കുട്ടികളും ഗ്രാന്റ്പാരന്റസും
ഈ ഭൂമിയില്‍ ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിനെയും സ്‌നേഹത്തോടും വാത്സല്യത്തോടും കരുതലോടെ കരങ്ങളില്‍ വാരിപുണരുന്നവരാണ് ഗ്രാന്റ്പാരന്റ്‌സ്. കുട്ടികളുടെ കൊച്ചുകൊച്ചു ആഗ്രഹങ്ങള്‍ സാധിച്ചുകൊടുത്തും, അവരുടെ പിടിവാശികളുടെ മുമ്പില്‍ സ്വയം തോറ്റുകൊടുത്തും, അവര്‍ക്കിഷ്ടമുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കികൊടുത്തും സ്‌നേഹിക്കുന്ന ഗ്രാന്റ്പാരന്റ്‌സ് കുട്ടികളുടെ ജീവിതത്തില്‍ ഉടനീളം വലിയ സ്വാധീനം ചെലുത്തുന്നവരും സ്‌നേഹത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നവരുമാണ്.
ഗ്രാന്റ്പാരന്റ്‌സിന്റെ സ്‌നേഹസംരക്ഷണം ലഭിക്കുന്ന കുട്ടികള്‍ മാനസികാരോഗ്യത്തില്‍ വളരുന്നു, വലുതാകുമ്പോള്‍ അവര്‍ക്കു ലഭിച്ച കരുതലും സ്‌നേഹവും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കാനും അവര്‍ പഠിക്കുന്നു, പ്രാപ്തരാകുന്നു. ജോലികളുടെ അമിത ഉത്തരവാദിത്വങ്ങളിലും, ജീവിതതിരക്കിലും, പലതരത്തിലുള്ള പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന മാതാപിതാക്കള്‍ക്ക് നല്കാന്‍ കഴിയാത്ത സ്‌നേഹവും സാന്നിധ്യവും സമചിത്തതയും ഇളം തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാന്‍ ത്യാഗം ചെയ്യുന്നവരാണ് പല ഗ്രാന്റ് പാരന്റ്‌സും. അനുഭവത്തില്‍ നിന്നും പഠിച്ച പാഠങ്ങളാണ് കുട്ടികള്‍ക്ക് അവര്‍ പകരുന്നത്. കുട്ടികള്‍ അവരെ പല പേരുകള്‍ വിളിച്ച് സ്‌നേഹിക്കുന്നു. അപ്പാപ്പന്‍ അമ്മാമ്മ/ മുത്തശ്ശന്‍ മുത്തശ്ശി/ വല്യപ്പച്ഛന്‍ വല്യമ്മച്ഛി....... ഇങ്ങനെ പോകുന്നു അവരുടെ പേരുവിളികളിലൂടെയുള്ള അവരുടെ സ്‌നേഹപ്രകരണം. പല കുട്ടികളും പങ്കുവയ്ക്കുന്ന കാര്യമാണ് അവരുടെ ജീവിതത്തില്‍ ഗ്രാന്റ് പാരന്റ്‌സിനുള്ള വലിയ പങ്ക്. തെറ്റു ചെയ്യുമ്പോള്‍ അവരെ തിരുത്തിയും കഥകളിലൂടെ കാര്യങ്ങള്‍ പഠിപ്പിച്ചും ചെറിയ ജോലികള്‍ ചെയ്യിപ്പിച്ചും മടിയിലിരുത്തി പ്രാര്‍ത്ഥിപ്പിച്ചും കൈകള്‍ പിടിച്ച് കൂടെ നടത്തി പ്രോത്സാഹിപ്പിച്ച് ശക്തിപ്പെടുത്തുന്ന ഓര്‍മ്മകള്‍. കുട്ടികള്‍ ജീവിതമൂല്യങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ പഠിച്ചെടുക്കുവാനും പ്രാവര്‍ത്തികമാക്കുവാനും ഗ്രാന്റ് പാരന്റ്‌സിന്റെ സാന്നിധ്യവും ഒപ്പമുള്ള കളികളും വളരെയേറെ ഉപകാരപ്രദമാണ്.
മലയാളം മനസ്സിലാക്കി പഠിക്കുവാനും ആസ്വാദിക്കുവാനും മാതൃഭാഷയെ സ്‌നേഹിക്കുവാനും ഇന്ന് പല കുട്ടികളും കഷ്ടപ്പെടുമ്പോള്‍ നല്ല കഥകള്‍ പറഞ്ഞുകൊടുത്തും അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കഥാപുസ്തകങ്ങള്‍ വായിക്കാനും വ്യാഖ്യാനിക്കാനും സമയവും സാവകാശവും ക്ഷമയും കാണിച്ച് അക്ഷരങ്ങള്‍ കൂട്ടിവായിക്കുന്നതിന്റെ ആനന്ദം കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുവാന്‍ നാടന്‍ പാട്ടുകളും മുത്തശ്ശിക്കഥകളിലൂടെ കൈമാറുന്ന സാരോപദേശങ്ങളും നല്കാന്‍ ഏറ്റവും നന്നായി കഴിയുന്നത് ഗ്രാന്റ്പാരന്റ്‌സിനാണ്. കുട്ടികളെ സ്‌നേഹിക്കുന്ന ഗ്രാന്റ് പാരന്റ്‌സ് പരിശുദ്ധസ്‌നേഹത്തിന്റെ തലങ്ങളിലേക്ക് ഉയരുവാന്‍ സഹായിക്കുന്നതും ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക് സ്‌നേഹം പങ്കുവയ്ക്കുന്നതും കൈമാറുന്നതും പഠിപ്പിക്കുന്നു.
