കട്ടെടുക്കുന്ന കുട്ടികളെ അവഗണിക്കരുത്
സി. ഡോ. പ്രീത സി.എസ്.എന്‍.

അപ്രതീക്ഷിതമായി അന്നമോളുടെ അലമാര തുറന്നപ്പോള്‍ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. മേക്കപ്പ് സാധനങ്ങളും നെയില്‍പോളിഷും പലതരത്തിലും, നിറത്തിലുമുള്ളത് ആരും കാണാതെ സൂക്ഷിച്ചു വച്ചിരിക്കുന്നു. വീട്ടില്‍ ആരും വാങ്ങികൊടുത്തതല്ല. പിന്നെ എങ്ങനെ ഇത്രയുമധികം സാധനങ്ങള്‍ അഞ്ചാംക്ലാസുകാരിയുടെ അലമാരയില്‍ വരുന്നു? ചോദിച്ചചോദ്യത്തിനെല്ലാം മുഖത്തുനോക്കി ഒരു മടിയും കൂടാതെ നുണപറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഉറക്കെ കരഞ്ഞും ബഹളംവച്ചും എല്ലാവരുടെയും ശ്രദ്ധമാറ്റാനായിരുന്നു അവളുടെ ലക്ഷ്യം.
കുട്ടികള്‍ നല്ല സാധനങ്ങള്‍ കാണുമ്പോള്‍ അത് സ്വന്തമാക്കാന്‍ ശ്രമിക്കാറുണ്ട്. കുട്ടികള്‍ മോഷ്ടിക്കുന്നത് തെറ്റും ശരിയും അറിയാതെയും അനന്തരഫലങ്ങള്‍ മനസ്സിലാക്കാതെയുമാണ്. ചുരുക്കം ചില കുട്ടികള്‍ മോഷ്ടിക്കുന്നതിന്റെ പ്രേരകകാരണം ചോദിക്കുമ്പോള്‍ അവരുടെ വീട്ടുകാരും കൂട്ടുകാരും ചെയ്യുന്നത് അനുകരിക്കുന്നതാണെന്നും മോഷ്ടിച്ചാല്‍ അവരെപ്പോലെ തങ്ങള്‍ക്കും കൂടുതല്‍ അംഗീകാരം കിട്ടുമെന്ന ആഗ്രഹമാണെന്ന് പറയാറുണ്ട്. മറ്റുള്ളവരുടെ വസ്തുക്കള്‍ ആദരിക്കാനും അവരെ ബഹുമാനിക്കാനും കുട്ടികള്‍ പഠിക്കേണ്ടത് കുടുംബങ്ങളിലാണ്. കട്ടെടുക്കുന്ന കുട്ടികള്‍ അവനവന്റെ സന്തോഷം മാത്രം നോക്കുന്നു. ചിലപ്പോള്‍ ഒരു ഉപകാരവും ഇല്ലെങ്കിലും എന്തുകണ്ടാലും കട്ടെടുക്കാനും കൂട്ടിവയ്ക്കാനുമുള്ള പ്രവണത ഒരു ശീലമാക്കി മാറ്റാതെ ചെറിയപ്രായത്തില്‍ തന്നെ അവരെ തിരുത്തണം. മുതിര്‍ന്ന കുട്ടികള്‍ പലപ്പോഴും കൂട്ടുകാരുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി അംഗീകാരത്തിനായി കട്ടെടുക്കാറുണ്ട്. എന്നാല്‍ കൊച്ചുകുട്ടികള്‍ തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയാത്ത പ്രായത്തില്‍ കട്ടെടുക്കുന്ന പ്രവണതയെ ശാസിച്ചും ശിക്ഷിച്ചും ഉപദേശിച്ചും തിരുത്തികൊടുക്കണം.
കുട്ടികള്‍ കട്ടെടുക്കുന്നതിന്റെ കാരണങ്ങള്‍
– നല്ല സാധനങ്ങള്‍ കാണുമ്പോള്‍ സ്വയം നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥ.
– കൂട്ടുകാരുടെ സ്വാധീനം, അവരോട് അരുതെന്ന് പറയാനുള്ള ഭയം.
– മോഷണസ്വാഭാവമുള്ള കൂട്ടുകാരുടെ നിര്‍ബന്ധവും ഭീഷണിയും.
– വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങാനുള്ള കഴിവ് തന്റെ മാതാപിതാക്കള്‍ ക്കില്ല എന്ന തോന്നല്‍.
– മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള അമിത ആഗ്രഹം.
– സ്‌കൂളിലും വീട്ടിലും കൂട്ടുകാരുടെ ഇടയിലും ഒരു പേരുണ്ടാക്കാനുള്ള പ്രവണത.
– തമാശയ്ക്കു മറ്റുള്ളവരെ പറ്റിക്കാനും കളിയാക്കാനും.
– ഇഷ്ടപ്പെട്ട കൂട്ടുകാരുടെ സ്‌നേഹം പിടിച്ചുപറ്റാന്‍.
– അസൂയകൊണ്ടും കുട്ടികള്‍ കൂട്ടുകാരുടെ നല്ല വസ്തുക്കള്‍ കട്ടെടുക്കുന്നു.
