മക്കള്‍ കൗമാരത്തിലേക്ക് എത്തുമ്പോള്‍...

മക്കള്‍ കൗമാരത്തിലേക്ക് എത്തുമ്പോള്‍...

കൗണ്‍സിലിംഗിന് എത്തുന്ന പല മാതാപിതാക്കളുടെയും വിഷമത്തോടുള്ള പരിഭവമാണ് കൗമാരത്തിലേക്ക് കടന്ന കുട്ടികളെ കൈകാര്യം ചെയ്യുന്നതിന്റെ വെല്ലുവിളികള്‍. പലപ്പോഴും മാതാപിതാക്കള്‍ ആവര്‍ത്തിക്കുന്ന കാര്യം വളരെ നല്ല കുട്ടികളായിരുന്നു, നന്നായി പഠിച്ചിരുന്നു. ചിട്ടയായി കാര്യങ്ങള്‍ ചെയ്തിരുന്നു, കൃത്യമായി സ്‌കൂളില്‍ പോയിരുന്നു, കുടുംബാംഗങ്ങളോടും മാതാപിതാക്കളോടൊപ്പം എല്ലായിടത്തും വന്നിരുന്നു. വീട്ടിലും സ്‌കൂളിലും ടീച്ചേഴ്‌സിനും കൂട്ടുകാര്‍ക്കും ഒരു മാതൃകയായി കാണിക്കുവാന്‍ കഴിഞ്ഞിരുന്ന കുട്ടികളില്‍ വന്ന ചില ഭാവമാറ്റങ്ങള്‍. പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന സ്വഭാവം, ദേഷ്യഭാവം, ഉപദേശത്തെ അവഗണിക്കുന്ന, പുച്ഛിക്കുന്ന പ്രതികരണങ്ങള്‍, മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കൊപ്പം ഇരിക്കുവാന്‍, പുറത്ത് ഒരുമിച്ചു പോകുവാന്‍ മടി, സഹോദരങ്ങളോട് സഹകരിക്കാതെ എല്ലാറ്റിനെയും ചോദ്യം ചെയ്യുന്ന മനോഭാവം. പല കാര്യങ്ങളും നീട്ടി വയ്ക്കുക. പലപ്പോഴും മടിപിടിച്ചിരിക്കുന്ന അലസഭാവം. തോന്നുമ്പോള്‍ കൂട്ടുകാരുമൊത്തുള്ള ചുറ്റികറങ്ങല്‍, താമസിച്ച് വിട്ടില്‍ എത്തല്‍ ചോദ്യം ചെയ്താല്‍ അപ്പനോടുപോലും ഏറ്റുമുട്ടാനുള്ള ധൈര്യം, അമ്മയുടെ വാക്കുകള്‍ക്ക് വിലകൊടുക്കാത്ത കളിയാക്കല്‍ ഭാവം. കൗമാരക്കാരുടെ ഈ സ്വഭാവമാറ്റങ്ങളില്‍ നിന്ന് എങ്ങനെ അവരെ ദിശാബോധത്തിലേക്ക് എത്തിക്കണം എന്നതിനെപ്പറ്റി പല മാതാപിതാക്കളും അസ്വസ്ഥരാകാറുണ്ട്. എന്തുപറഞ്ഞാലും പൊട്ടിത്തെറിക്കുന്ന ചില കൗമാരക്കാരുടെ മാതാപിതാക്കള്‍ നിസ്സഹായരാകുന്നത് ചിലപ്പോഴൊക്കെ ശ്രദ്ധയില്‍പ്പെടാറുണ്ട്. ചില സാഹചര്യങ്ങളില്‍ ആണ്‍കുട്ടികള്‍ മാത്രമല്ല, പെണ്‍കുട്ടികളും മാതാപിതാക്കള്‍ക്ക് വെല്ലുവിളിയാകാറുണ്ട്.

