കുട്ടികളിലെ വായനാശീലം വളര്‍ത്തണം

കുട്ടികളിലെ വായനാശീലം വളര്‍ത്തണം
സി. ഡോ. പ്രീത സി.എസ്.എന്‍.
സി. ഡോ. പ്രീത സി.എസ്.എന്‍.

സി. ഡോ. പ്രീത സി.എസ്.എന്‍.

വായന അറിവിന്റെ ഉറവിടമാണ്. ലോകത്തിലെ മഹാന്മാരില്‍ മിക്കവരുംതന്നെ നല്ല വായനക്കാരായിരുന്നു. വായന വ്യക്തികളുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നു. എബ്രഹാംലിങ്കന്‍ എന്ന ദരിദ്രബാലന്‍ ചെറുപ്രായത്തിലെ വായനയില്‍ വളര്‍ന്നു. ഒരു പുസ്തകം വാങ്ങുവാനുള്ള കാശ് കൈയിലില്ലായിരുന്ന അവസ്ഥയിലും ആ ബാലന്‍ കടംവാങ്ങിയ പുസ്തകം വായിച്ചും, അത് നഷ്ടപ്പെട്ടപ്പോള്‍ പകരം പണിചെയ്ത്കടംവീട്ടി അറിവിന്റെ അടിസ്ഥാനമിട്ടത് കുട്ടിക്കാലം മുതലുള്ള വായനാശീലത്തിലൂടെയായിരുന്നു. ഇന്നത്തെ കുട്ടികള്‍ വായിച്ചു കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലുപരി ഗൂഗിളില്‍ തപ്പി ഉത്തരം എളുപ്പത്തില്‍ കണ്ടെത്തി പരിഹാരം അന്വേഷിക്കുമ്പോള്‍ ആരോ വായിച്ച് എഴുതിവച്ചവ കോപ്പിയടിക്കുമ്പോള്‍ സ്വന്തമായി വായിച്ചുനേടുന്നതിന്റെ സംതൃപ്തി ലഭിക്കുന്നില്ല. വിരല്‍തുമ്പില്‍ ഉത്തരം കണ്ടെത്താന്‍ കഴിയുന്നതിനാല്‍ വായന വിരസമായിത്തീരുന്നു. പത്തുമിനിട്ടുപോലും ശ്രദ്ധയോടെ വായിക്കാനിരിക്കാന്‍ അവര്‍ക്ക് പലപ്പോഴും കഴിയുന്നില്ല. പുസ്തകം ഒരു പേജുവായിച്ചു തുടങ്ങുന്നതേ അവര്‍ക്ക് ബോറടിയാണ്. ഉടനെ പുസ്തകം അടച്ചുവച്ച് ടി.വി. ഓണ്‍ ചെയ്യുകയോ, കമ്പ്യൂട്ടര്‍ തുറക്കുകയോ, പഠിക്കാന്‍ കിട്ടിയ മൊബൈലില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുകയോ ചെയ്യലാണ് കുട്ടികളുടെ പതിവ്. വാങ്ങികൊടുക്കുന്ന പുസ്തകം പലപ്പോഴും ഡൈനിംഗ് ടേബിളിലും, കിടപ്പുമുറിയിലും, വായനാസ്ഥലത്തും, കളിസ്ഥലത്തും, ചിലപ്പോള്‍ അടുക്കളയിലും കാണാം. ഒരു ചെറിയപുസ്തകം പോലും വായിച്ചുതീര്‍ക്കാന്‍ അവര്‍ക്ക് മടുപ്പാണ്, മടിയാണ്, ബോറടിയാണ്.

കുട്ടികള്‍ ചെറുപ്പത്തില്‍ തന്നെ വായനാശീലം വളര്‍ത്താന്‍ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കണം. കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്ന മാതാപിതാക്കളും അധ്യാപകരും കുട്ടികള്‍ക്കൊപ്പം നല്ലശീലങ്ങള്‍ പഠിക്കുന്നു, പുതിയവാക്കുകളും പഠിക്കുന്നു. ദിവസത്തില്‍ ഇരുപത്തിനാലുമണിക്കൂറില്‍ ഇരുപതുമിനിറ്റെങ്കിലും കുട്ടികളെ വായിക്കാന്‍ ഇരുത്തിയാല്‍ വായന അവരുടെ ഭാവിജീവിതത്തെ കൂടുതല്‍ ഫലദായകമാക്കും. വായനാശീലം വളര്‍ത്താന്‍, പ്രോത്സാഹിപ്പിക്കാന്‍ പലമാര്‍ഗ്ഗങ്ങള്‍ നമുക്കു മുമ്പിലുണ്ട്. പരിശീലനമാണ് കുട്ടികളെ കൂടുതല്‍ പൂര്‍ണ്ണരാക്കുന്നത്.

