മകള്‍ മരുമകളാകുമ്പോള്‍

മകള്‍ മരുമകളാകുമ്പോള്‍

സ്ത്രീ പുരുഷ സമത്വം എന്ന ആശയം ഇന്ന് ലോകത്തെവിടെയും തത്വത്തില്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. സത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വോട്ടുണ്ട്. പുരുഷന്മാര്‍ക്കെന്നപോലെ സ്ത്രീകള്‍ക്കും തെരെഞ്ഞെടുപ്പില്‍ മത്സരിക്കാം. അധികാര സ്ഥാനങ്ങളില്‍ എത്താം മെഡിക്കല്‍ കോളജുകളിലും എഞ്ചിനീയറിംഗ് കോളജുകളിലും പ്രവേശനം അര്‍ഹതയുടെ അടിസ്ഥാനത്തിലാണ്; സ്ത്രീകളായതിന്റെ പേരില്‍ പിന്‍തള്ളപ്പെടുന്നില്ലെന്നു സാരം. അതേ സമയം ജീവിതത്തിന്റെ മറ്റ് പല മേഖലകളിലും, കുടുംബങ്ങളില്‍പ്പോലും സ്ത്രീകള്‍ പുരുഷന്മാര്‍ക്കു സമമാണെന്ന് അംഗീകരിക്കപ്പെടുന്നില്ല. എന്ന പരാധിയും പരിഭവവും അപൂര്‍വ്വമായിട്ടെങ്കിലും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

പല സ്ത്രീകള്‍ക്കും തങ്ങളെപ്പറ്റി തന്നെയുള്ള കുറേ അബദ്ധ ധാരണകളാണ് പലപ്പോഴും അവരുടെ വിജയവഴികളില്‍ വിലങ്ങു തടികളായി നില്‍ക്കുന്നത് എന്ന കാര്യത്തില്‍ എതിരഭിപ്രായത്തിന് ഇടയുണ്ടാവില്ല. അങ്ങനെയുള്ള ചില ധാരണകള്‍ ഏതൊക്കെയാണെന്ന് ആഴത്തില്‍ മനസ്സിലാക്കി അവ പരിഹരിക്കാന്‍ സാധിച്ചാല്‍ കുടുംബത്തിലും സമൂഹത്തിലുമെന്നല്ല ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകള്‍ക്ക് നിസ്തുലമായ സംഭാവനകള്‍ നല്കാനും വിജയിച്ച് മുന്നേറാനും സാധിക്കും. കുടുംബത്തില്‍ പുരുഷ മേധാവിത്വം നിലനില്‍ക്കുന്നു, അവിടെ തങ്ങള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനവും അംഗീകാരവും ലഭിക്കുന്നില്ല എന്നൊക്കെ ചില സ്ത്രീകള്‍ വിശ്വസിക്കുകയും പരാതിെപ്പടുകയും ചെയ്യാറുണ്ട്. ഒരു കാലത്ത് കഴമ്പുള്ള ഒരു പരാതിയായിരുന്നു ഇതെങ്കിലും ഇന്ന് ഈ ധാരണയ്ക്ക് ഏറെ പ്രസക്തിയില്ല എന്ന് പറയാതെ വയ്യ. കാരണം, ഇന്ന് മറ്റ് പല മേഖലകളിലെന്ന പോലെ കുടുംബത്തിലും പുരുഷന്മാര്‍ക്കൊപ്പം, ചിലപ്പോള്‍ പുരുഷന്മാരെക്കാളധികം കാര്യശേഷി സ്ത്രീകള്‍ പ്രകടിപ്പിക്കുന്നുണ്ട്. ഭാര്യയും ഭര്‍ത്താവും മക്കളും ഒത്തൊരുമിച്ച് ജീവിക്കുന്ന കുടുംബമെന്ന കൊച്ചു സമൂഹത്തില്‍ മറ്റ് സ്ഥാപനങ്ങളിലുള്ളതുപോലെ മാസംതോറും നടത്തുന്ന വിലയിരുത്തല്‍ സമ്മേളനങ്ങള്‍ ഇല്ലാത്തതും, ഭര്‍ത്താവ് തന്റെ ഭാര്യാകുടുംബത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഉള്ളുതുറന്നു പറയാന്‍ മടിക്കുന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. തന്റെ ജീവിതപങ്കാളിയാണെങ്കില്‍പ്പോലും അവളുടെ നന്മകളെ പരസ്യമായിട്ടൊന്നംഗീകരിക്കാന്‍ പല പുരുഷന്മാരും പൊതുവേ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഭാര്യ മുന്‍കൈയ്യെടുത്ത് തന്നെപ്പറ്റി വസ്തുനിഷ്ഠമായ നിരൂപണം നടത്താന്‍ ഭര്‍ത്താവിനെ പ്രോത്സാഹിപ്പിക്കണം; പക്ഷേ, അത് കലഹത്തിന്റെ രൂപത്തിലാകരുതെന്നു മാത്രം.

