പകര്‍ച്ചവ്യാധിയുടെ നടുവില്‍ വളര്‍ത്തപ്പെടുന്ന കുട്ടികള്‍

പകര്‍ച്ചവ്യാധിയുടെ നടുവില്‍ വളര്‍ത്തപ്പെടുന്ന കുട്ടികള്‍

ഫാ. ഡോ. ബെന്നി ജോസ് പാലാട്ടി

ഒരു വര്‍ഷത്തിലധികമായി കുട്ടികള്‍ വീട്ടിലാണ്. ഓണ്‍ലൈന്‍ ക്ലാസ്സും പല ആവര്‍ത്തി മാറ്റിക്കൊണ്ടിരിക്കുന്ന പരീക്ഷാ ക്രമീകരണങ്ങളും മാത്രമാണ് കുട്ടികള്‍ക്കു വേണ്ടിയുള്ള ചര്‍ച്ചയിലെ വിഷയങ്ങള്‍. മൂന്നാം തരംഗം കുട്ടികളെ ആക്രമിക്കും എന്ന ഭയപ്പാടാല്‍ ആരോഗ്യമേഖലയിലെ ക്രമീകരണങ്ങളെക്കുറിച്ച് സംസാരിച്ച് ബാലാവകാശ കമ്മീഷന്‍ മുന്നോട്ടു വരുന്നതായി വാര്‍ത്തകള്‍ ഉണ്ട്. പരീക്ഷാക്രമീകരണങ്ങളും ആശുപത്രിയും മാത്രമാണ് കുറേയധികം കാലമായി വീട്ടില്‍ ഒതുക്കപ്പെട്ട കുട്ടികള്‍ക്കായി സമൂഹം ഒരുക്കുന്നത്. ഇതു മാത്രമാണോ കുട്ടികള്‍ക്കു വേണ്ടത്?

കുട്ടികളുടെ ആവശ്യങ്ങള്‍, രാജ്യത്തിന്റെ ഭാവി, കുട്ടികളനുഭവിക്കുന്ന പ്രതിസന്ധികള്‍ എന്നിവയെ എങ്ങനെ നമുക്ക് മനസ്സിലിക്കാം – ഏതു തരത്തിലാണ് ഇവയോടു പ്രതികരിക്കേണ്ടത് – എന്തൊക്കെ ക്രമീകരണങ്ങളാണ് കുട്ടികളുടെ സുരക്ഷയ്ക്കായി ഒരുക്കേണ്ടത്?

കുട്ടികളുമായി ബന്ധപ്പെട്ട് ഏറെ കാര്യങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ചൈല്‍ഡ് ലൈന്‍ ഇന്ത്യയുടെ കണക്കുപ്രകാരം "അക്രമണത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും സുരക്ഷയ്ക്കായി" മാര്‍ച്ച് 20-31, 2021 ദിവസങ്ങളില്‍ 92,000-ത്തിലധികം ഫോണ്‍കോളുകള്‍ ലഭിച്ചു. ഓണ്‍ലൈന്‍ ക്രൈമിന്റെയും എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഇവിടെയെല്ലാം കുട്ടികളനുഭവിക്കുന്ന വൈകാരിക വിഷയങ്ങള്‍ ഏറെയാണ്. സുരക്ഷിതമായ ഒരിടം കുട്ടികള്‍ക്ക് ഇല്ലാതാകു ന്നു, തുറന്നു പറയാനോ ഭയമില്ലാതെ ഇടപഴകാനോ പറ്റിയ അവസരങ്ങളും കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്നു. പഠിച്ച കാര്യങ്ങള്‍ മറന്നു പോകുന്നതും വ്യത്യസ്തമായ കഴിവുകളില്‍ പുരോഗതി സാധ്യമല്ലാത്ത സാഹചര്യവും കുട്ടികളെ നിസ്സഹായരാക്കുന്നു. ഡെവലപ്‌മെന്റല്‍ നീഡ്‌സ് ആന്റ് ഡിലെയ്‌സ് കുട്ടികളെ ഗൗരവമായി ബാധിക്കുന്നുണ്ട്.

