
പ്രിയ മകനേ, എളുപ്പം മടങ്ങി വരൂ. നീ പോയ നാള്‍ മുതല്‍ അമ്മ കിടപ്പിലാണ്. നിന്റെ ഇഷ്ടംപോലെ എല്ലാം ശരിയാക്കാം. ഏറ്റവും എളുപ്പം തിരിച്ചുവരികയോ നീ എവിടെയാണെന്ന് അറിയിക്കുകയോ ചെയ്യുക. ദുഃഖിതനായ നിന്റെ അച്ഛന്‍.
ഇത്തരത്തിലുള്ള പത്ര പരസ്യങ്ങള്‍ നമ്മുടെ പത്രങ്ങളുടെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായിരിക്കുന്നു. അതേസമയം തന്നെ ഇത്തരം വാര്‍ത്തകള്‍ നമ്മെ ഒരു തരത്തിലും ആകര്‍ഷിക്കുന്നുമില്ല. അതുകൊണ്ടുതന്നെയാണല്ലോ ഇത്തരം വാര്‍ത്തകള്‍ വായിച്ചാലും കേട്ടാലും ഒരു പ്രതികരണത്തിന് നില്‍ക്കാതെ മറ്റു വാര്‍ത്തകളിലേക്ക് നമ്മുടെ ശ്രദ്ധ അതിവേഗം നമ്മള്‍ തിരിക്കുന്നത്. ഒളിച്ചോടുന്ന പാവം കുട്ടികളെ ഓര്‍ത്ത് ഒരു തുള്ളി കണ്ണീര്‍ വീഴ്ത്താന്‍ ആവാത്ത വിധം നമ്മുടെ സമൂഹത്തിന്റെ മനസ്സാക്ഷി മരവിച്ചുപോയി എന്നല്ല ഇതിന്റെ അര്‍ത്ഥം. മറിച്ച്, ഇത്തരം ഒളിച്ചോടലുകള്‍ നമ്മുടെ സമൂഹത്തില്‍ ഒരു സാധാരണ സംഭവമായി തീര്‍ന്നിരിക്കുന്നു.
എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? സ്വന്തം വീട്ടിലും നാട്ടിലും നിന്ന് നമ്മുടെ കുട്ടികളെ ആട്ടിയോടിക്കുന്ന അവസ്ഥാവിശേഷം എന്താണ്? ഏതാനും കുടുംബങ്ങളെ മാത്രം ബാധിക്കുന്ന ഒരു ഒറ്റപ്പെട്ട പ്രശ്‌നമായി ഇതിനെ അവഗണിക്കാമോ? അതല്ല, സജീവപരിഗണന അര്‍ഹിക്കുന്ന ഗുരുതരമായ ഏതോ സാമൂഹ്യപ്രശ്‌നമാണോ ഇതില്‍ അന്തര്‍ഭവിക്കുന്നത്?
കുട്ടികള്‍ സാധാരണഗതിയില്‍ സ്വന്തം ഭവനത്തിന്റെ സുരക്ഷിതത്വത്തിലും പ്രിയ ജനങ്ങളുടെ സംരക്ഷണയില്‍നിന്ന് അരക്ഷിതത്വവും അനിശ്ചിതത്വവും നിറഞ്ഞ അന്വേഷണങ്ങളിലേക്ക് വനവാസത്തിലേക്ക് എന്നപോലെ ചാടി പുറപ്പെടുമെന്നു കരുതുന്നത് അസാധാരണവും അസഹ്യവുമായി ചുറ്റുപാടുകള്‍ തന്നെയായിരിക്കും ആ പിഞ്ചു മനസ്സുകളെ വഴിതെറ്റിച്ചിട്ടുള്ളത്.
