
കൊച്ചുടിവിയും മൊബൈല്‍ ഫോണുമൊക്കെ കുട്ടികള്‍ നന്നായി ഉപയോഗിക്കാന്‍ പഠിച്ചാല്‍ അവരുടെ ജിജ്ഞാസയ്ക്ക് ഉത്തരം കിട്ടുന്ന കാര്യങ്ങള്‍ പഠിക്കാം. പക്ഷേ അത് എപ്രകാരം ഉപയോഗിക്കുന്നുവെന്നത് വളരെ പ്രസക്തമാണ്. ക്ലേശകരമായ പല ചോദ്യങ്ങള്‍ക്ക് നിമിഷനേരം കൊണ്ട് ഉത്തരം കണ്ടെത്താനും പ്രശ്‌നനിവാരണം ചെയ്യുവാനും ഇന്റര്‍നെറ്റ് കണക്ഷനുള്ള ഫോണ്‍ സഹായകമാകും. ജിജ്ഞാസുക്കളായ കുട്ടികളെ നമ്മുടെ വീട്ടിലും നമുക്ക് ചുറ്റും കാണുന്നവരാണ് നമ്മള്‍. കുട്ടികള്‍ക്ക് ജന്മനാ കിട്ടുന്ന ജിജ്ഞാസയോടെ നോക്കി കാണാനും തൊട്ടു നോക്കാനും സ്വന്തമാക്കാനും പുതിയത് പഠിച്ചെടുക്കാനുമുള്ള പ്രവണതകളെ നേരായ വഴിക്ക് തിരിക്കാനും പ്രോത്സാഹിപ്പിക്കാനും അവരിലുള്ള തനതായ കഴിവുകളെ വളര്‍ത്തിയെടുക്കാനും സഹായിക്കാന്‍ കഴിയുന്നവര്‍ മാതാപിതാക്കളും അധ്യാപകരുമാണ്. ജിജ്ഞാസ നല്ല രീതിയില്‍ തിരിച്ചു വിട്ടാല്‍ പുതിയ കാര്യങ്ങള്‍ കണ്ടെത്താനും പഠിക്കാനും സഹായിക്കും.
ജിജ്ഞാസുക്കളായ കുട്ടികള്‍ പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്നത് ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയോ പുറത്തു നിന്നുമുള്ള പ്രേരണയാല്‍ മറ്റുള്ളവരെ പ്രീതിപ്പെടുത്താന്‍ കാട്ടുന്നതുമല്ല, മറിച്ച് ശരിയായ അന്വേഷണവും കണ്ടെത്തലുമാണ്. ശരിയായ ജിജ്ഞാസ പുതിയ കാര്യങ്ങള്‍ പഠിക്കുന്നതോടോപ്പം തന്നെ കുട്ടികളിലെ പരിമിതികളെ അതിജീവിക്കാനും അവരിലെ ക്രിയാത്മകശക്തികളെ ദിശാബോധത്തിലേക്ക് തിരിക്കാനും പ്രാപ്തരാക്കുകയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ജീവിതം മെച്ചപ്പെടുത്തേണ്ടത് എങ്ങനെ എന്ന ചിന്തയിലേക്ക് നീങ്ങാനും തുടങ്ങും. യഥാര്‍ത്ഥ ജിജ്ഞാസയുള്ള കുട്ടികള്‍ അവര്‍ ആഗ്രഹിക്കുന്നത് നേടിയെടുക്കാനുള്ള വഴികള്‍ തേടുന്നത് കണ്ടാല്‍ ആരോഗ്യവും അനുഭവസമ്പത്തുമുള്ള മുതിര്‍ന്നവരെകൂടി അതിശയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന വിധത്തില്‍ ആയിരിക്കും.