കുടുംബത്തില്‍ പുരുഷമേധാവിത്വം നിലനില്‍ക്കുന്നു, അവിടെ തങ്ങള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനവും അംഗീകാരവും ലഭിക്കുന്നില്ല എന്നൊക്കെ ചില സ്ത്രീകള്‍ വിശ്വസിക്കുകയും പരാതിെപ്പടുകയും ചെയ്യാറുണ്ട്. ഒരു കാലത്ത് കഴമ്പുള്ള ഒരു പരാതിയായിരുന്നു ഇതെങ്കിലും ഇന്ന് ഈ ധാരണയ്ക്ക് ഏറെ പ്രസക്തിയില്ല എന്ന് പറയാതെ വയ്യ. കാരണം, ഇന്ന് മറ്റ് പല മേഖലകളിലെന്ന പോലെ കുടുംബത്തിലും പുരുഷന്മാര്‍ക്കൊപ്പം, ചിലപ്പോള്‍ പുരുഷന്മാരെക്കാളധികം കാര്യശേഷി സ്ത്രീകള്‍ പ്രകടിപ്പിക്കുന്നുണ്ട്.

ഒരു പെണ്‍കുട്ടി തന്റെ വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക് മരുമകളായി കടന്നുചെല്ലുമ്പോള്‍ തനിക്കവിടെ അര്‍ഹമായ പരിഗണന ലഭിക്കുമോ, ഭര്‍ത്താവിന്റെ വീട്ടില്‍ ഉളളവര്‍ പ്രത്യേകിച്ച് തന്റെ ജീവിതപങ്കാളിയും അമ്മായിയമ്മയും തന്നോട് എപ്രകാരമായിരിക്കും പെരുമാറുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ആ പെണ്‍കുട്ടിയുടെ മനസ്സില്‍ ഉണ്ടാകുക സ്വാഭാവികമാണ്. തന്റെ പുതിയ ജീവിത സാഹചര്യങ്ങളില്‍ താന്‍ കൂടുതല്‍ സ്വീകാര്യ ആയിത്തീരാനും മറ്റുള്ളവര്‍ തന്നെ അവഗണിക്കുന്നത് ഒഴിവാക്കാനുമുള്ള പരിശ്രമങ്ങളായിരിക്കും പിന്നീടങ്ങോട്ട് ചെറുതും വലുതുമായ രീതികളില്‍ അവളുടെ ഭാഗത്തുനിന്നുണ്ടാകുക. അതുപോലെ തന്റെ പുതിയ കുടുംബത്തിലെ മറ്റ് അംഗങ്ങളില്‍ നിന്നും വ്യത്യസ്തയായിരിക്കാനും, അവിടെ സ്വന്തമായി അഭിപ്രായം ഉണ്ടാക്കിയെടുക്കാനും, തന്റേതായ ആശയങ്ങള്‍ അവതരിപ്പിക്കുവാനും ചില പെണ്‍കുട്ടികള്‍ അമിത ആവേശം കാണിക്കാറുണ്ട്. ആ കുടുംബത്തിലെ മറ്റ് അംഗങ്ങളെ പ്രത്യേകിച്ച് അമ്മായിയമ്മയേയും മറ്റ് മുതിര്‍ന്നവരെയും പിണക്കാതെ, തനിക്കുമാത്രം എല്ലാം അറിയാം മറ്റുള്ളവരെല്ലാം പഴഞ്ചന്‍ മാരാണ് എന്ന സൂചന ആര്‍ക്കും കൊടുക്കാതെ, സ്വന്തം ആശയങ്ങള്‍ അവതരിപ്പിക്കുന്ന രീതിയില്‍ ഭവ്യതയും ബഹുമാനവും പ്രകടമാക്കിയാല്‍ അവരുടെ സഹകരണം നേടാനാകും. ഇതിനു പകരം തന്റെ വാശികള്‍ മാത്രം നടക്കണം എന്ന കടുംപിടുത്തത്തോടെ എന്തിനും ഏതിനും ഏറ്റുമുട്ടലിന്റെ പാതമാത്രം സ്വീകരിച്ചാല്‍ കുടുംബജീവിതം തുടക്കത്തിലെ കല്ലുകടി നിറഞ്ഞതായിത്തീരും എന്ന കാര്യത്തില്‍ സംശയമില്ല.

