കുട്ടികള്‍ പ്രോത്സാഹനം കിട്ടി വളര്‍ന്നാല്‍...

കുട്ടികള്‍ പ്രോത്സാഹനം കിട്ടി വളര്‍ന്നാല്‍...
Published on

കുട്ടികളെ അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നത് കൂടുതല്‍ നല്ല കാര്യം ചെയ്യാന്‍ അവര്‍ക്ക് പ്രചോദനമായിരുന്നു. പഠനത്തോടൊപ്പം പെരുമാറ്റരീതികളിലും മിടുക്കരായി അധ്യാപകരുടെയും കണ്ണിലുണ്ണികളായി ഉത്തരവാദിത്വത്തില്‍ വളരും. സദാ സന്തോഷപ്രകൃതക്കാരായ കുട്ടികളുടെ സാന്നിധ്യം കൂട്ടുകാര്‍ക്കും ഒരു മാതൃകയാണ്. എന്നാല്‍ മാതാപിതാക്കളുടെ വേണ്ടത്ര ശ്രദ്ധയോ പ്രോത്സാഹനമോ കിട്ടാതെ വരുന്ന കുട്ടികളുടെ പഠനരീതി ഓരോ ദിവസം കഴിയുന്തോറും മോശമായി വരിക എന്നത് അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുന്ന കാര്യമാണ്. നന്നായി പഠിച്ചിരുന്ന പല കുട്ടികളും ചിലപ്പോള്‍ ഒരു വിഷയത്തിന്റെയും നോട്ട് പൂര്‍ത്തിയാക്കി എഴുതാതെ, ടീച്ചര്‍ മാറിയാല്‍ അവര്‍ ബുക്ക് മടക്കി കമിഴ്ന്ന് കിടക്കുന്നതും, അവരുടെ മുഖത്ത് എപ്പോഴും കാണുന്ന സങ്കടഭാവവും പലപ്പോഴും അധ്യാപകരുടെ ശ്രദ്ധയില്‍ പെടാറുണ്ട്. പഠനത്തിലും കളികളിലും, ഭക്ഷണത്തിലും താല്പര്യം കാണിക്കാതെ ഒറ്റപ്പെട്ടിരിക്കുന്ന അവരുടെ അടുത്തുവന്ന് എന്തുപറ്റി എന്ന ചോദ്യത്തിന് മൗനമായിരിക്കും ഉത്തരം. പലപ്പോഴും അധ്യാപകരുടെയോ കൂട്ടുകാരുടെയോ സ്‌നേഹത്തോടെയുള്ള സമീപനം വഴി സങ്കടകാരണങ്ങള്‍ അവര്‍ പങ്കുവയ്ക്കാറുണ്ട്. വീട്ടില്‍ മറ്റുള്ളവരെ എല്ലാവരും പ്രോത്സാഹിപ്പിക്കുകയും, പ്രശംസിക്കുകയും ചെയ്യുമ്പോള്‍, തങ്ങള്‍ കഴിവില്ലാത്തവര്‍ എന്ന പേരില്‍ ഒറ്റപ്പെടലിന്റെ വേദനയില്‍ സ്വയം ഒറ്റപ്പെട്ടുപോകുന്നു.

മാതാപിതാക്കളാണ് കുട്ടികളുടെ വളര്‍ച്ചയില്‍ പ്രോത്സാഹനം നല്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നവര്‍. ശാരിരികപോഷണത്തിന് ഭക്ഷണം നല്കുന്നതിനോടൊപ്പംതന്നെ മാനസികആരോഗ്യമുള്ളവരും ആത്മീയപക്വത ആര്‍ജ്ജിച്ചവരുമാകാന്‍ കുട്ടികളെ സഹായിക്കുന്നവരില്‍ വലിയ പങ്ക് മാതാപിതാക്കള്‍ക്കാണ്. പ്രോത്സാഹനവാക്കുകള്‍ക്ക് കുട്ടികളുടെ ജീവിതത്തില്‍ വലിയ ശക്തിയുണ്ട്, അത് നീണ്ടുനില്ക്കുന്ന ഫലങ്ങള്‍ കുട്ടികളില്‍ വളര്‍ത്തുന്നു. പ്രോത്സാഹനവാക്കുകള്‍ നന്മപ്രവര്‍ത്തികള്‍ കൂടുതല്‍ ചെയ്യാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നു.