സുരക്ഷയുടെ പേരും പറഞ്ഞ് കുട്ടികളെയെല്ലാം വീടുകളില്‍ ഒതുക്കുന്നതിലും കൊറോണ ശത്രുവില്‍ നിന്നു രക്ഷപ്പെടാന്‍ മുറിയില്‍ അടച്ചിടുന്നതിലും വ്യഗ്രചിത്തരാണ് മുതിര്‍ന്നവര്‍.

കുട്ടികളുടെ സുരക്ഷയെ മുന്‍ നിര്‍ത്തി ഏറെ ക്രമീകരണങ്ങള്‍ നടപ്പിലാക്കാന്‍ ഷട്ട്ഡൗണ്‍ കാലത്തും പല വിദേശരാജ്യങ്ങളും ശ്രദ്ധിക്കുന്നുണ്ട്. കാനഡ, ജര്‍മ്മനി, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ അണ്‍ലോക്കിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന് 'കുട്ടികളും അവരുടെ കൂട്ടുകാരും സ്‌കൂളുമാണ്.' മാനസിക വൈകാരിക മേഖലകളില്‍ സഹായം നല്കുക, കളിക്കാനുള്ള സൗകര്യം ഒരുക്കുക എന്നിവയെ സുപ്രധാന കാര്യമായി പരിഗണിച്ച് അണ്‍ലോക്കിംഗ് നടപ്പിലാക്കുന്നു. സാമൂഹ്യജീവിതത്തെ സുരക്ഷിതമാക്കാനായി ബബിള്‍സ് ക്രമീകരിക്കുന്നതിലും അവര്‍ അതീവശ്രദ്ധ പുലര്‍ത്തുന്നു.

സാമൂഹിക മാനസിക ശാരീരിക തലങ്ങളിലെ സുസ്ഥിതിയും വളര്‍ച്ചയും ലക്ഷ്യമാക്കിയാണ് 'ആരോഗ്യത്തെ' സമീപിക്കേണ്ടത് (WHO). കുട്ടികള്‍ക്കു നല്കുന്ന സുരക്ഷയും ഇതേ തലങ്ങളില്‍ സമഗ്രമാകണം. സുരക്ഷ എന്നത് വീട്ടില്‍ പൂട്ടിയിടുന്നതിലല്ല, കോവിഡ് മാനദണ്ഡമനുസരിച്ച് സാമൂഹിക, ശാരീരിക, മാനസിക, വൈകാരിക, ബൗദ്ധിക ജീവിതത്തിനുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി, ജീവനും വളര്‍ച്ചയും ഭാവിയും ഭദ്രമാക്കുന്ന ഇടപെടല്‍ നടത്തുക എന്നതാണ്.

കുട്ടികളുടെ സുരക്ഷയ്ക്കായി മന്ത്രാലയവും കമ്മീഷനുകളും കുറേയധികം കമ്മറ്റികളും (NCPCR, CWC's, SJPU, ICPS…) ഇന്ത്യയിലുണ്ട്. ഇവയ്‌ക്കെല്ലാം അധികാരം നല്കുന്ന ഏറെ നിയമങ്ങളും. ഭരണഘടനയിലെ 39 (f), National Policy for children 2013, POCSO) ജൂവനൈല്‍ ആക്ട്… ഇങ്ങനെ നീളുന്നു നിര. കുട്ടികളാണ് രാജ്യത്തിന്റെ Supremely Important Asset എന്നു പ്രഖ്യാപിക്കുന്ന വിവരണങ്ങളും നിയമങ്ങളുമാണ് ഇന്ത്യയ്ക്കുള്ളത്. ഈ നിയമങ്ങളും ആക്ടുകളും ക്രമീകരണങ്ങളും കുട്ടികളുടെ സമഗ്ര വളര്‍ച്ചയ്ക്കും വ്യത്യസ്ത മേഖലകളിലുള്ള സംരക്ഷണത്തിനും സുരക്ഷിത ഭാവിക്കും വേണ്ടി രൂപപ്പെട്ടവയാണ്.

