ഒരേ വീട്ടിലെ കുട്ടികള്‍ എങ്ങനെ ഭിന്ന സ്വഭാവക്കാരായിത്തീരുന്നു?

ഒരേ വീട്ടിലെ കുട്ടികള്‍ എങ്ങനെ ഭിന്ന സ്വഭാവക്കാരായിത്തീരുന്നു?
കുട്ടി മൂത്തതാണോ, രണ്ടാമത്തേതാണോ, ഇളയതാണോ എന്ന കാര്യം കുട്ടിയുടെ വ്യക്തിത്വ വികസനത്തില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നിരുന്നാലും ഇതിനെക്കാളെല്ലാം നിര്‍ണ്ണായകമാകുന്ന ഘടകം അവന്‍ അല്ലെങ്കില്‍ അവര്‍ വളരുന്ന പരിസ്ഥിതിയാണ്, കുടുംബാന്തരീക്ഷമാണ് എന്ന കാര്യം നമുക്ക് മറക്കാതിരിക്കാം.

ഒരേ വീട്ടിലെ കുട്ടികള്‍ എങ്ങനെ ഭിന്ന സ്വഭാവക്കാരായിത്തീരുന്നു? മൂന്നു കുട്ടികളുള്ള ഒരു കുടുംബത്തിലെ രണ്ടു വയസ്സുള്ള ഒരു കുട്ടിയുടെ കാര്യമെടുക്കുക. അവന്‍ ആ വീട്ടിലെ മൂത്തകുട്ടിയാണോ മൂന്നു കൂട്ടികളില്‍ രണ്ടാമത്തെ കുട്ടിയാണോ എന്നത് അവന്റെ വ്യക്തിത്വവികാസത്തെ സാരമായി ബാധിക്കുന്ന കാര്യമാണ്. മൂത്തകുട്ടി തന്റേടിയും മറ്റുള്ളവരെ അടക്കി ഭരിക്കാന്‍ ഉത്സുകനും ആയിരിക്കും. അതേ സമയം രണ്ടാമത്തെ കുട്ടി ഏറെ അരക്ഷിതത്വബോധം അനുഭവിക്കുന്നവനായിരിക്കും. എന്നാല്‍, മൂന്നാമത്തെ കുട്ടിയാകട്ടെ എല്ലാവരുടെയും ലാളനകള്‍ ഏറ്റുവാങ്ങി ജീവിതം ആസ്വദിക്കാനുള്ളതാണ് എന്ന ധാരണയില്‍ വളരും. ഇതാണ് പൊതുവേയുള്ള അനുഭവം. എന്നിരുന്നാലും ഈ പൊതു നിഗമനത്തിന് അതിന്റേതായ ഒട്ടേറെ പോരായ്മകളുണ്ട്. രണ്ടു വയസ്സുള്ള കുട്ടി ഒന്നാമത്തേതോ, രണ്ടാമത്തേതോ, മൂന്നാമത്തേതോ എന്നതു മാത്രം കണക്കിലെടുത്താല്‍പ്പോരാ. കുട്ടികള്‍ തമ്മിലുള്ള പ്രായ വ്യത്യാസവും ഇവിടെ ഒരു പ്രധാന ഘടകമാണ്. കുട്ടികള്‍ തമ്മിലുള്ള പ്രായ വ്യത്യാസം കുറവാണെങ്കില്‍, ഒരാള്‍ അടുത്തയാളെക്കാള്‍ ഒന്നര വയസ്സിനൊ രണ്ട് വയസ്സിനൊ മാത്രം മൂപ്പുള്ളവനാണെങ്കില്‍ കുട്ടികള്‍ തമ്മില്‍ വഴക്കും മത്സരവും കൂടിയിരിക്കും. മൂത്തത് ആണ്‍കുട്ടിയും രണ്ടാമത്തേത് പെണ്‍ കുട്ടിയുമാണെങ്കിലും അവര്‍ തമ്മിലുള്ള വ്യക്തി ബന്ധങ്ങള്‍ വ്യത്യസ്തമായിരിക്കും. കുറച്ചു പ്രായമായതിനു ശേഷമേ ആണ്‍-പെണ്‍ തരംതിരിവിനനുസരിച്ചുള്ള വ്യക്തിത്വ വികാസവും വ്യത്യാസവും അവരില്‍ പ്രകടമാകൂ.