മാതാപിതാക്കളെ ആശ്രയിച്ചും മാതാപിതാക്കള്‍ പറയുന്നത് അനുസരിച്ചും പഠനകാര്യങ്ങളില്‍ തല്പരരായിരുന്ന കുട്ടികള്‍ സ്വന്തം കാര്യങ്ങള്‍ സ്വതന്ത്രമായി ചെയ്യുവാന്‍ കഴിവുകാണിക്കുകയും മുതിര്‍ന്നവരുടെ രീതികള്‍ കൂടുതല്‍ അനുകരിച്ച് അവരെപ്പോലെ ആകാന്‍ ശ്രമിക്കുന്ന രീതികള്‍ മാതാപിതാക്കളില്‍ ചില ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. ശാരിരികവളര്‍ച്ചയുടെ ഈ കുതിപ്പില്‍ കുട്ടികളില്‍ വലിയ വ്യതിയാനങ്ങള്‍ ശ്രദ്ധിക്കുന്ന മാതാപിതാക്കള്‍ അവരുടെ ഭക്ഷണരീതി, വിശപ്പ്, ഭാരം, ഉറക്കരീതികള്‍ ഇവയിലുള്ള മാറ്റങ്ങള്‍ സാധാരണമാണ് എന്ന് മനസ്സിലാക്കി അവര്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പു വരുത്തി അവരില്‍ അമിതനിയന്ത്രണങ്ങളും സമര്‍ദങ്ങള്‍ കൊടുക്കുന്നത് ഒഴിവാക്കുന്നതും നല്ലതാണ്.

വൈകാരിക വ്യതിയാനങ്ങളും ഭാവി തീരുമാനങ്ങളും

കൗമാരക്കാര്‍ വീട്ടിലും പുറത്തും ആവേശത്തോടെ പ്രവര്‍ത്തിക്കുകയും ചിന്തയില്ലാതെ എടുത്തു ചാടി പ്രതികരിക്കുകയും ചെയ്യുന്നത് പൊതുവെ കാണാറുള്ളതാണ്. ഇത്തരത്തിലുള്ള വൈകാരിക പ്രകോപിതപ്രവര്‍ത്തനങ്ങള്‍ മാതാപിതാക്കളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതും പെട്ടെന്നുള്ള എടുത്തുചാട്ടത്തിന്റെ പ്രതിഫലനങ്ങള്‍ ജീവിതത്തിന്റെ ഗതി മാറ്റുന്ന വിധത്തില്‍ ആപത്തില്‍ എത്തിക്കാറുണ്ട്. ഇത്തരം സന്ദര്‍ഭത്തില്‍ മാനസികമായി പൊരുത്തപ്പെടുവാന്‍ സാധിക്കാത്തതിനാല്‍ വീട്ടില്‍ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതില്‍ ഉപരി മാനസികസന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കുട്ടികളിലെ വൈകാരികവ്യതിയാനങ്ങളോട് പൊരുത്തപ്പെടുവാനുള്ള സമയവും സാവകാശവും അവര്‍ക്കു നല്കുന്നതാണ് പ്രതികരിക്കുന്നതിനേക്കാള്‍ വിവേകപൂര്‍വകമായ സമീപനം. കൗമാരക്കാരില്‍ ചിലപ്പോള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ ഉത്ക്കണ്ഠ, ഭയം, സങ്കടം, വിഷാദം, അമിത ആവേശവും സന്തോഷവും ചില ദിവസങ്ങളില്‍ അവര്‍ക്ക് അനുഭവപ്പെടാവുന്നതാണ്. ആവേശത്തോടെയുള്ള പ്രതികരണങ്ങളോ അതല്ലെങ്കില്‍ ആത്മവിശ്വാസക്കുറവും അഭിമാനക്കുറവും മൂലമുള്ള ഉള്‍വലിയലും മൂലം നിസ്സംഗഭാവത്തോടെ സമയം നഷ്ടപ്പെടുത്തുവാന്‍ സാധ്യതയുളള ഒരു കാലഘട്ടം കൂടിയാണ് കൗമാരപ്രായം. തങ്ങളുടെ അസ്വസ്ഥതകളെ അതിവേഗം അതിജീവിക്കുവാന്‍ കൂട്ടുകാര്‍ വിവേകവും പക്വതയും ഇല്ലാതെ കൊടുക്കുന്ന ഏത് ഉപദേശവും ഉള്‍ക്കൊണ്ട് പെരുമാറുന്നതോ പ്രതികരിക്കുന്നതോ കാണുവാന്‍ ഇടയാകുമ്പോഴും സമചിത്തതയോടെ തിരുത്തുവാന്‍ സന്നദ്ധതയുള്ള മാതാപിതാക്കളാകാന്‍ പരിശീലിക്കുക എന്നത് പരമപ്രധാനമാണ്.

