
കുട്ടികളെ നാടിനും വീടിനും ഉതകുന്നവരായി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം എത്രയോ അഭിനന്ദനാര്‍ഹമാണ്. ആ അന്തിമലക്ഷ്യം നേടാമെന്നതിന്റെ ഇപ്പോഴത്തെ സൂചികയായി കാണുന്നതാകട്ടെ കുട്ടിയുടെ ഓരോ ക്ലാസ്സിലേയും ഉന്നത വിജയവും. അതിനായി നല്കുന്ന സാഹചര്യമോ, സ്‌കൂളിലെ പഠനത്തിനു പുറമേ വീട്ടിലെ ചിട്ടയായ ജീവിതം, പഠനം, മറ്റ് സൗകര്യങ്ങള്‍. ഇതില്‍ കൂടുതല്‍ എന്തു വേണം. പഠനത്തിലെ ഉന്നത വിജയത്തിന് എന്നത് പ്രസക്തമായ ചോദ്യമായിത്തീരുന്നിവിടെ.
ഇന്നത്തെ ഒട്ടുമിക്ക കുടുംബങ്ങളിലും മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ മറ്റുള്ളവരുടെ കണ്ണില്‍ അസൂയാര്‍ഹമാം വിധം മിടുക്കന്മാരായിരിക്കണം എന്ന തീഷ്ണമായ ആഗ്രഹമാണുള്ളത്. ഇതുണ്ടാകേണ്ടത് ക്ലാസ്സില്‍ ഉന്നത വിജയം (സാധിക്കുമെങ്കില്‍ ഒന്നാം റാങ്കുതന്നെ) കരസ്ഥമാക്കുന്നതിലൂടെ മാത്രമാണെന്നും അവര്‍ ഉറച്ച് വിശ്വസിക്കുന്നു. അതിനാല്‍ പഠനമായിരിക്കണം കുട്ടികളുടെ മുഖ്യപ്രവൃത്തി. സ്‌കൂളില്‍ മാത്രമല്ല, ഒഴിവു സമയമെല്ലാം ഈ പ്രവൃത്തി അവര്‍ ചെയ്തിരിക്കണം. കളികളും, ടി.വി., സിനിമ എന്തിനേറെ പറയുന്നു അല്പനേരത്തെ വിശ്രമം പോലും പഠനത്തെ ദോഷകരമായി ബാധിക്കും. മറ്റു കുട്ടികളുമായി അധികം കൂട്ടുകെട്ടും സഹവാസവുമൊന്നും വേണ്ട. സമയം വെറുതെ കളയുന്നതിനു പുറമേ അതും പഠനത്തെ നിരുത്സാഹപ്പെടുത്താന്‍ സാധ്യതയുണ്ട്. അതുകൊണ്ട് പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കലാണ് മാതാപിതാക്കളുടെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം എന്നായിത്തീര്‍ന്നിരിക്കുന്നു കാര്യങ്ങള്‍.
ഭാരിച്ച ഫീസ് നല്കി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍തന്നെ കുട്ടികളെ അയയ്ക്കുക, പരസ്യങ്ങള്‍ അവകാശപ്പെടുന്ന എല്ലാ പോഷകാഹാരങ്ങളും സമയാസമയങ്ങളില്‍ കുട്ടികളെ കഴിപ്പിക്കുക, ആധുനിക ഫാഷനിലുള്ള വസ്ത്രങ്ങള്‍ അവര്‍ക്കു വാങ്ങിക്കൊടുക്കുക, സാധിക്കുമെങ്കില്‍ സ്വന്തം വാഹനങ്ങളിലോ ഇല്ലെങ്കില്‍ വാടകയ്‌ക്കെടുത്ത വാഹനങ്ങളിലൊ തന്നെ അവരെ സ്‌കൂളിലേക്കയയ്ക്കുക, സ്‌കൂളിലെ പഠനത്തിനു പുറമേ ഓരോ വിഷയത്തിനും ട്യൂഷന്‍ ഏര്‍പ്പെടുത്തുക തുടങ്ങി കുട്ടികളുടെ പഠനത്തിനായി മാത്രം ധാരാളം പണം മുടക്കുക. ഇതാണ് മക്കളോടുള്ള മാതാപിതാക്കന്മാരുടെ കര്‍ത്തവ്യമായി കണ്ടുവരുന്നത്. അവര്‍ മക്കള്‍ക്കുവേണ്ടി ഇത്രയും ബുദ്ധിമുട്ട് സഹിക്കുമ്പോള്‍ അതിന്റെ പ്രതിഫലം അവരാഗ്രഹിക്കുന്ന നാണയത്തില്‍ത്തന്നെ മടക്കിക്കൊടുക്കേണ്ടത് മക്കളുടെ കര്‍ത്തവ്യമല്ലേയെന്ന് അവര്‍ ചോദിക്കുന്നു.
