ദാമ്പത്യസ്‌നേഹം

ദാമ്പത്യസ്‌നേഹം

ആരോഗ്യകരവും സന്തുഷ്ടവുമായ ദാമ്പത്യത്തെ പ്രദാനം ചെയ്യുന്ന ഘടകങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതാണ് സ്‌നേഹം. ഈ സ്‌നേഹം മറ്റ് സ്‌നേഹം പോലെയല്ല. ചില തനതായ ഘടകങ്ങള്‍ അതിനെ മറ്റ് സ്‌നേഹത്തില്‍ നിന്നും വേര്‍തിരിക്കുന്നു.

വൈവാഹിക സ്‌നേഹത്തിന്റെ ഘടകങ്ങള്‍

  1. ദാമ്പത്യ സ്‌നേഹം ഒരു ഗുണമല്ല, പല ഗുണങ്ങള്‍ ഉള്‍ച്ചേരുന്നതാണ്. ഉദാഹരണത്തിന് ക്ഷമ, കരുണ, ശ്രദ്ധ, നീതി, ദയ, വിശ്വസ്തത, നന്മ, ആനന്ദം, സൗമ്യത, ആത്മസംയമനം മുതലായ ഗുണങ്ങളുടെ ഉള്‍ച്ചേരലാണ് ദാമ്പത്യസ്‌നേഹം.

  2. വൈവാഹിക സ്‌നേഹം പരിപൂര്‍ണ സ്വയം സമര്‍പ്പണമാണ് (total self gift). തന്നെ തന്നെ പൂര്‍ണ്ണമായും മറ്റൊരു വ്യക്തിക്കു സന്തോഷത്തോടെ നല്‍കുന്നതും ആ വ്യക്തിയെ പൂര്‍ണ്ണമായി സ്വീകരിക്കുന്നതുമാണ് വിവാഹത്തിലെ സ്‌നേഹം. സ്‌നേഹത്തോടെയുള്ള ലൈംഗീക ബന്ധം ഇതിന്റെ ഉത്തമ പ്രകടനമാണ്.

പൊതുവെ മനുഷ്യര്‍ക്ക് സ്‌നേഹം കൊടുക്കുന്നതിനേക്കാള്‍ സ്വീകരിക്കാനാണ് ഉത്സാഹം. എന്നാല്‍ വിവാഹത്തില്‍ സ്‌നേഹം സ്വയം ദാനമായതിനാല്‍ നല്കുന്നതിനായിരിക്കണം മുന്‍ഗണന. വിവാഹം ഈ അര്‍ത്ഥത്തില്‍ തന്നില്‍ത്തന്നെയുള്ള മരണമാണ് (1 കോറി. 13:5). സ്വീകരിക്കുന്നതിന് മുന്‍തൂക്കം നല്‍കുന്നവര്‍ എവിടെയും സ്വന്തം കാര്യം അന്വേഷിക്കുന്നവരും ആധിപത്യസ്വഭാവം ഉള്ളവരും അഹങ്കരിക്കലും സ്വയം പുകഴ്ത്തുന്നവരുമായിരിക്കും. ഈ വക സ്വഭാവങ്ങള്‍ വിവാഹത്തിന് ദോഷകരമാണ്.

  1. വൈവാഹിക സ്‌നേഹം സ്ത്രീപുരുഷ ഐക്യം (communion) ആണ്. രണ്ട് വ്യക്തികള്‍ ഏകശരീരം (മത്താ. 19:6) ആയിത്തീരുന്ന ദിവ്യമായ അനുഭവമാണത്. വിവാഹത്തില്‍ രണ്ടുപേരും 'ഞാനി'ല്‍ നിന്ന് 'നമ്മള്‍' അനുഭവത്തിലേക്ക് വളരുന്നു. ദമ്പതികള്‍ ഒരുമിച്ച് ചെയ്യുന്നതെല്ലാം ഈ കൂട്ടായ്മയെ മനോഹരമാക്കും.