തന്റെ പുതിയ ജീവിതാന്തരീക്ഷത്തില്‍ താന്‍ ആഗ്രഹിച്ച രീതിയില്‍ സന്തോഷത്തോടെ ആയിരിക്കാന്‍ കഴിയാതെ വരുമ്പോള്‍, അവിടെ തന്റെ സ്വപ്നങ്ങളും കണക്കുകൂട്ടലുകളും പിഴയ്ക്കുന്നു എന്ന് അനുഭവപ്പെട്ടു തുടങ്ങുമ്പോള്‍ എന്തുകൊണ്ടാണ് തന്റെ ആശയങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വേണ്ടത്ര പരിഗണന ലഭിക്കാത്തത് എന്ന് അന്വേഷിക്കുന്നതും തന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും അപാകതകളുണ്ടെങ്കില്‍ അവ പരിഹരിച്ച് കുറേക്കൂടി സ്വീകാര്യത ആ കുടുംബത്തിലെ അംഗങ്ങളുടെ മനസ്സില്‍ പ്രത്യേകിച്ച് ജീവിതപങ്കാളിയുടെ മനസ്സില്‍ നേടിയെടുക്കാന്‍ പരിശ്രമിക്കുന്നതും നല്ലതാണ്. ഒരു മരുമകളെന്ന നിലയില്‍ ചില പരിമിതികള്‍ തന്റെ ഭര്‍തൃ കുടുംബത്തില്‍ തനിക്കുണ്ടായിരിക്കും എന്ന യാഥാര്‍ത്ഥ്യം ഒരു പെണ്‍കുട്ടി അംഗീകരിച്ചേ മതിയാകൂ. അതുപോലെ തന്നെ തങ്ങളുടെ കുടുംബത്തിലേക്ക് ചേര്‍ക്കപ്പെട്ട ഈ പുതിയ അംഗത്തെ സ്വതന്ത്രമായി ചിന്തിക്കുന്നതിനും പുതിയ പുതിയ ആശയങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനും ഒരു പരിധിവരെയെങ്കിലും സ്വതന്ത്രമായി വിടേണ്ടത് ആവശ്യമാണ്.

കയറിച്ചെല്ലുന്ന കുടുംബത്തില്‍ ആധിപത്യമുറപ്പിക്കാന്‍ മകള്‍ ഭര്‍ത്താവിനെ ശരിക്കും വശത്താക്കണമെന്നും, അവന്റെ വീട്ടുകാരില്‍ നിന്നും അവനെ അകറ്റണമെന്നും എപ്പോഴും എല്ലായിടത്തും 'പൗരുഷം' കാട്ടാന്‍ ഭര്‍ത്താവിനെ നിര്‍ ബന്ധിക്കണമെന്നുമൊക്കെ തങ്ങളുടെ പെണ്‍മക്കളെ ഉപദേശിക്കുന്ന വീട്ടുകാരെ പ്രത്യേകിച്ചും അമ്മമാരെ പലപ്പോഴും കാണാറുണ്ട്.

