ഭാര്യയെ കുറ്റപ്പെടുത്താമോ?

തെറ്റു കണ്ടാല്‍ പറയുന്നത് കുറ്റപ്പെടുത്താലാകുമോ?
ഭാര്യയെ കുറ്റപ്പെടുത്താമോ?
Published on
ഒരു 'ബുമറാങ്ങ്' പോലെ തിരിഞ്ഞടിച്ച് വിപരീത ഫലം കുറ്റപ്പെടുത്തലുകൊണ്ട് കിട്ടുമ്പോഴാണ് കുടുംബാന്തരീക്ഷത്തില്‍ പൊട്ടലും ചീറ്റലും ഉണ്ടാകുക.

ഭാര്യയെ കുറ്റപ്പെടുത്താമോ? തെറ്റു കണ്ടാല്‍ പറയുന്നത് കുറ്റപ്പെടുത്തലാകുമോ? വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനല്ലേ അത് സഹായിക്കുക? ഇതായിരിക്കും ഈ ചോദ്യത്തിന് നമ്മില്‍ ഭൂരിപക്ഷത്തിന്റെയും ഉത്തരം. പക്ഷേ, ഇത് ഗൗരവബുദ്ധ്യാ കണക്കിലെടുക്കേണ്ട ഒരു പ്രശ്‌നം തന്നെയാണ്. കാരണം, കുടുംബജീവിതത്തില്‍ കലാപത്തിന്റെ തീപ്പൊരി വീഴ്ത്തി ആളിപ്പടര്‍ത്താന്‍ നിസ്സാരമെന്നു നമ്മള്‍ കരുതുന്ന ഈ ഒരൊറ്റ പ്രശ്‌നത്തിനു കഴിയുമെന്നതുതന്നെ.

നമുക്കു ചുറ്റുമുള്ള ഒട്ടുമിക്ക കുടുംബങ്ങളിലും ഏതാണ്ടൊരു രഹസ്യസ്വഭാവത്തോടെ ഈ പ്രശ്‌നം നിലനില്‍ക്കുന്നു. തൊട്ടതിനെല്ലാം കുറ്റപ്പെടുത്തുന്ന വീട്ടുകാരും ഭര്‍ത്താവും. വീട്ടില്‍ മറ്റുള്ളവരുടെ മുന്നില്‍ അപഹാസിതയായി തലകുനിക്കേണ്ടി വരുന്ന ഭാര്യ. ഈ കലുഷിതമായ അന്തരീക്ഷത്തില്‍പ്പെട്ട് മനസ്സു വിങ്ങി ഒരുതരം വൈരാഗ്യബുദ്ധിയോടെ ദൈനംദിന ജോലിയിലേര്‍പ്പെടുന്ന ഭാര്യയ്ക്ക് ഒന്നും തന്നെ വീട്ടുകാരുടെ പ്രതീക്ഷയ്‌ക്കൊത്തു ചെയ്തു തീര്‍ക്കാനാവുന്നില്ല. ഇക്കാരണത്താല്‍ത്തന്നെ വീട്ടുകാരെല്ലാം ഭാര്യയ്ക്ക് ശത്രുവാകുന്നു. ഈ തീപ്പൊരി ആളിപ്പടരാന്‍ അധികം വൈകില്ല. ഭാര്യ വീട്ടുകാരോടൊക്കെ കയര്‍ത്തു സംസാരിക്കാന്‍ തുടങ്ങുന്നതോടെ വഴക്കും വക്കാണവും കരച്ചിലും പിഴിച്ചിലുമായി കുടുംബത്തിന്റെ അന്തരീക്ഷം ആകെ ഇരുളുന്നു. തകര്‍ന്നുപോയ പല കുടുംബബന്ധങ്ങള്‍ക്കു പിന്നിലും ഇത്തരം നിസ്സാര പ്രശ്‌നത്തിന്റെ നിഴലുകള്‍ കാണാവുന്നതാണ്.

