സ്‌കൂളില്‍ പോകാന്‍ മടി കാണിക്കുന്ന കുട്ടികള്‍

സ്‌കൂളില്‍ പോകാന്‍ മടി കാണിക്കുന്ന കുട്ടികള്‍

സ്‌കൂള്‍ ബസ്സ് വന്നു നില്ക്കുമ്പോഴും ബാത്ത്‌റൂമിലേക്ക് ഓടിയും വീട്ടില്‍ നിന്ന് ഇറങ്ങാതെയും ഇല്ലാത്ത അസുഖങ്ങള്‍ പറഞ്ഞ് സ്‌കൂളില്‍ പോകാന്‍ മടി കാണിക്കുന്ന കുട്ടികളെ നമ്മള്‍ കാണാറുണ്ട്. മാതാപിതാക്കള്‍ക്ക് പലപ്പോഴും ഇങ്ങനെയുുള്ള കുട്ടികള്‍ അസ്വസ്ഥത കൊടുക്കുന്നു. ചില കുട്ടികളുടെ ഇത്തരത്തിലുള്ള പെരുമാറ്റ രീതികളും വാശിപിടിച്ചുള്ള കരച്ചിലും കുടുംബത്തിലെ സമാധാനം രാവിലെ തന്നെ നഷ്ടപ്പെടുത്താറുണ്ട്. കൊച്ചുകുട്ടികളില്‍ മാത്രമല്ല മുതിര്‍ന്ന കുട്ടികളിലും കാണുന്ന ഒരു പ്രവണതയാണ് സ്‌കൂളിലും കോളജിലും പോകാതെ വീട്ടില്‍ മൊബൈല്‍ഗെയിം കളിച്ചും ടി വി കണ്ടും കിടന്നുറങ്ങിയും ദിവസം തള്ളിനീക്കുകയെന്നത്. പതിവില്‍ നിന്ന് വിരുദ്ധമായി മടി കാണിക്കുന്ന ഇത്തരം കൂട്ടികളുടെ കരച്ചിലിന് പിന്നിലുള്ള കാരണം ക്ഷമയോടെ ഇരുന്നു കേട്ട് അവരുടെ അസ്വസ്ഥതകള്‍ വായിച്ചെടുക്കാന്‍ ജീവിത തിരക്കിനിടയിലും ജോലിരംഗത്തെ ഉത്തരവാദിത്വത്തിനിടയിലും സാധിക്കാതെ പോകുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കാണാം.

നിസ്സാരമെന്നു തോന്നിയേക്കാം എങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ മക്കളെ മനസ്സിലാക്കി അവര്‍ക്കൊപ്പം നിന്ന് ശക്തി പകര്‍ന്ന് ജീവിതയാഥാര്‍ത്ഥ്യങ്ങളെ ഭയം കൂടാതെ സ്വീകരിക്കാനും പഠിച്ചു വളരുവാനും സഹായിക്കാന്‍ കഴിയുന്നത് മറ്റാരേയുംകാള്‍ ഉപരിയായി മാതാപിതാക്കള്‍ക്കു മാത്രമാണ്. തുടര്‍ച്ചയായി ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ കാണിക്കുന്ന കുട്ടികളുടെ കരച്ചിലിന്റെ പിന്നില്‍ കാര്യമായ കാരണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതകള്‍ ഉണ്ട്. ഏതെങ്കിലും വിഷയങ്ങള്‍ പഠിക്കാനുള്ള ബുദ്ധിമുട്ടോ ചില ടീച്ചര്‍മാരോടുള്ള പേടിയോ ഹോംവര്‍ക്ക് ചെയ്യുവാനുള്ള മടികളോ കൂട്ടുകാരുടെ ഭീഷണികളോ മറ്റു കുട്ടികളുടെ കളിയാക്കലുകളോ ഒറ്റപ്പെടുത്തലുകളോ ഒക്കെയാകാം മടി കാണിക്കാന്‍ പ്രേരിപ്പിക്കുന്ന കാരണങ്ങള്‍.

