
നല്ല കുട്ടികള്‍ എന്നു കേള്‍ക്കാന്‍ എല്ലാവര്‍ക്കും സന്തോഷമാണ്. ശീലങ്ങളാണ് ഒരാളുടെ ജീവിതത്തെ വിജയിപ്പിക്കുന്ന തും പരാജയപ്പെടുത്തുന്നതും. വീട്ടില്‍ നിന്നാണ് നല്ല പെരുമാറ്റ ശീലങ്ങള്‍ പഠിക്കാന്‍ പരിശീലിക്കുന്നതും മാതാപിതാക്കളെ അനുകരിച്ച് വളര്‍ത്തിയെടുക്കുന്നതും. കുട്ടികളിലെ അനാരോഗ്യകരമായ ചില ശീലങ്ങള്‍ അവരുടെ വ്യക്തിത്വവളര്‍ച്ചയെ വികലമായി സ്വാധീനിക്കുന്നു. പുതിയ അധ്യായനവര്‍ഷം ആരംഭിക്കുമ്പോഴും നല്ലശീലങ്ങള്‍ വളര്‍ത്തുന്നതിനനുസരിച്ച് പരിശ്രമം കൊണ്ടുതന്നെ തെറ്റായ ശീലങ്ങള്‍ തിരുത്തുവാന്‍ കഴിയുന്നു.
കൃത്യസമയത്തു കിടന്നുറങ്ങി അതിരാവിലെ ഉണരുന്നശീലം പരിശീലിച്ചു തുടങ്ങിയാല്‍ സ്‌ക്കൂള്‍ തുറക്കുമ്പോഴേക്കും അതൊരു പതിവായി മാറുന്നു. അലാം ശബ്ദം കേട്ടിട്ടും അത് അവഗണിച്ച് ഓഫാക്കി തിരിഞ്ഞു കിടന്നുറങ്ങുന്ന മോശം ശീലങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. അതിരാവിലെ ഉണരുന്നതും പ്രഭാതത്തിലെ വ്യായാമം ചെയ്ത് കുളിച്ച് പ്രാര്‍ത്ഥിച്ച് ആരംഭിക്കുന്ന ദിവസം ഉണര്‍വോടെ പഠിക്കുവാനും ക്ലാസില്‍ ശ്രദ്ധിക്കുവാനും സഹായകമാണ്. രാവിലെ ഉണര്‍ന്നു പഠിച്ചാല്‍ ശുദ്ധവായു നല്ലവണ്ണം കിട്ടുകയും മനസ്സിന് ഉണര്‍വും ശരീരത്തിന് ഉന്മേഷവും കിട്ടുന്ന സമയമാണ്. ആ സമയത്തു പഠിക്കുന്നതെല്ലാം വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുകയും പഠിക്കുന്നവ ഗ്രഹിക്കുവാനുള്ള കഴിവ് കൂടുകയും ചെയ്യുന്നു.
ഇഷ്ടപ്പെട്ട ഭക്ഷണം എന്നതിലുപരി അമ്മയുണ്ടാക്കുന്ന ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിച്ചാല്‍ പലതരത്തിലുള്ള അസുഖങ്ങള്‍ ഇല്ലാതാക്കാം. നല്ല ഭക്ഷണം കഴിച്ചാല്‍ കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുക മാത്രമല്ല മനസ്സിന് സന്തോഷവും നല്കുന്നു. ആരോഗ്യമാണല്ലോ എല്ലാറ്റിന്റെയും അടിസ്ഥാനം. അധികസമയവും മുറിക്കുള്ളില്‍ കതകടച്ചു കിടന്ന് ഫോണ്‍ഗെയിം ശീലമാക്കി സമയം നഷ്ടപ്പെടുത്താതെ കംഫര്‍ട്ട്‌സോണില്‍ നിന്നുമാറി നല്ല ശീലങ്ങളും പുതിയ കാര്യങ്ങളും പഠിച്ചെടുക്കുവാനുമുള്ള പരിശ്രമമുണ്ടെങ്കില്‍ അസാധ്യമായ പലതും സ്ഥിരപരിശ്രമത്താല്‍ നേടിയെടുക്കാമെന്ന ആത്മവിശ്വാസം കുട്ടികളില്‍ വളരുന്നു. മറ്റുള്ളവരുമായി താരതമ്യം ചെയ്ത് സ്വയം താഴ്ത്തി ആത്മവിശ്വാസം നഷ്ടപ്പെട്ട് നെഗറ്റീവ് ചിന്തയില്‍ കുടുങ്ങാതെ ക്രിയാത്മകമായി ചിന്തിച്ചാല്‍ എല്ലാകാര്യങ്ങളിലും ഒരു പോസറ്റീവ് ഊര്‍ജം ലഭിക്കുന്നു.