വിവാഹം കഴിച്ചു കൊണ്ടുവരുന്ന പെണ്‍കുട്ടിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും വ്യക്തിത്വ ഗുണങ്ങളും പ്രശ്‌നങ്ങളോടുള്ള സമീപനവും, അവ പരിഹരിക്കാന്‍ തേടുന്ന മാര്‍ഗ്ഗങ്ങളും, ഇരുകുടുംബങ്ങളുടെയും സാമൂഹിക നിലവാരവുമൊക്കെ കൂടിക്കുഴഞ്ഞ് കുറ്റപ്പെടുത്തലിന്റെ അന്തരീക്ഷം കുടുംബത്തിലാകെ മൂടിനില്‍ക്കുമ്പോള്‍ പ്രശ്‌നാപഗ്രഥനവും പരിഹാരനിര്‍ദ്ദേശവും ആവശ്യമായി വരുന്നു. നാലുപേരറിഞ്ഞാല്‍ മോശമല്ലേ എന്നു കരുതി പ്രശ്‌നങ്ങള്‍ക്കു നേരേ കണ്ണടയ്ക്കുന്നതും പുറം തിരിഞ്ഞു നില്‍ക്കുന്നതും ഇവിടെ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇടനല്കും. അതേ സമയത്തുതന്നെ വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനെന്ന ലേബലില്‍ നടത്തുന്ന കുറ്റപ്പെടുത്തലുകള്‍ നമ്മള്‍ ഉദ്ദേശിക്കുന്ന ഫലം നല്കുന്നുണ്ടോ എന്നതും പരിശോധിക്കേണ്ട വിഷയം തന്നെയാണ്.

കുറ്റപ്പെടുത്തലിന് ഏതു പെരുമാറ്റമാണോ വിധേയമാകുന്നത് ആ പ്രത്യേക പെരുമാറ്റ രീതി അല്ലെങ്കില്‍ സ്വഭാവം പിന്നീട് ആവര്‍ത്തിക്കാനുള്ള സാധ്യത കുറയുന്നതിനു പകരം പിന്നെയും അവ ആവര്‍ത്തിക്കുമ്പോളാണ് കുറ്റപ്പെടുത്തലുകള്‍ ശിക്ഷ അല്ലെങ്കില്‍ ശിക്ഷിക്കല്‍ എന്ന വ്യാഖ്യാനം കൈവരുന്നത്. എന്നാല്‍ കുടുംബാന്തരീക്ഷത്തിന് യോജിക്കാത്ത ഒരു പ്രവൃത്തിയെ തിരുത്താന്‍വേണ്ടി ഉപയോഗിക്കുന്ന ഒരു ചെറിയ ശിക്ഷയായി മാത്രം ഇതിനെ കാണാന്‍ ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞാല്‍ ഇത്തരം കുറ്റപ്പെടുത്തലുകള്‍ ആര്‍ക്കും വലിയ രീതിയിലുള്ള ഉപദ്രവങ്ങള്‍ ഉണ്ടാക്കില്ല.