ആര് എന്തു പറഞ്ഞാലും, എന്ത് നിസ്സാര വിമര്‍ശനങ്ങള്‍ ഉണ്ടായാലും എടുത്തുചാടുന്ന അല്ലെങ്കില്‍ കണ്ണു നിറയുന്ന പ്രകൃതി മാറ്റിയെടുക്കണം. അതുകൊണ്ട് സ്ത്രീ സഹജയായ എല്ലാ സിദ്ധികളും കഴിവുകളും ഉപേക്ഷിക്കണമെന്നല്ല അര്‍ത്ഥമാക്കുന്നത്. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും, വാത്സല്യം പ്രകടിപ്പിക്കുവാനും, പിന്തുണ നല്കുവാനുമുള്ള തന്റെ കഴിവുകള്‍ അവള്‍ പരമാവധി ഉപയോഗപ്പെടുത്തട്ടെ. തന്റെ കുടുംബത്തില്‍ വ്യക്തിബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുന്നതിനും അവിടെയുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാനും തന്റെ സാമീപ്യവും സാന്നിദ്ധ്യവും അവള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തണം. അതുപോലെ തന്നെ, തന്റേടം കാണിക്കേണ്ടത് എപ്പോള്‍ എവിടെ എത്രമാത്രം എന്നു മുന്‍കൂട്ടി തീരുമാനിക്കുവാനുള്ള കഴിവുണ്ടായിരിക്കുക എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. താന്‍ പുതുതായി അംഗമായിത്തീര്‍ന്ന കുടുംബം പിന്തുടരുന്ന ചില കീഴ്‌വഴക്കങ്ങളും അംഗീകൃത പെരുമാറ്റ ചട്ടങ്ങളും അവള്‍ വേണ്ടത്ര മനസ്സിലാക്കിയിരിക്കുകയും വേണം.

ആജീവനാന്തം ഒരേ കുടുംബത്തില്‍ ജീവിച്ച് ചെറുതും വലുതുമായ ജോലികള്‍ ചെയ്ത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അമ്മയായി, അമ്മായിയമ്മയായി, വല്യമ്മയായി ഈ മരുമകള്‍ മാറുമെങ്കിലും ചില മരുമക്കള്‍ക്ക് എന്നും ഒരേ വീട്ടില്‍ത്തന്നെ തുടരാന്‍ തോന്നുന്നില്ല എന്ന കാരണത്താല്‍ താനും ഭര്‍ത്താവും മക്കളും മാത്രമടങ്ങുന്ന 'ഒരു കൊച്ചുവീട്ടിലേക്ക്' മാറാന്‍ വാശിപിടിക്കുന്ന ഒരു മകളെയും മകനെയുമൊക്കെ ചിലപ്പോള്‍ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ മറ്റു ചിലര്‍ക്ക് 'വേറേ പോകുന്നത്' ചിന്തിക്കാന്‍ പോലും സാധിക്കില്ല. കാരണം, പുതിയ ജീവിത സാഹചര്യങ്ങളെ നേരിടാന്‍ അവര്‍ക്ക് ഭയമാണ്.

കുടുംബജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാകണം, കുടുംബ ഭരണം എങ്ങനെയെങ്കിലും കൈക്കലാക്കണം, കുടുംബത്തില്‍ ഒരുസ്ഥാനം ഉറപ്പിക്കണം തുടങ്ങിയ ചിന്തകളൊക്കെ വിവാഹം കഴിഞ്ഞ് ഒരു കുടുംബത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന ഒരു പെണ്‍കുട്ടിക്ക് ഉണ്ടാകുക സ്വാഭാവികമാണ്. എന്നാല്‍ ഇതിനായി അവള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം സത്യസന്ധവും മേന്മയുള്ളതുമായിരിക്കണമെന്നു മാത്രം. പിടിച്ചുവാങ്ങലിന്റെയും, കീഴടക്കലിന്റെയും, അകറ്റി നിര്‍ത്തലിന്റെയും, പിരിച്ചുമാറ്റലിന്റെയും വഴി തേടാതിരിക്കുക. എങ്കില്‍ മാത്രമേ നമ്മുടെയൊക്കെ കുടുംബജീവിതത്തില്‍ ഐശ്വര്യപൂര്‍ണ്ണമായി അനുദിനം മുന്നേറാന്‍ നമുക്ക് സാധിക്കുകയുള്ളൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org