സമൂഹത്തെ ചികിത്സിക്കുന്ന ഹൃദ്രോഗവിദഗ്ദ്ധന്‍

സമൂഹത്തെ ചികിത്സിക്കുന്ന
ഹൃദ്രോഗവിദഗ്ദ്ധന്‍

വ്യക്തികളെ മരുന്നുകൊണ്ടും സമൂഹത്തെ പേന കൊണ്ടും ചികിത്സിക്കുന്ന ഹൃദ്രോഗവിദഗ്ദ്ധനാണ് ഡോ. ജോര്‍ജ് തയ്യില്‍. മുന്നിലെത്തുന്ന രോഗികളെ പരിശോധിച്ചു ചികിത്സ നിശ്ചയിക്കുന്നു; അതേസമയം സമൂഹത്തിന്റെ ജീവിതശൈലിയെ നിരീക്ഷിച്ചു മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. സമര്‍പ്പണബോധത്തോടെ തുടരുന്ന ഈ ജീവിതനിഷ്ഠയെ തേടി ഒടുവിലെത്തിയ അംഗീകാരമാണ്, 'ഇന്ത്യയിലെ മികച്ച ഹൃദ്രോഗവിദഗ്ദ്ധന്‍' എന്ന ഇക്കണോമിക് ടൈംസിന്റെ തിരഞ്ഞെടുപ്പ്. ചികിത്സയോടൊപ്പം ഡോ. തയ്യില്‍ നിര്‍വഹിക്കുന്ന ഹൃദ്രോഗസംബന്ധിയായ ബോധവത്കരണവും അനുബന്ധപ്രവര്‍ത്തനങ്ങളും അവാര്‍ഡിനായി പരിഗണിക്കപ്പെട്ടു.

രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ നോക്കുന്നതാണു നല്ലതെന്ന അടിസ്ഥാനതത്വം എന്നും അടിവരയിട്ടു പറയുന്ന ചികിത്സകനാണു ഡോ. തയ്യില്‍. ജീവിതശൈലിയിലെ പ്രശ്‌നങ്ങള്‍ മൂലം വരുന്ന രോഗങ്ങളെ ജീവിതശൈലീമാറ്റങ്ങള്‍ കൊണ്ടാണു പ്രതിരോധിക്കേണ്ടതെന്നും അദ്ദേഹം കരുതുന്നു. അതുകൊണ്ടാണു ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ പ്രാധാന്യം അദ്ദേഹം നല്‍കുന്നത്. അതു സമൂഹത്തോടുള്ള ഒരു ഡോക്ടറുടെ പ്രതിബദ്ധതയുടെ കൂടി ഭാഗമാണ്. അതില്ലെങ്കില്‍ മുറിയില്‍ വരുന്ന രോഗികളെ ചികിത്സിച്ചു പ്രതിഫലവും വാങ്ങി വീട്ടില്‍ പോയാല്‍ മതി. അതല്ല, വൈദ്യചികിത്സയെ ഒരു തൊഴിലിനേക്കാള്‍ ജീവിതനിയോഗമായി കാണുന്ന ഡോക്ടറുടെ രീതി.

ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നൂറു കണക്കിനു ലേഖനങ്ങള്‍ അദ്ദേഹമെഴുതിയിട്ടുണ്ട്. എഴുത്തിനു പിന്നില്‍ എഴുത്തുകാരനാകാന്‍ മോഹിച്ച ഒരു കുട്ടിക്കാലവും ഉണ്ട്. പത്രപ്രവര്‍ത്തകനായി അല്‍പകാലം ജോലി ചെയ്ത അനുഭവവും സ്വന്തം. പഠനകാലത്തു തന്നെ ദീപികയിലും കുടുംബദീപത്തിലും ചെറുകഥകളെഴുതി, പ്രമുഖ എഴുത്തുകാരുമായി അഭിമുഖസംഭാഷണങ്ങള്‍ നടത്തി ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ചു. ബിരുദപഠനത്തിനു ശേഷം മംഗളം വാരികയുടെ എഡിറ്ററായി ജോലിയില്‍ പ്രവേശിക്കുക പോലും ചെയ്തു.