ഈ പ്രശ്‌നത്തിന്റെ മറുവശം കൂടി നമ്മള്‍ പരിശോധിക്കുന്നത് നല്ലതാണ്. കുറ്റപ്പെടുത്തലുകള്‍ കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടുന്നുണ്ടോ? സ്വഭാവികമായും കിട്ടേണ്ടതാണ്. പക്ഷേ, കുറ്റപ്പെടുത്തുന്ന സ്വഭാവം വീണ്ടും വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ കുറ്റപ്പെടുത്തലുകള്‍കൊണ്ട് ഉദ്ദേശിക്കുന്ന ഫലപ്രാപ്തിയുടെ സാധ്യത താഴുന്നു. ഇത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് മനുഷ്യന്റെ സ്വഭാവത്തിന്റെ സങ്കീര്‍ണ്ണതകൊണ്ട് എന്ന് നമുക്ക് ഉത്തരം പറയാം. ഒരു 'ബുമറാങ്ങ്' പോലെ തിരിഞ്ഞടിച്ച് വിപരീത ഫലം കുറ്റപ്പെടുത്തലുകൊണ്ട് കിട്ടുമ്പോഴാണ് കുടുംബാന്തരീക്ഷത്തില്‍ പൊട്ടലും ചീറ്റലും ഉണ്ടാകുക. ഇവിടെ ഒരു കാര്യം നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആശാസ്യമല്ലാത്ത ഒരു സ്വഭാവത്തെ അല്ലെങ്കില്‍ ഒരു പെരുമാറ്റത്തെ താത്ക്കാലികമായല്ലാതെ ഒരു വ്യക്തിയില്‍നിന്നും പൂര്‍ണമായി തുടച്ചു നീക്കാന്‍ ഒരു തരത്തിലുള്ള കുറ്റപ്പെടുത്തലുകള്‍ക്കും തിരുത്തലുകള്‍ക്കും സാധിക്കില്ല. കാരണം, ശിക്ഷിക്കപ്പെടുന്ന പെരുമാറ്റങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാനുള്ള പ്രവണത മനുഷ്യരില്‍ പൊതുവേ കൂടുതലാണ് എന്നതുതന്നെ.

ഭാര്യയായി വരുന്ന പെണ്‍കുട്ടി ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പുതുവ്യക്തിയാണ്. അതായത് വളര്‍ന്ന ചുറ്റുപാടും സാമൂഹ്യവ്യവസ്ഥയുമനുസരിച്ചുള്ള പരിശീലനം രൂപപ്പെടുത്തിയ പെരുമാറ്റ പ്രത്യേകതയുള്ളവള്‍. അവള്‍ വന്നുചേര്‍ന്ന കുടുംബത്തിലെ അംഗങ്ങളും ഇതില്‍നിന്നും വ്യത്യസ്തരല്ല. ഇത്തരത്തിലുള്ള ഭിന്നവ്യക്തിത്വങ്ങളുടെ ഒത്തുചേരലും പരസ്പരമുള്ള ഇടപെടലുകളും ഒരു കുടുംബത്തില്‍ ചിലപ്പോഴെങ്കിലും അതീവ സങ്കീര്‍ണമായ അവസ്ഥ സംജാതമാക്കിയേക്കാം. ഭാര്യ എന്ന നിലയില്‍ അവളുടെ മറ്റുള്ളവരോടുള്ള പ്രത്യേകിച്ചും ഭര്‍ത്താവിനോടുള്ള പെരുമാറ്റത്തിലും പ്രതികരണങ്ങളിലും ഈ പെരുമാറ്റ പ്രത്യേകതകള്‍ കടന്നുവരും. അമിതമായ ലാളനയുടെ അന്തരീക്ഷത്തില്‍നിന്നു വരുന്ന ഒരു പെണ്‍കുട്ടി ഭര്‍തൃഗൃഹത്തിലെ വിമര്‍ശനാത്മകമായ പ്രതികരണങ്ങളോട് ആരോഗ്യകരമായ രീതിയില്‍ പ്രതികരിക്കാന്‍ കഴിവില്ലാത്തവളായിരിക്കും. പ്രശ്‌നങ്ങള്‍ നേരിടാനുള്ള കരുത്തില്ലാത്ത ഇക്കൂട്ടര്‍ അവയില്‍ നിന്നും ഒഴിഞ്ഞു മാറും. കുറ്റപ്പെടുത്തപ്പെടുന്ന പെരുമാറ്റങ്ങളെ അപഗ്രഥിച്ച്, കുടുംബാന്തരീക്ഷത്തിന് യോജിച്ച രീതിയില്‍ തിരുത്തുന്നതിനു പകരം കുറ്റപ്പടുത്തലിനോട് ഒരുതരം നിഷേധാത്മക നിലപാട് സ്വീകരിച്ചു എന്നും വരും. ഇത് കുടുംബാംഗങ്ങളോടുള്ള ശത്രുതാമനോഭാവമായി വളര്‍ന്ന് എന്തിന് കുറ്റപ്പെടുത്തിയോ അതിന് വിപരീതമായ പെരുമാറ്റംകൊണ്ട് ഇവര്‍ മറുപടി പറയുന്നു. ഇവിടെയാണ് പ്രശ്‌നം ഒരു അപസ്വരത്തിന്റെ പാതയിലേക്ക് എടുത്തെറിയപ്പെടുക. സാവധാനം കുറ്റപ്പെടുത്തുന്നതിന്റെ ഭാഷയും സ്വഭാവവും മാറുന്നു. പകയുടെയും വെറുപ്പിന്റെയും രൂപം ആര്‍ജ്ജിക്കുന്നതോടൊപ്പം തമ്മില്‍തമ്മിലുള്ള ആശയവിനിമയത്തില്‍ ഒരു വിടവ് പ്രത്യക്ഷപ്പെടുത്തി അടുക്കളയില്‍ നിന്നുള്ള മുറുമുറുപ്പ് വലിയ കോലാഹലങ്ങളായി അരങ്ങത്തും പിന്നെ കാരണവന്മാരുടെയും ഭര്‍ത്താവിന്റെയുമൊക്കെ ചെവികളിലെത്തുകയും ചെയ്യുമ്പോള്‍ പ്രശ്‌നം ഗുരുതരമാകുന്നു. അങ്ങനെ കുറ്റപ്പെടുത്തലുകള്‍കൊണ്ട് എന്തുദ്ദേശിച്ചുവോ അതിന് വിപരീതമായ ഫലങ്ങള്‍ ഉളവാക്കുന്നു.