'മിടുക്കന്‍, മിടുക്കി, നന്നായി ചെയ്തു, വളരെ നന്നായിരുന്നു'

എന്നിങ്ങനെയുള്ള പ്രോത്സാഹനവാക്കുകള്‍ക്ക് കുട്ടികളെ ചലിപ്പിക്കാനുള്ള കഴിവുണ്ട്. പ്രോത്സാഹനവാക്കുകള്‍ കുട്ടികളിലുള്ള പിടിവാശികളെയും, പ്രതികാരചിന്തകളെയും അലസതയെയും ഇല്ലാതാക്കാനുള്ള മറുമരുന്ന് കൂടിയാണ്.

തക്കസമയത്ത് ഉപയോഗിക്കുന്ന നല്ലവാക്കുകള്‍ തങ്ങളെപ്പറ്റിത്തന്നെയുള്ള മതിപ്പ് കൂട്ടുന്നു. ആത്മവിശ്വാസം ആര്‍ജ്ജിക്കാന്‍ അവര്‍ക്ക് ഊര്‍ജ്ജം നല്കുന്നത് പ്രോത്സാഹനവാക്കുകളുടെ ശക്തിയാണ്. സ്വയംമതിപ്പുള്ള കുട്ടികള്‍ സന്തോഷവാന്മാരും കൂടുതല്‍ പരിശ്രമശാലികളും മാനസികആരോഗ്യമുള്ളവരുമാണ്. എന്നാല്‍ ആത്മവിശ്വാസമില്ലാത്ത കുട്ടികളുടെ സ്വയം വിലയിരുത്തല്‍ അവരുടെ കഴിവില്‍ ബോധ്യമില്ലാതെ മറ്റുള്ളവരോടുള്ള ആശ്രയഭാവത്തിലേക്ക് നീങ്ങുന്നു. അത് മാനസികതളര്‍ച്ചയിലേക്കും, തകര്‍ച്ചയിലേക്കും വഴിതെളിക്കുന്നു.

എന്തിന് കുട്ടികളെ ഇത്രമാത്രം പ്രശംസിക്കണം, പ്രോത്സാഹിപ്പിക്കണം, അവന്‍ വഷളായി പോകില്ലേ? എന്ന ചോദ്യത്തിനുള്ള ഉത്തരമിതാണ് - പ്രശംസയും, ലക്ഷ്യബോധവും, കുട്ടികളുടെ വിലയിരുത്തലും, കുട്ടികളുടെ വ്യക്തിത്വവളര്‍ച്ചയും എല്ലാം പരസ്പരബന്ധിതമാണ്. കുട്ടികളുടെ മാനസികവളര്‍ച്ചയ്ക്ക് പ്രോത്സാഹനം ആവശ്യമാണ്. അര്‍ഹിക്കുന്ന പ്രശംസ അവര്‍ക്ക് നല്കണം. വെറുതെ ഭംഗിവാക്കുകള്‍ വാരികോരികൊടുത്തുകൊണ്ടുള്ള പ്രോത്സാഹനം ഉപകാരത്തേക്കാള്‍ ഉപദ്രവം വരുത്തുവാന്‍ സാധ്യതയുണ്ട്. പ്രോത്സാഹനവാക്കുകള്‍ സത്യസന്ധവും ആത്മാര്‍ത്ഥവും ആയിരിക്കണം. പ്രോത്സാഹനവാക്കുകള്‍ കുട്ടികളെ മുറിപ്പെടുത്തുന്ന വികാരങ്ങളെ സുഖപ്പെടുത്തുന്നു. ആത്മാര്‍ത്ഥമായി മാതാപിതാക്കള്‍ നല്കുന്ന പ്രോത്സാഹനവാക്കുകള്‍ അവരുടെ മുറിവേറ്റമനസ്സിനെ സംരക്ഷിക്കുന്നു. ആത്മാര്‍ത്ഥതയില്ലാതെ നല്കുന്ന ഭംഗിവാക്കുകള്‍ പലപ്പോഴും വിവേചിച്ചറിയാന്‍ കഴിവുള്ളവരാണ് കുട്ടികള്‍. അവര്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ക്ക് പ്രോത്സാഹിക്കപ്പെടുമ്പോള്‍ അവരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള അവസരങ്ങള്‍ ഉപകാരപ്പെടുത്തി പരിശ്രമശീലം വര്‍ദ്ധിപ്പിക്കുന്നു.