നല്ലതു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കുട്ടികള്‍ പ്രാര്‍ത്ഥിക്കുന്ന ശീലം വളര്‍ത്തണം. ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം നമുക്ക് സ്‌നേഹവും, സന്തോഷവും, പ്രതീക്ഷയും നല്കുന്നു. പ്രാര്‍ത്ഥന കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുകയും ദുശ്ശീലങ്ങളെ അകറ്റുകയും ചെയ്യുന്നു. സ്‌കൂളില്‍ പോകും മുമ്പ് പ്രാര്‍ത്ഥിക്കുകയും ദിവസം പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും നല്ല ശീലമാണ്. കൃത്യസമയത്തു സ്‌കൂളില്‍ എത്തുന്നതും അധ്യാപകരെ ശ്രദ്ധിക്കുന്നതും അനുസരിക്കുന്നതും കുട്ടികള്‍ വളര്‍ത്തിയെടുക്കുന്ന നല്ല ശീലമാണ്. എഴുതുവാനും വായിക്കാനുമുള്ള അടിസ്ഥാനം പഠിച്ചെടുക്കുന്നത് അധ്യാപകരില്‍ നിന്നാണ്. അവര്‍ പകര്‍ന്നുതരുന്ന അറിവുകൊണ്ടാണ് ഓരോ കുട്ടിയും വലിയവരായി തീരുന്നത്. ക്ലാസില്‍ ശ്രദ്ധിച്ചിരിക്കുന്ന കുട്ടികള്‍ക്ക് വീട്ടില്‍ വന്നാല്‍ അധികസമയം പഠിക്കാന്‍ ഇരിക്കേണ്ടതില്ല. ക്ലാസില്‍ ശ്രദ്ധിക്കാത്ത ദുശ്ശീലം വളര്‍ന്നാല്‍ പലതെറ്റുകളാണ് ചെയ്യുന്നത്. അധ്യാപകരെ അനുസരിക്കുന്നില്ല, അവര്‍ പഠിപ്പിക്കുന്നത് ശ്രദ്ധിക്കുന്നില്ല, കൂട്ടുകാരെ ശല്യപ്പെടുത്തുന്നു, പഠിപ്പിക്കുന്ന പാഠഭാഗം മനസ്സിലാക്കുന്നില്ല, കൂട്ടുകാര്‍ക്ക് ദുര്‍ മാതൃക നല്കുന്നു.
വൈകിട്ട് കളിക്കുവാന്‍ പോകുന്നതിനുമുമ്പ് ഹോംവര്‍ക്ക് ചെയ്യുന്ന ശീലം വളര്‍ത്തിയാല്‍ മനസ്സിനും, മാംസപേശികള്‍ക്കും ആശ്വാസം നല്കുന്ന കളികള്‍ക്ക് ആവശ്യത്തിന് സമയം ലഭിക്കുന്നു. മാതാപിതാക്കളെ സഹായിച്ചും തെറ്റു ചെയ്താല്‍ മാപ്പുചോദിച്ചും മുതിര്‍ന്നവരെ ബഹുമാനിച്ചും വൃത്തിയായി വസ്ത്രധാരണം ചെയ്തും വളരുന്ന കുട്ടികള്‍ അച്ചടക്കമുള്ളവരും ലക്ഷ്യബോധമുള്ളവരുമായിത്തീരുന്നു. നല്ല കൂട്ടുകാരെ കണ്ടെത്തി സൗ ഹൃദത്തില്‍ വളരുന്ന ശീലം കുട്ടിക്കാലത്തുതന്നെ വളര്‍ത്തണം. മനുഷ്യനെ വളര്‍ത്തുന്നതും തളര്‍ത്തുന്നതും തകര്‍ക്കുന്നതും ബന്ധങ്ങളാണ്. നല്ല കൂട്ടുകാരുമായുള്ള ബന്ധങ്ങള്‍ നന്മയില്‍ വളര്‍ത്തുന്നു അല്ലാത്ത ബന്ധങ്ങള്‍ നാശത്തിലേക്കു നയിക്കുന്നു. അമിത ഉറക്കമെന്ന തെറ്റായ ശീലം മാറ്റിയെടുക്കണം. ജീവിതം ഉറങ്ങിതീര്‍ക്കുവാനുള്ളതല്ല, ഉറങ്ങാന്‍പോകും മുമ്പ് പ്രാര്‍ത്ഥിക്കുന്ന ശീലം വളര്‍ത്തി നിലനിര്‍ത്തണം. ഉറങ്ങുംമുമ്പ് ദൈവത്തോട് നന്ദി പറയണം. കഴിഞ്ഞ അധ്യായനവര്‍ഷത്തെ കുറവുകള്‍ ഓര്‍ത്ത് വേദനിക്കാതെ പുതിയ അധ്യായനവര്‍ഷം പുത്തന്‍ തീരുമാനങ്ങളോടെ നല്ല ശീലങ്ങള്‍ നിലനിര്‍ത്താന്‍ പരിശ്രമിച്ച് മുന്നോട്ടുപോകുക.