കുട്ടികളുടെ ആഹാരവും ആരോഗ്യവും

കുട്ടികളുടെ ആഹാരവും ആരോഗ്യവും

അധ്യയനവര്‍ഷം അവസാനിക്കുന്നു, അവധിക്കാലം ആരംഭിക്കുന്നു എന്നത് എല്ലാ കുട്ടികള്‍ക്കും സന്തോഷമുള്ള കാര്യമാണ്. ഒരു വര്‍ഷത്തെ തിരക്കുപിടിച്ചുള്ള ജീവിതക്രമങ്ങളില്‍ നിന്നുള്ള താല്ക്കാലിക മോചനം. രാവിലെ ട്യൂഷന്‍ പിന്നെ സ്‌കൂളില്‍ പോകുവാനുള്ള ഒരുക്കം, സ്‌കൂള്‍ സമയം, വൈകുന്നേരമുള്ള ട്യൂഷന്‍, അതുകഴിഞ്ഞുള്ള ഹോംവര്‍ക്കുകള്‍, പരീക്ഷകള്‍ എല്ലാം ഒരു വിധം പൂര്‍ത്തിയാക്കി അവധി ആരംഭിച്ചല്ലോ എന്ന് ആശ്വാസിക്കുന്ന കുട്ടികളുടെ അവധിക്കാലം ആസ്വാദ്യകരമാക്കുവാന്‍ മാതാപിതാക്കള്‍ക്കുള്ള പങ്ക് ഏറ്റവും വലുതാണ്. അവധിക്കാലം ആരംഭിക്കുമ്പോള്‍ മാതാപിതാക്കളുടെ ടെന്‍ഷന്‍ പലപ്പോഴും കൂടാറുണ്ട്. മുഴുവന്‍ സമയവും വീട്ടില്‍ ചെലവഴിക്കുന്ന കുട്ടികള്‍ക്ക് എന്തു ഭക്ഷണം കൊടുക്കും ഇത് അമ്മമാരുടെ വലിയ ചിന്തയാണ്. ചില കുട്ടികള്‍ എല്ലാം കഴിക്കും മറ്റു ചില കുട്ടികള്‍ കരഞ്ഞ് ഇഷ്ടഭക്ഷണം കിട്ടുന്നതുവരെ വാശിപിടിക്കുന്നു. ചില കുട്ടികള്‍ക്ക് എത്ര കഴിച്ചാലും മതിയാകാതെ എപ്പോഴും എന്തെങ്കിലും തിന്നുകൊണ്ട് നടന്ന് ഭക്ഷണക്രമം തെറ്റിക്കുന്നു.

അവധിക്കാലം വീട്ടില്‍ തയ്യാറാക്കുന്ന, മാതാപിതാക്കള്‍ കഴിക്കുന്ന ആരോഗ്യകരമായ ഭക്ഷണരീതി കുട്ടികളെ പരിശീലിപ്പിക്കുവാന്‍ ലഭിക്കുന്ന അവസരമാണ്. പല കുട്ടികളും ബ്രെഡും ജാമും ചോക്കലേറ്റും ഫാസ്റ്റ് ഫുഡും കഴിച്ച് ദിവസം തള്ളിനീക്കാന്‍ ഇഷ്ടപ്പെടുന്നു. കുട്ടികള്‍ എളുപ്പത്തില്‍ കഴിക്കുവാനും കൂടുതല്‍ കഴിക്കുവാനുമായി മധുരമുള്ള ഭക്ഷണസാധനങ്ങളും ബേക്കറിയില്‍നിന്ന് വാങ്ങുന്നവയും ധാരാളമായി നല്കുന്ന പതിവ് അവധിക്കാലത്ത് നിയന്ത്രിക്കുന്നത് നല്ലതാണ്. അമിതമധുരമുള്ളവയും മസാലകള്‍ ചേര്‍ന്നതുമായ രുചികരമായ ഹോട്ടല്‍ ഭക്ഷണമോ അമിത അരിഭക്ഷണമോ കഴിക്കുന്ന കുട്ടികള്‍ക്ക് ആരോഗ്യം ഉണ്ടാകണം എന്നില്ല. കുട്ടികള്‍ക്ക് പോഷകാഹാരം ആവശ്യത്തിന് ലഭിക്കാതെ വരുമ്പോള്‍ പലതരത്തിലുളള രോഗങ്ങള്‍ ഉണ്ടാകുന്നു. വൈറ്റമിന്‍സ് കുറയാന്‍ ഇടയാകുന്നു. അമിതവണ്ണവും അമിതക്ഷീണവും അവരെ അസ്വസ്ഥരാക്കുന്നു. പല കുട്ടികളുടെയും അധ്യയനവര്‍ഷത്തിലെ ആഹാരകമ്രം - സ്‌കൂളിലേക്ക് പോകുംമുമ്പ് നിര്‍ബന്ധിച്ചു കുടിപ്പിക്കുന്ന ഒരു ഗ്ലാസ് പാലോ, കടയില്‍നിന്ന് വാങ്ങിയ പകുതിവേവിച്ച ചപ്പാത്തി ചൂടാക്കിയതോ, എന്തെങ്കിലും കഴിക്കട്ടെ എന്നു കരുതി അവര്‍ ഇഷ്ടപ്പെട്ടു കഴിക്കുന്ന ന്യൂഡില്‍സോ, കടയില്‍നിന്നു വാങ്ങിയ സ്‌നാക്‌സോ, എളുപ്പത്തില്‍ തയ്യാറാക്കുന്ന ഉച്ചഭക്ഷണമോ ഒക്കെ ആകാം.