   ആകര്‍ഷകമായ പടങ്ങളുള്ള പുസ്തകങ്ങള്‍ കുട്ടികള്‍ക്കായി തെരഞ്ഞെടുക്കുക.
   വായിക്കാന്‍ അറിയാത്ത വാക്കുകള്‍ കൂട്ടിവായിച്ചു കൊ ടുത്ത് സഹായിക്കുക.
   പുതിയ വാക്ക് എഴുതിപ്പിക്കുക, പ്രധാന ആശയങ്ങള്‍ പറയിപ്പിക്കുക.
   പുതിയവാക്കുകള്‍ പഠിപ്പിക്കുന്നതില്‍ പ്രോത്സാഹിപ്പിക്കുക.
   പുതിയ കാര്യങ്ങള്‍ അടയാളപ്പെടുത്താന്‍ അല്ലെങ്കില്‍ എഴുതിവയ്ക്കാന്‍ സഹായിക്കുക.
   വായനയില്‍ തെറ്റുപറ്റിയാല്‍ തിരുത്തിക്കൊടുക്കുക.
   ആവര്‍ത്തിച്ച്് ഉറക്കെ വായിക്കാന്‍ പ്രോത്സാഹിപ്പിക്കുക
   ഒരു സ്ഥിരമായ സ്ഥലം വായനയ്ക്കായ് നല്കുക.
   സ്വസ്ഥമായിരുന്ന് വായിക്കാനുള്ള അന്തരീക്ഷം വീട്ടില്‍ സൃഷ്ടിക്കുക.
   യാത്ര പോകുമ്പോഴും ഒരു ചെറിയ ബുക്ക് കൈയില്‍ സൂക്ഷിക്കുക.
   പല ഭാഷകളിലെ ബുക്കുകള്‍ വായിക്കാന്‍ കൊടുക്കുക.
   വായിച്ച കാര്യങ്ങള്‍ ചുരുക്കി എഴുതാന്‍ പഠിപ്പിക്കുക.

വായന കുട്ടികളുടെ ഭാഷാപരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നു. പുതിയ ഉള്‍ക്കാഴ്ചകള്‍ അവര്‍ക്കു നല്കുന്നു. വായിക്കുന്ന കുട്ടികള്‍ കൂടുതല്‍ ചിന്തിക്കാനും വിശാലമായ ഭാവന വളര്‍ത്താനും, വാക്കുകളുടെ ശേഖരം വര്‍ദ്ധിപ്പിക്കാനും പ്രാപ്തരാകുന്നു. വായന ആസ്വാദിക്കുന്ന കുട്ടികള്‍ക്ക് ഏകാന്തത ശല്യമല്ല, വിരസതയല്ല അവര്‍ കൂടുതല്‍ ഏകാഗ്രതയിലേക്ക് വളരുന്നു. കുട്ടികള്‍ക്ക് ശ്രദ്ധിക്കാനുള്ള കഴിവു ലഭിക്കുന്നു. അവര്‍ അച്ചടക്കത്തോടെ ഇരിക്കാന്‍ പഠിക്കുന്നു. ഇത്തരത്തില്‍ ഇരിക്കാന്‍ പഠിക്കുന്ന കുട്ടികള്‍ ക്ഷമയോടെ പല കാര്യങ്ങള്‍ ചെയ്യുവാനും പഠിക്കുന്നു. വായന കുട്ടികളുടെ വീക്ഷണം വിശാലമാക്കുന്നു. പലതരത്തിലുള്ള പുസ്തകങ്ങള്‍ വായിക്കുന്ന കുട്ടികള്‍ അവര്‍ക്ക് ചുറ്റുമുള്ള ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയുന്നതിനോടൊപ്പംതന്നെ കൂടുതല്‍ അറിവുനേടാനുള്ള ജിജ്ഞാസ വര്‍ദ്ധിപ്പിക്കുന്നു. വായന, വാക്കുകളുടെ ശേഖരം കൂട്ടുന്നതിനോടൊപ്പംതന്നെ കൂടുതല്‍ പഠിക്കണമെന്ന ആഗ്രഹവും കുട്ടികള്‍ക്കുണ്ടാക്കുന്നു. അനുദിനജീവിതത്തില്‍ ഉപയോഗിക്കാത്ത പുതിയ വാക്കുകള്‍ കുട്ടികള്‍ സ്വന്തമാക്കുന്നു. നന്നായി വായിക്കുന്ന കുട്ടികള്‍ സ്‌കൂളില്‍ നല്ല മാര്‍ക്ക് വാങ്ങുന്നു, നല്ല വിജയം കൈവരിക്കുന്നു.

ശൈശവത്തിലും ബാല്യത്തിലും വായനാശീലം വളര്‍ത്തുന്ന കുട്ടികള്‍ കൗമാരത്തിലും, യൗവനത്തിലും, യുവത്വത്തിലും വാര്‍ദ്ധക്യത്തിലും വായന ആസ്വദിക്കുന്നു. വായന അറിവിന്റെ പടവുകള്‍ ചവിട്ടി കയറാന്‍ കുട്ടികളെ സഹായിക്കുന്നു. കൂടുതല്‍ വിജ്ഞാനദാഹികളാകാന്‍ പ്രാപ്തരാകുന്ന കുട്ടികള്‍ ചുറ്റുമുള്ള ലോകത്തെ അറിയുകയും മറ്റ് സംസ്‌കാരങ്ങളെ പഠിക്കാന്‍ താല്പര്യം കാണിക്കുകയും ചെയ്യുന്നു. വായിക്കുന്ന കുട്ടികള്‍ പുതിയവിഷയങ്ങളില്‍ പ്രാവീണ്യം നേടുകയും അവരുടെ ശ്രദ്ധ കൂട്ടുകയും ചെയ്യുന്നു. ഇന്നു വായിച്ചു വളരുന്ന കുട്ടികളാണ് നാളെ വീടിന്റെ, നാടിന്റെ ഉത്തവാദിത്വം ഏറ്റെടുക്കേണ്ടവര്‍. ശരീരത്തിന് വ്യായാമം എന്നതുപോലെതന്നെ മനസ്സിന് ശക്തിയാര്‍ജ്ജിക്കാനും, ചിന്തകളെ ഉയര്‍ത്തുവാനും ഭാവനയെ ഉണര്‍ത്തുവാനും ജീവിതകാഴ്ചപ്പാടുകളെ വിശാലമാക്കുവാനും ജീവിതം മെച്ചപ്പെടുത്തുവാനും വായനാശീലം കുട്ടികളില്‍ വളര്‍ത്തണം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org