പലപ്പോഴും തങ്ങളുടെ ജോലികളില്‍ നിന്നും കഷ്ടപ്പാടില്‍ നിന്നും അല്പം ആശ്വാസം ആഗ്രഹിച്ച് ഇന്നുവരെ കിട്ടിയിട്ടില്ലാത്ത ചിന്തിക്കാന്‍ മറന്നുപോയ വിശ്രമജീവിതത്തിന്ന് ഒരുങ്ങുമ്പോള്‍ സ്വയം മറന്ന് സ്വന്തം അസുഖങ്ങള്‍പോലും മറച്ചുവച്ച് പേരക്കുട്ടികളോടുകൂടി കളിക്കുന്ന അവര്‍ക്കായി രാത്രിയും പകലും ഉറക്കം കളഞ്ഞ് ശുശ്രൂഷിക്കുന്ന ഗ്രാന്റ് പാരന്റ്‌സ് വിശാലഹൃദയത്തിന്റെ ഉടമകളാണ്. നാട്ടിന്‍പുറങ്ങളില്‍ തങ്ങളുടെ പഴയ സുഹൃദ്ബന്ധങ്ങള്‍ പുതുക്കി വീടും പറമ്പും നോക്കി സ്വസ്ഥജീവിതം നയിക്കുവാനുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമായി നിശബ്ദമായി ത്യജിക്കുന്നു.
ഫ്‌ളാറ്റില്‍ കഴിയുന്ന മക്കളുടെ ജോലി സൗകര്യത്തിനായി കുട്ടികളെ സംരക്ഷിച്ച് തങ്ങളാല്‍ കഴിയും വിധം സഹായം നല്കുന്ന ഗ്രാന്റ്പാരന്റ്‌സിന്റെ ത്യാഗം വളരെ വലുതാണ്. നാലുഭിത്തിക്കുള്ളില്‍ പരാതികളോ പരിഭവങ്ങളോ ഇല്ലാതെ അവര്‍ നിശബ്ദരായി കുട്ടികളിലേക്ക് കൈമാറുന്ന സ്‌നേഹം തലമുറകളായി ലഭിക്കുന്നത് നിസ്വാര്‍ത്ഥമായി പകരുന്ന ഈ ഗ്രാന്റ്പാരന്റ്‌സ് വെറും കെയര്‍ ടെയ്‌ക്കേഴ്‌സ് (Care takers) അല്ല, സ്‌നേഹത്തിന്റെയും കരുതലിന്റെയും കണ്ണി അടുത്ത തലമുറയിലേക്ക് കൈമാറുന്നവരാണ്.
തലമുറകളിലേക്ക് സ്‌നേഹം കൈമാറുന്ന ഈ ഗ്രാന്റ്പാരന്റ്‌സ് വൃദ്ധസദനങ്ങളില്‍ കഴിയേണ്ടവരല്ല. മക്കളോടും ചെറുമക്കളോടും ഒപ്പം കഴിയുന്ന സ്‌നേഹം കൈമാറുന്ന ഈ ജീവിതസായാഹ്നത്തിലും ലഭിക്കുന്ന സംതൃപ്തി സുഖസൗകര്യങ്ങളോടുകൂടിയ വൃദ്ധസദനങ്ങള്‍ക്ക് നല്കാന്‍ കഴിയില്ല. ഗ്രാന്റ്പാരന്റ്‌സില്‍ നിന്നും സ്‌നേഹവും കരുതലും ലഭിക്കേണ്ട കുട്ടികളെ ഡെ കെയറില്‍ കൊണ്ടാക്കുമ്പോള്‍ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നത് തലമുറകളായി കൈമാറുന്ന ഈ സ്‌നേഹബന്ധമാണ്. ഇന്നത്തെ ജീവിതസാഹചര്യങ്ങള്‍ പലപ്പോഴും ഇത്തരത്തിലുള്ള ഒരു കുടുംബാന്തരീക്ഷം നിലനിര്‍ത്തുവാന്‍ പലപ്പോഴും സഹായകരമാകണമെന്നില്ല. എങ്കിലും സാധിക്കുന്ന വിധത്തില്‍ ഗ്രാന്റ് പാരന്റ്‌സിനോടുകൂടെ സമയം ചിലവഴിക്കാന്‍ കുട്ടികള്‍ക്ക് കഴിയുമ്പോള്‍ കുട്ടികള്‍ മാനസിക ആരോഗ്യത്തിലും പ്രായോഗിക ജ്ഞാനത്തിലും വളരുന്നു. അവരെ ശ്രവിക്കാന്‍ കാത്തിരിക്കുന്നവരുണ്ട് എന്നത് കുട്ടികള്‍ക്ക് വലിയ സുരക്ഷിതത്വബോധം നല്കുന്നു.
Tel : 0484-2600464, 9037217704
E-mail : - jeevanapsychospiritual@gmail.com