എന്നാല്‍ നിഷേധാത്മകമായ ജിജ്ഞാസ വളര്‍ത്തുന്നതിലുപരി കുട്ടികളെ തളര്‍ത്തുന്നു. മാതാപിതാക്കളുടെ നിര്‍ബന്ധത്തിനും മറ്റു കുട്ടികളുടെ താരതമ്യ പഠനത്തില്‍ നിന്നും ഉല്‍ഭവിക്കുന്ന ജിജ്ഞാസ പ്രോല്‍സാഹിപ്പിക്കുന്നവരുടെ പിന്‍തുണയുടെ ശക്തി കുറയുന്നതനുസരിച്ച് അവസാനിക്കും. ഇത്തരത്തിലുള്ളവ വളര്‍ത്താതെ തളര്‍ത്തികളയും. ചില കുട്ടികളുടെ കാര്യത്തില്‍ നേരത്തെ എഴുന്നേറ്റ് പഠിക്കാത്തതില്‍ മറ്റു കുട്ടികളെപ്പോലെ പഠിക്കാത്തതില്‍ സ്മാര്‍ട്ട് ആകാത്തതില്‍ ട്രോഫികള്‍ വാങ്ങാത്തതിലുമുള്ള കുറ്റം പറച്ചിലും താരതമ്യം ചെയ്യലും ഒഴിവാക്കാന്‍ അവര്‍ തന്നെ സ്വയം പുതിയ കാര്യങ്ങള്‍ കണ്ടെത്താന്‍ മുന്‍കൈ എടുക്കുന്ന ജിജ്ഞാസുവാകാമെന്നും സ്വയം വളരാന്‍ ശ്രമിക്കുന്നതാകാമെന്നും പുതിയ മാധ്യമങ്ങളുടെ സഹായത്താല്‍ എന്തൊക്കെയോ നേടാമെന്നും മാതാപിതാക്കളുടെയും ശ്രദ്ധ പിടിച്ചുപറ്റാമെന്നും സ്വയം നിലനില്‍പ്പ് ഉറപ്പിക്കാമെന്ന് തീരുമാനിച്ചു പ്രവര്‍ത്തിക്കുന്നു. ഇത്തരത്തിലുള്ള ജിജ്ഞാസകള്‍ കുട്ടികളെ വളര്‍ത്തുന്നതിനു പകരം തളര്‍ത്തും. കാരണം കൂടുതല്‍ കാര്യങ്ങള്‍ പഠിക്കും എന്നതിലുപരി അടിമത്തത്തിലേക്ക് നയിക്കുന്ന വിധത്തില്‍ കുട്ടികളുടെ പഠനത്തിലുള്ള താല്പര്യ കുറവിലേക്ക് അവരെ നയിക്കും. ചില കുട്ടികളുടെ ജിജ്ഞാസയ്ക്ക് പ്രത്യേകിച്ച് ലക്ഷ്യബോധമൊന്നും ഉണ്ടാകണമെന്നില്ല. അവര്‍ സ്ഥിരതയില്ലാത്ത വിധം ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ചാടിക്കൊണ്ടിരിക്കും.
കുട്ടികള്‍ക്ക് സ്‌നേഹവും ശ്രദ്ധയും പരിഗണനയും പ്രോത്സാഹനവും നല്കി വളര്‍ത്താന്‍ ശ്രദ്ധിക്കുന്നതിനോടൊപ്പം തന്നെ അവരുടെ ബാലിശമായ ജിജ്ഞാസയെ വളം വച്ചു കൊടുക്കുന്ന രീതിയിലുള്ള സാധനങ്ങള്‍ വാങ്ങിക്കൊടുക്കുമ്പോള്‍ അവരെ വളര്‍ച്ചയിലേക്ക് എന്നതിനു പകരം തളര്‍ച്ചയിലേക്ക് നയിക്കും. യഥാര്‍ത്ഥ്യങ്ങളുടെ ലോകത്തിലേക്ക് ഇറങ്ങുമ്പോള്‍ പ്രശ്‌നങ്ങളെ പരിഹരിക്കാനോ അഭിമുഖീകരിക്കാനോ കഴിവില്ലാതെ മാധ്യമങ്ങളെ മാത്രം ആശ്രയിച്ച് സമയം ചിലവഴിക്കുന്ന കുട്ടികള്‍ പതറാം. അനുദിനജീവിതസാഹചര്യങ്ങളും സംഭവങ്ങളും പ്രശ്‌നങ്ങളുമായി യോജിക്കുവാന്‍ ബുദ്ധിമുട്ട് വരും. ആത്മവിശ്വാസം നഷ്ടപ്പെടുവാനും അവരുടെ ആവശ്യത്തിനു പോലും മറ്റുള്ളവരെ അമിതമായി ആശ്രയിക്കുവാനും കാരണമായി പ്രായത്തിനനുസരിച്ചുള്ള പക്വതയിലും പ്രായോഗികതയിലും വളരാന്‍ കഴിയാതെ പരാജയഭയം അവരെ പുറകിലേക്ക് പിന്‍തിരിപ്പിക്കും.
സ്വന്തം വളര്‍ച്ചയ്ക്കു മാത്രം പരിശ്രമിക്കുമ്പോള്‍ അപരനെക്കുറിച്ച് ചിന്തിക്കാനും സഹായിക്കാനും മറക്കുന്നു. ജിജ്ഞാസയുള്ള കുട്ടികളെ പഠനകാര്യത്തില്‍ വളര്‍ത്താനും പഠനരീതികള്‍ മെച്ചപ്പെടുത്തുവാനും നല്കുന്ന അവസരങ്ങള്‍ അവര്‍ ദുരുപയോഗിക്കുന്നുണ്ടോയെന്ന് മാതാപിതാക്കള്‍ മാറിനിന്നും കൂടെനിന്നും നിരീക്ഷിക്കുന്നത് ആരോഗ്യകരമായ മാനസികവളര്‍ച്ചയ്ക്ക് സഹായിക്കും. കുട്ടികളായിരിക്കുമ്പോള്‍ കൊച്ചു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എളുപ്പമാണ്. എന്നാല്‍ കുട്ടികള്‍ വളരുന്നതിനനുസരിച്ച് പ്രശ്‌നങ്ങളുടെ സങ്കീര്‍ണ്ണതയും വര്‍ദ്ധിക്കും.
Tel : 0484-2600464, 9037217704
E-mail: jeevanapsychospiritual@gmail.com