കുട്ടികള്‍ തമ്മിലുള്ള വഴക്കു മാറാന്‍

കുട്ടികള്‍ തമ്മിലുള്ള വഴക്കു മാറാന്‍

പല മാതാപിതാക്കളുടെയും വലിയൊരു പ്രശ്‌നമാണ് പരസ്പരം സ്‌നേഹിച്ചു വളരേണ്ട കുട്ടികള്‍ തമ്മിലുള്ള വഴക്കുകള്‍ ചിലപ്പോള്‍ ഉപദ്രവകരമായ പ്രവര്‍ത്തികളിലേക്ക് മാറുന്നത്. പലപ്പോഴും മാതാപിതാക്കളുടെ ഇടപ്പെടല്‍ വഴക്കിന്റെ സങ്കീര്‍ണ്ണത വര്‍ധിപ്പിക്കുകയും ചെറിയ പ്രശ്‌നങ്ങള്‍ വഷളാക്കി മാതാപിതാക്കള്‍ തമ്മില്‍ കലഹിക്കാന്‍ ഇടയാക്കുകയും വീട്ടിലെ സമാധാനഅന്തരീക്ഷത്തെ അസ്വസ്ഥമാക്കുകയും ചെയ്യാറുണ്ട്. ചെറുപ്പത്തിലെ മുതല്‍ കുട്ടികളില്‍ കണ്ടുവരുന്ന ഇത്തരത്തിലുള്ള വഴക്കുകളും പ്രശ്‌നങ്ങളും കുറ്റപ്പെടുത്താതെ തന്നെ കൈകാര്യം ചെയ്യേണ്ടത് സഹോദരസ്‌നേഹത്തിലും കരുതലിലും കുട്ടികള്‍ വളരുന്നതിന് സഹായകമാണ്.

കുട്ടികള്‍ പരസ്പരമുണ്ടാക്കുന്ന ഇത്തരം പ്രശ്‌നങ്ങളെ അതിജീവിക്കുവാനും ഒഴിവാക്കുവാനും മാതാപിതാക്കള്‍ മനസ്സിലാക്കി ശ്രദ്ധിക്കേണ്ട ഏതാനും ചില കാര്യങ്ങള്‍-

- കുട്ടികളുടെ സ്വഭാവവ്യത്യാസങ്ങള്‍ മനസ്സിലാക്കുക

- ഒരേ വീട്ടില്‍ വളരുന്നവരാണെങ്കിലും കുട്ടികള്‍ ഒരുപോലെ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധം വയ്ക്കരുത്.

- ചിന്താഗതിയിലും, സ്വഭാവത്തിലും, വികാരപ്രകടനങ്ങളിലും, പെരുമാറ്റ രീതികളിലും ഓരോ കുട്ടിയും വ്യത്യസ്തരാണെന്ന യാഥാര്‍ത്ഥ്യം മാതാപിതാക്കള്‍ മനസ്സിലാക്കി അവരെ അംഗീകരിക്കാന്‍ പഠിക്കണം.

- വ്യത്യാസങ്ങളെ കണ്ട് മനസ്സിലാക്കി മക്കളോട് ഇടപ്പെടുന്ന മാതാപിതാക്കളെ കണ്ടു പഠിക്കുന്ന കുട്ടികള്‍ പരസ്പരം അംഗീകരിക്കുവാനും തനതായ സ്വഭാവപ്രത്യേകതകളെയും കഴിവുകളെയും അംഗീകരിച്ച് വളരാന്‍ പഠിക്കുന്നതിനോടൊപ്പം സ്വന്തം കഴിവുകളെ വിലമതിച്ചും കുറവുകളെ തിരുത്തിയും യാഥാര്‍ത്ഥ്യബോധത്തില്‍ വളരാന്‍ പരിശ്രമിക്കും.

അസൂയയെ ആരോഗ്യകരമായി തിരുത്തുക

കുട്ടികളുടെ ഇടയില്‍ അസൂയ ഉണ്ടാകുന്നതും പ്രകടിപ്പിക്കുന്നതും സ്വാഭാവികമാണ്. മറ്റുള്ളവരുടെ മുമ്പില്‍ കുറ്റപ്പെടുത്തിയും കളിയാക്കിയും അസൂയ കാട്ടുന്ന കുട്ടിയെ ചെറുതാക്കി കാണിച്ച് മുറിവേല്പിക്കാതെ അവരുമായി സംസാരിച്ച് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാന്‍ മാതാപിതാക്കള്‍ ശ്രമിക്കുക. ഉള്ളത് പങ്കുവയ്ക്കാനും ഒരുമിച്ച് കളിക്കുവാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ അവരിലെ അസൂയ ചിന്തകളെ അതിജീവിക്കുവാന്‍ സഹായകമാകുന്നു.

കുട്ടികളെ തമ്മില്‍ താരതമ്യം ചെയ്യാതിരിക്കുക

നിന്നെ എന്തിനുകൊള്ളാം അവനെ കണ്ടു പഠിക്ക് അവളെ നോക്കി ഒന്ന് നന്നാകാന്‍ പരിശ്രമിക്ക് എന്നൊക്കെ നിരന്തരം താരതമ്യം ചെയ്ത് മാതാപിതാക്കള്‍തന്നെ കുറ്റപ്പെടുത്തുമ്പോള്‍ സഹോദരങ്ങള്‍ തമ്മില്‍ അകലുന്നതിന് കാരണമാകുന്നു. ഇത് വലിയ അപകടകരമായ കാര്യമാണെന്ന് മാതാപിതാക്കള്‍ മനസ്സിലാക്കി ഒരു കുട്ടിയെ പുകഴ്ത്തിയും മറ്റു കുട്ടികളെ താഴ്ത്തിയും സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്ഥിരമായി ഒരു കുട്ടിയെ തന്നെ കുറ്റപ്പെടുത്തുന്നതും കുട്ടികള്‍ തമ്മില്‍ വഴക്കിനു കാരണമാകുന്നു.