വിദ്യാഭ്യാസകാര്യത്തിലും ഭാവി തിരഞ്ഞെടുക്കുന്നതിലും മാതാപിതാക്കളുടെ ആഗ്രഹമോ അഭിപ്രായങ്ങളോ ആരായാതെ പലപ്പോഴും അത് മാനിക്കുകപോലും ചെയ്യാതെ കൂട്ടുകാരുടെ ഉപദേശം തേടി പരാജയത്തില്‍ വീഴുന്നതും സ്വാതന്ത്ര്യം ദുരുപയോഗിച്ച് സ്വന്തം ആഗ്രഹപ്രകാരം ചിന്തിച്ചും പ്രവര്‍ത്തിച്ചും നാശത്തിലേക്കും പോകുന്ന പ്രായമാണ് കൗമാരപ്രായം. പല കുട്ടികളും തങ്ങളുടെ കാഴ്ചപ്പാടില്‍ ഉറച്ചുനിന്ന് അവരുടെ തീരുമാനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കത്തക്കവിധം കൂടുതല്‍ സൂക്ഷ്മവും വിമര്‍ശനപരവുമായ ചിന്താഗതികളും സമീപനരീതികളും മാതാപിതാക്കളില്‍ വേദനയുണ്ടാക്കുന്നു എന്നു ചിന്തിക്കാത്ത ഈ കാലഘട്ടത്തില്‍ അവരെ മനസ്സിലാക്കി ക്ഷമയോടെ സഹായിക്കുവാനും ചേര്‍ത്തു നിര്‍ത്തുവാനും മാതാപിതാക്കള്‍ക്കു മാത്രമേ കഴിയുകയുള്ളൂ.

മാതാപിതാക്കള്‍ക്ക് കൗമാരക്കാരായ മക്കളെ എങ്ങനെ സഹായിക്കാം

പല മാതാപിതാക്കളുടെയും സ്വസ്ഥത നഷ്ടപ്പെടുത്തുന്നതും ഉറക്കം കളയുന്നതുമായ കാര്യം കുട്ടികള്‍ കൗമാരപ്രായത്തിലേക്ക് എത്തുന്നതിനനുസരിച്ച് കുടുബത്തെക്കാള്‍ കൂടുതലായി കൂട്ടുകാരും സമപ്രായക്കാരുമായി കൂടുതല്‍ ബന്ധം പുലര്‍ത്തി ദിവസത്തിന്റെ നല്ല സമയം അവരോടൊപ്പം ചുറ്റികറങ്ങുന്നതിലും സമയം ചിലവഴിക്കുന്നതിലും ആനന്ദം കണ്ടെത്തുന്നതാണ്. കുടുംബത്തിന് നിരക്കാത്ത പ്രണയബന്ധങ്ങളും എതിര്‍ലിംഗത്തോടു താല്പര്യവും പഠനത്തോടുള്ള താല്പര്യക്കുറവും ലഹരി ഉപയോഗവും പലപ്പോഴും ലക്ഷ്യബോധമില്ലാതെ വീടിനും കോളജിനും പുറത്ത് കൂടുതല്‍ സമയം ചെലവഴിക്കുവാന്‍ കൗമാരക്കാര്‍ ആഗ്രഹിക്കുകയും താല്പര്യപ്പെടുകയും ചെയ്യുന്നു.