മ്യൂണിക്കിലെ യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ പഠനം നടത്തുമ്പോള്‍ അവിടെ പ്രൊഫസറായിരുന്നു ഫാ. ജോസഫ് റാറ്റ്‌സിംഗര്‍. അക്കാലത്തു തന്നെ ആ മെഡിക്കല്‍ വിദ്യാര്‍ത്ഥിയും തിയോളജി പ്രൊഫസറും സുഹൃത്തുക്കളായി. ആ സൗഹൃദത്തെ വിഷയമാക്കി ഒരു പുസ്തകവും എഴുതുന്നുണ്ട് അദ്ദേഹം, 'ഞാന്‍ അറിയുന്ന ബെനഡിക്ട് പതിനാറാമന്‍' എന്ന പേരില്‍.

എഴുത്തിലെ അഭിരുചിയും താത്പര്യവും അദ്ദേഹത്തിന്റെ ഹൃദ്രോഗസംബന്ധമായ ഗ്രന്ഥങ്ങളില്‍ പ്രകടമാണ്. 'ഹാര്‍ട്ടറ്റാക്ക് ഭയപ്പെടാതെ ജീവിക്കാം' എന്ന പുസ്തകം നിരവധി പതിപ്പുകള്‍ പ്രചരിച്ചു. ഹൃദ്രോഗം: മുന്‍കരുതലും ചികിത്സയും, ഹൃദ്രോഗ ചികിത്സ പുതിയ കണ്ടെത്തലുകളിലൂടെ, ഹൃദയാരോഗ്യത്തിനു ഭക്ഷണവും വ്യായാമവും, ഹൃദയപൂര്‍വം ഒരു ഹെല്‍ത്ത് ഗൈഡ്, സ്ത്രീകളും ഹൃദ്രോഗവും എന്നിവയാണ് ഡോ. തയ്യിലിന്റെ ജനപ്രീതിയാര്‍ജിച്ച പുസ്തകങ്ങള്‍.

മലയാളം ടെലിവിഷന്‍ ചാനലുകള്‍ ആരംഭിച്ചപ്പോള്‍ അവയെയും ഹൃദയാരോഗ്യബോധവത്കരണത്തിനായി ഡോ. തയ്യില്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി. പ്രമുഖ ടെലിവിഷന്‍ ചാനലുകളിലെല്ലാം ആരോഗ്യസംബന്ധമായ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ശാലോം ടിവിയില്‍ ജീസസ് ദ ഡിവൈന്‍ ഹീലര്‍ എന്ന പരിപാടിയും ഏറെക്കാലം നടത്തി.

ഇതിനു പുറമെയാണ് മെഡിക്കല്‍ ക്യാമ്പുകള്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം മെഡിക്കല്‍ ക്യാമ്പുകള്‍ക്കു ഡോ. തയ്യില്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. നിര്‍ധനരുടെ ചികിത്സയ്ക്കായുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സഹകരിക്കുന്നു.

കോട്ടയം, കുറുപ്പന്തറ തയ്യില്‍ കുടുംബാഗമായ കുര്യന്‍ ചാക്കോയുടെയും അന്നമ്മയുടെയും അഞ്ച് ആണ്‍മക്കളില്‍ നാലാമനാണ് ഡോ. ജോര്‍ജ് തയ്യില്‍. കുറുപ്പന്തറയിലും മൂവാറ്റുപുഴയിലുമായി സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കുറവിലങ്ങാട് ദേവമാതാ കോളേജില്‍ പ്രീഡിഗ്രി പഠിച്ചു. തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലായിരുന്നു ബിരുദപഠനം. അവിടെ ഡോ എം ജി ശശിഭൂഷണും മുന്‍ ഡിജിപി ജേക്കബ് പുന്നൂസുമെല്ലാം സഹപാഠികളായിരുന്നു. അതിനു ശേഷമാണ് വൈദ്യശാസ്ത്ര പഠനത്തിനായി ജര്‍മ്മനിയിലേയ്ക്കു തിരിച്ചത്.