  2. വൈവാഹിക സ്‌നേഹം ജീവദായകമാണ് (life-giving). സ്‌നേഹം ജീവന്റെ ഉറവയായി രൂപപ്പെടുന്നു. ഭാര്യാഭര്‍ത്താക്കന്മാരുടെ മുറിവുകള്‍ സുഖപ്പെടുത്താനും അവരെ വളര്‍ത്തുവാനും ശേഷിയുള്ളതാണ് വൈവാഹിക സ്‌നേഹം. സൃഷ്ടികര്‍മ്മത്തില്‍ പങ്കു ചേരാനുള്ള കഴിവ് ഈ സ്‌നേഹത്തിലൂടെയാണ് പങ്കാളികള്‍ ആര്‍ജിച്ചെടുക്കുക.

  3. വിവാഹിതരുടെ സ്‌നേഹം മറ്റ് സ്‌നേഹം പോലെയല്ല. മറ്റ് ബന്ധങ്ങളില്‍ സ്‌നേഹം കേവലം ഒരു വികാരമോ (emotion) അല്ലെങ്കില്‍ പ്രതികരണമോ (reaction) ആകുമ്പോള്‍ വൈവാഹിക സ്‌നേഹം ഒരു തീരുമാനവും (decision) അനവധി ഗുണങ്ങളുടെ ഉള്‍ച്ചേരലുമാണ്.

സ്‌നേഹം വികാരത്തിന്റെ തലത്തില്‍ മാത്രമാണെങ്കില്‍ അത് സാഹചര്യമനുസരിച്ച് മാറിക്കൊണ്ടിരിക്കും. എന്നാല്‍ തീരുമാനം ഇപ്പോഴും ബുദ്ധിയുടെ പ്രവര്‍ത്തനവും ബോധ്യവുമാണ്. മരണം വരെ ഏത് അവസ്ഥയിലും സ്‌നേഹിച്ചു കൊള്ളാം എന്നുള്ളത് ഒരു തീരുമാനമാണ്. ദമ്പതികള്‍ രണ്ട് പേരും ചേര്‍ന്നെടുക്കുന്ന പ്രതിജ്ഞ ഈ ബോധ്യത്തിന്റെ പ്രഘോഷണമാണ്.

സ്‌നേഹം തീരുമാനമാണെന്ന് പറയുമ്പോള്‍ അതില്‍ വികാരത്തിന് സ്ഥാനമില്ലെന്നല്ല. വൈകാരികതയില്ലാത്ത സ്‌നേഹം മരുഭൂമിയനുഭവം പോലെയാണ്. തീരുമാനമാകുന്ന സ്‌നേഹം വൈകാരികതയെ ഉണര്‍ത്തണം.

സ്‌നേഹം ആത്മാവിനെ ഉണര്‍ത്തുന്നതാണോ?

സ്‌നേഹത്തെ ഭൗതീകവല്‍ക്കരിക്കുകയോ കച്ചവടവല്‍ക്കരിക്കുകയോ ചെയ്യുന്ന പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ വൈവാഹിക സ്‌നേഹം വിവാഹിതര്‍ക്ക് ആത്മാവിനെ ഉണര്‍ത്തുന്ന ശക്തമായ അനുഭവമാണ്. ദൈവസൃഷ്ടിയായ മനുഷ്യനില്‍ ദൈവത്തിന്റെ ചൈതന്യം കുടികൊള്ളുന്നു. ദമ്പതികളുടെ സ്‌നേഹം ഈ ആത്മാവിനെയും ഉള്‍ക്കൊള്ളുന്നു; നമ്മെ ദൈവത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു.

സ്‌നേഹം ആത്മാവിനെ ഉണര്‍ത്താന്‍ ചെയ്യേണ്ടവ

പങ്കാളിയില്‍ ദൈവിക ചൈതന്യം ദര്‍ശിച്ചു ദൈവത്തിന് നേര്‍ന്ന് സ്‌നേഹത്തിന്റെ പ്രവര്‍ത്തികള്‍ ചെയ്യുക. ഉദാഹരണം, ജീവിതപങ്കാളിയില്‍ ദൈവത്തെ ദര്‍ശിച്ചു ഭക്ഷണം പാചകം ചെയ്ത് വിളമ്പുക.

രണ്ട്, പങ്കാളിയെ ദൈവകരങ്ങളില്‍ നിന്ന് ദാനമായി കണ്ട് സ്വീകരിക്കണം. മൂന്ന്, സ്വന്തം ഇഷ്ടത്തെക്കാളും ദൈവത്തിന്റെ ഹിതം അന്വേഷിക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org