
പലപ്പോഴും പല കുട്ടികളും പറയുന്ന പരാതി ആവര്‍ത്തിച്ചു കേള്‍ക്കുന്നത് പങ്കുവയ്ക്കുന്നു. മാതാപിതാക്കള്‍പോലും ചിന്തിക്കാത്ത തലങ്ങളിലേക്ക് വ്യാഖ്യാനിച്ചിറങ്ങുന്ന കുട്ടികളുടെ മാനസികവികാരങ്ങളെ ശ്രവിക്കുമ്പോള്‍ കുട്ടികളുടെ ചില പിടിവാശികള്‍ക്കും ദേഷ്യപ്രകടനത്തിനും മുമ്പില്‍ ദേഷ്യപ്പെട്ട് പ്രതികരിക്കുകയോ മിണ്ടാതിരുന്ന് പാഠംപഠിപ്പിക്കുകയോ അതല്ലെങ്കില്‍ അവരെ അവഗണിച്ച് മറ്റ് കാര്യങ്ങളില്‍ വ്യാപൃതരായിരുന്ന് തിരക്കിട്ട ജോലി ചെയ്യുന്നതോ കുട്ടികളിലെ സ്വഭാവവൈകല്യങ്ങളെ, ദേഷ്യപ്രകൃതിയെ തിരുത്തുവാന്‍ സഹായകമല്ല.
പലപ്പോഴും മാതാപിതാക്കളും തങ്ങളോട് ദേഷ്യപ്പെട്ട് എതിര്‍ത്ത് സംസാരിക്കുന്ന കുട്ടികളോട് തിരിച്ച് നല്ല ദേഷ്യത്തോടെ പ്രതികരിച്ച് തിരുത്തുവാന്‍ ശ്രമിക്കാറുണ്ട്. സ്ഥാനത്തും അസ്ഥാനത്തും ദേഷ്യപ്പെട്ട് പ്രതികരിക്കുന്ന, പ്രവര്‍ത്തിക്കുന്ന കുട്ടികളോടുള്ള ചില മാതാപിതാക്കളുടെ സമീപനത്തില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ കുട്ടികളിലെ ദേഷ്യപ്രകടനങ്ങള്‍ കുറയുക മാത്രമല്ല അവര്‍ കൂടുതല്‍ നല്ലവരായി മാതാപിതാക്കളുടെ ജീവിതമാതൃക കണ്ട് പഠിക്കുന്നവരായി തീരും. കുട്ടികളോട് ദേഷ്യപ്പെടുന്ന മാതാപിതാക്കളെയും കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ മനസ്സിലാകുന്ന ഒരു കാര്യം സ്വയം ദേഷ്യം നിയന്ത്രിച്ച് അവസരോചിതമായി വിവേകത്തോടെ ദേഷ്യമെന്ന വികാരത്തെ സമചിത്തതയോടെ നിയന്ത്രിക്കുവാന്‍ പരാജയപ്പെടുന്നവരാണ്. കുട്ടികള്‍ പല കാര്യങ്ങളും കണ്ട് അനുകരിക്കുന്നവരാണ്. അവരിലെ ചിന്തിച്ച് തീരുമാനങ്ങള്‍ എടുക്കുവാനുള്ള കഴിവ് വളരാത്തതിനാല്‍ അവര്‍ മാതാപിതാക്കളെ നോക്കിയും കേട്ടും അനുകരിക്കുന്നവരാണ്. മാതാപിതാക്കളുടെ നിയന്ത്രണം വിട്ടുള്ള പൊട്ടിത്തെറികളും ദേഷ്യപ്രകടനങ്ങളും ശരിയെന്നു തോന്നി അനുകരിക്കുന്ന കുട്ടുകളെ തെറ്റു പറയുവാന്‍ അത്ര എളുപ്പമല്ല.