പണംകൊണ്ടു മാത്രം നല്കാവുന്ന സുഖസൗകര്യങ്ങളെല്ലാം വേണമെങ്കില്‍ ഒരു അനാഥാലയത്തിലും നല്കാവുന്നതേയുള്ളൂ. ജീവിതസൗകര്യങ്ങള്‍ ലഭിച്ചു എന്നതുകൊണ്ടു മാത്രം കുട്ടികളുടെ എല്ലാ ആവശ്യങ്ങളും നിറവേറി എന്നു നമുക്ക് പറയാനാകുമോ? അവര്‍ സ്‌നേഹിക്കപ്പെടുന്നു എന്നര്‍ത്ഥമുണ്ടോ? കുട്ടികള്‍ക്കായി ചെലവഴിക്കുന്ന പണമാണോ അവരോടുള്ള മാതാപിതാക്കളുടെ സ്‌നേഹത്തിന്റെ അളവുകോല്‍.
പല അമ്മമാരും തങ്ങളുടെ കുട്ടികളെ ഗൃഹപാഠം ചെയ്യിക്കാനും അവര്‍ക്കറിയാത്തതു പറഞ്ഞു കൊടുക്കാനുമൊക്കെയായി അവരുടെ അടുത്തിരിക്കാറുണ്ട്. ഈ സമയത്തിന്റെ അളവു കൂട്ടിയാല്‍ കൂടുതല്‍ സ്‌നേഹിക്കലാകുമോ? മാതാപിതാക്കള്‍ നല്കുന്ന ഈ അനുഭവങ്ങള്‍ കുട്ടികളുടെ മാനസികമായ ആവശ്യങ്ങളെ തൃപ്തമാക്കാന്‍ പര്യാപ്തമാണെങ്കില്‍ മാത്രമേ കുട്ടികള്‍ക്കൊപ്പം ചിലവഴിച്ച സമയത്തിന് അര്‍ത്ഥമുണ്ടാവുകയുള്ളൂ.
ഏതൊരു മനുഷ്യന്റെയും ഏറ്റവും പ്രധാനമായ മാനസികാവസ്യങ്ങളിലൊന്നാണ് വികാര വിചാരങ്ങള്‍ കൈമാറുക അഥവാ പങ്കുവയ്ക്കുക എന്നത്. ശരിയായ അര്‍ത്ഥത്തില്‍ സ്‌നേഹിക്കലും സ്‌നേഹിക്കപ്പെടലുമാണിത്. തങ്ങളുമായി അനുഭവങ്ങളും ആശയങ്ങളും ഒപ്പം സമയവും പങ്കുവയ്ക്കാന്‍ ആളെ കിട്ടുക എന്നതാണ് കുട്ടികളുടെ പ്രാഥമികമായ ആവശ്യം. സമപ്രായക്കാരായ കുട്ടികള്‍ മാത്രം പോരാ ഇതിന്. അവരുമായുണ്ടായ അനുഭവങ്ങള്‍ പോലും പിന്നീട് പറഞ്ഞും രസിച്ചും കഴിയാന്‍ സ്വന്തം മാതാപിതാക്കളെ അവര്‍ക്ക് ആവശ്യമാണ്. അതുപോലെ തങ്ങളുെട പ്രായത്തിനു പ്രിയമായ തരം അനുഭവങ്ങള്‍ ഇങ്ങോട്ടു പറഞ്ഞു കേള്‍ക്കേണ്ടതും അവരുടെ ആവശ്യമാണ്.