പഠിക്കാന്‍ സമര്‍ത്ഥനല്ലാത്ത കുട്ടി അക്കാരണം കൊണ്ടുതന്നെ വീട്ടുകാരുടെ നിന്ദയ്ക്കും പരിഹാസത്തിനും പാത്രമാകുന്നു. മാതാപിതാക്കളുടെയും മറ്റു ബന്ധുക്കളുടെയും പ്രതീക്ഷയ്‌ക്കൊത്ത് അവന് ഉയരാന്‍ കഴിയുന്നില്ല. അതോടെ അവന്‍ വീട്ടുകാരുടെ കണ്ണിലെ കരടായിത്തീരുന്നു. അവന്‍ എന്തു ചെയ്താലും തെറ്റ്. അസ്വസ്ഥത നിറഞ്ഞ ആ ചുറ്റുപാടില്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടു പോലും അവന് പഠിക്കാനാകുന്നില്ല. എല്ലാവരും അവനെ പഴി പറയുന്നുണ്ട്. കുടുംബത്തിന് അപമാനം വരുത്താന്‍ അസുരവിത്ത് എന്നുവരെ വിധിയെഴുതുന്നു. അവന്റെ അന്തരംഗം നൂറു നൂറായി നുറുങ്ങിത്തകരുന്നത് ആരുമാരും അറിയുന്നുമില്ല. രാത്രി അവന് ഉറങ്ങാന്‍ കഴിയുന്നില്ല. പകല്‍ പുറത്തിറങ്ങാന്‍ പേടി. അതിനിടയിലാവും പിതാവിന്റെ വക തല്ല്. ഇതെല്ലാം കൂടി ആ കൊച്ചു മനസ്സിന് താങ്ങാന്‍ കഴിയുന്നില്ല. ഒടുവില്‍ അവന്‍ തീരുമാനിക്കുന്നു വീടുവിട്ടു പോവുക തന്നെ; വരുന്നത് വരുന്നിടത്തു വച്ച് കാണാം.
ഒരു രാത്രി ആരും കാണാതെ, ആരും അറിയാതെ അവന്‍ ഇറങ്ങിത്തിരിക്കുന്നു. എന്തിനുവേണ്ടിയാണെന്നോ എവിടേക്കാണെന്നോ അറിയില്ല. ഒരുപക്ഷേ പണ്ടെങ്ങോ കണ്ട ഒരു സിനിമയിലെ രംഗം അല്ലെങ്കില്‍ പറഞ്ഞുകേട്ട ഒരു കഥയിലെ നായകന്‍ പ്രലോഭനമോ പ്രചോദനമോ ആയികൂടെന്നില്ല. അറിഞ്ഞുകൊണ്ട് ഇത്തരം ഒരു സാഹസികത്വത്തിലേക്ക് എടുത്തുചാടാന്‍ അവനെ പ്രായമായിട്ടില്ല. എന്നിട്ടും അവന്‍ അതാണ് ചെയ്യുന്നത്. ആരൊക്കെയോ എന്തൊക്കെയോ അവനെക്കൊണ്ട് അത് ചെയ്യിക്കുന്നു.
വിദ്യാര്‍ത്ഥിയെന്ന നിലയില്‍ സമര്‍ത്ഥ നല്ലെന്നു വരുമ്പോള്‍ മാതാപിതാക്കളുടെ സ്‌നേഹപ്രകടനങ്ങളില്‍ വ്യതിയാനങ്ങള്‍ വരുന്നു. അവരുടെ മനക്കോട്ടകളെ അവന്‍ തകര്‍ക്കുന്നതാണതിനു കാരണം. പക്ഷേ ഒരു വസ്തുത ഈ മാതാപിതാക്കള്‍ വിസ്മരിക്കുന്നു. പരാജയപ്പെടാന്‍ ഒരു കുട്ടിയും ആഗ്രഹിക്കുന്നില്ല. എന്നിട്ടും പല കുട്ടികളും പരാജയപ്പെടുന്നു. ഇതിന് കാരണങ്ങള്‍ പലതുണ്ട്. ബുദ്ധിശക്തി, ഗ്രഹണശക്തി, ഓര്‍മ്മശക്തി എന്നിവ പലരിലും പലവിധത്തിലാണു പ്രാവര്‍ത്തികമാവുക. ജന്മസിദ്ധമായ കഴിവുകളും കഴിവുകേടുകളുമുണ്ട്. ശാരീരികമോ മാനസികമോ ആയ അപാകതകള്‍ കൊണ്ട് പിന്‍തള്ളപ്പെട്ടുപോകുന്ന വിദ്യാര്‍ത്ഥികളുമുണ്ട്. അവരെ നിന്ദിക്കുകയും ശിക്ഷിക്കുകയുമല്ല വേണ്ടത്.
പല മാതാപിതാക്കന്മാരും തങ്ങളുടെ ഇച്ഛയ്‌ക്കൊത്ത് ഉയരാന്‍ കഴിയാത്ത കുട്ടികളെ തല്ലി നന്നാക്കാന്‍ ശ്രമിക്കാറുണ്ട്. അടിച്ച് നന്നാക്കുകയല്ല; അടിച്ച് അകറ്റുകയാണ് യഥാര്‍ത്ഥത്തില്‍ അവര്‍ ചെയ്യുന്നത്. അസഹിഷ്ണുത കാട്ടാനും ആര്‍ക്കും കഴിയും. സഹിഷ്ണുതയോടെ, കരടറ്റ സ്‌നേഹത്തോടെ, കനിവുറ്റ വാത്സല്യത്തോടെ കുട്ടികളെ നിയന്ത്രിക്കാനാണ് കഴിയേണ്ടത്.