മാതാപിതാക്കളുടെ ആരോഗ്യകരമായ സമീപനം കുട്ടികളിലെ കട്ടെടുക്കല്‍ ഒരു ശീലമാക്കാതെ തടയാം. മാതാപിതാക്കളെന്ന നിലയില്‍ കുട്ടികളിലെ കട്ടെടുക്കല്‍ പ്രവണത നിങ്ങളെ വേദനിപ്പിക്കുമെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചുകൊണ്ടുതന്നെ സ്‌നേഹവും ക്ഷമ യും കരുതലും വഴി കട്ടെടുക്കല്‍ മാത്രമല്ല ഇഷ്ടപ്പെട്ട സാധനങ്ങള്‍ സ്വന്തമാക്കാനുള്ള മാര്‍ഗ്ഗമെന്നു മനസ്സിലാക്കി തിരുത്താന്‍ കുട്ടികളെ സഹായിക്കാം.
കട്ടെടുക്കല്‍ എങ്ങനെ നിയന്ത്രിക്കാം?
– കുട്ടികളെ കുറ്റപ്പെടുത്താതിരിക്കുക, തെറ്റായ കുറ്റാരോപണം നടത്തരുത്.
– ചെയ്ത പ്രവൃത്തി തെറ്റാണെന്ന് ചൂണ്ടി കാണിക്കുക.
– മാതാപിതാക്കളുടെ വൈകാരിക നിയന്ത്രണം നഷ്ടപ്പെടുത്താതെ സമചിത്തതയോടെ കാര്യങ്ങള്‍ കൃത്യമായി പറഞ്ഞുകൊടുത്ത് ചെറിയ ശിക്ഷകള്‍ നല്കുക.
– മോഷ്ടിച്ച വസ്തുക്കള്‍ ഉടനെ തിരികെ കൊടുപ്പിച്ച് മാപ്പു ചോദിക്കാന്‍ പഠിപ്പിക്കുക. ഈ എളിമപ്പെടുത്തുന്ന പ്രവൃത്തി പിന്നീട് കട്ടെടുക്കുന്നതിനെ നിയന്ത്രിക്കും.
– കട്ടെടുക്കുന്നതിന്റെ മൂലകാരണം കണ്ടെത്തി തിരുത്തുവാന്‍ കുട്ടിയെ സഹായിക്കുക.
– തെറ്റായ കൂട്ടുകൂടലാണ് തെറ്റിലേക്ക് നയിക്കുന്നതെങ്കില്‍ ടീച്ചേഴ്‌സുമായി നല്ല ബന്ധം സ്ഥാപിച്ച് ചീത്ത കൂട്ടുകള്‍ വിടുവിക്കുക.
– കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കുക. മാതാപിതാക്കളോടൊപ്പമാകുന്ന കുട്ടി അടുക്കുന്നതിനനുസരിച്ച് കാര്യങ്ങള്‍ തുറന്നു പറയാന്‍ ആരംഭിക്കും.
– കുട്ടികളെ കട്ടെടുക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ പൈസയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും മേശപ്പുറത്ത് അലക്ഷ്യമായി വയ്ക്കാതിരിക്കുക.
– അലമാരകള്‍ പൂട്ടിയിടുക, പേഴ്‌സിലും ബാഗിലും ആവശ്യത്തില്‍ കൂടുതലും, കണക്കില്‍പ്പെടാത്തതുമായ പൈസ സൂക്ഷിക്കാതിരിക്കുക.
– കുട്ടികള്‍ ചെയ്യുന്ന സത്യസന്ധമായ പ്രവൃത്തിയെ പ്രോത്സാഹിപ്പിക്കുക, അഭിനന്ദിക്കുക.
മാതാപിതാക്കള്‍ എന്ന നിലയില്‍ വളരെ ഗൗരവത്തോടെ അതേസമയം ഉത്തരവാദിത്വബോധത്തോടെ കട്ടെടുക്കുന്ന കുട്ടികളെ കൈകാര്യം ചെയ്യണം. കഠിനശിക്ഷാ നടപടികളും ശാസനയും ദേഷ്യപ്പെടലും ഒറ്റപ്പെടുത്തലും ഒരു ഉപകാരവും ചെയ്യില്ല. കുട്ടി മോഷ്ടിക്കുന്നത് ഒരു ചെറിയ മിഠായി ആണെങ്കില്‍ പോലും മോഷണം അംഗീകരിക്കപ്പെടുന്ന ഒന്നല്ല എന്ന് കുട്ടി തന്നെ മനസ്സിലാക്കണം. കട്ടെടുത്തവസ്തുക്കള്‍ ചെറുതല്ലെ സാരമില്ല, ഇനി തിരിച്ചു നല്കിയാല്‍ എല്ലാവരും അറിയില്ലേ, അവരുടെ മുമ്പില്‍ നമ്മള്‍ മോശമാവില്ലെ എന്നെല്ലാം കരുതി നിസ്സാരമാക്കി കളയാതെ കട്ടെടുത്ത വസ്തുക്കള്‍ കുട്ടിയെകൊണ്ടുതന്നെ തിരിച്ചു വയ്പ്പിക്കാനും മാപ്പുപറയിക്കാനും പഠിപ്പിക്കണം. കുട്ടികളില്‍ കട്ടെടുക്കല്‍ ഒരു സ്വഭാവവൈകല്യമായി മാറിയെങ്കില്‍ വിദഗ്ദസഹായം തേടുന്നതില്‍ മടി വിചാരിക്കരുത്. കട്ടെടുക്കല്‍ ഒരു ശീലമായി തീരുന്നതിനുമുമ്പ് ഈ പ്രവണത തിരുത്താവുന്നതാണ്.