മാതാപിതാക്കള്‍ ജോലിക്കു പോകുന്ന വീടുകളില്‍ ഇതിനെല്ലാം എവിടെയാണ് സമയം കിട്ടുക എന്നു ചോദിക്കാം ഒരു ദിവസത്തെ മറ്റെല്ലാ ജോലികളും എങ്ങനെയെങ്കിലും ചെയ്യാമെങ്കില്‍ സ്വന്തം കുട്ടികളൊടൊത്ത് ചെലവഴിക്കാന്‍ അല്പസമയം കണ്ടെത്താനാണോ പ്രയാസം? കുടുംബത്തിലെ ഭക്ഷണവേളകള്‍ സ്‌നേഹപ്രകടനങ്ങള്‍ക്ക്, പ്രത്യേകിച്ച് കുട്ടികളോടുള്ള സ്‌നേഹ പ്രകടനങ്ങള്‍ക്ക് ഏറ്റവും നല്ല അവസരമാണ്. വിലയധികമില്ലാത്ത സാധനങ്ങള്‍ കൊണ്ട് വീട്ടിലുണ്ടാക്കിയ ആഹാരമായിരിക്കാം. പക്ഷേ, കളിയും ചിരിയും തമാശയുമായി അതു കഴിക്കുമ്പോഴാണ് ഭക്ഷണത്തിന് യഥാര്‍ത്ഥത്തില്‍ രുചിയുണ്ടെന്ന് നമ്മള്‍ അറിയുന്നത്. എന്നാല്‍, വീടിനുള്ളില്‍ കര്‍ശനമായ അച്ചടക്കം വേണമെന്നും കളിയും ചിരിയും ബഹളവും മറ്റും പാടില്ലെന്നും ജീവിതമെന്നത് എപ്പോഴും ഗൗരവം നിറഞ്ഞു നില്‍ക്കേണ്ട എന്തോ ഒന്നാണെന്നുമൊക്കെ വിശ്വസിക്കുന്ന മാതാപിതാക്കന്മാര്‍ വാസ്തവത്തില്‍ തങ്ങളുടെ കുട്ടികള്‍ക്കു നല്കുന്നത് നീതി നിറഞ്ഞ ഒരു അന്തരീക്ഷമാണ്. ഉള്ളു തുറന്നു നൈസര്‍ഗ്ഗികമായി പെരുമാറനാവാത്ത ഇത്തരം അന്തരീക്ഷത്തില്‍ കുട്ടികള്‍ക്ക് എപ്പോഴും അരക്ഷിതാവസ്ഥയായിരിക്കും അനുഭവപ്പെടുക.
അച്ചടക്കവും ചിട്ടയും ജീവിതത്തില്‍ ആവശ്യം തന്നെയാണ്. പക്ഷേ, അവ ഒരു വ്യക്തിയുടെ സ്വയം തോന്നലില്‍ നിന്നുണ്ടാകേണ്ടതാണെന്നോര്‍ക്കുക. ആ തോന്നല്‍ സ്വയം ഉണ്ടാകാന്‍ വേണ്ട സാഹചര്യങ്ങള്‍ സൃഷ്ടിക്കലാണ് മുതിര്‍ന്നവരുടെ പ്രത്യേകിച്ച് മാതാപിതാക്കളുടെ കടമ.
പങ്കിടലിന്റെ മറ്റൊരു രൂപമാണ് കുടുംബമൊരുമിച്ചുള്ള യാത്രകളും വിനോദങ്ങളും. ഇന്ന് മിക്ക കുടുംബങ്ങളിലും കണ്ടു വരുന്ന പതിവ്, കുട്ടികളെ ട്യൂഷന്‍ മാസ്റ്റര്‍മാരെ ഏല്പിച്ച് അച്ഛനും അമ്മയും മാത്രം പുറത്തുപോവുക എന്നത്. തങ്ങളെ ഒന്നിനും ആവശ്യമില്ല, ഒന്നിനും കൂട്ടുന്നില്ല എന്ന അസുഖകരമായ വികാരം ഇതു കുട്ടികളിലുണ്ടാക്കും. കുടുംബത്തില്‍ ഒരുമ അനുഭവപ്പെടാന്‍ ഇടയ്‌ക്കെങ്കിലും എല്ലാവരും ചേര്‍ന്നുള്ള സവാരികളും സന്ദര്‍ശനങ്ങളും മറ്റും ആവശ്യം തന്നെയാണ്.