കുട്ടികള്‍ തമ്മിലുള്ള വഴക്കുകള്‍ പരിഹരിക്കുവാന്‍ സഹായിക്കണം

ഒരുമിച്ചു വളരുന്ന കുട്ടികള്‍ നിസ്സാരകാര്യങ്ങള്‍ക്ക് പരസ്പരം പിടിവാശി കൂട്ടി വഴക്കുണ്ടാക്കുന്നത് സ്വാഭാവികമാണ്. കുട്ടികള്‍ തമ്മിലുള്ള വഴക്ക് പരിഹരിക്കുവാന്‍ ഇടപ്പെടുന്ന മാതാപിതാക്കള്‍ രണ്ടുവശവും കേള്‍ക്കാന്‍ തയ്യാറാവുകയും, ആരാണ് ശരി എന്നു മനസ്സിലാക്കി തെറ്റു ചെയ്ത കുട്ടിയെ സ്‌നേഹപൂര്‍വം പറഞ്ഞ് മനസ്സിലാക്കി കൊടുത്ത് തിരുത്താന്‍ പരിശ്രമിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മനസ്സില്‍ പരസ്പര ദേഷ്യം വച്ച് കിടന്നുറങ്ങാന്‍ കുട്ടികളെ അനുവദിക്കാതെ പ്രശ്‌നപരിഹാരം കാണാന്‍ മാതാപിതാക്കള്‍ സഹായിക്കണം.

കുട്ടികള്‍ പരസ്പരം ബഹുമാനിക്കാന്‍ പരിശീലിപ്പിക്കുക

മാതാപിതാക്കള്‍ പരസ്പരം അംഗീകരിച്ച് ബഹുമാനിക്കുന്നത് കണ്ടു പഠിക്കുന്ന കുട്ടികളും പരസ്പരസ്‌നേഹത്തോടും അനുകമ്പയോടും കൂടെ സഹോദരങ്ങളെ അംഗീകരിക്കാന്‍ പഠിക്കുന്നു. കുട്ടികളുടെ സുരക്ഷിതത്വം നഷ്ടപ്പെടുന്നു എന്നു തോന്നുമ്പോള്‍, തന്നേക്കാള്‍ കൂടുതല്‍ ശ്രദ്ധയും സ്‌നേഹവും താഴെയുള്ള കുട്ടിക്കു കിട്ടുന്നു എന്ന തോന്നല്‍, തന്റെ കാര്യങ്ങള്‍ സാധിച്ചു കിട്ടാന്‍ വൈകുന്നു എന്ന വേദന, അവരെ വേഗത്തില്‍ ശാഠ്യം പിടിക്കുന്നവരും വഴക്കിടുന്നവരും ആയി മാറ്റുന്നു. പരസ്പരം സഹകരിക്കാനും അനുസരിക്കാനും അംഗീകരിക്കാനും കുട്ടികള്‍ മാതാപിതാക്കളെ കണ്ടാണ് പഠിക്കുന്നത്.

ഒരാളുടെ മാത്രം ഭാഗം ചേരാതിരിക്കുക

ഇളയ കുട്ടിയെ കൂടുതല്‍ ശ്രദ്ധിക്കുകയും മൂത്ത കുട്ടിയെ ചെറിയ കാര്യങ്ങള്‍ക്കുപോലും ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത് കുട്ടികള്‍ തമ്മില്‍ വഴക്കിനു കാരണമാകാം. ടി വി റിമോര്‍ട്ട്, മൊബൈല്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയ്ക്കുവേണ്ടിയുള്ള വഴക്കുകളില്‍ ക്യത്യമായ ചോയ്‌സ് നല്കണം. ഒന്നുകില്‍ രണ്ടുപേര്‍ക്കു ഒരുമിച്ചിരുന്ന ടി വി കാണാം കളിക്കാം അല്ലെങ്കില്‍ രണ്ടുപേര്‍ക്കും കിട്ടുകയില്ലെന്ന് കൃത്യമായി പറയുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യണം. ഏതു വേണമെന്ന് കുട്ടികള്‍ തന്നെ തീരുമാനിക്കുന്നു. വാശിപിടച്ച് വഴക്കു തുടര്‍ന്നാല്‍ രണ്ടു പേര്‍ക്കും നല്കാതെ മാറ്റി വയ്ക്കണം. വീട്ടില്‍ വഴക്കിടുന്ന കുട്ടികള്‍ തമ്മിലുള്ള തെറിവിളി, അടി, ഇടി, ഇരട്ടപ്പേരു വിളികള്‍ കൃത്യമായി നിയന്ത്രിക്കുകയും ചെറിയ ശിക്ഷകള്‍ നല്കുന്നതും പിന്നീട് ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കും.

അഭിപ്രായ വ്യത്യാസങ്ങളും ഇഷ്ടക്കേടുകളും വഴക്കുകളിലൂടെയും കലഹങ്ങളിലൂടെയും അല്ലാതെ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ കാണിച്ചു കൊടുക്കണം.

Tel : 0484-2600464, 9037217704

E-mail: jeevanapsychospiritual@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org