എന്നാല്‍, 2020 മാര്‍ച്ച് മുതലുള്ള കാലത്ത് കുട്ടികളനുഭവിക്കുന്ന അരക്ഷിതാവസ്ഥയും സംരക്ഷണമില്ലായ്മയും അവകാശനിഷേധവും ഇന്ത്യയിലെ നിയമങ്ങള്‍ക്കോ ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ക്കോ ഗൗരവമായി തോന്നുന്നില്ല. കുട്ടികളുടെ സുരക്ഷയ്ക്കായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ ഇടപെടലോ പഠനങ്ങളോ നടത്തുന്ന സജീവസാന്നിദ്ധ്യം എവിടെയും കാണുന്നില്ല. മറിച്ച്, നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. കൊറോണ കാലഘട്ടത്തില്‍ ഏറ്റവുമധികം അടയ്ക്കപ്പെട്ടവര്‍, ഒതുക്കപ്പെട്ടവര്‍, അവകാശം നിഷേധിക്കപ്പെട്ടവര്‍, ദീര്‍ഘകാല പ്രതിസന്ധിയിലേക്ക് തള്ളിവിടപ്പെടുന്നവര്‍ കുട്ടികളാണ്. ഇതിലൂടെ പകര്‍ച്ചവ്യാധിയുടെ ദുരന്ത ങ്ങള്‍ പേറുന്ന Signature തലമുറയായി, കോവിഡിന്റെ ശിഷ്ടമായി അവശേഷിക്കാന്‍ വിധിക്കപ്പെട്ട തലമുറ.

സൂപ്പര്‍ സ്‌പ്രെഡ് കാലത്ത് ഷട്ട്ഡൗണ്‍ ദിവസങ്ങളില്‍ എന്തൊക്കെ സാധിക്കും എന്നു ചിന്തിച്ച് ഒഴിഞ്ഞു മാറേണ്ട വിഷയമല്ലിത്. 2020 മാര്‍ച്ച് മുതല്‍ കുട്ടികളുടെ ലോകം, അനുഭവം, പ്രതികരണം, ഭയം എന്നിവ തിരിച്ചറിഞ്ഞ്, ഭാവി തലമുറയെ മുന്നില്‍ക്കണ്ട് ചിന്തിക്കേണ്ട കാര്യമാണ് കോവിഡ് കാലത്തെ കുട്ടികളുടെ അവകാശങ്ങള്‍. "കുട്ടികളുടെ വളര്‍ച്ചയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഓരോ വ്യക്തിയെയും പ്രാധാന്യമുള്ളതായി കാണണം" എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ കോവിഡ് കാലഘട്ടത്തില്‍ പറയുന്നു.

കുട്ടികള്‍ പ്രത്യേക ദാനവും സമ്മാനവുമാണ് (സങ്കീ. 127:3). കരുതലോടെ ബഹുമാനിച്ചു കാത്തുസൂക്ഷിക്കപ്പെടേണ്ടവരാണ് ഇവര്‍, എന്നാല്‍ കുട്ടികളെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ അപകടം തിരിച്ചറിയണം. കുട്ടികള്‍ക്കു വലിയ പ്രാധാന്യമില്ല, അവര്‍ ചെറുതാണ്, ഇതൊന്നും കുട്ടികളെ ബാധിക്കില്ല, അവര്‍ സുക്ഷിതരാണ്. കുട്ടികള്‍ക്ക് എന്തെങ്കിലുമൊക്കെ നല്കിയാല്‍ മതി. തുടങ്ങിയ ചിന്താഗതികള്‍ക്കിടയില്‍ കുട്ടികളുടെ അവകാശങ്ങള്‍ മനസ്സിലാക്കാനോ അ വരെ കേള്‍ക്കാനോ മുതിര്‍ന്നവര്‍ തയ്യാറാകുന്നില്ല. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് തലമുറകള്‍ ബോധവാന്മാരല്ലാത്തതിനാല്‍, പല സാധ്യതകളും, കുട്ടികള്‍ക്ക് എത്തിപ്പിടിക്കാനാകാത്തതിനാല്‍ സോഷ്യല്‍ മീഡിയ – മൊബൈല്‍ – ഓണ്‍ലൈന്‍ ക്ലാസ്സ് എന്നിവയില്‍ മാത്രം മുഴുകി, ഭക്ഷണവും ഉറക്കവും വീട്ടിലിരുപ്പുമായി കുട്ടികള്‍ തൃപ്തരാകുന്നു. ഇതിനിടയില്‍ കുട്ടികളുടെ നിലനില്പിന്റെ വെല്ലുവിളികളും വളര്‍ച്ചയുടെ ആവശ്യങ്ങളും ഭാവിക്കു വേണ്ട ഒരുക്കങ്ങളും തമസ്‌ക്കരിക്കപ്പെടുന്നു.