മാതാപിതാക്കള്‍ വഴക്കുപറയാതെ ക്ഷമയോടുകൂടെ ശ്രവിക്കാന്‍ ശ്രമിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങളും ഒഴിവാക്കാം. കുട്ടികളെ ശ്രവിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ചിലപ്പോള്‍ ആവര്‍ത്തിച്ചു ചോദിച്ചാല്‍ പോലും ഉത്തരം കിട്ടുക എളുപ്പമല്ല. കുട്ടികളെ കയറ്റി വിട്ടിട്ട് ജോലിക്ക് പോകാന്‍ തിരക്കുകൂട്ടുമ്പോള്‍ മാതാപിതാക്കള്‍ പ്രതീക്ഷിക്കുന്നതുപോലെ കുട്ടികളില്‍ നിന്ന് ഉത്തരം കിട്ടണമെന്നില്ല. കുട്ടികള്‍ക്ക് ഒപ്പം ഇരുന്ന് അവരുടെ പ്രശ്‌നം ചോദിച്ചറിഞ്ഞ് അവരുടെ വിഷമങ്ങള്‍ മനസ്സിലാക്കി പ്രശ്‌നഗൗരവം മാതാപിതാക്കള്‍ മനസ്സിലാക്കുന്നുണ്ട് എന്നു തോന്നുന്ന കുട്ടികളാണ് അവരുടെ ബുദ്ധിമുട്ടുകള്‍ മാതാപിതാക്കളോട് പങ്കുവയ്ക്കുക. അതല്ലായെങ്കില്‍ അവര്‍ നിശബ്ദരായി കരയുകയെയുള്ളൂ.

പെട്ടെന്നു വരുന്ന വയറുവേദനയും പനിയും ഛര്‍ദിയും ക്ലാസില്‍ നിന്നും കിട്ടിയേക്കാവുന്ന ശിക്ഷകളെ മുന്‍ക്കൂട്ടി കണ്ടിട്ടാണെങ്കില്‍ അവരെ നിര്‍ബന്ധിച്ച് സ്‌കൂളിലേക്കു തന്നെ കൊണ്ടുപോയി വിടണം. ഒറ്റപ്പെടുന്ന വേദനയാല്‍ കരയുന്ന കുട്ടിക്ക് ക്ലാസില്‍ ബുദ്ധിമുട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. പുറത്ത് അമ്മ കാത്തുനില്ക്കുന്നുണ്ട് എന്നും അസുഖം വന്നാല്‍ തിരിച്ചുവരാമെന്നും അസുഖം മാറിയ ശേഷം പഠിക്കണം എന്ന ഉറപ്പ് മാതാപിതാക്കള്‍ കുട്ടിക്ക് കൊടുക്കണം. രോഗം നടിച്ച് മടിപിടിച്ച് വീട്ടില്‍ ഇരുന്ന് കളിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിഗണനകളും ഭക്ഷണസാധനങ്ങളും നല്കാതിരിക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടില്‍ ഒറ്റപ്പെടുന്ന അനുഭവം വരുമ്പോള്‍ സ്‌കൂളില്‍ പോകുന്നതു തന്നെയാണ് നല്ലതെന്ന് കുട്ടിക്ക് മനസ്സിലാകും.

കുട്ടികള്‍ക്ക് കൂട്ടുകാരില്‍ നിന്നും ലഭിക്കുന്ന കളിയാക്കലുകളും ഒറ്റപ്പെടുത്തലുകളും മാനസികസമ്മര്‍ദങ്ങളും വിലയിരുത്തി മാതാപിതാക്കള്‍ അധ്യാപകരുമായി നല്ല ബന്ധം പുലര്‍ത്തി കുട്ടികളെ പഠനത്തില്‍ താല്പര്യമുള്ളവരാക്കാം.

  • Tel : 0484-2600464, 9037217704

  • E-mail: jeevanapsychospiritual@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org