മാതാപിതാക്കള്‍ എന്ന നിലയില്‍ കുട്ടികളിലെ ഇത്തരത്തിലുള്ള പെരുമാറ്റ രീതികളും, കുടുംബത്തെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചുമുള്ള ചിന്തവിട്ടുള്ള പ്രവര്‍ത്തനരീതികളും അസ്വസ്ഥതകള്‍ സൃഷ്ടിക്കാമെങ്കിലും അവരെ അമിത വിലക്കുകള്‍ നല്കി പൂര്‍ണ്ണമായും നിയന്ത്രിച്ചാല്‍ പ്രതികാരചിന്ത വളര്‍ത്തി മാതാപിതാക്കളെ തോല്പിക്കാന്‍ ശ്രമിക്കും എന്ന് മനസ്സിലാക്കി കൊണ്ടുതന്നെ തുറന്ന മനസ്സോടെ കൗമാരക്കാരോട് പെരുമാറുവാന്‍ ശ്രദ്ധിക്കണം. എതിര്‍ക്കുന്നതിലുപരി നിങ്ങളുടെ കുട്ടികളിലെ വൈകാരികവ്യതിയാനങ്ങള്‍ വിശകലനപരമായ ചിന്തയോടുകൂടിയുള്ള പ്രതികരണമാണ് പ്രധാനമായും വേണ്ടത്.

കൗമാരത്തില്‍ പ്രശ്‌നങ്ങളുമായി വരുന്ന പല കുട്ടികളെയും ശ്രവിക്കുമ്പോള്‍ പലരും വേദനയോടെ പറയാറുള്ള പരാതി പലപ്പോഴും അവരുടെ തനതായ നന്മകളെ, കഴിവുകളെ കണ്ടെത്തി വളര്‍ത്തുന്നതിലുപരി മറ്റുള്ളവരെപ്പോലെ അച്ചടക്കത്തില്‍ വളരാത്തതിനാല്‍ താരതമ്യം ചെയ്ത് കുറവുകളെ മാത്രം ചൂണ്ടിക്കാട്ടി കറ്റപ്പെടുത്തുന്നതാണ്. ഓരോരുത്തരും വ്യത്യസ്തരാണ്. ഒരിക്കലും നിങ്ങളുടെ കുട്ടികളെ ബന്ധുക്കളുടെ കുട്ടികളുമായോ, കൂട്ടുകാരുടെ കൗമാരക്കാരായ മക്കളുമായോ താരതമ്യം ചെയ്ത് പ്രകോപിപ്പിക്കരുത്. കുട്ടികള്‍ വഴിതെറ്റിപ്പോകുമോ എന്ന അമിതമായ ആശങ്കകൊണ്ട് അസ്വസ്ഥരായാല്‍ കൗമാരക്കാരുടെ അനുസരണക്കേടില്‍ ദേഷ്യംവന്ന് പ്രതികരിക്കുവാന്‍ ഇടയാക്കും. ആശങ്കകള്‍ കുട്ടികളുമായും നേരിട്ടിരുന്ന് സംസാരിച്ചും, അവരെ ശ്രവിച്ചും അവരുടെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കിയും തുറന്നതും സത്യസന്ധവും സമചിതത്തതയും സ്‌നേഹവുമുള്ള സംഭാഷണത്തിലൂടെ പരിഹാരം കണ്ടെത്തേണ്ട സമയമാണിത്. കൗമാരക്കാര്‍ വളര്‍ച്ചയുടെ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ അവരുടെ ഒപ്പമുണ്ടെന്ന് ഉറപ്പു നല്കുന്ന നല്ല സുഹൃത്തും കൂട്ടുകാരുമായി മാറുന്ന മാതാപിതാക്കള്‍ അവരുമായി സ്‌നേഹബന്ധം ഉറപ്പിച്ചെടുക്കേണ്ട കാലഘട്ടമാണിത്.

logo
Sathyadeepam Weekly
www.sathyadeepam.org