ഇന്ത്യയുടെ സാഹചര്യത്തില്‍, അധികാരവും കൊട്ടാരങ്ങളും കെട്ടിപ്പടുക്കുന്നതിനിടയില്‍, Image building-ന്റെ അവസരമായി കോവിഡിനെ കാണുമ്പോള്‍, ഔദ്യോഗിക സ്ഥാപനങ്ങള്‍ മരപ്പാവകളും രാഷ്ട്രീയ ആയുധങ്ങളും മാത്രമാകുന്നിടത്ത്, കുട്ടികളുടെ സമഗ്ര സുരക്ഷയോ ഭാവിയോ പരിഗണിച്ച് ക്രമീകരണങ്ങള്‍ വരും എന്നു പ്രതീക്ഷിക്കാനാകില്ല.

മാതാപിതാക്കളും മുതിര്‍ന്നവരും കുട്ടികള്‍ക്കു നല്‌കേണ്ട അവകാശങ്ങള്‍ തിരിച്ചറിയണം – ഇതിനാവശ്യമായവ നടപ്പിലാക്കണം. സൂപ്പര്‍ സ്‌പ്രെഡ് കാലത്ത് ഷട്ട്ഡൗണ്‍ ദിവസങ്ങളില്‍ എന്തൊക്കെ സാധിക്കും എന്നു ചിന്തിച്ച് ഒഴിഞ്ഞു മാറേണ്ട വിഷയമല്ലിത്. 2020 മാര്‍ച്ച് മുതല്‍ കുട്ടികളുടെ ലോകം, അനുഭവം, പ്രതികരണം, ഭയം എന്നിവ തിരിച്ചറിഞ്ഞ്, ഭാവി തലമുറയെ മുന്നില്‍ക്കണ്ട് ചിന്തിക്കേണ്ട കാര്യമാണ് കോവിഡ് കാലത്തെ കുട്ടികളുടെ അവകാശങ്ങള്‍. "കുട്ടികളുടെ വളര്‍ച്ചയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഓരോ വ്യക്തിയെയും പ്രാധാന്യമുള്ളതായി കാണണം" എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ കോവിഡ് കാലഘട്ടത്തില്‍ പറയുന്നു.

കോവിഡ് പകര്‍ച്ചാവ്യാധി പഠിക്കുന്ന Harward University യിലെ പ്രൊഫസര്‍ ഫെര്‍ണാണ്ടോ എം. റെയിനസ്സ് പറയുന്നു, "ഈ കാലഘട്ടം ആവശ്യപ്പെടുന്നത് സമഗ്രമായ കുട്ടികളുടെ വിദ്യാഭ്യാസമാണ് (Education of the Whole Child). കാരണം, അത്യാവശ്യം ലഭിക്കേണ്ട സുരക്ഷയുടെ മേഖലകള്‍ കുട്ടികള്‍ക്കു മുന്നില്‍ അടച്ചുപൂട്ടിയിരിക്കുന്നു. വ്യത്യസ്ത മേഖലകളെ ഉള്‍ക്കൊള്ളിച്ച് കുട്ടികളുമായി സഹകരിക്കണം. ഇതില്ലെങ്കില്‍ സംഭവിക്കുക generational catastrophe ആകും.