വികാരങ്ങളെ വിവേകത്തോടെ പ്രകടിപ്പിക്കുവാന്‍ കുട്ടികളെ പഠിപ്പിക്കുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. പലപ്പോഴും കുട്ടികള്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത പല കാര്യങ്ങളും കാണുമ്പോള്‍ അവര്‍ ദേഷ്യപ്പെട്ട് പ്രതികരിക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരെ തല്ലി തിരുത്തുന്നതും, വഴക്കു പറഞ്ഞ് നിശ്ശബ്ദരാക്കുന്നതും ആരോഗ്യകരമായ സമീപനമല്ല. അവരെ ശാന്തരാകുവാന്‍ അനുകരിച്ച് നല്ല രീതിയില്‍ അവര്‍ക്കു മനസ്സിലാകുന്ന വിധത്തില്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ എങ്ങനെ പ്രകടിപ്പിക്കാം എന്നു പറഞ്ഞ് മനസ്സിലാക്കിയാല്‍ കുട്ടികള്‍ കാര്യങ്ങള്‍ വേണ്ടവിധം ഗ്രഹിച്ച് അടുത്ത പ്രാവശ്യം ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കും. അവര്‍ മറന്ന് പ്രവര്‍ത്തിച്ചാല്‍ വീണ്ടും ഓര്‍മ്മിപ്പിക്കുക എന്നതും കുട്ടികളിലെ സ്വഭാവവികലതകളെ ഇല്ലാതാക്കും.
കുട്ടികള്‍ കാണുന്നത് അനുകരിക്കുന്നു. പ്രത്യേകിച്ച് മൊബൈല്‍ ഫോണ്‍, ടിവി ഇവയില്‍ കാണുന്ന കാര്യങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കുമ്പോള്‍ അവരുടെ സ്വഭാവരൂപീകരണത്തില്‍ വൈകല്യങ്ങള്‍ വരാതിരിക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളിലെ ചലനവ്യതിയാനങ്ങള്‍ മനസ്സിലാക്കി ക്രമീകരിക്കുന്നത് നല്ലതാണ്. കുട്ടികളെ ദേഷ്യപ്പെട്ട് അച്ചടക്കം പഠിപ്പിച്ച് മര്യാദക്കാരാക്കാം എന്ന ചിന്ത തന്നെ മാറ്റിവയ്ക്കണം. കുട്ടികള്‍ നല്ല ശീലത്തില്‍ വളരാന്‍ സ്‌നേഹത്തോടെയുള്ള സമീപനമാണ് കൂടുതല്‍ ഫലപ്രദമായി ചെയ്യാന്‍ കഴിയുന്ന കാര്യം. കുട്ടികളോട് ദേഷ്യപ്പെട്ട് പല കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനേക്കാള്‍ നല്ലത് കുട്ടികള്‍ ഏററവും കൂടുതലായി ഇടപ്പഴകുന്ന മാതാപിതാക്കളുടെ ജീവിതമാതൃകയും പ്രശ്‌നങ്ങളുടെ മദ്ധ്യത്തിലുള്ള അവരുടെ പ്രതികരണരീതികളുമാണ്.
മുതിര്‍ന്നവര്‍ക്കു മാത്രമല്ല ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ ദേഷ്യം വരുന്നത് കുട്ടികളിലും സ്വാഭാവികമാണ്. എന്നാല്‍ ദേഷ്യംവച്ച് പലതും വലിച്ചെറിഞ്ഞ് പൊട്ടിക്കുന്നതും ഒച്ചവയ്ക്കുന്നതും വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്നതും വഴക്കടിച്ച് ഭക്ഷണം കഴിക്കാതിരിക്കുന്നതും നല്ലതല്ല എന്ന് ശാന്തമായി കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതാണ് ആരോഗ്യകരമായ സമീപനം. കുട്ടികളോട് ദേഷ്യപ്പെടുന്നതിനുമുമ്പ് മാതാപിതാക്കള്‍ നല്കുന്ന സമചിത്തതയുടെ മാതൃകയാണ്, ദേഷ്യപ്പെടുന്ന കുട്ടിയോട് അതിനേക്കാള്‍ ദേഷ്യത്തില്‍ കാര്യങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്തി ചിട്ടപഠിപ്പിക്കുന്നതിനേക്കാള്‍ നല്ലതും നിലനില്‍ക്കുന്നതും.