പ്രോത്സാഹനം യാഥാര്‍ത്ഥ്യത്തോട് ബന്ധപ്പെട്ടതല്ല എങ്കില്‍ പ്രോത്സാഹനം കിട്ടാതെ വരുമ്പോള്‍ അവര്‍ ആരംഭിച്ച കാര്യങ്ങള്‍ പകുതിവഴിയില്‍ ഉപേക്ഷിച്ച് പോകും. പ്രോത്സാഹനങ്ങള്‍ വളര്‍ച്ചയ്ക്ക് സഹായിക്കുമ്പോള്‍ അവ അവരെ നയിക്കുന്ന ഒന്നായി തീരേണ്ടതാണ്.

കുട്ടികളെ താരതമ്യം ചെയ്ത് പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കരുത്. അവരെ പ്രോത്സാഹിപ്പിക്കുമ്പോള്‍ അവരിലെ നല്ല പ്രവൃത്തികളെ മെച്ചപ്പെടുത്തുന്ന രീതിയിലുള്ള വിലയിരുത്തലുകളും തിരുത്തലുകളും നല്കി പ്രോത്സാഹിപ്പിക്കുക. മറിച്ച് അവരെക്കാള്‍ മെച്ചപ്പെട്ടവരെ തമ്മില്‍ താരതമ്യം ചെയ്താല്‍ അവര്‍ അവരുടെ പ്രവൃത്തിയുടെ ഫലം പുറത്തുകൊണ്ടുവരില്ല. ഒരു പക്ഷേ ചെയ്യുന്ന നല്ല കാര്യംപോലും വേണ്ടാ എന്ന് വയ്ക്കാന്‍ കാരണമാകും. നന്നായി ചെയ്യാനുള്ള പ്രേരണ താരതമ്യപ്പെടുത്തലിലൂടെ നഷ്ടപ്പെടാനിടയുണ്ട്.

സാധാരണയായി കുട്ടികള്‍ പരാജയപ്പെടുമ്പോള്‍ അസ്വസ്ഥരാകുന്നു, മറ്റ് കുട്ടികളെ നോക്കി മുഖം മാറ്റുന്നു. സാഹചര്യങ്ങളില്‍ നിന്ന് ഓടിഒളിക്കുന്നു, കളിയാക്കലുകള്‍ ഭയന്ന് നിസഹായരായിതീരുന്നു, പരാജയങ്ങള്‍ പുതിയ കാര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ നിന്ന് അവരെ തടയുന്നു. വാക്കുകള്‍ കൊണ്ട് പ്രോത്സാഹിപ്പിക്കുമ്പോള്‍ അത് വളര്‍ത്തുന്നതായിരിക്കണം. കുട്ടികളെ അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കുമ്പോള്‍ അത് അനുസരിച്ച് വളരാന്‍ ശ്രമിക്കുന്നു.

കുട്ടികളെ ശ്രവിക്കുക, ജോലിതിരക്കിനിടയിലും, ജീവിതപ്രശ്‌നങ്ങളുടെ വ്യഗ്രതയിലും കുടുംബഭാരവുമൊക്കെ മാതാപിതാക്കളുടെ അനുദിനപ്രശ്‌നങ്ങളാണ്. പക്ഷേ കുട്ടികളെ ശ്രവിക്കാനും ശ്രദ്ധിക്കാനും സമയം കണ്ടെത്തുന്ന മാതാപിതാക്കള്‍ അവരുടെ പ്രവൃത്തികളെ ശ്രദ്ധിക്കുകയും പ്രശംസിക്കുകയും ചെയ്യുമ്പോള്‍ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും കൂടുതല്‍ നല്ലപ്രവൃത്തികള്‍ ചെയ്യുവാന്‍ പ്രേരിതരാവുകയും ചെയ്യുന്നു. താരതമ്യം ചെയ്താല്‍ കുട്ടികള്‍ തങ്ങളുടെ തനതായ ഗുണങ്ങള്‍ പുറത്തുകൊണ്ടുവരുകയില്ല. ഒരേ കുടുംബത്തിലെ അംഗങ്ങളാണെങ്കിലും ഓരോ കുട്ടിയും തനതായ നന്മകളും കഴിവുകളും ഉള്ളവരാണ് അത് പുറത്തുകൊണ്ടുവരാനാണ് മാതാപിതാക്കളും കുടുംബാംഗങ്ങളും സഹായിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും.

പ്രശംസിക്കപ്പെടുന്ന കുട്ടികള്‍ സന്തോഷവാന്മാരാകുന്നു. അവര്‍ തങ്ങളുടെ നല്ലപ്രവര്‍ത്തികളെ കൂടുതല്‍ നല്ലതാക്കി സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തുന്നു.

Tel : 0484-2600464, 9037217704

E-mail: jeevanapsychospiritual@gmail.com

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org