കോവിഡ് കാലഘട്ടം മുന്നോട്ടു വയ്ക്കുന്ന Catastrophe യുടെ നടുക്ക് Global Compact on Education-ല്‍ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ സംസാരിച്ചപ്പോള്‍ ഫ്രാന്‍സിസ് പാപ്പ മുന്നോട്ടു വച്ചത് 'Re think the model of our society' എന്നതാണ്. സമൂഹത്തിന്റെ പുതിയ മാതൃക അടിസ്ഥാനമിടേണ്ടത് മനുഷ്യവ്യക്തിയുടെ മൂല്യത്തിലാകണം. ഈ വ്യക്തിക്ക് സമൂഹമനസ്സിനെ സ്വാധീനിക്കാന്‍ കഴിയുന്നു എന്നതിലുമാകണം.

കുട്ടികള്‍ക്ക് ക്രമീകരണങ്ങള്‍ ഒരുക്കുമ്പോള്‍, കുട്ടികളില്‍ ഈ കാലത്തുണ്ടായ മാറ്റങ്ങള്‍ മനസ്സിലാക്കണം. വൈകാരിക, സാമൂഹിക ആവശ്യങ്ങളില്‍ കുട്ടികള്‍ക്ക് സഹായകമായ അവസരങ്ങള്‍ തയ്യാറാക്കി നല്കണം. അവരോടൊപ്പമായിരിക്കണം. ഈ വര്‍ഷത്തെ വലിയ ആഴ്ചയിലെ കുരിശിന്റെ വഴിയില്‍ കുട്ടികളുടെ ചിന്തകള്‍ക്കും പ്രാര്‍ത്ഥനയ്ക്കും ഫ്രാന്‍സിസ് പാപ്പ പ്രത്യേക പരിഗണന നല്കിയത് ശ്രദ്ധിക്കുക.

നിയമവും നിര്‍ബന്ധങ്ങളും അടങ്ങുന്ന അച്ചടക്കത്തില്‍, വീട്ടില്‍ ഒതുങ്ങിക്കൂടല്‍ മാത്രം പോര. കോവിഡ് മാനദണ്ഡമനുസരിച്ച് തങ്ങളുടെ തരക്കാരുമായി ഇടപഴകാന്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കണം. കുട്ടികളുടെ കഴിവുകളെ തിരിച്ചറിഞ്ഞ് വളര്‍ത്തുന്നതില്‍ പ്രത്യേക ശ്രദ്ധയും സമയവും നല്കണം. വിവിധ മേഖലകളിലെ ബൗദ്ധിക, സാമൂഹിക, വൈകാരിക, ശാരീരിക – കുട്ടികള്‍ക്കുള്ള തനതായ കഴിവുകളെ താല്പര്യത്തോടെ വളര്‍ത്തണം.

കുട്ടികളുടെ സുരക്ഷ എന്നത്, അവരുടെ വളര്‍ച്ചയ്ക്കും ഭയരഹിതമായ അപകട രഹിതമായ നിലനില്പിനും സന്തോഷകരമായ ഭാവിക്കും വേണ്ടിയുള്ള ക്രമീകരണങ്ങളാണ്. "ജീവന്‍ സമൃദ്ധിയായി ഉണ്ടാകാന്‍" (യോഹ. 10:11) കുട്ടികളുടെ സമഗ്ര വളര്‍ച്ചയ്ക്കുവേണ്ടി ഒരുക്കാം. ഒന്നരവര്‍ഷത്തോളമായി വീട്ടില്‍ കഴിയേണ്ടി വരുന്ന കുട്ടികളുടെ ഭാവിയും വളര്‍ച്ചയും സുരക്ഷയും നമ്മുടെ പ്രത്യേക പരിഗണനയ്ക്കു വിഷയമാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org