1974 മ്യൂണിക്കിലെ ലുഡ്വിഗ് മാക്‌സ്മില്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം ബി ബി എസും എം ഡി യും എഫ് ആര്‍ സി പി പോലെയുള്ള മറ്റ് ഉന്നതമായ നിരവധി ഫെല്ലോഷിപ്പുകളും നേടിയ ശേഷം ജര്‍മ്മനി, ഓസ്ട്രിയ, സൗദി തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ഹൃദ്രോഗവിദഗ്ദ്ധനായി ജോലി ചെയ്ത് പരിചയസമ്പത്തുമാര്‍ജിച്ചാണ് അദ്ദേഹം കൊച്ചിയിലെ ലൂര്‍ദ് ആശുപത്രിയിലെത്തുന്നത്. 1992 ല്‍ അന്നത്തെ വരാപ്പുഴ ആര്‍ച്ചുബിഷപ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലിന്റെ ക്ഷണപ്രകാരമായിരുന്നു അത്. ലൂര്‍ദില്‍ ഡോ. തയ്യിലിന്റെ നേതൃത്വത്തില്‍ കാര്‍ഡിയോളജി വിഭാഗമാരംഭിച്ചു. അന്നു മുതല്‍ അതിന്റെ മേധാവിയും ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടുമായി അവിടെ സേവനം ചെയ്തു വരുന്നു.

മ്യൂണിക്കിലെ യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ പഠനം നടത്തുമ്പോള്‍ അവിടെ പ്രൊഫസറായിരുന്നു ഫാ. ജോസഫ് റാറ്റ്‌സിംഗര്‍. അക്കാലത്തു തന്നെ ആ മെഡിക്കല്‍ വിദ്യാര്‍ത്ഥിയും തിയോളജി പ്രൊഫസറും സുഹൃത്തുക്കളായി. ആ സൗഹൃദം റാറ്റ്‌സിംഗര്‍ കുടുംബത്തിലേയ്ക്കും വ്യാപിച്ചു. ആ പ്രൊഫസര്‍ പിന്നീട് മ്യൂണിക്ക് ആര്‍ച്ച്ബിഷപ്പും കാര്‍ഡിനലും പിന്നീടു മാര്‍പാപ്പയുമായി - ബെനഡിക്ട് പതിനാറാമന്‍. അപ്പോഴും ആ സൗഹൃദം അഭംഗുരം തുടര്‍ന്നിരുന്നു. മാര്‍പാപ്പയായതിനു ശേഷം വത്തിക്കാനില്‍ മൂന്നു വട്ടം അദ്ദേഹത്തെ ഡോ. തയ്യില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ആ സൗഹൃദത്തെ വിഷയമാക്കി ഒരു പുസ്തകവും എഴുതുന്നുണ്ട് അദ്ദേഹം, 'ഞാന്‍ അറിയുന്ന ബെനഡിക്ട് പതിനാറാമന്‍' എന്ന പേരില്‍.

ഗ്ലോബല്‍ എക്‌സലന്‍സി മെഡിക്കല്‍ അവാര്‍ഡ്, കുടുംബദീപം അവാര്‍ഡ്, സര്‍വോദയം കുര്യന്‍ അവാര്‍ഡ്, കെ സി ബി സി അവാര്‍ഡ്, ചീഫ് മിനിസ്റ്റേഴ്‌സ് ആരോഗ്യരത്‌ന പുരസ്‌കാരം, ഗുഡ്‌നെസ് ടി വി അവാര്‍ഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ ഡോ. ജോര്‍ജ് തയ്യിലിന്റെ ചികിത്സാമികവിനും സേവനസന്നദ്ധതയ്ക്കുമായി ലഭിച്ചിട്ടുണ്ട്. ഹൃദ്രോഗചികിത്സയുമായി ബന്ധപ്പെട്ട അനേകം പ്രൊഫഷണല്‍ സംഘടനകളുടെ ദേശീയ, സംസ്ഥാന നേതൃതലങ്ങളില്‍ പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചു വരുന്നു.

ഭാര്യ ഡോ. ശുഭ പാലാക്കുന്നേല്‍ ന്യൂറോ സൈക്യാട്രിസ്റ്റാണ്. അവര്‍ കൊച്ചിയില്‍ സ്വന്തം ചികിത്സാസ്ഥാപനം നടത്തുന്നു. ആന്‍മേരിയും എലിസ് മേരിയും മക്കള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org