അധ്യാപകരെയും സഹപാഠികളെയും ബഹുമാനിച്ചു വളരാന്‍

അധ്യാപകരെയും സഹപാഠികളെയും ബഹുമാനിച്ചു വളരാന്‍
അവധിക്കാലം കഴിഞ്ഞ് അധ്യയനവര്‍ഷം ആരംഭിച്ച് സ്‌കൂള്‍ ജീവിതവുമായി പൊരുത്തപ്പെടുന്ന കുട്ടികള്‍ മറ്റുള്ളവരെ മാനിക്കാന്‍ പഠിക്കുന്നത് മാതാപിതാക്കളില്‍ നിന്നുമാണ്. അധ്യാപകരുടെയും സഹപാഠികളുടെയും വികാരങ്ങളെ മനസ്സിലാക്കി മാനിക്കാനും പ്രശ്‌നങ്ങളെ സമചിത്തതയോടും ക്ഷമയോടും കൂടി കൈകാര്യം ചെയ്യുവാന്‍ പഠിപ്പിക്കുന്ന ആദ്യ അധ്യാപകര്‍ മാതാപിതാക്കളാണ്. മറ്റുള്ളവരെ മനസ്സിലാക്കി മര്യാദയോടുകൂടി പെരുമാറി അവരുടെ കുറവുകള്‍ നികത്തുവാനും ബഹുമാനിക്കുവാനും മക്കളെ പഠിപ്പിക്കുക എന്നത് മാതാപിതാക്കള്‍ക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. മാതാപിതാക്കളെ ബഹുമാനിച്ച് വളരുവാന്‍ പഠിക്കുന്ന കുട്ടികളാണ് സ്‌കൂളിലും പുറത്തുള്ളവരെയും ബഹുമാനിക്കുവാന്‍ പഠിക്കുന്നത്.

കുട്ടികളുടെ പെരുമാറ്റരീതികളിലെ വൈകല്യങ്ങള്‍ കണ്ട് നില്ക്കുന്നവര്‍ പറയുന്ന കമന്റുകള്‍ മാതാപിതാക്കള്‍ നല്‍കുന്ന പരിശീലനത്തിന്റെ കുറവുകളെ എടുത്തു കാണിക്കുന്ന വിധത്തിലാണ്. സ്‌കൂളില്‍ നിന്നുള്ള അധ്യാപകരുടെ ഫോണ്‍ വിളികള്‍ പലപ്പോഴും മാതാപിതാക്കളുടെ സമാധാനം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുന്നു. മാതൃകയും പരിശീലനവും അനുവര്‍ത്തനവും ആവര്‍ത്തനവും കുട്ടികളെ പഠനത്തോടൊപ്പം സ്വഭാവ രൂപീകരണത്തിലും സഹപാഠികളോടും അധ്യാപകരോടും ബഹുമാനവും ആദരവും ജനിപ്പിക്കുന്നവരായി മാറ്റി ആത്മാഭിമാനം വളര്‍ത്തുവാന്‍ സഹായിക്കുന്നു.

കുട്ടികളെ കൂടുതല്‍ മിടുക്കരാക്കുവാനും അവര്‍ മറ്റുള്ളവരെ മാനിക്കുന്നവരാക്കുവാനും സഹായിക്കുന്ന ചില പരിശീലനരീതികള്‍:

  • ക്ഷമ പരിശീലിപ്പിക്കാം

താഴെയുള്ള കുട്ടികള്‍ക്ക് ആവശ്യമുള്ളത് നല്കുമ്പോള്‍ ബഹളംവയ്ക്കാതെ വാശിപിടിക്കാതെ തങ്ങളുടെ അവസരത്തിനായി ക്ഷമയോടെ കാത്തിരിക്കുവാന്‍ വീട്ടില്‍ നിന്ന് പഠിക്കുന്ന കുട്ടികള്‍, സ്‌കൂളിലും ബഹുമാനത്തോടെ, ക്ഷമയോടെ, പെരുമാറുവാനും മറ്റുള്ളവര്‍ക്ക് അവസരങ്ങള്‍ നല്കുവാനും സഹകരിക്കുന്നതോടൊപ്പം അവരില്‍ അനാവശ്യ ദേഷ്യപ്പെടലുകള്‍ക്കുള്ള സാധ്യത കുറഞ്ഞുവരുന്നു.

  • ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ പഠിപ്പിക്കാം

ഓരോ ചെറിയ കാര്യവും ഉത്തരവാദിത്വബോധത്തോടെ ചെയ്യുവാന്‍ വീട്ടില്‍ നിന്ന് പഠിക്കുന്ന കുട്ടികള്‍ സ്‌കൂളിലും സ്വന്തമായി കാര്യങ്ങള്‍ ചെയ്യുവാനും മുന്നോട്ടു വരുന്നു. ചെയ്യുന്ന പ്രവൃത്തികളിലെ പോരായ്മകളെ അംഗീകരിക്കുവാനും തെറ്റുകള്‍ തിരുത്തി സ്‌കൂള്‍ ജീവിതം മെച്ചപ്പെടുത്തി സഹപാഠികള്‍ക്കിടയില്‍ അംഗീകാരമുള്ളവരായി മാറുന്നു.

  • നന്ദി പറയുവാന്‍ പരിശീലിപ്പിക്കാം

കുടുംബാംഗങ്ങള്‍ ചെയ്തു തരുന്ന ചെറിയ കാര്യങ്ങള്‍ പോലും നന്ദിപറഞ്ഞ് നന്ദിയുടെ ഭാവം വളര്‍ത്തുന്ന കുട്ടികള്‍ അധ്യാപകരോടും സഹപാഠികളോടും നന്ദി പറയുവാന്‍ മടി കാണിക്കില്ല. തങ്ങളുടെ ഭാഗത്തു നിന്നു വരുന്ന വീഴ്ചകള്‍ക്ക് മാപ്പു പറയുവാനും സ്വന്തം തെറ്റിനെ മറച്ചുവച്ച് ന്യായീകരിക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ നിന്നുകൊണ്ട് തെറ്റുകള്‍ക്ക് സോറി പറഞ്ഞ് തിരുത്തുന്ന കുട്ടികള്‍ ജീവിതം കൊണ്ട് മാതൃക പകരുന്നു.

  • അപരന്റെ വേദന മനസ്സിലാക്കുവാന്‍ പരിശീലിപ്പിക്കാം

കൂട്ടുകാരുടെ വിഷമങ്ങള്‍ മനസ്സിലാക്കി വളരുവാന്‍ വീട്ടില്‍ തന്നെ പരിശീലിക്കുന്ന കുട്ടികള്‍ മാതാപിതാക്കളോടും സഹോദരങ്ങളോടും കരുതലും അനുകമ്പയും ഉള്ളവരായി വളരുന്നു. കുട്ടികളിലെ ചില വാശികളും വഴക്കുകളും മറ്റുള്ളവരില്‍ വേദന വരുത്തുന്നവിധത്തിലാകുമ്പോള്‍ ശാന്തമായി സമചിത്തതയോടെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്ന മാതാപിതാക്കള്‍ അവര്‍ വഴി മറ്റുളളവര്‍ക്ക് വന്ന ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും മനസ്സിലാക്കി എടുക്കുവാന്‍ പഠിക്കുന്നു. മറ്റുള്ളവരോട് എങ്ങനെ മര്യാദയായി പെരുമാറാമെന്ന് പരിശീലിക്കുന്നു.

മാതാപിതാക്കളില്‍ നിന്നുതന്നെ മറ്റുള്ളവരെ ബഹുമാനിക്കുവാനും മനസ്സിലാക്കുവാനും പഠിക്കുന്ന കുട്ടികള്‍ ബഹുമാനവും ആദരവും വീട്ടില്‍ നിന്നുതന്നെ പ്രകടിപ്പിടിച്ച് വളരുന്നു. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം സ്‌നേഹത്തില്‍ ആഴപ്പെട്ടതാകുന്നു. പരസപരം സ്‌നേഹവും വിശ്വാസവും വീട്ടില്‍ നിന്നും സ്വായത്തമാക്കുന്ന കുട്ടികള്‍ മുതിര്‍ന്നവരോടും അധ്യാപകരോടും ആദരവോടെ പെരുമാറേണ്ടതിന്റെ ആവശ്യകത അറിഞ്ഞ് വളരുന്നു. അറിവിനോടൊപ്പം അപരന്റെ മാനസികാവസ്ഥ മനസ്സിലാക്കി വളരുവാനും കുട്ടികള്‍ കുടുംബങ്ങളില്‍ നിന്നു തന്നെ പഠിക്കുന്നു, പരിശീലിക്കുന്നു, മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുവാന്‍ പ്രാപ്തരാകുന്നു.

  • Tel : 0484-2600464, 9037217704

  • E-mail: jeevanapsychospiritual@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org