അവധിക്കാലത്ത് മാതാപിതാക്കള്‍ കഴിക്കുന്ന ഭക്ഷണം കുട്ടികളെ സ്‌നേഹപൂര്‍വം പറഞ്ഞ് മനസ്സിലാക്കി കഴിപ്പിക്കണം. പച്ചക്കറികളും പയറുവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും, മോരും തൈരും കുട്ടികളുടെ ആഹാരത്തിന്റെ ഭാഗമാക്കിതീര്‍ക്കുന്നതും ആരോഗ്യകരമാണ്. കുട്ടികള്‍ക്ക് അവരവരുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകാഹാരം പ്രത്യേകിച്ച് പ്രഭാതഭക്ഷണം ആസ്വാദിച്ച് സാവധാനം കഴിക്കുവാന്‍ കിട്ടുന്ന അവധിക്കാലം ആസ്വാദ്യകരമാക്കാം. അവധിക്കാലത്ത് വീട്ടില്‍ ചിലവഴിക്കുന്ന കുട്ടികളെ സാലഡും പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കുവാന്‍ മടികാണിച്ചാലും അതിന്റെ ഉപയോഗങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുത്ത് കഴിപ്പിക്കുവാന്‍, പ്രോത്സാഹിപ്പിക്കുവാന്‍ മാതാപിതാക്കള്‍ ക്ഷമയും സാവകാശവും കാണിക്കണം. അവധിക്കാലത്ത് എല്ലാവരും ഭക്ഷണം കഴിക്കുമ്പോള്‍ തോന്നുന്ന സമയത്ത് കിടന്നുറങ്ങി അസമയത്ത് അലസമായി ഭക്ഷണം കഴിക്കുവാന്‍ അനുവദിക്കാതെ സമയക്രമം പാലിക്കുവാന്‍ മാതാപിതാക്കള്‍ക്ക് നിഷ്ഠയുണ്ടാകണം. അന്യനാട്ടില്‍ നിന്നു വരുന്ന വിലയേറിയ പഴവര്‍ഗങ്ങള്‍ പരസ്യം കണ്ട് വാങ്ങി കുട്ടികള്‍ക്ക് കഴിക്കാന്‍ കൊടുക്കുന്നതിനേക്കാള്‍ നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്നവ കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ശരീരത്തിന് കൂടുതല്‍ ആരോഗ്യഗുണം നല്കുവാന്‍ കഴിയുമെന്ന് ചെറുപ്പം മുതല്‍ കുട്ടികളെ പറഞ്ഞു മനസ്സിലാക്കി കൊടുത്താല്‍ ആരോഗ്യമുള്ള ഒരു വരുംതലമുറയെ വാര്‍ത്തെടുക്കുവാന്‍ മാതാപിതാക്കള്‍ക്കു കഴിയും.

കുട്ടികളുടെ ഭക്ഷണശീലത്തില്‍ സോഷ്യല്‍ മീഡീയയ്ക്കുള്ള ചില അനാവശ്യസ്വാധീനങ്ങളെ മാതാപിതാക്കള്‍ തന്നെ വിചാരിച്ചാലെ നിയന്ത്രണത്തില്‍ കൊണ്ടുവരുവാന്‍ സാധിക്കുകയുള്ളൂ. ഭക്ഷണസാധനങ്ങളുടെ ആകര്‍ഷകമായ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അഡിക്ടായ കുട്ടികളെ ആകര്‍ഷിപ്പിച്ച് വീഴ്ത്തുകയും ശാഠ്യം പിടിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമെന്നത് മാതാപിതാക്കള്‍ അവധിക്കാലത്ത് അവഗണിച്ചു കളയരുത്. ക്രമം തെറ്റിയ ഭക്ഷണക്രമങ്ങള്‍ അമിതവണ്ണത്തിലേക്കും ദഹനക്കുറവിലേക്കും ക്ഷീണത്തിലേക്കും നയിക്കും. ഭക്ഷണം കഴിക്കുമ്പോള്‍ ടി വി, മൊബൈല്‍ കണ്ടുകൊണ്ട് കഴിക്കുന്നതിന് നിയന്ത്രണം വയ്ക്കണം.

കുട്ടികള്‍ വളരെ വേഗം പലതിലേക്കും ആകര്‍ഷിക്കപ്പെടും എന്ന യാഥാര്‍ത്ഥ്യം മാതാപിതാക്കള്‍ മറക്കാതെ അവധിക്കാലം ആരോഗ്യമുള്ള പോഷകാഹാരരീതി തുടരുവാന്‍ വീട്ടില്‍ തന്നെ അവരെ പരിശീലിപ്പിക്കുന്നതാണ് ഭാവിയില്‍ രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ ഭേദം. ശാരീരിക മാനസികാരോഗ്യമുള്ള കുട്ടികള്‍ രൂപപ്പെടുന്നതും വളരുന്നതും കുടുംബങ്ങളിലാണ്.

  • Tel : 0484-2600464, 9037217704

  • E-mail: jeevanapsychospiritual@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org