അലസതയും അനുസരണക്കേടും കാട്ടുന്ന കുട്ടികളെ ശാസിക്കാനും ശിക്ഷിക്കാനും മാതാപിതാക്കള്‍ക്ക് തീര്‍ച്ചയായും അവകാശമുണ്ട്. പക്ഷേ, അവരെ മൃഗീയമായി തല്ലിച്ചതയ്ക്കണോ? കുട്ടി ഞങ്ങളുടേതാണ് ഇഷ്ടംപോലെ ഞങ്ങള്‍ തല്ലും; ചിലപ്പോള്‍ കൊല്ലും, അതിന് നിങ്ങള്‍ക്കെന്താ എന്ന് മറുചോദ്യം ഉന്നയിക്കുന്ന മാതാപിതാക്കന്മാരുണ്ട്. അവര്‍ പറയുന്നതും ചെയ്യുന്നതും എന്താണെന്ന് അവര്‍ അറിയുന്നില്ല. അറിയാമായിരുന്നെങ്കില്‍ ആര്‍ദ്രതയും ആര്‍ജവവും വെടിഞ്ഞ് അവര്‍ തങ്ങളുടെ കുട്ടികളോട് പെരുമാറുമായിരുന്നില്ല.
പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്താന്‍ കഴിയാത്ത കുട്ടികളുടെ നേരെ അലറി വിളിക്കുന്ന മുതിര്‍ന്നവര്‍ ഒരു കാര്യം സൗകര്യപൂര്‍വം മറക്കുന്നു. തങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ മിടുക്കന്മാരും മിടുക്കികളും ആയിരുന്നോ? പഠനത്തിന്റെ കാര്യത്തില്‍ തങ്ങള്‍ വലിയ കേമന്മാരും കേമികളും ആയിരുന്നോ? ഇവിടെ പറഞ്ഞുവരുന്നത്, അരിശം മൂത്ത് നിരാശപൂണ്ട് അടക്കാനാവാത്ത കോപത്തോടെ കുഞ്ഞുങ്ങളെ കടിച്ചുകീറാന്‍ ചെല്ലുന്നതിനുമുമ്പ് സമനില കൈവിടാതെ പലപ്രാവശ്യം ആലോചിക്കണം. ഇത്ര വലിയ കഠിന ശിക്ഷ അര്‍ഹിക്കുന്ന അപരാധമാണോ അവരുടേത്? സ്‌നേഹശാസനയിലൂടെ തിരുത്തപ്പെടാവുന്നതല്ലേ അവര്‍ ചെയ്ത തെറ്റ്? ഇതളുപോലുള്ള ഇളം മനസ്സാണ് കുട്ടികളുടേത്. അവിടെ നാം പോറല്‍ വീഴ്ത്തരുത്. അരികിലണച്ച് അവരുടെ ഉള്ളറിയാനാണ് ശ്രമിക്കേണ്ടത്, ഉള്ളുപൊള്ളിച്ച് മാറിനില്‍ക്കാനും മാറ്റിനിര്‍ത്താനുമല്ല.
നമ്മുടെ കുട്ടികള്‍ മടിയന്മാരായാലും മണ്ടന്മാരായാലും മുട്ടാളന്മാരായാലും അവര്‍ നമ്മുടെ കുട്ടികള്‍ തന്നെയാണ്. പല കാര്യങ്ങളിലും അവര്‍ക്ക് പിടിപ്പുകളുണ്ടാകും. കണ്ണുമടച്ച് അവയെല്ലാം പൊറുക്കണമെന്ന് ആരും പറയില്ല. അവരെ തിരുത്താന്‍ നമുക്ക് ആവുന്നത്ര ശ്രമിക്കാം. പക്ഷേ, അതിനെ സ്‌നേഹത്തില്‍ ഊന്നിയ മാര്‍ഗമേ സ്വീകരിക്കാവൂ. പഠിപ്പും പിടിപ്പും കുറഞ്ഞവര്‍ക്കും അല്പസ്വല്പം ഇടം വേണമല്ലോ. അവര്‍ക്കായി മനസ്സില്‍ അല്‍പം സ്ഥലം നമുക്ക് ഒഴിച്ചിടാം.
ഓര്‍ക്കുക, സ്‌നേഹഭാവങ്ങളുടെ അന്തരീക്ഷമുള്ള വീടുകളില്‍നിന്നും ഒരു കുട്ടിയും ഒളിച്ചോടി പോകില്ല, തീര്‍ച്ച.