കുട്ടികളുടെ ജനനസമയത്തുള്ള ഗാര്‍ഹിക അന്തരീക്ഷം അവരുടെ വ്യക്തിത്വ വികാസത്തെ സാരമായി ബാധിക്കുന്ന കാര്യമാണ്. അച്ഛന്‍ ബിസിനസ്സില്‍ മുന്നേറി ലാഭം കൊയ്തുകൊണ്ടിരിക്കുന്ന കാലം. ഈ സമയത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വബോധവും ആത്മവിശ്വാസവും ഉണ്ടായിരിക്കും. എന്ന കാര്യത്തില്‍ സംശയമില്ല. നേരേമറിച്ച്, സാമ്പത്തിക തകര്‍ച്ചയും മറ്റ് തരത്തിലുള്ള പ്രതിസന്ധികളും നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തില്‍, അല്ലെങ്കില്‍ അച്ഛന്‍ സുഖമില്ലാതെ കിടപ്പിലാകുകയൊ, ആശുപത്രിയിലാകുകയൊ ചെയ്യുന്ന കാലയളവില്‍ ജനിക്കുന്ന കുട്ടി തന്റെ കുടുംബാന്തരീക്ഷത്തില്‍ നിന്നും ഉള്‍ക്കൊള്ളുന്നത് ആശങ്കയുടെയും, സന്നിഗ്ദ്ധാവസ്ഥകളുടെയും സന്ദേശമായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ ജീവിതത്തില്‍ ധീരമായ കാല്‍വയ്പുകളോടെ മുന്നേറാന്‍ ആ കുട്ടിക്ക് പ്രയാസമായിരിക്കും.

തങ്ങളുടെ കുട്ടികളോട് മാതാപിതാക്കന്മാര്‍ എങ്ങനെ വൈകാരികമായി ബന്ധപ്പെടുന്നു എന്നതും അവരുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയെ ബാധിക്കുന്ന പ്രശ്‌നമാണ്. പെണ്‍കുഞ്ഞിനെ ആഗ്രഹിച്ചിരുന്ന അമ്മയ്ക്ക് മൂന്നാമതും ആണ്‍കുഞ്ഞിനെ ലഭിക്കുന്നു. ഊര്‍ജ്ജസ്വലതയും പ്രസരിപ്പുമുള്ള ഒരു മകനെ വേണമെന്ന് ആഗ്രഹിച്ചിരുന്ന അച്ഛന് ചിന്താശീലനും അന്തര്‍മുഖനുമായ ഒരു മകനെയാണ് ലഭിക്കുന്നതെങ്കില്‍ ഇത്തരം കുഞ്ഞുങ്ങളോടുള്ള ഈ മാതാപിതാക്കളുടെ വൈകാരിക ബന്ധത്തില്‍ പ്രോത്സാഹനജനകവും ക്രിയാത്മകവുമല്ലാത്ത പലതും കണ്ടെന്നിരിക്കും.

മൂത്തകുട്ടി, രണ്ടു വയസ്സുവരെ അവന്‍ എല്ലാവരുടെയും വാത്സല്യഭാജനമായി, ഏക ശ്രദ്ധാകേന്ദ്രമായി കഴിയുന്നു. അങ്ങനെ അവന്‍ വീട്ടിലെ രാജാവായി വാഴുമ്പോഴാ ണ് ഒരു പുതിയ കുഞ്ഞ് ജനിക്കു ന്നത്. തന്റെ സൗഭാഗ്യങ്ങള്‍ തട്ടിയെടുക്കാന്‍ കടന്നുവന്ന നവാഗതനോടുള്ള കോപവും അസൂയയും വിദ്വേഷവും മൂത്തകുട്ടി പല രീതിയില്‍ പ്രകടിപ്പിച്ചു തുടങ്ങുന്നു. അതേസമയം, പുതിയൊരാള്‍ നമ്മുടെ കുടുംബത്തിലേക്ക് വന്നുവെങ്കിലും നീ ഇപ്പോഴും ഈ കുടുംബത്തില്‍ വലിയ ആളാണ്; നിന്നോട് ഞങ്ങള്‍ക്കെല്ലാം വലിയ കാര്യമാണ്, എപ്പോഴും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും എന്ന് മാതാപിതാക്കളും മറ്റുള്ളവരും മൂത്തകുട്ടിയെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ അവന് തന്റെ സ്വഭാവത്തെ മെരുക്കിയെടുക്കാന്‍ സാധിക്കുകയൊള്ളൂ.

