഷീലോയില്‍ കര്‍ത്താവിന്റെ ആലയത്തില്‍ കൊണ്ടുവന്നു സമര്‍പ്പിച്ച് പുരോഹിതനായ ഏലിയെ ഏല്‍പ്പിച്ചു. കര്‍ത്താവിനു സമര്‍പ്പിച്ച സാമുവലിനു പകരം മൂന്ന് പുത്രന്മാരെയും രണ്ടു പുത്രിമാരെയും കൂടി നല്‍കി കര്‍ത്താവ് എല്ക്കാനയെയും ഹന്നായെയും അനുഗ്രഹിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org