ഭാര്യയെ കുറ്റപ്പെടുത്താമോ എന്ന ചോദ്യത്തിന്റെ ഇരുവശങ്ങളും പരിശോധിച്ചു കഴിയുമ്പോള്‍ നമുക്ക് കിട്ടുന്ന ഉത്തരം ഇങ്ങനെയാകും. കുറ്റപ്പെടുത്തണം; മിതമായ രീതിയില്‍ കുറ്റപ്പെടുത്തണം. ഈ കുറ്റപ്പെടുത്തലിന്റെ ഭാഷയ്ക്കും ഭാവത്തിനും കുറ്റപ്പെടുത്തലിനു വിധേയമാകുന്ന വ്യക്തിത്വ സവിശേഷതകള്‍ക്കനുസരിച്ചുള്ള ഒരു മിതത്വവും പാകപ്പെടുത്തലും ആവശ്യമാണ് എന്നു സാരം. ഇതിന് ആ വ്യക്തിയെക്കുറിച്ചുള്ള ശരിയായ ഒരു പഠനം തന്നെ ആവശ്യമായി വന്നേക്കാം. അല്ലാതെ ധൃതിപിടിച്ചുള്ള കുറ്റപ്പെടുത്തലുകള്‍ ഉദ്ദേശിക്കുന്നതിന്റെ വിപരീത ഫലത്തിലേ കലാശിക്കൂ. അനിഷ്ടത്തില്‍ കുതിര്‍ന്ന കുറ്റപ്പെടുത്തലുകള്‍, അതും മറ്റുള്ളവരുടെ മുമ്പില്‍ വച്ചാകുമ്പോള്‍, ഗുണത്തേക്കാളേറെ ദോഷമേ ഉണ്ടാക്കുകയുള്ളൂ എന്ന കാര്യം ഇതുമായി ബന്ധപ്പെടുന്ന എല്ലാവരുടെയും ഓര്‍മ്മയില്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org