മൂന്നു കുട്ടികളില്‍ രണ്ടാമത്തെ കുട്ടിക്ക് രണ്ടു വയസ്സു പ്രായമാകുന്നതോടുകൂടി അവനൊരു വിഷമസന്ധിയിലാകുന്നു. ചേട്ടനുമായി കൂട്ടുകൂടണം, കളിക്കണം. അതേ സമയം തന്റെ ഇളയ സഹോദരന്‍ ചേട്ടന്റെ ഉള്‍പ്പെടെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറുന്നു. തന്റെ നിലനില്പിനെ ഓര്‍ത്ത് ഈ രണ്ടു വയസ്സുകാരന്‍ സംഭീതനാകുന്നു. കുടുംബത്തിലെ പുതിയ അംഗം, വീട്ടില്‍ തനിക്കിതുവരെ ഉണ്ടായിരുന്ന സ്ഥാനം അപഹരിച്ചു എന്ന തോന്നലിന് അവന്‍ അടിമയാകുന്നു. മാതാപിതാക്കന്മാര്‍ അവന്റെ കൊച്ചുവികാരങ്ങള്‍ മനസ്സിലാക്കി അവനില്‍ ആത്മവിശ്വാസം വളരുന്ന രീതിയില്‍ അവനോട് പെരുമാറേണ്ട സന്ദര്‍ഭമാണിത്. നമ്മുടെ കുടുംബത്തിലേക്ക് പുതുതായി വന്ന ആള്‍ എങ്ങുനിന്നോ വന്നവനല്ല, നമ്മുടെ സ്വന്തം ആളാണ്, നിനക്ക് കൂട്ടുകൂടാനും കളിക്കാനും ഒരാള്‍ കൂടിയായി എന്ന് ബോധ്യമാക്കി കൊടുത്ത് അവനെ ആശ്വസിപ്പിക്കണം.

ഒരു കുടുംബത്തിലെ അമ്മ തന്റെ വീട്ടിലെ മൂത്ത സന്താനമായിരുന്നെങ്കില്‍ തന്റെ മൂത്തകുട്ടിയുമായി വേഗത്തില്‍ താദാത്മ്യം പ്രാപിക്കുമ്പോള്‍ മറ്റുള്ള കുട്ടികളെ മനസ്സിലാക്കാതിരിക്കാനും അവഗണിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതിനായി മാതാപിതാക്കള്‍, പ്രത്യേകിച്ച് അമ്മമാര്‍ ബോധപൂര്‍വ്വം ഓരോ കുട്ടിയുടെയും പ്രശ്‌നങ്ങള്‍ ഗ്രഹിക്കുവാനും സ്‌നേഹവാത്സല്യങ്ങളോടെ അവയ്ക്ക് പരിഹാരം കാണാനും ശ്രമിക്കണം.

കുട്ടി മൂത്തതാണോ, രണ്ടാമത്തേതാണോ, ഇളയതാണോ എന്ന കാര്യം കുട്ടിയുടെ വ്യക്തിത്വ വികസനത്തില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നിരുന്നാലും ഇതിനെക്കാളെല്ലാം നിര്‍ണ്ണായകമാകുന്ന ഘടകം അവന്‍ അല്ലെങ്കില്‍ അവര്‍ വളരുന്ന പരിസ്ഥിതിയാണ്, കുടുംബാന്തരീക്ഷമാണ് എന്ന കാര്യം നമുക്ക് മറക്കാതിരിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org