കുട്ടികള്‍ വളരുംതോറും തങ്ങളും കുടുംബത്തിന്റെ ഭാഗമാണെന്ന തോന്നല്‍ അവര്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. അവരെയും ഒരു വ്യക്തി എന്ന നിലയില്‍ കാണുക. കുടുംബകാര്യങ്ങള്‍ ക്രമേണ അവരെയും മനസ്സിലാക്കുക. അവരുടെ അഭിപ്രായങ്ങള്‍ ആരായുകയും യുക്തമായവ സ്വീകരിക്കുകയും ചെയ്യുക. അല്ലാത്തവയിലെ ദോഷം മനസ്സിലാക്കി കൊടുക്കുക. വീട്ടിലെ പല ജോലികളും അവരെ ഏല്പിക്കുക അഥവാ അവയില്‍ പിഴവുകളെന്തെങ്കിലും വന്നാലും അവരെ കളിയാക്കുന്നതിനു പകരം അവ തിരുത്തേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുക. യഥാര്‍ത്ഥ ജീവിതം യുക്തി സഹജമായി കൈകാര്യം ചെയ്യുന്നതിന് അവരെ പാകപ്പെടുത്തുക.
സ്‌നേഹത്തിലൂടെ വൈകാരിക സുരക്ഷിതത്വം അനുഭവിച്ചിട്ടുള്ളവര്‍ക്കു മാത്രമേ വളരാനും ഒരു പൂര്‍ണ്ണ വ്യക്തിയായിത്തീരാനും കഴിയുകയൊള്ളൂ. സ്‌നേഹമെന്ന വികാരത്തിന് വാക്കുകളിലൂടെ ഒരു നിര്‍വചനം അസാധ്യമാണ്. പങ്കുവയ്ക്കലിന്റെ എണ്ണമറ്റ വൈ വിധ്യമാര്‍ന്ന രൂപങ്ങളിലൂടെ പ്രത്യക്ഷമാവാന്‍ മാത്രമേ അതിനു സാധിക്കൂ. വളര്‍ന്നു കഴിഞ്ഞാലും ഒരു വ്യക്തി തന്റെ മാതാപിതാക്കളെ ആദരവോടും സ്‌നേഹത്തോടും ഓര്‍ക്കുന്നുണ്ടെങ്കില്‍ അവര്‍ ആ കുട്ടിയെ സ്‌നേഹിച്ചിരുന്നു എന്നു നിസ്സംശയം പറയാം. ഒരുമയുടെയും പങ്കുവയ്ക്കലിന്റെയും ആനന്ദം അനുഭവങ്ങളിലൂടെ അറിവാക്കിയവരായിരുന്നിരിക്കും ആ മാതാപിതാക്കള്‍ എന്നു തീര്‍ച്ച.
ഏറ്റവും മികച്ച ജീവിത സൗകര്യങ്ങളാല്‍ പരിപൂര്‍ണ്ണമാണ് ഒരു വീടെങ്കിലും. ആ വീട്ടിലെ വൈകാരികാന്തരീക്ഷം ഊഷ്മളവും ലാഘവവുമാക്കുന്നില്ലെങ്കില്‍, ഓരോ കുട്ടിക്കും അവിടെ വ്യക്തിഗത ശ്രദ്ധ കിട്ടുന്നില്ലെങ്കില്‍ അവര്‍ക്ക് തങ്ങളുടെ വീട് വീടായി അനുഭവപ്പെടില്ല. കാരണം, നൈസര്‍ഗ്ഗീകമായി ഉറവെടുക്കേണ്ട സ്‌നേഹത്തിന്റെയും ഒരുമയുടെയും പങ്കുവയ്ക്കലിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അന്തരീക്ഷമാണ് ഒരു വീടിനെ വീടാക്കുന്നത്, കുടുംബമാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ വളരുന്ന കുട്ടികള്‍ക്കു മാത്രമേ അവരുടെ പഠനത്തിലും ജോലിയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുകയൊള്ളൂ.
മാത്സര്യം നിറഞ്ഞ ഈ ലോകത്തില്‍ പയറ്റിത്തെളിയാന്‍ വേണ്ടി കുട്ടികളെ പഠനകാര്യങ്ങളില്‍ മാത്രം മുഴുകാന്‍ പ്രേരിപ്പിക്കുകയാണ് വേണ്ടത് എന്ന മിഥ്യാധാരണ നമ്മുടെ കുട്ടികളെയും അവര്‍ സ നാഥരായിരുന്നിട്ടും അനാഥരായി കഴിയേണ്ടി വരുന്ന അവസ്ഥയിലേക്ക് നമ്മള്‍ തള്ളി വിടുന്നതിന് തുല്യമാണെന്ന കാര്യം മറക്കാതിരിക്കാം.